×
login
കയ്യില്‍ കൊടുത്താല്‍ കക്കാത്ത കള്ളനുണ്ടോ?

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മുതല്‍ ധൂര്‍ത്ത് തുടങ്ങി. ഒരുകോടിരൂപയാണ് സ്ഥാനാരോഹണത്തിന് പൊടിപൊടിച്ചത്. പിന്നീടിങ്ങോട്ട് ധൂര്‍ത്ത് ഇടതുസര്‍ക്കാരിന്റെ ഒറ്റപ്പെട്ട സംഭവം മാത്രമായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 99 ലക്ഷം. പശു ഇടതുസര്‍ക്കാരിന് രാഷ്ട്രീയമാണെങ്കിലും ക്ലിഫ് ഹൗസില്‍ തൊഴുത്തുപണിഞ്ഞ് പശുവിനെ പരിപാലിക്കാന്‍ ചെലവഴിച്ചു 42.50 ലക്ഷം. രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോള്‍ പടിക്കെട്ടുകള്‍ കയറുന്നതൊക്കെ കുറച്ചിലല്ലേ? പിന്നെ ഒന്നും നോക്കിയില്ല 25 ലക്ഷത്തിന് ലിഫ്റ്റ് വച്ചു. ഒടുവില്‍ ക്ലിഫ്ഹൗസില്‍ നവീകരിക്കാന്‍ അവശേഷിച്ചത് നീന്തല്‍കുളം മാത്രമായി. വെറും 32 ലക്ഷം ചെലവാക്കി അതും നവീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കുടുംബസമേതം വിദേശയാത്രയില്‍

ആടുമേഞ്ഞ കാടുപോലെ എന്നൊരു ചൊല്ലുണ്ട്. ആ അവസ്ഥയിലാണ് സംസ്ഥാനത്തെ ധനകാര്യ സ്ഥിതി. കയ്യില്‍ കൊടുത്താല്‍ കക്കാത്ത കള്ളനുണ്ടോ? കിട്ടിയപോലെല്ലാം പിണറായി വിജയനും സംഘവും കട്ടുമുടിച്ചു. ഒടുവില്‍ കടലുചാടാന്‍ പോകുന്നു എന്ന് പറഞ്ഞവര്‍ക്ക് തോടുചാടാന്‍ കാലില്ലാത്ത അവസ്ഥയിലെത്തി. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മുതലുള്ള ധൂര്‍ത്തുകളും അഴിമതയും ഖജനാവിനെയും കാലിയാക്കി.

പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മുതല്‍ ധൂര്‍ത്ത് തുടങ്ങി. ഒരുകോടിരൂപയാണ് സ്ഥാനാരോഹണത്തിന് പൊടിപൊടിച്ചത്. പിന്നീടിങ്ങോട്ട് ധൂര്‍ത്ത് ഇടതുസര്‍ക്കാരിന്റെ ഒറ്റപ്പെട്ട സംഭവം മാത്രമായി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 99 ലക്ഷം. പശു ഇടതുസര്‍ക്കാരിന് രാഷ്ട്രീയമാണെങ്കിലും ക്ലിഫ് ഹൗസില്‍ തൊഴുത്തുപണിഞ്ഞ് പശുവിനെ പരിപാലിക്കാന്‍ ചെലവഴിച്ചു 42.50 ലക്ഷം. രണ്ടാമതും മുഖ്യമന്ത്രിയാകുമ്പോള്‍ പടിക്കെട്ടുകള്‍ കയറുന്നതൊക്കെ കുറച്ചിലല്ലേ? പിന്നെ ഒന്നും നോക്കിയില്ല 25 ലക്ഷത്തിന് ലിഫ്റ്റ് വച്ചു. ഒടുവില്‍ ക്ലിഫ്ഹൗസില്‍ നവീകരിക്കാന്‍ അവശേഷിച്ചത് നീന്തല്‍കുളം മാത്രമായി. വെറും 32 ലക്ഷം ചെലവാക്കി അതും നവീകരിച്ചു. കൊട്ടാരം നവീകരിച്ചാല്‍ പിന്നെ സുരക്ഷ വര്‍ദ്ധിപ്പിക്കണം. ഒട്ടും അമാന്തിച്ചില്ല. അതും നടപ്പിലാക്കി. ക്ലിഫ്ഹൗസിന്റെ സുരക്ഷാമതില്‍ ഉയരം കൂട്ടാനും ലക്ഷങ്ങള്‍ മുടക്കി.  

നാളിതുവരെ കേരളത്തില്‍ ഒരു മുഖ്യമന്ത്രിയെയോ മന്ത്രിയെയോ ജനം വഴിയില്‍ തടഞ്ഞ് ആക്രമിച്ചിട്ടില്ല. ആകെ നടന്ന സംഭവം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ ശിഷ്യന്മാര്‍ നെഞ്ചത്ത് കല്ലെറിഞ്ഞതാണ്. എന്നിട്ടും രണ്ടാമത് അധികാരത്തില്‍ എത്തിയപ്പോള്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കി. ചിലപ്പോള്‍ ഭരണ നേട്ടത്തിന്റെ ഫലം തെരുവില്‍ അനുഭവിക്കേണ്ടിവരുമെന്ന പേടികൊണ്ടാകാം. നൂറ് കണക്കിന് ഉദ്യോഗസ്ഥരും 28 വാഹനങ്ങളുമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കുന്നത്. മന്ത്രിമാരെല്ലാം വെള്ള ഇന്നോവയില്‍ സഞ്ചരിക്കുമ്പോള്‍ മുഖ്യമന്ത്രി അതേ വാഹനത്തില്‍ സഞ്ചരിക്കുന്നതല്ലല്ലോ ഹീറോയിസം.

ആറു മാസം മുമ്പ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റിവച്ച് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്‍ണിവല്‍ സീരിസിലെ ലിമോസിന്‍ കാര്‍ വാങ്ങി. കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വാഹനം വേണമെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ശുപാര്‍ശ പരിഗണിച്ചാണത്രേ 33 ലക്ഷത്തിന്റെ കാറ് വാങ്ങിയത്. എന്നാല്‍ മരുമകന്റെ വകുപ്പ് പണിയുന്ന റോഡിലെ യാത്രാ സുരക്ഷ ഓര്‍ത്താണ് പുതിയ കാര്‍ വാങ്ങിയതെന്നാണ് അസൂയാലുക്കളുടെ പക്ഷം. എന്തായാലും രണ്ടുകോടിക്കുമേല്‍ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്ക് വേണ്ടി ഔദ്യോഗിക കാറുകള്‍ വാങ്ങിക്കൂട്ടിയത്. കണ്ണൂരില്‍ പോകുമ്പോള്‍ ഒരുകാര്‍, ദല്‍ഹിയലെത്തുമ്പോള്‍ മറ്റൊന്ന്. അതൊക്കെ ഇല്ലാതെ എന്ത് തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയുടെ മുഖ്യമന്ത്രി. മുഖ്യമന്ത്രിയായാല്‍ വിദേശ യാത്ര മുഖ്യമാണ്. അതും കുടുംബസമേതമല്ലെങ്കില്‍ പിന്നെ എന്ത് ഭരണം. കുടുംബസമേതമുള്ള മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയ്ക്ക് 43.14 ലക്ഷവും നോര്‍വേ യാത്രയ്ക്ക് 46.93 ലക്ഷം രൂപയും പൊടിച്ചു. മറ്റുവിദേശ ചെലവുകളുടെ വിശദാംശങ്ങള്‍കൂടി പുറത്തു വരാനുണ്ട്.  

മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമല്ലോ? മന്ത്രിമാരും ധൂര്‍ത്തിന് കുറവൊന്നും വരുത്തിയില്ല. മന്ത്രിമാര്‍ക്കും മറ്റുമായി 18 കാറുകളാണ് വാങ്ങിയത്. ആ വകയില്‍ ഖാദിബോര്‍ഡ് ചെയര്‍മാന്‍ പി.ജയരാജനും വാങ്ങി പുത്തനൊരു കാറ്. ഇട്ടുനിരക്കുന്ന ഭാര്യയ്ക്കു നിരങ്ങി ഉണ്ണുന്ന ഭര്‍ത്താവണല്ലോ വേണ്ടത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും നടത്തി വിദേശയാത്രകള്‍. കുടുംബ സമേതവും അല്ലാതെയും ലോകം ചുറ്റി കോടികള്‍ മുടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതുവരെ നടത്തിയത് 84 വിദേശ യാത്രകളാണ്. ഇതില്‍ 30 വിദേശയാത്രകള്‍ സ്വകാര്യ യാത്രകളാണ്. ആയിരം കോടിയുടെ നിക്ഷേപം കേരളത്തിലേക്ക് എത്തിക്കുമെന്നായിരുന്നു ഓരോ യാത്രയുടെയും അവസാനം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.  നെതര്‍ലാന്റ് സന്ദര്‍ശിച്ചപ്പോള്‍ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള 'റൂം ഫോര്‍ ദ റിവര്‍' പദ്ധതിപോലെ അതെല്ലാം ഇപ്പോഴും വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ചുറ്റിത്തിരിയുന്നുണ്ട്.


ഇതിന് പുറമെയാണ് ഉപകാര സ്മരണകള്‍ക്കുമുള്ള ധൂര്‍ത്തുകള്‍. കോണ്‍ഗ്രസ്സില്‍ നിന്നും ഒന്നും കിട്ടില്ലെന്ന് വന്നതോടെ മറുകണ്ടം ചാടിയ കെ.വി.തോമസിനെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെയാണ് നിയമിച്ചത്. അതിനുമുമ്പ് പ്രത്യേക പ്രതിനിധിയായിരുന്ന മുന്‍ എംപി  സമ്പത്തിന്റെ 20 മാസത്തെ ചെലവ് 7.26 കോടിയായിരുന്നുവെന്ന് ഓര്‍ക്കണം. നെതര്‍ലാന്റ് മുന്‍ അംബാസിഡര്‍ വേണു രാജാമണിയെ ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചു. തലയ്ക്കുമുകളില്‍ ജോലിത്തിരക്കുള്ള യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ ശമ്പളം 50,000 രൂപയായിരുന്നു. അത് വെറും ഒരുലക്ഷം രൂപയാക്കിയപ്പോള്‍ മുന്‍കാല പ്രാബല്യവും നല്‍കേണ്ടതാണല്ലോ.

ഇതൊക്കെ പിന്നെ പാര്‍ട്ടിയെ വളര്‍ത്താനാണെന്ന് വയ്ക്കാം. പക്ഷെ സര്‍ക്കാര്‍ പ്രതിയല്ലാത്ത കേസുകളില്‍ പോലും വാദിക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയാണ് മുന്തിയ അഭിഭാഷകരെ ഇറക്കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുതല്‍ സാദാ പ്രോസിക്യൂട്ടര്‍മാര്‍ വരെ നിരനിരയായുള്ളപ്പോള്‍ എന്തിനാണ് പുറത്തു നിന്നും അഭിഭാഷകര്‍ എന്ന സംശയം ഉണ്ടാകും. പ്രമുഖ സിപിഎം നേതാവിന്റെ കോളജില്‍ നിന്നും ബിരുദമെടുത്തവരും ഇന്‍ക്വിലാബ് മാത്രം വിളിച്ചുശീലിച്ചവരും കോടതിയില്‍ കയറി വാദിച്ചാല്‍ ചിലപ്പോള്‍ കഴുത്തില്‍ തൂക്കുകയര്‍ വീഴും. അതറിയാവുന്നവര്‍ ആരെങ്കിലും അവരെ വച്ച് വാദിക്കുമോ? പുറത്ത് നിന്നും ആളെ ഇറക്കുകയേ നിര്‍വ്വാഹമുള്ളൂ.  

ഒന്‍പതരകോടിയിലേറെ രൂപയാണ് പുറത്തുനിന്നുള്ള അഭിഭാഷകര്‍ക്ക് വിവിധ കേസുകളില്‍ ഫീസായി നല്‍കിയത്. ഫീസ് മാത്രമല്ല ഉണ്ണാനും ഉറങ്ങാനുമുള്ള ചെലവും വരെ നല്‍കി.  ഗവര്‍ണര്‍ക്കെതിരെ നിയമോപദേശത്തിനായി ഫാലി എസ്. നരിമാനും കൂട്ടര്‍ക്കും 45.9 ലക്ഷംരൂപയാണ് ഫീസ് നല്‍കിയത്. സര്‍ക്കാര്‍ പ്രതിയല്ലാത്ത സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ കപില്‍സിബലിന് 15.5 ലക്ഷംരൂപയാണ് നല്‍കുന്നത്. ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം എതിര്‍ക്കാന്‍ 55 ലക്ഷം, പെരിയ ഇരട്ടക്കൊലപാതക കേസിലെ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ 90 ലക്ഷം അങ്ങനെ നീളുന്നു പട്ടിക. കാറ്റടിക്കുമ്പോഴേ തൂറ്റാവൂ എന്ന പറയുന്നപോലെ ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ച് നിരവധി പേരെ പിന്‍വാതിലിലൂടെ നിയമച്ചവര്‍ക്കുള്ള ശമ്പളവും നല്‍കണ്ടേ. കൂടാതെ വിരമിച്ച പലരുടെയും പുനര്‍ നിയമനം. ഇതിനുപുറമേ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ധൂര്‍ത്തുകള്‍ വേറെയും.

ഇതിനൊക്കെ മദ്യവും ലോട്ടറിയും വിറ്റുള്ള വരുമാനം മാത്രമാണെന്നത് ചുരുങ്ങിയ പക്ഷം ധനമന്ത്രിയെങ്കിലും അറിയേണ്ടതല്ലേ. അറിയാഞ്ഞിട്ടല്ല, തമ്പ്രാന്‍ കണ്ണുതുറിച്ചാല്‍ അടിയാനു വാതുറക്കാനാകില്ലല്ലോ. അപ്പോ പിന്നെ ജനങ്ങളെ പിഴിയുകയേ നിര്‍വ്വാഹമുള്ളൂ. നികുതിയും സേവനങ്ങളുടെ ഫീസും വര്‍ദ്ധിപ്പിക്കുക. ധൂര്‍ത്തിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കുക. അതല്ലാതെ ബജറ്റില്‍ വേറെന്തു മാര്‍ഗ്ഗം?

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.