×
login
കെ റെയിലിന്റെ രാഷ്ട്രീയം

കെ റെയിലിന് വേണ്ടി പ്രചാരവേല നടത്തുന്നവര്‍ പറയുന്ന ഒരു വാദം പ്രഥമദൃഷ്ട്യാ യുക്തിപരമാണെന്ന് തോന്നാം. റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോഴെല്ലാം കുറച്ചു പേരുടെ കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ലേ? ഇതൊരു എമണ്ടന്‍ പദ്ധതിയായതിനാല്‍ കൂടുതല്‍ പേരുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നത് പൊറുക്കത്തക്കതല്ലേ? ഇതിന് ഒന്നാമത്തെ മറുപടി, ഇത് ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതിയായതിനാല്‍ ഇതിനുവേണ്ടി നഷ്ടപ്പെടുന്ന ഭൂമി ഭൂമാഫിയകളുടെ കൈകളിലാണ് എത്തിപ്പെടുക എന്നതാണ്. രണ്ട്, റോഡുകള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമ്പോള്‍ ഇത് ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ല; ദോഷമാകുകയും ചെയ്യും. റെയില്‍പ്പാതയ്ക്കടുത്തു കിടക്കുന്ന ഭൂമിക്ക് വില കുറയും; റോഡാണെങ്കില്‍ കൂടും. മറ്റൊന്ന്, മേല്‍ പറഞ്ഞതുപോലെ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ധാരാളം പേര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും വില കിട്ടിയിട്ടില്ല. മൂലമ്പള്ളി ഒരു ഉദാഹരണം മാത്രം.

ഡോ. ആര്‍. ഗോപിനാഥന്‍

പശ്ചിമഘട്ടത്തിന്റെ ചരിവില്‍ ഏറ്റവും ദുര്‍ബലമായ ഭൂഘടനയുള്ളതും പാരിസ്ഥിതികമായ വെല്ലുവിളികള്‍ നേരിടുന്നതുമായ കേരളത്തിന്റെ ഏറ്റവും വലിയ മേന്മ അറബിക്കടലിനും ആനമുടിയുള്‍പ്പെടെയുള്ള പശ്ചിമഘട്ട മലനിരകള്‍ക്കുമിടയില്‍ കിടക്കുന്നുവെന്നതുതന്നെയാണ്. പരമാവധി 50 കിലോമീറ്റര്‍ വീതിയും 700 കിലോമീറ്ററോളം നീളവുമുള്ള ഒരു നാട പോലെയാണ് ഈ സംസ്ഥാനത്തിന്റെ ചരിഞ്ഞ കിടപ്പ്. അതിന് അതിപ്രാചീനകാലം മുതല്‍ കടലുമായും മലയുമായുമുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെ സൂചിപ്പിക്കുന്നതാണ് മംഗലാപുരം തൊട്ട് തെക്കോട്ടുള്ള കടലിനുണ്ടായിരുന്ന ഉതിരപ്പെരുവളമെന്ന (രക്തക്കടല്‍) പേര്. പശ്ചിമഘട്ടത്തില്‍ നിന്ന് മഴക്കാലങ്ങളില്‍ നദികളിലൂടെയും ചെറു നീര്‍ച്ചാലുകളിലൂടെയും മഴവെള്ളത്തിലൂടെയും ചെമ്മണ്ണ് ഒലിച്ചിറങ്ങി കടല്‍ ചുവന്ന് കലങ്ങിക്കിടക്കുന്നതില്‍ നിന്നാണ് ആ പേരു ലഭിച്ചത്. അന്ന് കേരളത്തിന്റെ പേര് പല്‍ക്കുന്റക്കൂട്ടം (ധാരാളം മലകളുടെ കൂട്ടം) എന്നുമായിരുന്നു. കേരള തീരത്തിലെ കരിമണല്‍ അത്തരത്തില്‍ ഒഴുകി എത്തി കടല്‍ത്തീരത്ത് അടിഞ്ഞുകൂടുന്നതാണ്. കേരളത്തിന്റെ ഈ ഭൂഘടനാപരമായ തരളത ഒരേ സമയം ഗുണവും ദോഷവുമാണ്. ഗുണം പ്രകൃതിസമ്പത്തുകള്‍; ദോഷം വ്യാവസായികവും നിര്‍മ്മാണപരവുമായ പരിമിതികള്‍. കാര്‍ഷികാടിത്തറ ഉപേക്ഷിച്ച് വന്‍ വ്യവസായങ്ങളുടെ സാഹചര്യം തേടുന്നത് കേരളത്തിന്റെ ജൈവ ഘടന തകര്‍ക്കുമെന്നറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട; അല്‍പ്പം ആത്മാര്‍ത്ഥത മതി.

ഈ ബോധമില്ലാതെ, ഇടുങ്ങിയ സ്വാര്‍ഥ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ജനാധിപത്യ സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട വികസന സങ്കല്‍പ്പങ്ങളുടെ ഫലമായി നിലനില്‍പ്പ് തന്നെ അപകടത്തിലെത്തി നില്‍ക്കുന്ന കേരളത്തിന്റെ ഭീതി, മുല്ലപ്പെരിയാറണക്കെട്ടിനെക്കാള്‍ എത്രയോ വിനാശകരമായി, കെ റെയില്‍ സ്വപ്‌നത്തിലൂടെ ജനങ്ങളുടെ ദുഃസ്വപ്‌നമാകുമെന്ന വസ്തുത ഇതിന്റെ പിന്നിലെ ദുഷ്ട ബുദ്ധികള്‍ക്കുമറിയാം. പക്ഷേ, അവര്‍ക്ക് ജനങ്ങളും അവരുടെ ദുരിതങ്ങളും ഒരിക്കലും ചിന്താവിഷയമായിട്ടില്ല; എന്നും സ്വന്തം സാമ്പത്തിക പ്രലോഭനങ്ങള്‍ മാത്രമാണ് അവരെ നയിച്ചിട്ടുള്ളത്. മുദ്രാവാക്യങ്ങളും വായ്ത്താരികളും അവരുടെ മറച്ചുപിടിക്കപ്പെട്ടിരിക്കുന്ന ലക്ഷ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മൂടിവയ്ക്കാനുള്ള കരിമ്പടങ്ങള്‍ മാത്രമാണ്. മുതലാളിത്തത്തിന്റെയും സോഷ്യല്‍ ഫാസിസത്തിന്റെയും തേറ്റകള്‍ തേച്ചുമിനുക്കുന്നതിനാണ് അരിവാളിന്റെ ഉപയോഗം. കെ റെയിലിന് വേണ്ടി മുഖ്യമന്ത്രി നടത്തുന്ന വായ്ത്താരി അസഹിഷ്ണുത നിറഞ്ഞ പുലഭ്യങ്ങളായി മാറുന്നത് താനുദ്ദേശിച്ച വിധത്തില്‍ അത് അടിച്ചേല്‍പ്പിക്കുന്നതിനെതിരായി വളരെ വേഗം പടര്‍ന്ന് പന്തലിച്ച ചെറുത്തുനില്‍പ്പുകള്‍ അപ്രതീക്ഷിതമാണെന്നതിനാലാണ്. കാരണം, ഒരു പമ്പരവിഡ്ഢി പോലും പറയാനറയ്ക്കുന്ന യുക്തികളാണ് അധികാര പ്രമത്തനായി മുഖ്യന്‍ തട്ടി വിടുന്നത്.


നിശ്ചിത സമയത്ത് നിശ്ചിതമായ പണം മുടക്കി ഒരു റോഡ് പോലും നിര്‍മ്മിച്ച ചരിത്രമില്ലാത്ത, പലതരം വികസനങ്ങളുടെ പേരില്‍ കുടിയിറക്കപ്പെട്ട് തെരുവിലായ ജനങ്ങളെ അവഗണിച്ചു കൊണ്ടാണ് മധുര മനോഹര മനോജ്ഞ വാഗ്ദാനങ്ങള്‍ ഇതിന്റെ പേരില്‍ ചൊരിയുന്നത്. ഇതിന്റെ നിര്‍മ്മാണം ഒരിക്കലും സാധ്യമാകുകയില്ലെന്ന കാര്യം അടുത്തൊരു മഴക്കാലം തെളിയിക്കും. കടക്കെണിയില്‍ വീണ് നട്ടം തിരിയുന്ന സംസ്ഥാനത്തിന്റെ തീറാധാരമെഴുത്തായി ഈ ദുഃസ്വപ്‌നം മാറുന്നതോടെ കേരളം ലോകത്തെ ആദ്യത്തെ കുടികിടപ്പ് സംസ്ഥാനമായി,  എല്‍ഡിഎഫിന്റെ ഭാഷയില്‍, 'ലോകത്തിന് മാതൃക'യാകും. എന്നല്ല, കേരളത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്താന്‍ അറബിക്കടലില്‍ അരിച്ചു നോക്കേണ്ടിയും വരും. പല വിധത്തില്‍ നേടിയിട്ടുള്ള സഹസ്രകോടികള്‍ ബിനാമികളിലെത്തിച്ച നേതാക്കള്‍ക്ക് 'സ്‌നേഹമുള്ള കുടുംബ'വുമായി ഗള്‍ഫ് നാട്ടില്‍ താവളം കണ്ടെത്താം. പക്ഷേ, ഒരു സാധാരണക്കാരനായ സിപിഎമ്മുകാരന്‍ ജനങ്ങളോടൊപ്പം ഈ ദുരന്തം പങ്കിടേണ്ടി വരും.  

വെറുതേ കുറേ ബഡായികള്‍ തട്ടി വിട്ട് കേരളം പോലൊരു ദുര്‍ബല മേഖലയില്‍ ഇത്രയധികം മുതല്‍ മുടക്കി ഈ വെള്ളി രേഖ വരയ്ക്കാനാകില്ല. പിന്നെയല്ലേ ദിവസവും രാവിലേ എഴുന്നേറ്റ് തിരുവനന്തപുരം-കാസറകോട് വിനോദ യാത്ര? വീട്ടമ്മമാരുടെ ഉറച്ച ചോദ്യങ്ങള്‍ മുഖ്യ റെയില്‍ മന്ത്രിയെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ട്. ആയിരം ചോദ്യങ്ങള്‍ ജനങ്ങളുയര്‍ത്തുന്നുണ്ട്. എങ്കിലും ഒരു കാര്യമുണ്ട്, ഇതൊരു മണ്ടന്‍ കണ്ട പൊള്ളയായ സ്വപ്‌നമല്ല; ഒരു കൊള്ളക്കാരന്റെ ഭൂമി തട്ടിപ്പാണ്-പിന്നില്‍ കേരളത്തില്‍ കണ്ണുവെച്ചിരിക്കുന്ന ആഗോള മാഫിയകളുടെ ഇരുണ്ട താല്‍പ്പര്യങ്ങളും. ഏറ്റവും ശ്രദ്ധേയമായ കാര്യം, വടക്കേ ഇന്ത്യയില്‍ കാക്ക കാഷ്ഠിച്ചാല്‍ ഒപ്പും അട്ടഹാസവുമായിറങ്ങുന്ന സാംസ്‌കാരിക-ബുദ്ധിജീവി ഫാന്‍സിഡ്രസ്സുകാരുടെ നാണംകെട്ട സേവ പിടിത്തമാണ്. നമ്മുടെ പാവപ്പെട്ട വീട്ടമ്മമാരുടെ പ്രതികരണ ബോധം പോലുമില്ലാത്ത, അധികാരികളുടെ അലമാരയിലിരിക്കുന്ന ഏതെങ്കിലും ഒരു സ്ഥാനത്തിനും അവാര്‍ഡിനും വേണ്ടി കേരളത്തിന്റെ വിനാശത്തിന് നേരേ കണ്ണടയക്കുന്നവരെ ഇനിയും നിങ്ങള്‍ കല്ലെറിയാന്‍ മടിക്കുമൊ? എം.ഗോവിന്ദന്‍ ഒരിക്കല്‍ എഴുതിയതു പോലെ, രണ്ടുകാലില്‍ നടക്കുന്ന നായ്ക്കളെ ബുദ്ധിജീവികള്‍ എന്ന് വിളിക്കുമോ?

കെ റെയിലിന് വേണ്ടി പ്രചാരവേല നടത്തുന്നവര്‍ പറയുന്ന ഒരു വാദം പ്രഥമദൃഷ്ട്യാ യുക്തിപരമാണെന്ന് തോന്നാം. റോഡുകളുടെ വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോഴെല്ലാം കുറച്ചു പേരുടെ കിടപ്പാടം നഷ്ടപ്പെട്ടിട്ടില്ലേ? ഇതൊരു എമണ്ടന്‍ പദ്ധതിയായതിനാല്‍ കൂടുതല്‍ പേരുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നത് പൊറുക്കത്തക്കതല്ലേ? ഇതിന് ഒന്നാമത്തെ മറുപടി, ഇത് ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതിയായതിനാല്‍ ഇതിനുവേണ്ടി നഷ്ടപ്പെടുന്ന ഭൂമി ഭൂമാഫിയകളുടെ കൈകളിലാണ് എത്തിപ്പെടുക എന്നതാണ്. രണ്ട്, റോഡുകള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമ്പോള്‍ ഇത് ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യില്ല; ദോഷമാകുകയും ചെയ്യും. റെയില്‍പ്പാതയ്ക്കടുത്തു കിടക്കുന്ന ഭൂമിക്ക് വില കുറയും; റോഡാണെങ്കില്‍ കൂടും. മറ്റൊന്ന്, മേല്‍ പറഞ്ഞതുപോലെ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ധാരാളം പേര്‍ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷവും വില കിട്ടിയിട്ടില്ല. മൂലമ്പള്ളി ഒരു ഉദാഹരണം മാത്രം. റെയില്‍ പൈപ്പ് ലൈന്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായതിനാലാണ് അവര്‍ക്ക് പ്രതിവിധിപ്പണം ലഭിച്ചത്. സംസ്ഥാന സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് പോലും പ്രഖ്യാപിച്ച സഹായം നല്‍കിയിട്ടില്ല. അതിനാല്‍ ആറോ ഏഴോ സ്റ്റേഷനുകള്‍ മാത്രമുള്ള റെയില്‍പ്പാതയെ  റോഡ് വികസനവുമായി താരതമ്യം ചെയ്തിട്ട് കാര്യമില്ല.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.