×
login
കമ്മീഷനെന്ത് കവിത?

എല്ലാ കമ്മീഷനും ഒരു ലക്ഷ്യമുണ്ട്. അതിനെക്കുറിച്ച് എകെജി കേന്ദ്രത്തിലെ വാര്‍ത്താ ബോര്‍ഡില്‍ വ്യക്തമായും കൃത്യമായും എഴുതി വെച്ചിട്ടുണ്ട്.

കാര്യം കവിയാണെങ്കിലും കമ്യൂണിസ്റ്റാണെന്ന ബോധ്യമുണ്ടാവണം. ആ ബോധ്യത്തിന് ഉടവുതട്ടുമ്പോള്‍ ബോധക്ഷയം ഉണ്ടാകും. അങ്ങനെയുള്ള ബോധക്ഷയത്തിന്റെ ഉള്‍പ്പിരിവുകള്‍ സുധാകര കവിയെ എവിടെക്കൊണ്ടെത്തിച്ചു എന്നാണറിയേണ്ടത്. കമ്മീഷന്‍, വിശദീകരണം, താത്വികാവലോകനം, പൊതുസ്വഭാവം ... ഇത്യാദി കാര്യങ്ങളില്‍ കണിശമായി മുന്നേറുന്നതു കൊണ്ടാണ് ഈ പാര്‍ട്ടിയെ ബൂര്‍ഷ്വാ സംവിധാനങ്ങള്‍ പേടിക്കുന്നത്. അപ്പോ, ഒരു ചോദ്യം സ്വാഭാവികമായും ഉയരും. എന്തേ വംഗദേശം? എന്തേ ത്രിപുര?

  ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയല്ല പാര്‍ട്ടിയുടെ പരിപാടി. അതൊക്കെ അതതിന്റെ രീതിയില്‍ മുന്നോട്ടു പോവും.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ തുടര്‍ഭരണം ലഭ്യമായത് ഇമ്മാതിരി ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടല്ല എന്ന് ആദ്യം ബന്ധപ്പെട്ടവര്‍ അറിയണം. കവികളും സാഹിത്യകാരന്മാരും ഒരു കാലത്ത് തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെയും ആത്മബലി നല്‍കിയതിന്റെയും ആത്യന്തികഫലമാണിന്നത്തെ സ്ഥിതിയെന്ന് അറിയാം. പക്ഷേ, അത്തരം സാഹിത്യ സാംസ്‌കാരിക പാരമ്പര്യമൊന്നും ഇനി വേണ്ടതില്ല. അതിന്റെയൊക്കെ കാലം കഴിഞ്ഞു. കാല്‍പ്പണം കയ്യിലുള്ളവനേ ഇന്ന് കമ്യൂണിസ്റ്റായി അറിയപ്പെടൂ. അവനേ വിലയുള്ളൂ. ഈ തിരിച്ചറിവ് നഷ്ടപ്പെടുന്നിടത്ത് കമ്യൂണിസം 'എരിയുന്ന വിളക്കില്‍ മഴപ്പാറ്റ പാറിവീണതു' പോലിരിക്കും.

 സുധാകര കവി കടന്നു കണ്ടതൊന്നും കമ്യൂണിസ്റ്റ് കാഴ്ചപ്പാടിന്റെ ലക്ഷ്മണരേഖയില്‍ ഒതുങ്ങി നിന്നില്ല എന്നതാണ് പ്രശ്‌നം. തന്റെ പ്രവര്‍ത്തനങ്ങളെ കമ്യൂണിസ്റ്റ് മൂശയിലേക്കു കോരിയൊഴിക്കാനാണ് അദ്ദേഹം ദത്തശ്രദ്ധനായത്. അവിടെയാണ് അമ്പലപ്പുഴ വോട്ടുശാസ്ത്രത്തിലെ പാകപ്പിഴയുടെ തുടക്കം. അറിവുള്ളവരുടെ അടിതെറ്റല്‍ പാര്‍ട്ടിക്ക് സഹിക്കാനാവില്ല. ആയതിനാല്‍ കവിയുടെ വഴിയിലെ കരിയിലയും കല്ലും മുള്ളും ചികഞ്ഞെടുക്കല്‍ അനിവാര്യമാണ്.

  മന്ത്രിയായ ശേഷമാണോ കാവ്യദേവത സുധാകര കവിയെ അനുഗ്രഹിച്ചതെന്നു ചോദിച്ചാല്‍ പിബി യോട് അനുമതി വാങ്ങിയേ മറുപടി പറയാന്‍ കഴിയൂ എന്ന നിലപാടുകാരനാണ്. അതൊക്കെ ശരിയെങ്കിലും അപഭ്രംശത്തിന്റെ മുളളും മുരടും അവിടവിടെയൊക്കെയുണ്ടാവും. ഇടയ്ക്കിടെ അതൊന്നും വൃത്തിയാക്കിയില്ലെങ്കില്‍ കാര്യം കഠിനമാവും എന്നതിന് സംശയമെന്ത്? അച്ചടക്കവും സ്വയം നിയന്ത്രണവും ആത്മാര്‍ഥതയും കാണിച്ചവനോടാണോ കാട്ടുനീതിയെന്നാണ് സുധാകര കവിയുടെ പക്ഷം.

 കാര്യം ശരിയെങ്കിലും ഇപ്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നീടുള്ള 'വഹ'യെപ്പറ്റി ചിന്തിക്കാന്‍ കൂടി കഴിയില്ല.

ഒരുവിധപ്പെട്ട വഴികളും റോഡും നന്നാക്കാന്‍ ആവുന്നതൊക്കെ ചെയ്തിട്ടുണ്ട് എന്നൊരു ആത്മവിശ്വാസത്തിന്റെ പുറത്തായിരുന്നു ഇരിപ്പെങ്കിലും കാര്യങ്ങളുടെ പോക്ക് പന്തിയായിരുന്നില്ല. അതിനാല്‍ പ്രയോഗിച്ച തന്ത്രം ബൂമറാങ് ആയി തലയില്‍ തന്നെ പതിച്ചു. ഇത്രയും മിടുക്കനും കാര്യപ്രാപ്തിയുമുള്ള ടിയാന്മാരൊന്നും കണ്‍വെട്ടത്തില്ലെന്നും ആയതിനാല്‍ നറുക്ക് ഉറപ്പായും ലഭിക്കുമെന്നും ഉള്ള വിശ്വാസത്തിന്റെ പുറത്താണ് ' മന്ത്രിപ്പണിക്കും അതിനു മുമ്പത്തെ എം എല്‍ എ പണിക്കും ഇല്ലെ'ന്ന് മുന്‍കൂട്ടി പറഞ്ഞുവച്ചത്. ആസ്വദിച്ചുകണ്ട 'ചിന്താവിഷ്ടയായ ശ്യാമള' യായിരുന്നു മനസ്സില്‍. 'അയ്യോ അച്ഛാ പോകല്ലേ , അയ്യോ അച്ഛാ പോകല്ലേ ' ഡയലോഗിന്റെ മാസ്മരഭംഗിയില്‍ മുങ്ങി നിവര്‍ന്നതിന്റെയൊരു ഊര്‍ജം മനസ്സിലുണ്ടായിരുന്നതിനാല്‍ വച്ചു കാച്ചിയതായിരുന്നു. എന്നാല്‍ സന്ദര്‍ഭം ഒത്തുവന്നവാറേ ചീട്ടുകീറി.  

കവിതയും കാര്യവും അതതിന്റെ കളത്തില്‍ തന്നെ പ്രതിഷ്ഠിച്ചില്ലെങ്കില്‍ വീണുടഞ്ഞു പോകും. കൂടെ നിന്ന് കരുത്ത് പകര്‍ന്നവരൊന്നും ഈ മാര്‍ഗം പറഞ്ഞു കൊടുത്തില്ല എന്നിടത്താണ് സുധാകര കവി കമിഴ്ന്നടിച്ചു വീണത്. കവിയുടെ വായില്‍ നിന്ന് ഇതിനു കാത്തു നില്‍ക്കും പോലെയായിരുന്നു സംഭവഗതികള്‍. അതറിഞ്ഞപ്പോഴുണ്ടായ വെള്ളിടി വെട്ടലിന്റെ പ്രകമ്പനം പലയിടത്തും നിന്ന് ഇപ്പോഴും ഉയരുന്നുണ്ട്. കമ്യൂണിസ്റ്റുകാരന്‍ ഏത് പ്രകമ്പനത്തെയും നെഞ്ഞൂക്കു കൊണ്ടും കൈയ്യൂക്കു കൊണ്ടും നേരിടണമെന്നാണല്ലോ. ആ നെഞ്ഞൂക്ക് സമൃദ്ധസുന്ദരമായ കാവ്യതല്ലജങ്ങളായി മാറുമ്പോള്‍ മറ്റെന്തിന് വേറെ വഴി തേടണം എന്നത്രേ കവി ശഠിച്ചത്.  

ഏതായാലും ശത്രു പുറത്തല്ല, അകത്തുതന്നെയെന്ന് ഇപ്പോള്‍ കവി അറിയുന്നു. അവിടെയാണ് കമ്മീഷന്റെ പ്രസക്തി. പുന്നപ്രവയലാറിലും കുട്ടനാട്ടിലും കമ്യൂണിസത്തിന് ഇത്ര വളക്കൂറുണ്ടാവാന്‍ കാരണമെന്തെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ കവിയ്ക്കതറിയാന്‍ ഗവേഷണം നടത്തേണ്ട ആവശ്യം ഇല്ലെന്നതാണ് നിലപാട്. അതുകൊണ്ട് പലര്‍ക്കും കണ്ണില്‍ കരടായി. കമ്മീഷനെ വച്ചതോടെ അത് കൂടുതല്‍ ബോധ്യപ്പെട്ട നിലയിലാണ് കവി. ഇന്നത്തെ ഓരോ ശത്രുവും നാളത്തെ മിത്രം എന്ന പോളിസി മനസ്സിലാക്കാന്‍ കഴിയാത്തവരോട് ആലപ്പുഴ കടപ്പുറത്ത് പോയി തിരയെണ്ണാന്‍ പറയണോ എന്ന ശരീരഭാഷ അത്രയ്ക്കങ്ങ് സുഖിക്കുന്നതല്ല. അതിന്റെ പിന്നാമ്പുറ കാര്യങ്ങള്‍ ഒന്നൊന്നായി പുറത്തു വരുന്ന തേയുള്ളൂ.

മന്ത്രിസ്ഥാനത്തിന്റെ മഹനീയ വേളയില്‍ കൈയ്യയച്ചും കണ്ണടച്ചും പലതും ചെയ്തതിന്റെ കടുകുമണിഗുണം പോലും ഇപ്പോള്‍ ഉണ്ടാവുന്നില്ല എന്നതാണ് ഒരു കമ്യൂണിസ്റ്റിന്റെ ദുരന്തം. കവിതയെഴുതിക്കൊടുക്കുമ്പോഴൊന്നും ഇതറിയാത്തതിന് കമ്മീഷന്‍ എന്തു പിഴച്ചു.  

ഉമ്മറത്തിരിക്കുമ്പോള്‍ വഴിയിലൂടെ പോകുന്ന സഖാവു പോലും കവിയെ ഇപ്പോള്‍ നോക്കുന്നില്ല. അങ്ങനെയുള്ളപ്പോള്‍ പാര്‍ട്ടിക്കൂട്ടത്തിന്റെ നാട്ടുയോഗത്തിനു പോയി നാണം കെടേണ്ടല്ലോ എന്നായി നിലപാട്. അത്യാവശ്യം കഞ്ഞി കുടിക്കാനുള്ള കുത്തരിയൊക്കെ പത്തായത്തിലുള്ളതിനാല്‍ പാത്തും പതുങ്ങിയും ആരുടെ മുമ്പിലും കൈ നീട്ടേണ്ട കാര്യവുമില്ല.

 വോട്ടുതേടാന്‍ സ്ഥാനാര്‍ഥിയ്‌ക്കൊപ്പം പോകാഞ്ഞതിന്റെ കാരണം ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല. മറ്റൊരാള്‍ക്കു വേണ്ടി വോട്ടു ചോദിക്കുമ്പോള്‍ സ്‌നേഹസമ്പന്നര്‍ക്ക് അതിയായ ദുഃഖം വരും. അതൊരുപക്ഷേ വിപരീത ഫലമാവും ചെയ്യുക. അങ്ങനെ വന്നാലുള്ള സ്ഥിതിഗതികളെക്കുറിച്ച് ആരാനും ചിന്തിച്ചിട്ടുണ്ടോ? അതിനാല്‍ നേരവും നിലയും കണ്ട് കാര്യങ്ങള്‍ ഒരുവഴിക്ക് കൊണ്ടുപോയതാണ്. ഇതൊന്നും നിര്‍ഭാഗ്യവശാല്‍ മനസ്സിലാക്കാന്‍ പറ്റിയ വിദ്വാന്മാര്‍ പാര്‍ട്ടിയിലില്ല. ഇവിടെയാണ് ഈയെമ്മിന്റെ അസാന്നിധ്യം ഒരു മഹാവിടവായി മാറുന്നത്. പിന്നെ കവിതയും കണ്ണീരും മനസ്സിലാവാത്ത നേതൃമ്മന്യന്മാരോട് എന്തു പറയാന്‍! കമ്യൂണിസത്തിന്റെ കാര്‍ക്കശ്യമാണ് അതിന്റെ സ്വത്തും സ്വത്വവുമെന്നു ധരിച്ചുവശായ വരെ ' നെഞ്ചുകീറി നേരു കാണിച്ചിട്ടും ' ഫലമില്ല. ഏതായാലും ആരുടെ മുമ്പിലും വാ തുറക്കുന്നില്ല. വേണമെങ്കില്‍ 'ചത്തവന്റെ സുവിശേഷം ' എന്നൊരു കാവ്യ സമാഹാരം പുറത്തിറക്കി നാട്ടുകാരോട് നാലു വര്‍ത്തമാനം പറയാം. ഇങ്ക്വിലാബ് വിളിച്ചു വിളിച്ചു തകര്‍ന്ന ചങ്കില്‍ ഇത്തിരി മാനവിക ലേപനം പുരട്ടാം. കൊറോണക്കാലത്ത് ഒന്നും ചെയ്തില്ലെന്നു വേണ്ട. കവിതയ്ക്കു കൈ നീട്ടി വരുന്നവരെ നിരാശരാക്കാതെ രണ്ടുവരി എഴുതിക്കൊടുത്താല്‍ അന്ത്യശ്വാസ വേളയില്‍ കനിവായ് അടുത്താരെങ്കിലും ഉണ്ടാവുമെന്നാണല്ലോ ആചാര്യമതം. ആയതിനാല്‍ അങ്ങനെതന്നെയാവട്ടെ.  

എല്ലാ കമ്മീഷനും ഒരു ലക്ഷ്യമുണ്ട്. അതിനെക്കുറിച്ച് എകെജി കേന്ദ്രത്തിലെ വാര്‍ത്താ ബോര്‍ഡില്‍ വ്യക്തമായും കൃത്യമായും എഴുതി വെച്ചിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് ചുമ്മാ പോയി പരിശോധിക്കാം. പാലോറ മാതയില്‍ നിന്ന് പാലക്കാടന്‍ ക്വാറി മുതലാളിയിലെത്തിയിട്ടുണ്ടെങ്കിലും പണ്ടത്തെ തങ്കപ്പെട്ട സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ലേ, സത്യാണ്.

 

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.