×
login
ബീറ്റില്‍സും സ്റ്റീവ് ജോബ്‌സും സക്കര്‍ബര്‍ഗും അന്വേഷിച്ച ഭാരതീയ മോക്ഷമാര്‍ഗ്ഗം‍ തേടി ഇതാ വില്‍ സ്മിത്തും...

പ്രതിസന്ധികളില്‍ തകര്‍ന്ന യുവാവായ സക്കര്‍ബര്‍ഗ് ഒരിയ്ക്കല്‍ ഭാരതത്തില്‍ എത്തിയിരുന്നു. മോക്ഷം തേടി. അദ്ദേഹം അത് നേടുകയും ചെയ്തു. ആപ്പിളിന്‍റെ സ്റ്റീവ് ജോബ്‌സ് നേടിയത് പോലെ.

നരേന്ദ്രമോദി ഫേസ്ബുക്കിന്‍റെ കാലിഫോര്‍ണിയ ഓഫീസ് സന്ദര്‍ശിച്ചപ്പോഴാണ് ഫേസ് ബുക്ക് ചെയര്‍മാന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ആ ബോംബിട്ടത്. ഫേസ്ബുക്ക് എന്ന ലോകമറിയപ്പെടുന്ന ഈ കമ്പനിക്ക് ആദ്യനാളുകള്‍ പൂക്കള്‍ വിരിച്ച ഇടമായിരുന്നില്ല. ഫേസ്ബുക്കിനും അതിന്‍റെ മോശം സമയങ്ങളുണ്ടായിരുന്നു. താന്‍ ഭാരതത്തിലെ ചില ക്ഷേത്രങ്ങളില്‍ അനുഗ്രഹം തേടി പണ്ട് വന്നിരുന്ന കാര്യം ഈ ചടങ്ങിലാണ് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയത്. ആപ്പിള്‍ കമ്പനിയുടെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സാണ് കമ്പനിയെ കരയ്ക്കടുപ്പിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന സക്കര്‍ബര്‍ഗിനോട് ഭാരതത്തില്‍ ആത്മശാന്തിതേടി യാത്ര പോകാന്‍ ഉപദേശിച്ചത്.

ഇന്ത്യയിലെ പടിഞ്ഞാറന്‍ നോക്കികള്‍ക്ക് ഇത് അത്ര സുഖിക്കുന്ന സത്യമല്ല. ആധുനിക വേഷം ധരിച്ച്, ഭാരതത്തിന്‍റെ ഓരോ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നിന്ദിച്ച് നടക്കുന്നവര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ വാക്കുകള്‍ വെറും ഭോഷ്‌കായിരിക്കാം. പക്ഷെ പ്രതിസന്ധികളില്‍ തകര്‍ന്ന യുവാവായ സക്കര്‍ബര്‍ഗ് ഒരിയ്ക്കല്‍ ഭാരതത്തില്‍ എത്തിയിരുന്നു. മോക്ഷം തേടി. അദ്ദേഹം അത് നേടുകയും ചെയ്തു. ആപ്പിളിന്‍റെ സ്റ്റീവ് ജോബ്‌സ് നേടിയത് പോലെ.

സ്റ്റീവ് ജോബ്‌സും ഭാരതത്തില്‍ തേടിയത്  മോക്ഷം… മനസ്സമാധാനം

1974ല്‍ ഇതുപോലെ പ്രതിസന്ധികളുടെ മടിയിലേക്ക് കുഴഞ്ഞുവീണ സ്റ്റീവ് ജോബ്‌സും അന്ന് ഇന്ത്യയിലെത്തിയത് ഇതേ ലക്ഷ്യത്തോടെയാണ്. മോക്ഷം, മനസ്സമാധാനം....ഇതൊക്കെ പാശ്ചാത്യലോകത്തെ പണവും പദവികളും മാത്രം തേടിയുള്ള നെട്ടോട്ടങ്ങള്‍ക്കിടയില്‍ കൈമോശം വരുന്ന പുണ്യങ്ങളാണ്. ക്രിസ്ത്യന്‍ മതവിശ്വാസികളാണെങ്കിലും കാലിത്തൊഴുത്തില്‍ ജനിച്ച, തന്നെപ്പോലെ തന്‍റെ അയല്‍ക്കാരെ സ്നേഹിച്ച ക്രിസ്തുവിനെ കൈമോശം വന്ന പള്ളികളില്‍ അവര്‍ക്കുള്ള മോക്ഷമന്ത്രങ്ങളില്ല. ആറ് മാസമാണ് സ്റ്റീവ് ജോബ്‌സ് ഇന്ത്യയില്‍ കഴിഞ്ഞത്. ആത്മീയ ശാന്തിയും ജീവിതത്തിന്‍റെ ഉയര്‍ന്ന അര്‍ത്ഥതലങ്ങളും അന്വേഷിച്ചെത്തിയതാണ് അന്ന് സ്റ്റീവ് ജോബ്‌സ്. ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങള്‍ സ്റ്റീവ് ജോബ്‌സിനെ വേട്ടയാടിയിരുന്നു.

റിച്ചാര്‍ഡ് ആല്‍പെര്‍ട്ട് എന്ന ഹാര്‍വാഡ് പ്രൊഫസര്‍ രചിച്ച 'ബി ഹിയര്‍ നൗ' (ഇപ്പോള്‍ ഇവിടെ ആയിരിക്കൂ) എന്ന പുസ്തകമാണ് ഭാരതത്തിലെ ആത്മീയതയിലേക്കുള്ള വാതില്‍ സ്റ്റീവ് ജോബ്‌സിന് തുറന്നുകൊടുത്തത്. ആ പുസ്തകത്തില്‍ ഭാരതത്തിലെ ഒരു സന്യാസിയെക്കുറിച്ച് പറയുന്നുണ്ട്. നീം കരോലി ബാബ. നൈനിറ്റാളിലെ കൈഞ്ചി ധാം ആശ്രമത്തിലാണ് ഈ ഗുരു ഇരിക്കുന്നത്. സ്റ്റീവ് ജോബ്‌സും അദ്ദേഹത്തിന്‍റെ സുഹൃത്ത് ഡാനിയല്‍ കോട്ട്‌കെയും ഗുരുവിനടുത്തെത്തി. പക്ഷെ ഇവിടെ എത്തിയപ്പോഴാണ് ഈ ബാബ മാസങ്ങള്‍ക്ക് മുന്‍പ് ഇഹലോകവാസം വെടിഞ്ഞ വിവരം ഇരുവരും അറിയുന്നത്. എങ്കിലും ആത്മീയതയുടെ ആഴക്കടലില്‍ മുങ്ങാനുള്ള സ്റ്റീവ് ജോബ്‌സിന്‍റെ ഉല്‍ക്കടമായ ആഗ്രഹം അദ്ദേഹത്തെ ഭാരതത്തില്‍ പിടിച്ചു നിര്‍ത്തി. സ്റ്റീവും കൂട്ടുകാരനും തല മുണ്ഡനം ചെയ്തു, ഭാരതീയ ആത്മീയതയുടെ പ്രതീകമായ കാവിവസ്ത്രങ്ങള്‍ അണിഞ്ഞു. തുടര്‍ന്ന് യോഗ അഭ്യസിക്കാനും സുദീര്‍ഘമായ ധ്യാനത്തില്‍ മുഴുകാനും തുടങ്ങി.

ആപ്പിള്‍ സിഇഒയെ മാറ്റിമറിച്ച ‘ഓട്ടോബയോഗ്രഫി ഓഫ് എ യോഗി’

ഇതിനിടെ പരമഹംസ യോഗാനന്ദയുടെ ഓട്ടോബയോഗ്രഫി ഓഫ് ഒ യോഗി (ഒരു യോഗിയുടെ ആത്മകഥ) എന്ന പുസ്തകവും സ്റ്റീവ് ജോബ്‌സിന്‍റെ ജീവിതത്തെ ആഴത്തില്‍ തൊട്ടു. ഇനി അധികമാരുമറിയാത്ത രഹസ്യം പറയാം- ഈ പുസ്തകം 2011ല്‍ മരിക്കുന്നതുവരെ സ്റ്റീവ് ജോബ്‌സ് ഓരോ വര്‍ഷവും മുടങ്ങാതെ ആവര്‍ത്തിച്ച് വായിക്കുമായിരുന്നു. ആത്മീയതയുടെ ഉള്ളടരുകള്‍ ഏറെയുള്ളതാണ് ഈ പുസ്തകം. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്ന് പ്രകൃതിയെക്കുറിച്ച് പറയുന്നതുപോലെ ചില പുസ്തകങ്ങളും ഉണ്ട്. ഓരോ വായനയിലും പുതിയ അര്‍ത്ഥങ്ങള്‍ സമ്മാനിച്ചുകൊണ്ടേയിരിക്കുന്ന പുസ്തകം. അങ്ങിനെയൊന്നാണ് പരമഹംസ യോഗാനന്ദയുടെ 'ഒരു യോഗിയുടെ ആത്മകഥ'. ലോകത്തെ ഏറ്റവും വില കൂടിയ പുസ്തകങ്ങള്‍ വാങ്ങാന്‍ കഴിവുള്ള സമ്പന്നനായ സ്റ്റീവ് ജോബ്‌സ് പക്ഷെ എത്രയോ വര്‍ഷങ്ങള്‍ ആണ്ട് മുഴുകിയത് ഇന്ത്യയിലെ ഒരു യോഗി എഴുതിയ ആത്മകഥയിലാണ്. സത്യം തേടിപ്പോകുന്ന ഒരു യോഗിയുടെ പരീക്ഷണാനുഭവങ്ങള്‍ നിറഞ്ഞ ഈ പുസ്തകം ഇപ്പോഴും പൗരസ്ത്യ ആത്മീയതയുടെ വെളിച്ചം തേടിയെത്താന്‍ ഇപ്പോഴും സ്വത്തേറെയുണ്ടായിട്ടും ആത്മശൂന്യത അനുഭവിക്കുന്ന എത്രയോ പാശ്ചാത്യരെ പ്രേരിപ്പിക്കുന്നു.


ഭാരതീയ പര്യടനം കഴിഞ്ഞ മടങ്ങിപ്പോയ സ്റ്റീവ് ജോബ്‌സ് ഉയരങ്ങള്‍ താണ്ടി. ആധുനിക കാലത്തെ ഏറ്റവും വലിയ ടെക്‌നോക്രാറ്റായി അദ്ദേഹം മാറി. അദ്ദേഹത്തിന്‍റെ കഠിനാധ്വാനം, ഉള്‍ക്കാഴ്ച, നവീനതകള്‍ തേടിയുള്ള യാത്ര ഇതെല്ലാം അദ്ദേഹത്തിന്‍റെ ബിസിനസ് സംരംഭത്തിന് മുതല്‍ക്കൂട്ടായി. എന്നാല്‍ ഇദ്ദേഹം ഭൗതിക ധാരാളത്തത്തിന്‍റെ ശൂന്യത തിരിച്ചറിഞ്ഞു.

അതീന്ദ്രിയധ്യാനത്തിന് ബീറ്റില്‍സ് എത്തി

പ്രശസ്തിയുടെ പരമപദം പൂകിയ പാശ്ചാത്യ പോപ്പ് ബാന്‍റ് സംഘം ബീറ്റില്‍സ് പക്ഷെ ആത്മാവില്‍ ദരിദ്രരായിരുന്നു. ഉള്ളിലെ സമാധാനം തേടിയാണ് 1968ല്‍ അവര്‍ ഭാരതത്തിലെത്തിയത്. നേരെ ഋഷികേശിലേക്കാണ് പോയത്. അവര്‍ മഹര്‍ഷി മഹേഷ് യോഗിയെ കണ്ട് ട്രാന്‍സന്‍ഡന്‍ഡല്‍ മെഡിറ്റേഷന്‍(അതീന്ദ്രിയധ്യാനം) പഠിച്ചു. 18 ഏക്കര്‍ വിസ്തൃതിയാര്‍ന്ന ആശ്രമത്തില്‍ ജീവിച്ച ആ നാളുകളാണ് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പുഷ്കലമായ സര്‍ഗ്ഗാത്മകകാലമെന്ന് ബീറ്റില്‍സ് പിന്നീട് പറഞ്ഞിട്ടുണ്ട്. അവര്‍ കൂടുതല്‍ പാട്ടുകള്‍ ആ നാളുകളില്‍ സൃഷ്ടിച്ചതായി പറയുന്നു. ബീറ്റില്‍സിലെ നാല് പേരും- പോള്‍ മകാര്‍ട്നി, ജോണ്‍ ലെനന്‍, റിംഗോ സ്റ്റാര്‍, ജോര്‍ജ്ജ് ഹാരിസണ്‍- എന്നിവര്‍ ആശ്രമത്തില്‍ അതീന്ദ്രിയ ധ്യാനവും ആത്മീയതയും  പഠിച്ചു.  അതില്‍ ജോര്‍ജ്ജ് ഹാരിസന്‍ പിന്നീട് ഇസ്കോണ്‍ എന്ന ആത്മീയ പ്രസ്ഥാനം സ്ഥാപിച്ച പ്രഭുപാദയുടെ (ഹരേകൃഷ്ണ പ്രസ്ഥാനം) കീഴില്‍ ഭക്തിയോഗ അഭ്യസിച്ചു. വീണ്ടും വീണ്ടും ജോര്‍ജ്ജ് ഹാരിസണ്‍ സമാധാനം തേടി ഇന്ത്യയില്‍ വന്നു. യോഗയും ആത്മീയതയും പഠിച്ചു. ഇന്ത്യന്‍ സംഗീതം പോലും അദ്ദേഹം ആഴത്തില്‍ പഠിച്ചു.

ആത്മീയയാത്രയില്‍ വില്‍ സ്മിത്ത്

ഹോളിവുഡിലെ പ്രശസ്തനടന്‍ വില്‍ സ്മിത്ത് ഭാരതത്തിലെത്തിയത് സ്വയം ആരാണെന്ന തിരിച്ചറിവ് തേടിയാണ്. ടെന്നീസ് ചാമ്പ്യന്‍മാരായ സഹോദരിമാര്‍ വീനസ് വില്ല്യംസിന്‍റെയും സെറീന വില്ല്യംസിന്‍റെയും പിതാവായ റിച്ചാര്‍ഡ് വില്ല്യംസിന്‍റെ കഥ പറയുന്ന കിംഗ് റിച്ചാര്‍ഡ് എന്ന ഹോളിവുഡ് സിനിമയില്‍ റിച്ചാര്‍ഡ് വില്ല്യംസിന്‍റെവേഷമിട്ടത് വില്‍ സ്മിത്താണ്. റെയ്നാള്‍ഡോ മാര്‍കസ് ഗ്രീന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ റിച്ചാര്‍ഡ് വില്ല്യംസിന്‍റെ വേഷം അവിസ്മരണീയമാക്കിയതിന് വില്‍ സ്മിത്തിനായിരുന്നു  മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ്.  94ാമത് ഓസ്കാര്‍ അവാര്‍ഡ് വാങ്ങാനെത്തിയ വില്‍ സ്മിത്തിന് പക്ഷെ അത് ദൗര്‍ഭാഗ്യത്തിന്‍റെ ദിവസമായിരുന്നു. തന്‍റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിന്‍റെ മുണ്ഡനം ചെയ്ത തലയെക്കുറിച്ച് തമാശ പറഞ്ഞ ആങ്കറായ ക്രിസ് റോക്കിനെ ഉടന്‍ സ്റ്റേജില്‍ കയറിച്ചെന്ന് വില്‍ സ്മിത്ത് മുഖത്തടിച്ചാണ് തന്‍റെ കോപം പ്രകടിപ്പിച്ചത്.  ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു വില്‍ സ്മിത്ത്. പശ്ചാത്താപവും ഹോളിവുഡിലെ സമ്മര്‍ദ്ദവും ചേര്‍ന്ന് മാനസിക നില തെറ്റിയ സ്മിത്താണ് ഒരു മാറ്റം തേടി കഴിഞ്ഞ ദിവസം ഭാരതത്തിന്‍റെ മണ്ണിലെത്തിയത്.

മൂന്ന് ദിവസം ഭാരതത്തില്‍ ചെലവിട്ട സ്മിത്ത് ഒരു ആത്മീയ യാത്രികന്‍റെ മനസ്സോടെയാണ് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഭാരത്തിലെത്തിയതിന് ശേഷം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് പറയുന്നു: "അമ്മൂമ്മ പലപ്പോഴും പറയാറുണ്ടായിരുന്നു, 'ദൈവം അനുഭവങ്ങളിലൂടെ പഠിപ്പിക്കുന്നു' എന്ന്. ഭാരതത്തിലെ യാത്രയില്‍ നിറങ്ങളും മനുഷ്യരും പ്രകൃതി ഭംഗിയും എന്നെക്കുറിച്ചും, എന്‍റെ കലയെക്കുറിച്ചും ലോക സത്യങ്ങളെക്കുറിച്ചും പുതിയ തിരിച്ചറിവിലേക്ക് എന്നെ ഉണര്‍ത്തി....". 20.28 ലക്ഷം ലൈക്കുകളാണ് ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് മണിക്കൂറുകള്‍ക്കകം ലഭിച്ചത്.

വൈകാരികമായ ഈ കുറിപ്പിനൊപ്പം രുദ്രാക്ഷമാലയണിഞ്ഞ് ലളിതമായ വസ്ത്രങ്ങളിഞ്ഞ് ഹിന്ദു പൂജാമൂറിയില്‍ ഗാഢമായി പ്രാര്‍ത്ഥിക്കുന്ന ചിത്രവും വില്‍ സ്മിത്ത് പങ്കുവെച്ചിട്ടുണ്ട്. ഒരു വെളുത്ത ടീഷര്‍ട്ടും ട്രാക്ക് പാന്‍റും മാത്രമാണ് പൂജാമുറിയില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി ഇരിക്കുന്ന വില്‍ സ്മിത്തിന്‍റെ വേഷം.

വില്‍ സ്മിത്ത് ഇന്ത്യയില്‍ ആത്മീയയാത്രയിലാണെന്ന് ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തും ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴി പിന്നീട് സ്ഥിരീകരിച്ചു. വില്‍ സ്മിത്തും ഭാരതത്തില്‍ നിന്നും പുതിയൊരു മനുഷ്യനായി തിരിച്ചുപോകുമെന്ന് തീര്‍ച്ച.  ഭാരതത്തിന്‍റെ ആത്മീയ രഹസ്യം തേടിയെത്താന്‍ കൂടുതല്‍ പാശ്ചാത്യര്‍ക്ക് ഇത് പ്രേരണ നല്‍കുമെന്ന് തീര്‍ച്ച. കാരണം ഭൗതിക സമൃദ്ധി മാത്രം തേടിപ്പോകുന്ന ജീവിതങ്ങള്‍ അസംതൃപ്തിയിലെ ചെന്നടിയൂ എന്നത് ഭാരതം എത്രയോ മുന്‍പേ തിരിച്ചറിയുകയും അത് പരിഹാരിക്കാനുള്ള ആത്മാവിന്‍റെ വഴി നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

  comment

  LATEST NEWS


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി


  വിമാനത്താവളം വഴി രക്ഷയില്ല; സ്വര്‍ണ്ണക്കടത്തുകാര്‍ ചൈനയില്‍ നിന്നും മ്യാന്‍മര്‍ വഴി ഇന്ത്യയിലേക്ക് പുതിയ വഴി തേടുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.