login
തുടര്‍ച്ചയോ തളര്‍ച്ചയോ?

ഇടതുപക്ഷത്തിന് പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് നൈതികമോ, ധാര്‍മികമോ ആയ ഉത്തരവാദിത്തം പുലര്‍ത്തേണ്ട ആവശ്യമില്ല. വര്‍ഗവൈരത്തിലും വര്‍ഗ സമരത്തിലും വര്‍ഗശത്രുവിന്റെ ഉന്മൂലനത്തിലും വിശ്വസിക്കുന്നവര്‍ക്ക് അക്രമമാണ് അധികാരത്തിലേക്കുള്ള പ്രധാന മാര്‍ഗം. ഏതു മാര്‍ഗ്ഗത്തിലൂടെയും ഭരണം പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് കമ്മ്യൂണിസ്റ്റ് തത്ത്വം.

ഭൂമിശാസ്ത്രപരമായി അറബിക്കടലിനും സഹ്യപര്‍വ്വതത്തിനും ഇടയിലുള്ള ഒരു തുണ്ടു ഭൂമിയാണ് കേരളം. രാഷ്ട്രീയമായി കോണ്‍ഗ്രസ്സെന്ന കടലിനും, കമ്മ്യൂണിസമെന്ന (?) ചെകുത്താനുമിടയില്‍ കിടന്നു വലയുകയാണ് ഈ നാട്. ആറര പതിറ്റാണ്ടായി ഈ ദുസ്ഥിതിയില്‍ നിന്ന് മോചനം കിട്ടാത്തതുകൊണ്ട്,  പരീക്ഷണാടിസ്ഥാനത്തില്‍ എങ്കിലും ഇനി  ബിജെപിക്കു ഒരവസരം നല്കാന്‍ കേരളീയര്‍ തയ്യാറല്ലെങ്കില്‍, ദൈവത്തിന്റെ  സ്വന്തം നാട്ടില്‍, ചെകുത്താന്മാരുടെ  സ്ഥിരവാസം 'ഉറപ്പാ'ക്കും.  

 

അസ്തമിച്ച കമ്മ്യൂണിസം  

1990കളില്‍ തന്നെ കമ്മ്യൂണിസ്റ്റ് ഉല്‍ക്കകള്‍ കത്തി അമര്‍ന്നിരുന്നു. 1920  കളില്‍ കത്താന്‍ തുടങ്ങിയപ്പോള്‍ സൂര്യനാണെന്ന് തോന്നിയെങ്കിലും റഷ്യയിലും, ചൈനയിലും, കിഴക്കന്‍ യൂറോപ്പിലും തകര്‍ച്ച സംഭവിച്ചതോടെ അതൊരു ഉല്‍ക്കമാത്രമാണെന്ന് മനസ്സിലായി. ഏറ്റവും രസകരമായ സംഗതി, കമ്മ്യൂണിസ്റ്റ് ചാരം എവിടെയെല്ലാം ഉണ്ടായിരുന്നോ അവിടെയെല്ലാം മുതലാളിത്തത്തിന്റെ മുള്‍ച്ചെടികള്‍ തഴച്ചു വളര്‍ന്നു എന്നുള്ളതാണ്. ശത  കോടീശ്വരന്മാരുടെ എണ്ണത്തില്‍, 2020 ലെ ഫോര്‍ബ്‌സ് മാസികയുടെ പഠനമനുസരിച്ചു, ചൈന  ലോകത്തില്‍ രണ്ടാം സ്ഥാനവും (456), റഷ്യ അഞ്ചാം സ്ഥാനവും (99) അലങ്കരിക്കുന്നു. അമേരിക്കക്കു ഒന്നാം സ്ഥാനവും (614) ഇന്ത്യക്കു മൂന്നാം സ്ഥാനവുമുണ്ട് (102). പണ്ടത്തെ രണ്ടു പ്രബല  കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ എങ്ങിനെ മുതലാളിത്തത്തിന്റെ മുന്‍നിരയില്‍ വന്നുവെന്നത് കമ്മ്യൂണിസത്തിന്റെ ഗതികേടിനെയാണ് കാണിക്കുന്നത്. ലോക കമ്മ്യൂണിസത്തിന്റെ ഗതികേട് ഇന്ത്യന്‍ കമ്മ്യൂണിസത്തിനും കേരള കമ്മ്യൂണിസത്തിനും സംഭവിച്ചു. മുതലാളിത്ത മേലങ്കി അണിയാതെ, കമ്യൂണിസത്തിന് ഒരിടത്തും നിലനില്‍പ്പില്ല. മുതലാളിത്ത പാര്‍ട്ടിയായ കോണ്‍ഗ്രസ്സും 'നവോത്ഥാന' കമ്മ്യൂണിസവും ഒരേ അവസരവാദ  നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇവരുടെ നയങ്ങള്‍ ദേശ താല്പര്യത്തിനു വിരുദ്ധമാണ്.

 

ഒരേ തൂവല്‍പക്ഷികള്‍  

അറുപതിലധികം വര്‍ഷം ഭരിച്ച കോണ്‍ഗ്രസിന്റെ ചെയ്തികളാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. കോണ്‍ഗ്രസ് ചെയ്ത  കെടുതികളുടെ മൂര്‍ദ്ധന്യമായിരുന്നു  1990-91  വര്‍ഷം. 1989-ല്‍ ചന്ദ്രശേഖര്‍ പ്രധാനമന്ത്രി ആയതു മുതല്‍, 1991-ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആകുന്നിടം വരെയുള്ള കാലത്തു ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുത്തനെ ഇടിഞ്ഞു. രണ്ടാഴ്ചത്തേക്ക് പോലുമുള്ള ഇറക്കുമതിക്ക് തികയാതെ വന്നപ്പോള്‍, നൂറു കണക്കിന് ടണ്‍ സ്വര്‍ണം ബ്രിട്ടനിലും, സ്വീഡനിലും, ഐഎംഎഫിലും  പണയം വച്ചാണ് പിടിച്ചു നിന്നത്. അതിനു ശേഷം ഗാട്ട് കരാറിലും പിന്നീട് ഡബ്ല്യുടിഒവില്‍ ഒപ്പുവെച്ചു. അവരുടെ  നിബന്ധനകള്‍ക്ക് രാജ്യത്തെ പണയപ്പെടുത്തി. ആ കരാറനുസരിച്ചാണ് രാജ്യത്തെ ഇപ്പോഴും സ്വകാര്യവല്‍ക്കരണത്തിനു വിട്ടുകൊടുക്കുന്നത്. കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇനി ഒരു ദേശീയ ഗവണ്മെന്റിനും സാധ്യമല്ല. 2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണത്തിന്റെ അസന്തുഷ്ടിയും വര്‍ദ്ധിച്ചഅഴിമതി, സ്വജനപക്ഷപാതം എന്നിവയും ജനങ്ങളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചു. ജനം ആശ്വാസം കണ്ടെത്തിയത് ബിജെപി ഗവണ്‍മെന്റിലാണ്.  

രാഷ്ട്രത്തിനും സംസ്‌കാരത്തിനും, സദ്ഭരണത്തിനും വേണ്ടി  സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ സംഭവിച്ചതാണ് ഭരണമാറ്റം. തങ്ങളുടെ സാംസ്‌കാരിക സത്തയെ തിരിച്ചറിയുന്നതോടൊപ്പം, സാമ്പത്തികമായും രാജ്യത്തെ കരകയറ്റുമെന്ന ജനങ്ങളുടെ  വിശ്വാസം കൊണ്ടാണ് ബിജെപിയുടെ തുടര്‍ ഭരണം ഉണ്ടായത്.  

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തുടങ്ങി വച്ച സ്വകാര്യവല്‍ക്കരണം, സംസ്ഥാന പുരോഗതിക്കെന്ന വ്യാജേന, സ്വന്തക്കാരുടെയും ബന്ധുക്കളുടെയും പാര്‍ട്ടിക്കാരുടെയും വളര്‍ച്ചക്ക് വളമാക്കിയ ആളാണ് കേരളത്തിലെ മുഖ്യമന്ത്രി. നാട്ടിലെ എല്ലാ വികസന പദ്ധതികളിലും സ്വദേശ കുത്തകകളെക്കാള്‍ വിദേശ കുത്തകകളെ വിരുന്നൊരുക്കി ആനയിച്ചു. സ്പ്രിംഗഌ, റെഡ് ക്രെസെന്റ്, ഇഎംസിസി ഇന്റര്‍നാഷണല്‍ തുടങ്ങി, കുത്തക മുതലാളി വര്‍ഗക്കാരെല്ലാം തൊഴിലാളി വര്‍ഗ സര്‍വാധിപത്യ ശ്രീകോവിലിലെ  പുരോഹിതരായി. കമ്മീഷനും കൊള്ളലാഭവുമാണ് തീര്‍ത്ഥവും പ്രസാദവും. പേര് ദോഷം വരാതിരിക്കാന്‍ വേണ്ടി ഈ വര്‍ഷം ഫെബ്രുവരിയില്‍ സംഘടിപ്പിച്ച കേരളം മുന്നോട്ടു നോക്കുന്നു പരിപാടിയില്‍ പങ്കെടുത്ത നാടന്‍ കുത്തക തൊഴി(മുത)ലാളികള്‍ ആരെന്നു നോക്കാം. രത്തന്‍ ടാറ്റ, ആനന്ദ് മഹീന്ദ്ര, അസിം പ്രേംജി, യൂസഫലി, രവി പിള്ള മുതലായവര്‍. കമ്മ്യൂണിസ്റ്റ് മേലങ്കിയില്‍ ഒളിഞ്ഞിരിക്കുന്ന  മുതലാളിത്ത ശരീരവും, സാമ്രാജ്യത്വ മനസ്സും മലയാളികള്‍ക്കിതുവരെ  പിടികിട്ടാത്തത്, അവര്‍ വെറും സാക്ഷരതയില്‍ കുടുങ്ങി കിടക്കുന്നതു കൊണ്ടാണ്. വെറും സാക്ഷരതയില്‍ നിന്നും അറിവിലേക്കും, തിരിച്ചറിവിലേക്കും, വിവേകത്തിലേക്കും മലയാളി വളരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തിരിച്ചറിവിന്റെ  തലത്തില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമേ ഇന്ത്യയിലെ കോണ്‍ഗ്രസിന്റെയും കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെയും മുഖം മൂടികള്‍ മനസ്സിലാവുകയുള്ളു.

ഇടതുഭരണത്തിന്റെ ഇരുട്ടടി

ഇടതുപക്ഷത്തിന് പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ്കാര്‍ക്ക് നൈതികമോ, ധാര്‍മികമോ ആയ ഉത്തരവാദിത്തം പുലര്‍ത്തേണ്ട ആവശ്യമില്ല. വര്‍ഗവൈരത്തിലും വര്‍ഗ സമരത്തിലും വര്‍ഗശത്രുവിന്റെ ഉന്മൂലനത്തിലും വിശ്വസിക്കുന്നവര്‍ക്ക് അക്രമമാണ് അധികാരത്തിലേക്കുള്ള  പ്രധാന മാര്‍ഗം.  ഏതു മാര്‍ഗ്ഗത്തിലൂടെയും ഭരണം പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നുള്ളതാണ് കമ്മ്യൂണിസ്റ്റ് തത്ത്വം. പൊതു മുതല്‍ എന്നാല്‍ ഇവര്‍ക്ക് പണ്ടേ തന്നെ 'പ്രഭു' മുതലാണ്. ആ മുതല്‍ മോഷ്ടിച്ചാലും പിടിച്ചു പറിച്ചാലും കൊള്ള ചെയ്താലും ഒരു നഷ്ടവും പാര്‍ട്ടിക്ക് വരാനില്ല. ക്ഷേത്ര സ്വത്തുക്കളില്‍ കണ്ണ് വക്കുന്നത് ഏറ്റവും വലിയ ഇരട്ടത്താപ്പാണ്. മറ്റു മത സ്ഥാപനങ്ങളില്‍ തൊടാന്‍ പോലും ധൈര്യമില്ല. പാര്‍ട്ടിയില്‍പെട്ടവരെ മാത്രം പൗരന്മാരായി കണക്കാക്കുമ്പോള്‍, പൊതു സ്വത്തും, പൊതു ഉദ്യോഗങ്ങളും, ഉത്തരവാദിത്വങ്ങളും പാര്‍ട്ടിക്കാര്‍ക്ക് മാത്രം അവകാശമുള്ളതാണ്. മുന്‍വാതില്‍ നിയമനത്തിന് പകരം പിന്‍വാതില്‍ നിയമനങ്ങള്‍ പതിവാകുമ്പോള്‍, അര്‍ഹതപ്പെട്ടവര്‍ പട്ടിണി സമരം  നടത്തേണ്ടിവരും. ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്ന മുതലാളിത്ത മനോഭാവം പാര്‍ട്ടിയെ കോര്‍പ്പറേറ്റ്‌വല്‍ക്കരിച്ചിരിക്കുന്നു. ചൂഷണവും ലാഭക്കൊതിയും, അക്രമത്തോടും അഴിമതിയോടും കൂടിച്ചേരുമ്പോള്‍ അത് കേരളീയ സമൂഹത്തിനു ഇരുട്ടടിയായി തീരുന്നുവെന്നതാണ് വാസ്തവം. കോടികള്‍ കട്ടുമുടിച്ചവര്‍  കിറ്റു നല്‍കി ആളുകളെ പറ്റിക്കാമെന്നാണ് ധരിച്ചുവെച്ചിരിക്കുന്നത്.

ഇരുമ്പ് ഫലകങ്ങളില്‍ തുരുമ്പ്  

 കയറുന്നു

ഉപരിപ്ലവ വികസനം മാത്രമാണ് കേരളത്തില്‍ ഉണ്ടായത്.  

*നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് അനുസരിച്ച് (2019) ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഒരു ലക്ഷം ആളുകളില്‍ 24.3 പേര്‍ ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യയുടെ ഇന്ത്യന്‍ തലസ്ഥാനമാണ് കൊല്ലം. ഇവിടെ ഒരു ലക്ഷം പേരില്‍ 41.2 പേര്‍ ആത്മഹത്യ ചെയ്യുന്നു. വെറും സാക്ഷരത ആത്മഹത്യയെങ്ങനെ ചെയ്യണമെന്ന പഠനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ? ഗവേഷണത്തിന് വിധേയമാക്കേണ്ട വിഷയമാണ്.

*ലോക്ഡൗണ്‍ നടന്ന 2020 വര്‍ഷമൊഴികെ, അതിനു മുമ്പുള്ള എല്ലാ വര്‍ഷങ്ങളിലും റോഡപകടങ്ങളും, മരണങ്ങളും കൂടികൊണ്ടിരുന്നു. 2016-ല്‍ 39420 അപകടങ്ങളില്‍ 4290 പേര്‍ മരിച്ചപ്പോള്‍, 2019-ല്‍ അത് യഥാക്രമം 4111 ഉം 4408ഉം ആയി വര്‍ദ്ധിച്ചു.  

*കേരളത്തില്‍ രോഗാതുരത  കൂടുതലും മരണ നിരക്ക് കുറവുമാണ്.  

*ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പ്രമേഹത്തിന്റെ ആഘാതം ഏറ്റുവാങ്ങുന്നത് മലയാളികളാണ്. കേരളത്തിലെ 20 ശതമാനമാളുകള്‍ പ്രമേഹ രോഗികളാണ്.

*ഒരു ലക്ഷം ആളുകളില്‍ 135.3 എന്ന നിരക്കില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍രോഗികളും  കേരളീയര്‍ തന്നെ.

*പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഇന്ത്യയും, ഹാര്‍വാര്‍ഡ്് ടിഎച്ച് ചാന്‍ സ്‌കൂളും സംയുക്തമായി നടത്തിയ പഠനം 'ന്യൂസ് മിനിട്ട്'  റിപ്പോര്‍ട്ട്  ചെയ്തതില്‍ നിന്ന്, അടുത്ത പത്തു വര്‍ഷങ്ങളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ഏറ്റവും കൂടുതല്‍ ആഘാതം  19.5%  കേരളത്തിനായിരിക്കുമെന്ന് പ്രവചിക്കുന്നു.

*18 വയസ്സിനു മുകളിലുള്ള 14.4 ശതമാനം കേരളീയരില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വൈകല്യം ഉണ്ടെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത്  ആന്റ് ന്യൂറോ സയന്‍സിന്റെ (കങഒഅചട) 2017 ലെ പഠനം പറയുന്നു. 2017)

*ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടനുസരിച്ച്, 2019 ലെ കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കേരളത്തിലെ ഒരു ലക്ഷം പേരില്‍ 1287.7 പേര്‍ കുറ്റവാളികളാണ്. രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ അതിന്റെ നേര്‍പകുതി (631.6) മാത്രമേയുള്ളൂ. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ശാസ്ത്ര ബോധമുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ട് കൂടുതല്‍ കുറ്റവാളികള്‍ ഉണ്ടാകുന്നുവെന്ന് ഗൗരവമായി പഠിക്കേണ്ടതുണ്ട്.

*ദേശീയ തലത്തില്‍, പ്രതിശീര്‍ഷ മദ്യപാനത്തില്‍ ഒന്നാം സ്ഥാനവും, വിവാഹ മോചന നിരക്കില്‍ അഞ്ചാം സ്ഥാനവും കേരളത്തിന് സ്വന്തം.  

*കൊറോണക്കാലത്തെ ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടന്നതും കേരളത്തിലാണ്.  

*അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. തൊഴിലില്ലായ്മ, തൊഴില്‍ ചെയ്യായ്മയാണെന്ന് വിദഗ്ധര്‍പറയുമ്പോള്‍, കേരളത്തില്‍ ജീവിക്കുന്ന നമ്മുടെ യുവാക്കളുടെ മാനസികാവസ്ഥയില്‍ എന്തെങ്കിലും അപാകതയുണ്ടോ?

*കേരളത്തിന്റെ പൊതുകടം 3,27,654.70 കോടി രൂപയാണ്. കേരളത്തിലെ ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപക്കടുത്ത് കടമുണ്ടെന്നു ചുരുക്കം. കടത്തില്‍ മുങ്ങിയ കുടുംബം പോലെ തന്നെയാണ് കടത്തില്‍ മുങ്ങുന്ന സംസ്ഥാനവും.

* അരിയാഹാരം മുഖ്യമായിട്ടുള്ള സംസ്ഥാനത്തിന് അയല്‍ സംസ്ഥാനങ്ങളെ അരിക്കുവേണ്ടി ആശ്രയിക്കാതെ നിവൃത്തിയില്ല. വ്യാവസായിക പിന്നോക്കാവസ്ഥയും ഗൗരവമുള്ളതാണ്.

*രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ, രാഷ്ട്രീയ വൈരവും, സംഘട്ടനങ്ങളും കൊലപാതകങ്ങളും വളരെ ഉയര്‍ന്നിരിക്കുന്നു. പ്രബുദ്ധതയെ ക്രൂരത കീഴടക്കുമ്പോള്‍ ജനാധിപത്യം എങ്ങനെ പുലരും.

* മതതീവ്രവാദം, മതംമാറ്റം, മതാധിഷ്ഠിത രാഷ്ട്രീയം എന്നീ വിഷമ വൃത്തങ്ങളില്‍ പെട്ടുഴലുകയാണ് കേരളം.

*ഈയടുത്ത വര്‍ഷങ്ങളിലായി പരിസ്ഥിതി ദുരന്തവും കേരളത്തില്‍ വര്‍ധിക്കുന്നു.

ഇത്രയൊക്കെ പ്രശ്‌നങ്ങളുള്ള കേരളം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണെന്ന് അവകാശപ്പെടുന്നതില്‍  അര്‍ത്ഥമില്ല. ഗുണദോഷങ്ങളുടെ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ പഠനത്തിലൂടെ മാത്രമേ, ഒരു രാജ്യത്തിന്റെ, സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പാക്കാന്‍  കഴിയുകയുള്ളു.  

ക്യാന്‍സര്‍ ബാധിച്ച ശരീരത്തെ, എത്ര പൗഡറിട്ടുമിനുക്കിയാലും രോഗം ഭേദമാകില്ല. 'പരസ്യങ്ങളുടെ തള്ളലും' രഹസ്യങ്ങള്‍ സമൂഹത്തിലുണ്ടാകുന്ന വിള്ളലുകളും കേരളത്തിലെ പ്രശ്‌നങ്ങളെ പ്രതിസന്ധികളാക്കുന്നു. ഈ സാമൂഹ്യ രോഗങ്ങള്‍ക്ക് ശരിയായ ചികിത്സ, ശരിയായ ഭരണത്തില്‍ കൂടി മാത്രമേ  സാധ്യമാകു. ഒരു ഉത്തരവാദിത്വമുള്ള ഭരണത്തിലേക്ക്, അഴിമതി രഹിതമായ ഭരണത്തിലേക്ക്, മത പ്രീണനമില്ലാത്ത ഭരണത്തിലേക്ക് കേരളം മാറേണ്ടതുണ്ട്.  

 

 

  comment

  LATEST NEWS


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.