×
login
കേളപ്പജി: ജീവിതവും ദര്‍ശനവും

കേളപ്പജിയുടെ ജീവിതത്തിലെ ഏറ്റവും ഗുരുതരമായ പരീക്ഷണ ഘട്ടമായിരുന്നു മാപ്പിളക്കലാപം. ഭ്രാന്തിളകി വരുന്ന കലാപകാരികളെ പൊന്നാനിയില്‍ വച്ച്, നിരായുധനായി തടഞ്ഞു നിര്‍ത്തിയ സാഹസം, ആ സന്ദര്‍ഭത്തെ ഭാവനയില്‍ക്കാണാന്‍ കഴിയുന്നവര്‍ക്ക് അവിശ്വസനീയമാണ്

കേരള നിയമസഭയുടെ മുമ്പില്‍ സ്ഥാപിക്കേണ്ടിയിരുന്നത് കേരളഗാന്ധി കെ. കേളപ്പന്റെ ശില്പമായിരുന്നു. ഗാന്ധിജിയുടെ ആദര്‍ശം ശിരസാവഹിച്ച് മരണപര്യന്തം ജനസേവനം, വിശിഷ്യ ഹരിജനോദ്ധാരണം നടത്തിയ കേളപ്പജിയെ കേരളം മനപ്പൂര്‍വ്വം തമസ്‌ക്കരിച്ചു. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ മുറുകെപ്പിടിച്ചതുകൊണ്ട് കോണ്‍ഗ്രസ്സും ദേശീയ വാദിയായിരുന്നതിനാല്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും അദ്ദേഹത്തെ ചരിത്രത്തില്‍ നിന്നും ഉന്മൂലനം ചെയ്തു.

കേരളഗാന്ധിയെ ശാരീരികമായിത്തന്നെ ഇല്ലാതാക്കാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി രണ്ടുതവണ തീരുമാനിക്കുകയും കൊലയാളികളെ പാര്‍ട്ടിയില്‍ നിന്നുതന്നെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ 'നല്ല കാലം' തെളിയാതിരുന്നതിനാല്‍ രണ്ടു തവണയും പരാജയപ്പെട്ടു. ആദ്യശ്രമം കല്‍ക്കട്ട തീസിസിനെത്തുടര്‍ന്നായിരുന്നു. ദേശീയ തലത്തില്‍ വര്‍ഗ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി പട്ടിക തയ്യാറാക്കി. കേരളത്തിലെ ലിസ്റ്റില്‍ ആദ്യത്തെയാള്‍ കേളപ്പജിയായിരുന്നു. വടക്കേ മലബാറിലെ കിണാവൂരില്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തുന്ന കേളപ്പജിയെ വധിക്കാന്‍ ചുമതലപ്പെട്ട സഖാക്കളില്‍ ഒരാള്‍ സഖാവ് കെ.മാധവനായിരുന്നു. പ്രസംഗിക്കാന്‍ വരുന്ന സ്ഥലത്ത് ജനറേറ്റര്‍ അടിച്ചുതകര്‍ത്ത് ഇരുട്ടിന്റെ മറവില്‍ വെട്ടിക്കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍ ശക്തമായ പോലീസ് കാവല്‍ ഉണ്ടായിരുന്നതിനാല്‍ കൃത്യം നടക്കാതെ പോയകാര്യം 'ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്റെ ആത്മകഥ' എന്ന തന്റെ ഗ്രന്ഥത്തില്‍ സഖാവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പിന്നീട് ഈ കാര്യം ചൂണ്ടിക്കാട്ടി കേളപ്പജി തന്നെ തന്റെ അരുമ ശിഷ്യനായിരുന്ന എ.കെ.ഗോപാലന് എഴുതി. എ.കെ.ജി. ദു:ഖത്തോടെയും ക്ഷമാപണത്തോടെയും മറുപടി എഴുതി, 'അങ്ങയെ കൊല്ലാന്‍ തീരുമാനിച്ചിരുന്നെങ്കിലും അതിലൊന്നും എനിക്ക് യാതൊരു പങ്കുമില്ല' എന്നായിരുന്നു മറുപടി.

കോഴിക്കോട് ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടതിനു കാരണക്കാരന്‍ കേളപ്പജിയാണെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ടാമത്തെ വധശ്രമം. 1949 ഒക്ടോബറില്‍ ആയിരുന്നു 'വിധി' നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. അത്തവണയും ഭാഗ്യം തെളിയാതിരുന്നതിനാല്‍ ആ ശ്രമവും പരാജയപ്പെട്ടു.

 

ഹരിജനോദ്ധാരകന്‍

വാസ്തവത്തില്‍ രാഷ്ട്രീയ വിരോധം ഒരു മറ മാത്രമായിരുന്നു. കമ്മ്യൂണിസത്തിന്റെ ചവിട്ടുകല്ലുകളാണല്ലോ എക്കാലവും പട്ടികജാതി വിഭാഗങ്ങള്‍. യഥാര്‍ത്ഥ കാരണം അദ്ദേഹം നടത്തിയ ഹരിജനോദ്ധാരണമായിരുന്നു. അവരില്‍ ഒരുവനായി ജീവിച്ചുകൊണ്ട് സാംസ്‌കാരികവും വിദ്യാഭ്യാസപരവും തൊഴില്‍പരവും ആദ്ധ്യാത്മികവുമായ സമുദ്ധാരണ ശ്രമങ്ങള്‍ അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. 'എന്റെ ജീവിതം പുലയര്‍ മുതലായ നിസ്സഹായരുടെ ഉദ്ധാരണത്തിനു വേണ്ടിത്തന്നെ ഞാന്‍ സമര്‍പ്പിക്കുന്നു. എന്റെ ഇഷ്ടവും മഹാത്മജിയുടെ നിര്‍ദ്ദേശവും അതാണ്',  വക്കീല്‍പ്പരീക്ഷയ്ക്കു പഠിക്കാന്‍ ബോംബെയില്‍ പോയ കേളപ്പജി അവിടെനിന്ന് അച്ഛന് എഴുതിയ കത്തിലാണ് ഈ പ്രസ്താവന.

ഹരിജനോദ്ധാരണം അദ്ദേഹത്തിന്റെ ജീവിത വ്രതമായിരുന്നു. കൊയിലാണ്ടിക്കു സമീപം പവൂര്‍ കുന്നില്‍ സഹോദരന്‍ ചെറിയോമന നായരുമായി ചേര്‍ന്ന് പഞ്ചമസ്‌ക്കൂള്‍ സ്ഥാപിച്ചു. മഹാകവി വള്ളത്തോള്‍ ആണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പവൂര്‍ക്കുന്നിന് ഗോഖലെയുടെ സ്മരണാര്‍ത്ഥം ഗോപാലപുരം എന്ന പേരും ഇട്ടു. അവിടെത്തന്നെ ഹരിജന്‍ കോളനിയും സ്ഥാപിച്ചു. വിദ്യാലയ നടത്തിപ്പ് ദേവ്ധാര്‍ ട്രസ്റ്റിനെ ഏല്‍പ്പിച്ചു. കുട്ടികളെ കേളപ്പന്‍ വില്ക്കുമെന്ന് 'പ്രാകൃത കമ്മ്യൂണിസ്റ്റുകള്‍' പ്രചരിപ്പിച്ചു. തിക്കോടിയനും സി.എച്ച്.കുഞ്ഞപ്പയും ടി.പി.ആര്‍.നമ്പീശനും മറ്റുമായിരുന്നു അദ്ധ്യാപകര്‍. പിന്നിട് മന്ത്രിയായിരുന്ന വെള്ള ഈച്ചരന്‍ അവിടെ പഠിച്ചു വളര്‍ന്നയാളാണ്.  

മറ്റൊരിക്കല്‍ പയ്യോളിക്കു സമീപം നല്ലമ്പ്രക്കുന്നില്‍ ഹരിജന്‍ കുട്ടികള്‍ക്കു വേണ്ടി വിദ്യാലയം ആരംഭിച്ചു. പാക്കനാര്‍പുരമെന്ന് സ്ഥലപ്പേരു മാറ്റി. വിദ്യാലയത്തിന് ശ്രദ്ധാനന്ദ വിദ്യാലയമെന്ന് പേര് നല്‍കി. അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ഭഗവദ് ഗീത, ഭാഗവതം, രാമായണം മുതലായവ പഠിപ്പിച്ചു. കൈത്തൊഴില്‍, കൃഷി, ശുചിത്വം, സേവനം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കി ആത്മവിശ്വാസമുള്ള തലമുറയാക്കി വളര്‍ത്തി. അവശ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി നിരന്തരം പ്രയത്‌നിച്ചു.  

ദേശീയ തലത്തില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തുന്നതിന്റെ കേരളത്തിലെ ചുമതലക്കാരില്‍ ഒരാള്‍ കേളപ്പജിയായിരുന്നു. അതോടനുബന്ധിച്ച് കേരള വ്യാപകമായി നടത്തിയ യാത്രാവേളയിലാണ് വൈക്കം സത്യഗ്രഹ തീരുമാനം കൈക്കൊണ്ടത്. ഈ യാത്രയ്ക്കു മുന്നോടിയായാണ് കെ.കേളപ്പന്‍ നായര്‍ കേളപ്പനായത്. അദ്ദേഹത്തിന് ജാതിപ്പിശാചുക്കള്‍ പുതിയ പേരും നിര്‍ദ്ദേശിച്ചു, പുലയന്‍ കേളപ്പന്‍! (സഹോദരന്‍ അയ്യപ്പനെ സ്വസമുദായം പുലച്ചോവോന്‍ എന്നു വിളിച്ചതുപോലെ)

 

 നവോത്ഥാന നായകന്‍

ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ ഉപവാസത്തിനു മുമ്പ്, തന്റെ ജീവന്‍ സമര്‍പ്പിച്ചിട്ടാണെങ്കിലും അവശര്‍ക്കു മോചനം കിട്ടുമെങ്കില്‍ തന്റെ ജീവിതം ധന്യമായി എന്നദ്ദേഹം പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് 1933 മെയ് 30 ദേശീയ ഹരിജനദിനമായി ആചരിച്ചു. അതിന്റെ ഭാഗമായി ഹരിജന്‍ കേന്ദ്രങ്ങളില്‍ യാത്രചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങളും മറ്റു സേവനങ്ങളും നിരന്തരം നടത്തി. അവരുടെ ദൈന്യത കണ്ട് കണ്ണീര്‍ വാര്‍ത്തു.  

മന്ത്രവാദത്തിന്റെ പേരില്‍ ഒരു പാണന്‍ കുടുംബത്തെ മനുഷ്യമനസ്സിനു സങ്കല്പിക്കാന്‍പോലും കഴിയാത്തവിധം ക്രൂരമായി വേങ്ങശ്ശേരി മൊയ്തു എന്നയാളുടെ നേതൃത്വത്തില്‍ ഒരുപറ്റം മുസ്ലീങ്ങള്‍ പീഡിപ്പിച്ചതിന്റെ നേര്‍ച്ചിത്രം അദ്ദേഹം വിവരിച്ചിട്ടുണ്ട്. 'ഇത്തരം ക്രൂരതകള്‍ ഒരു മനുഷ്യനു തന്റെ സഹജീവിയോടു കാണിക്കുവാന്‍ സാധിക്കുമെന്ന്, ഇവരെ ആശുപത്രിയില്‍ വച്ചു കണ്ടിരുന്നില്ലെങ്കില്‍ ഞാനും വിശ്വസിക്കുകയില്ല' എന്ന് അദ്ദേഹം എഴുതി. എല്ലാ വിഭാഗം ജനങ്ങളുടെയും ആട്ടും തുപ്പുമേറ്റ്, തങ്ങള്‍ മനുഷ്യരാണെന്ന കാര്യംപോലും മറന്ന് വെറും അടിമ മൃഗങ്ങളെപ്പോലെ കഴിഞ്ഞ വലിയൊരു സമൂഹത്തെ അറിവും ആത്മവിശ്വാസവും പകര്‍ന്ന്, കൈ പിടിച്ചു മുന്നോട്ടു നടത്തി എന്നതാണ് കേളപ്പജിയുടെ ഒരു പ്രധാന സംഭാവന. അത് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെ സംബന്ധിച്ച് മറച്ചു പിടിക്കേണ്ട ചരിത്രമാണ്.  

കേളപ്പജിയുടെ ജീവിതത്തിലെ ഏറ്റവും ഗുരുതരമായ  പരീക്ഷണ ഘട്ടമായിരുന്നു മാപ്പിളക്കലാപം. ഭ്രാന്തിളകി വരുന്ന കലാപകാരികളെ പൊന്നാനിയില്‍ വച്ച്, നിരായുധനായി തടഞ്ഞു നിര്‍ത്തിയ സാഹസം, ആ സന്ദര്‍ഭത്തെ ഭാവനയില്‍ക്കാണാന്‍ കഴിയുന്നവര്‍ക്ക് അവിശ്വസനീയമാണ്. വാളും തോക്കും കുന്തവും കത്തിയുമായി, ദൈവം മഹാനാണെന്ന് അലറി വിളിച്ച്, സഹജീവികളെ കൊല്ലാന്‍ പാഞ്ഞടുക്കുന്നവര്‍ക്ക് മുമ്പില്‍ നിരായുധനായി, അക്ഷോഭ്യനായി കേരളഗാന്ധി നിന്നു ! അവരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞു. പക്ഷെ, നബിയെ ബഹുമാനപൂര്‍വ്വം സംബോധന ചെയ്തതും ഇസ്ലാം മതത്തെ പുകഴ്ത്തിപ്പറഞ്ഞതും ഒക്കെ കേളപ്പനടക്കമുള്ള ഹിന്ദു നേതാക്കള്‍ മതം മാറാന്‍ തയ്യാറായതിന്റെ സൂചനയായി ബുദ്ധിപരമായി താഴ്ത്തപ്പെട്ട ആ കലാപകാരികള്‍ കരുതിയതിനെപ്പറ്റി പിന്നീട് കേളപ്പജി ഖേദിച്ചു. സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ മുസ്ലീം നേതൃത്വവും അദ്ദേഹത്തെ തഴഞ്ഞു.

സ്വാതന്ത്ര്യാനന്തരമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല സര്‍വ്വോദയത്തിലേക്കും ഭൂദാന യജ്ഞത്തിലേക്കും തിരിഞ്ഞു. ഫ്രഞ്ചു കോളനിയായി തുടര്‍ന്നിരുന്ന മയ്യഴിയുടെ മോചനത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചു. ആ വേളയിലും ഭാരതവിരുദ്ധത കൈമുതലായിരുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഫ്രഞ്ചുകാര്‍ക്കൊപ്പമായിരുന്നു.

തവനൂരില്‍ കേളപ്പന്‍ മുന്‍കൈ എടുത്തു സ്ഥാപിച്ച റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പിന്നീട് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മുസ്ലീം ലീഗും ചേര്‍ന്നു പിടിച്ചെടുത്തു. വര്‍ഗീയതയുടെയും ഫാസിസത്തിന്റെയും വിഷമയമായ മിശ്രിതം കേരളത്തെ വിഴുങ്ങാന്‍ തുടങ്ങിയതിന്റെ അടയാളമായിരുന്നു അത്.  

 

  ക്ഷേത്ര വിമോചകന്‍

അന്ത്യകാലത്താണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ ഏട് എഴുതിച്ചേര്‍ത്തത്. 'എണ്‍പതു വയസ്സിന്റെ ദൗര്‍ബ്ബല്യം ബാധിച്ച കാലമാണെനിക്കിപ്പോള്‍. ജീവിതത്തിന്റെ അവശേഷിക്കുന്ന കാലം, മഹത്തായ ചരിത്രങ്ങള്‍ സ്വയം വിളിച്ചറിയിക്കുന്നതും വിസ്മൃതിയിലാണ്ടുകിടക്കുന്നതുമായ ഹിന്ദുക്ഷേത്രങ്ങളെ പുനരുദ്ധരിക്കുന്നതിനുവേണ്ടി എനിക്കു ചെലവഴിക്കണം.... ഈ രംഗത്തു പ്രവര്‍ത്തിക്കാന്‍ വൈകിപ്പോയല്ലോ എന്നോര്‍ത്തു ഞാന്‍ പശ്ചാത്തപിക്കുന്നു' എന്ന് അദ്ദേഹം ഹൃദയം തുറന്നു പറഞ്ഞു. മലബാറിലെ ക്ഷേത്രങ്ങളുടെ ശോച്യാവസ്ഥയും അതുദ്ധരിക്കേണ്ടതിന്റെ ആവശ്യവും അദ്ദേഹം തിരിച്ചറിഞ്ഞു.  സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ദേശീയസമൂഹത്തെ ഉയര്‍ത്താനും വളര്‍ത്താനം ഒന്നിപ്പിക്കാനും ക്ഷേത്രത്തിനുള്ള പങ്ക് അദ്ദേഹം ജീവിതംകൊണ്ട് വായിച്ചെടുത്തു. ഉച്ചനീചത്വങ്ങളെ ആട്ടിയകറ്റാന്‍ ദേവസാന്നിദ്ധ്യത്തിനേ കഴിയൂ. അതു കെട്ടുകിടക്കുന്നത് അധ:പതനത്തിന്റെ അടയാളമാണ്. ഇടിഞ്ഞ അമ്പലങ്ങള്‍ തകര്‍ന്ന സമൂഹത്തിന്റെ പ്രതീകമാണ്. തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ കീഴടക്കപ്പെട്ട ജനതയുടെ ചരിത്രമാണ് വിളിച്ചോതുന്നത്. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സമൂഹം ശൈഥില്യത്തിന്റെയും വൈകല്യത്തിന്റെയും പ്രതിരൂപങ്ങളാണ്. അതിനെ ഉദ്ധരിച്ചാല്‍ സമാജത്തെ ഉദ്ധരിക്കാം. ഉയര്‍ന്ന താഴികക്കുടങ്ങള്‍ വിദൂരങ്ങളില്‍ വിജയത്തിന്റെ കാഹളം വിളിച്ചറിയിക്കും. അതിന്റെ സമുദ്ഘാടനമായിരുന്നു അങ്ങാടിപ്പുറം തളിക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപനത്തിലൂടെ കേളപ്പജി ചെയ്തത്.  

സമരത്തിലൂടെ വീണ്ടെടുത്ത ആരാധനാ സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റുകാപട്യത്തിന്റെ ചരിത്രവുംകൂടി ബോദ്ധ്യപ്പെടുത്തി. തളിക്ഷേത്ര സംരക്ഷണ സമിതി മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിയായും ഒടുവില്‍ കേരള ക്ഷേത്രസംരക്ഷണ സമിതിയായും ഉടല്‍പൂണ്ടു. ക്ഷേത്രോദ്ധാരണം കമ്മ്യൂണിസ്റ്റു ശത്രുതയ്ക്കു വീണ്ടും കാരണമായി.

ചരിത്രത്തെ കുഴിച്ചുമൂടാന്‍ ചരിത്ര പുരുഷന്മാരുടെ സ്മരണകളെ ഇല്ലാതാക്കിയാല്‍ മതി. തവനൂരിലെ സ്മാരകം കാടുപിടിച്ചു കിടക്കാന്‍ കാരണം കപട ഗാന്ധിയന്മാരുടെയും വികല വിപ്ലവകാരികളുടെയും വികൃത മതവാദികളുടെയും സംയുക്ത സങ്കരമാണ്. മുക്കൂട്ടു വിഷം സംസ്‌ക്കാരത്തെയും ചരിത്രത്തെയും ഭസ്മീകരിക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ സ്വാഭിമാനബോധമുള്ളവര്‍ ഉണരണം. മഹത്തുക്കളുടെ സ്മാരകങ്ങള്‍ ഉയര്‍ത്തണം. പ്രതിമകളെ ഭയക്കുന്നവര്‍ എതിര്‍ക്കട്ടെ. പ്രതിമകള്‍ പ്രതീകങ്ങളാണ്. അവ പ്രചോദനാത്മകങ്ങളുമാണ്. അവ ഉയരട്ടെ. ഒപ്പം ഉചിതമായ മറ്റ് പഠനകേന്ദ്രങ്ങളും.  

കേരളത്തിന് ഒരു ഗാന്ധിയെ സംഭാവന ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ സ്മാരകം, സമാധി സ്ഥലത്തെന്നപോലെ തലസ്ഥാനത്തും ഉയരണം. അന്ധമായ രാഷ്ട്രീയ അസഹിഷ്ണുത മാറ്റിവച്ച് ഭരണാധികാരികള്‍ ജനപ്രതിനിധിസഭയുടെ മുമ്പില്‍ ഒരു യഥാര്‍ത്ഥ ജനസേവകനെ പ്രതിഷ്ഠിക്കട്ടെ. ഈ അമ്പതാം സ്മൃതിദിനത്തിലെങ്കിലും അത്തരമൊരു തീരുമാനമാണ് അദ്ദേഹത്തിനുള്ള കേരളത്തിന്റെ സ്മരണാഞ്ജലിയായിത്തീരുക.

 

  comment
  • Tags:

  LATEST NEWS


  കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


  സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


  നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


  ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


  കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി


  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ തിയെറ്ററില്‍ വിലക്കണം; ആവശ്യവുമായി ഉടമകള്‍; പിന്തുണയ്ക്കാതെ ദിലീപ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.