×
login
കേരളായനം

ശങ്കരാചാര്യരുടെ ഈ ദീര്‍ഘവീക്ഷണത്തെ ആധുനികകാലത്ത് ഏറ്റവും നന്നായി മനസ്സിലാക്കിയത് ശ്രീനാരായണഗുരുവാണ്. അതുകൊണ്ടാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം 'ശങ്കരന്റെ മതംതന്നെ നമ്മുടേതും' എന്ന് ഗുരുദേവന്‍ പ്രഖ്യാപിച്ചത്. അങ്ങനെ നമ്പൂര്‍ണാര്‍ത്ഥത്തിലും തുടക്കംമുതലേ കേരളം ഭാരതത്തിന്റെ ഒരു പരിച്ഛേദമാണെന്ന് ഗുരു ചൂണ്ടിക്കാട്ടി. ദേശീയത എന്നത് പ്രാചീന വീക്ഷണമാണെന്നു ശങ്കരനും കാണിച്ചുതന്നു.

കാഭാ സുരേന്ദ്രന്‍

 

 

ശങ്കര കേരളം  

കേരളത്തിന്റെ എക്കാലത്തെയും മികച്ച സംഭാവനയാണ് ജഗദ്ഗുരു ശങ്കരാചാര്യര്‍. ശങ്കരന്റെ ധിഷണയെ വെല്ലാന്‍ ഇന്നോളം ഭാരതത്തില്‍ മറ്റൊരാള്‍ ഉണ്ടായിട്ടില്ല. ശങ്കരന്‍ പ്രചരിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്ത അദൈ്വതവേദാന്തത്തെ കടന്നുപോകാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആധുനിക ശാസ്ത്രജ്ഞന്മാര്‍പോലും പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ആ 'ഒന്നിനെ' തേടിയുള്ള ഗവേഷണങ്ങളിലാണ്. എശിമഹ ഠവലീൃ്യ  തേടി എത്തുന്നത് എവിടെയായിരിക്കാം എന്ന് നമുക്കു കാത്തിരിക്കാം. വേദാന്തം ശാസ്ത്രവിരുദ്ധമാണെന്ന് ഇന്നുവരെ ആരും തെളിയിച്ചിട്ടില്ല. അങ്ങനെ സാധിക്കണമെങ്കില്‍ ഈ അന്തിമതത്വം അതിനെതിരാണെന്നു വരണം.

'ദേശീയത' എന്നത് ബ്രിട്ടീഷുകാര്‍ വന്നതിനു ശേഷം രൂപപ്പെട്ടതാണെന്നാണ് ബ്രിട്ടീഷ് ജനിതകഘടനയുള്ള കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സും വാദിക്കുന്നത്. അപ്പോള്‍ ശങ്കരാചാര്യര്‍ കാശ്മീരംവരെ സഞ്ചരിച്ചത് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും? ഭാരതത്തിന്റെ നാലതിരുകളിലും നാലു മഠങ്ങള്‍ സ്ഥാപിച്ചത് എന്തിനായിരിക്കും? ഭാരതത്തിന്റെ എക്കാലത്തെയും മെച്ചപ്പെട്ട വിജ്ഞാന ഗ്രന്ഥമായ നാലു വേദങ്ങളും അവിടെ പ്രതിഷ്ഠിക്കുകയും അതിന്റെ സംരക്ഷണത്തിനും

പോഷണത്തിനുമായി ഈ മഠങ്ങളെ ചുമതലപ്പെടുത്തിയതും വെറുതെയായിരിക്കുമോ?  

ഭാരതത്തിന്റെ ഭൂപരമായ അതിരുകള്‍ ചൂണ്ടിക്കാണിക്കുകയും അതു സംരക്ഷിക്കാനുള്ള ഉപകരണമായി വേദങ്ങളെ പറയുകയുമായിരുന്നു ചതുര്‍ധാമ സ്ഥാപനത്തിലൂടെ. വേദം നഷ്ടപ്പെട്ടാല്‍ അതിര്‍ത്തി നഷ്ടപ്പെടും. അതിര്‍ത്തി നശിച്ചാല്‍ രാഷ്ട്രം തകരും. അതുകൊണ്ടാണ് ദേശവിരുദ്ധര്‍ വേദത്തെയും അതില്‍ നിന്നുല്പന്നമായ ആര്‍ഷസംസ്‌കൃതിയെയും നശിപ്പിക്കാനും അവമതിക്കാനും എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  

ശങ്കരാചാര്യരുടെ ഈ ദീര്‍ഘവീക്ഷണത്തെ ആധുനികകാലത്ത് ഏറ്റവും നന്നായി മനസ്സിലാക്കിയത് ശ്രീനാരായണഗുരുവാണ്. അതുകൊണ്ടാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം 'ശങ്കരന്റെ മതംതന്നെ നമ്മുടേതും' എന്ന് ഗുരുദേവന്‍ പ്രഖ്യാപിച്ചത്. അങ്ങനെ നമ്പൂര്‍ണാര്‍ത്ഥത്തിലും തുടക്കംമുതലേ കേരളം ഭാരതത്തിന്റെ ഒരു പരിച്ഛേദമാണെന്ന് ഗുരു ചൂണ്ടിക്കാട്ടി. ദേശീയത എന്നത് പ്രാചീന വീക്ഷണമാണെന്നു ശങ്കരനും കാണിച്ചുതന്നു.

 

 

വിജ്ഞാനകേരളം

മിഷണറിമാരും മറ്റും വന്നതിനു ശേഷമാണ് ഇവിടെ വിദ്യാഭ്യാസം പച്ചപിടിച്ചത് എന്നതാണ് ഒരു നുണ. എന്നാല്‍ ഈ രണ്ടു കൂട്ടരും വിദ്യാഭ്യാസം നേടാന്‍ തുടങ്ങിയത് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷമാണ്. അതിനുമൊക്കെ എത്രയോ നൂറ്റാണ്ടു മുമ്പുമുതല്‍തന്നെ ഇവിടെ നിരവധി പാഠശാലകളും സര്‍വ്വകലാശാലകളും നിലനിന്നിരുന്നു. വലിയശാല, തിരുവല്ല ശാല, മൂഴിക്കുളം ശാല, കാന്തളൂര്‍ ശാല, പാര്‍ത്ഥിവപുരം ശാല തുടങ്ങിയവ പ്രധാന വിദ്യാകേന്ദ്രങ്ങളായിരുന്നു. ഇതെല്ലാം തല്ലിക്കെടുത്തിയതിനു ശേഷമാണ് യൂറോപ്യന്മാര്‍ അവരുടെ പ്രകൃതിവിരുദ്ധ വിദ്യാഭ്യാസം അടിച്ചേല്‍പ്പിച്ചത്.  

മറുവാദമായി പലരും ഉന്നയിക്കുന്നത് വിദ്യാഭ്യാസം ബ്രാഹ്മണര്‍ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ, മറ്റെല്ലാവര്‍ക്കും വിദ്യ നിഷേധിച്ചു എന്നാണ്. അങ്ങനെയെങ്കില്‍ ബ്രാഹ്മണരല്ലാത്തവര്‍ രാജ്യം ഭരിച്ചത് എങ്ങനെയാണ്? ആയുര്‍വ്വേദവും തച്ചുശാസ്ത്രവും എങ്ങനെ നിലനിന്നു? നമ്മുടെ നാട്ടിലെ ഗണകന്മാര്‍ അഥവാ ജ്യോത്സ്യന്മാര്‍ പിന്നാക്ക ജാതിയാണ്. വിശ്വകര്‍മ്മജര്‍ പിന്നാക്കമാണ്. ധാരാളം വൈദ്യ പാരമ്പര്യമുള്ളവര്‍ ഈഴവ സമുദായത്തിലുണ്ടായിരുന്നു.  

സംഘ കാലഘട്ടത്തിന്റെ ചരിത്രത്തില്‍ 192 സംഘ കവികളെപ്പറ്റി പറയുന്നുണ്ട്. അതില്‍ പതിമൂന്ന് രാജാക്കന്മാരും 29 ബ്രാഹ്മണരും 57 വെള്ളാളരും 36 സ്ത്രീകളും 17 ഗിരിവര്‍ഗക്കാരും 13 വനവാസികളും ഏഴ് വാണിയന്മാരും ഏഴ് കരകൗശലക്കാരും ഒരു ആട്ടിടയനും ഒരു കുശവനും ആയിരുന്നു എന്ന് കേരളാ സ്റ്റേറ്റ് ഗസറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തോളം കൊല്ലം മുമ്പ് വാഴ്ത്തുപാട്ടുകാരുടെ സ്വര്‍ഗരാജ്യമായ യൂറോപ്പില്‍ എന്തായിരുന്നു അവസ്ഥ എന്ന് താരതമ്യം ചെയ്യാന്‍ അത്തരക്കാര്‍ക്ക് സൗമനസ്യം ഉണ്ടായാല്‍ എത്ര നന്നായിരുന്നു.

ഈ സാര്‍വ്വത്രിക വിദ്യാഭ്യാസത്തെക്കുറിച്ചു വാചകമടിക്കുന്നവര്‍ മറച്ചുവച്ച മറ്റുചില കാര്യങ്ങളുണ്ട്. 'ആരാധ്യരായ' യൂറോപ്യന്മാര്‍ അടുത്ത നൂറ്റാണ്ടുവരെ സ്ത്രീകള്‍ക്ക് യാതൊരു വിദ്യാഭ്യാസവും നല്‍കിയിരുന്നില്ല. പുരുഷനു തുല്യമായിപ്പോലും കരുതിയിരുന്നില്ല. ഇന്നും സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും പഠിക്കരുതെന്നും വിലക്കേര്‍പ്പെടുത്തുന്നവരാണ് നൂറ്റാണ്ടുകള്‍ മുമ്പത്തെ കഥപറഞ്ഞ് സ്വയം പരിഹാസ്യരാകുന്നത്. കമ്മ്യൂണിസ്റ്റു രാജ്യങ്ങളില്‍ മറ്റൊരു തത്വശാസ്ത്രത്തിനോ അഭിപ്രായത്തിനോ ആവിഷ്‌ക്കാരത്തിനോ പോലും ഈ 2021 ലും അനുവാദമില്ല!  

 

 

സമത്വകേരളം

പുതിയ മതങ്ങള്‍ ഉടലെടുത്തപ്പോള്‍ വ്യാപാരികള്‍ക്കൊപ്പം മതങ്ങളും വന്നു. അങ്ങനെ കേരളം മതങ്ങളുടെ പൂങ്കാവനമായി. ക്രൈസ്തവര്‍ക്കു ദേവാലയവും മുസ്ലീങ്ങള്‍ക്ക് പള്ളിയും കെട്ടിക്കൊടുത്തു. അവര്‍ക്കു ജനപ്പെരുപ്പമുണ്ടാക്കാന്‍ ഹിന്ദുക്കളെ വിവാഹം കഴിപ്പിച്ചും മതംമാറ്റിയും നല്‍കി. ലോകത്തിന് മതസഹിഷ്ണുതയും അതിനുമപ്പുറം മതസമന്വയവും എന്തെന്നു കാണിച്ചുകൊടുത്തു. ഇന്ന് കേരളത്തിന്റെ ഈ പാരമ്പര്യത്തില്‍ എല്ലാവരും അഭിമാന പുളകിതരാകുന്നു. എന്നാല്‍ ആ അഭിമാനത്തിനുള്ള വക ഹിന്ദു സംസ്‌ക്കാരത്തിന്റെ മഹത്വമാണെന്നു സമ്മതിക്കാന്‍ സൗഹാര്‍ദ്ദം പാടുന്നവരുടെ സങ്കുചിതബുദ്ധിക്ക് സാധിക്കുന്നുമില്ല. അങ്ങനെയല്ലെങ്കില്‍ ലോകത്തിലെവിടെയെങ്കിലും പരമതങ്ങള്‍ക്ക് ആരാധനാലയം കെട്ടിക്കൊടുത്ത ചരിത്രം ക്രൈസ്തവ - ഇസ്ലാം മതങ്ങള്‍ കാണിച്ചു തരണം.  

 

 

നവോത്ഥാനകേരളം

ആധുനിക കേരളത്തിലേക്കു നാം കടന്നിരുന്നത്  നവോത്ഥാന നായകരുടെ കൈത്താങ്ങിലാണ്. നവോത്ഥാനത്തിന്റെ അടിത്തറ ആദ്ധ്യാത്മികതയായിരുന്നു; മാര്‍ഗവും ധര്‍മ്മവും.  പ്രവര്‍ത്തനം സാമൂഹിക പരിഷ്‌ക്കരണവും സൃഷ്ടിച്ചത് സാമൂഹിക സമരസതയുമായിരുന്നു. സ്വാതന്ത്ര്യാനന്തരം നാടുഭരിച്ചവര്‍ ഇതെല്ലാം നശിപ്പിച്ചു; വിശേഷിച്ചും കമ്മ്യൂണിസ്റ്റ് ആശയഗതിക്കാര്‍.

ആദ്ധ്യാത്മികത എന്തെന്നറിയാത്തവര്‍, ജാതിയാണ് അതെന്നു പ്രചരിപ്പിച്ചു. സ്മൃതികളാണ് പ്രമാണമെന്നു നുണ പറഞ്ഞു. അജ്ഞതകൊണ്ട് അന്ധരായ ഇടതുപക്ഷക്കാര്‍ ആദ്ധ്യാത്മികതയ്ക്ക് പകരം അരാജകവാദം പ്രതിഷ്ഠിച്ചു. ധര്‍മ്മത്തെ മതമെന്നു പ്രചരിപ്പിച്ചു. നവോത്ഥാനനായകര്‍ സൃഷ്ടിച്ച പരിഷ്‌ക്കരണത്തിന്റെ മറപിടിച്ച് അരാജകവാദികളുടെ ആട്ടക്കലാശത്തിനുള്ള കോപ്പുകൂട്ടി ഇടതുപക്ഷം. നവോത്ഥാനസങ്കല്പത്തെ മദ്യത്തിനും

മയക്കുമരുന്നിനും ലൈംഗിക അരാജകത്വത്തിനും വേണ്ടിയുള്ള മുദ്രാവാക്യമാക്കി മാറ്റി. അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു ആര്‍ത്തവ, ചുംബന സമരങ്ങള്‍.

ഉച്ചനീചത്വത്തെ ആട്ടിയകറ്റി നവോത്ഥാന നായകര്‍ നേടിയെടുത്തതാണ് സാമൂഹിക സമരസത. ഇന്ന് അതിനെ തല്ലിത്തകര്‍ത്ത് ജാതിസ്പര്‍ധയുടെ വിളനിലമാക്കി കേരളത്തെ അധ:പതിപ്പിച്ചു.  

നവോത്ഥാന നായകരാല്‍ സമൃദ്ധമാണ് കേരളം. ഓരോ ജില്ലയും അത്തരം ആചാര്യന്മാരുടെ പാദപതനങ്ങളാല്‍ പുണ്യസ്ഥലികളായി മാറി. അവരുടെ മൊഴികള്‍ വഴികാട്ടികളായി. ദര്‍ശനങ്ങള്‍ ധാര്‍മ്മിക ജീവിതത്തിന്റെ ഭരണഘടനയായി. ഉദ്‌ബോധനങ്ങള്‍ വിഭജനത്തിന്റെ മതിലുകളെ തകര്‍ത്തു; സാഹോദര്യത്തിന്റെ ശൃംഖലകളെ തീര്‍ത്തു. ഏറ്റവും കൂടുതല്‍ ആചാര്യന്മാര്‍ ഉയര്‍ന്നുവന്നത് പറയ- പുലയ - ധീവര സമൂഹങ്ങളില്‍ നിന്നാണ്. മോചനം വാഗ്ദാനം ചെയ്തുവന്ന മതപരിവര്‍ത്തനവാദികളില്‍ നിന്നും സ്വസമൂഹത്തെ സംരക്ഷിച്ചു നിര്‍ത്തിയ വന്‍മതിലുകളായി അവര്‍ തലയുയര്‍ത്തി നിന്നു. 'ദളിതമോചന'മെന്ന ചതിക്കുഴിയില്‍ വീഴാതെ അവരില്‍ ആത്മവിശ്വാസവും സംഘടിത ബോധവും വളര്‍ത്തി.

നവ കേരളം സൃഷ്ടിച്ച മഹാന്മാരെ തേടിയാല്‍ നിരവധിയാണ്. തിരുവനന്തപുരത്ത് അയ്യാ വൈകുണ്ഠസ്വാമികള്‍, തൈക്കാട്ട് അയ്യാവ്, ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി, ഡോ. പല്പു തുടങ്ങിയ മഹാഗുരുക്കന്മാര്‍. സദാനന്ദ സ്വാമികളും ഡോ: വേലുക്കുട്ടി അരയനും സി.വി. കുഞ്ഞുരാമനും സി. കേശവനും ആര്‍. ശങ്കറും മറ്റും കൊല്ലത്ത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, ശുഭാനന്ദ ഗുരുദേവന്‍, ടി.കെ.മാധവന്‍, കെ.സി. ശീതങ്കന്‍ തുടങ്ങിയവര്‍ ആലപ്പുഴയില്‍. തപസ്വി ഓമലന്‍, പൊയ്കയില്‍ കുമാര ഗുരുദേവന്‍, കാവാരികുളം കണ്ടന്‍കുമാരന്‍, കറുമ്പന്‍ ദൈവത്താന്‍, ചിറ്റേടത്തു ശങ്കുപ്പിള്ള, മുലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍, ടി.ടി.കേശവന്‍ ശാസ്ത്രി, അഴകാനന്ദസ്വാമികള്‍ തുടങ്ങിയ മഹാരഥന്മാര്‍ ശബരീശന്റെ നാട്ടില്‍. ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള, മന്നത്തു പത്മനാഭന്‍, തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍, നീലകണ്ഠ തീര്‍ത്ഥപാദര്‍ മുതലായവര്‍ കോട്ടയത്ത്. പണ്ഡിറ്റ് കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍, കൃഷ്ണാതിയാശാന്‍, കെ.പി. വള്ളോന്‍, പി.സി. ചാഞ്ചന്‍, ദാക്ഷായണി വേലായുധന്‍, ആഗമാനന്ദ സ്വാമികള്‍, പി.കെ. ഡീവര്‍ തുടങ്ങിയവര്‍ എറണാകുളത്ത്. പുന്നശ്ശേരി നമ്പി നീലകണ്ഠശര്‍മ്മ, വി.ടി. ഭട്ടതിരിപ്പാട്, ബ്രഹ്മാനന്ദ ശിവയോഗി, പാര്‍വ്വതിനെന്മിനിമംഗലം, ദേവകി നരിക്കാട്ടിരി, ആര്യ പള്ളം മുതല്‍പേര്‍ പാലക്കാട്. എം.ആര്‍.ബി., പ്രേംജി എന്നിവര്‍ തൃശൂരില്‍. കെ. കേളപ്പന്‍, വാഗ്ഭടാനന്ദന്‍ മുതലായവര്‍ കോഴിക്കോട്. സ്വാമി ആനന്ദ തീര്‍ത്ഥന്‍, ടി.എസ്.തിരുമുമ്പ് എന്നിവരൊക്കെ കണ്ണൂരില്‍. ഇനിയുമെത്രയോ വ്യക്തികളെ പറയാനിരിക്കുന്നു. കമാരനാശാന്‍ അടക്കമുള്ള കവികളും സാഹിത്യകാരന്മാരും വേറെ.  

ഹരിപ്പാട് പ്രവര്‍ത്തനമാരംഭിച്ച ശ്രീരാമകൃഷ്ണ മിഷന്‍, കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയ ആര്യസമാജവും  തിയോസഫിക്കല്‍ സൊസൈറ്റിയും പാലക്കാട് പ്രവര്‍ത്തനം കേന്ദ്രീകരിച്ച ബ്രഹ്മസമാജം ഒക്കെ കേരളീയ ജീവിതത്തെ കരുപ്പിടിപ്പിക്കുകയും ഉജ്ജ്വലത്താക്കുകയും ചെയ്തു.  

സ്വാമിത്തോപ്പ്, അരുവിപ്പുറം, വെങ്ങാനൂര്‍, തൈക്കാട്, ചെമ്പഴന്തി, തോന്നയ്ക്കല്‍, വര്‍ക്കല, സദാനന്ദപുരം, പന്മന, മാവേലിക്കര ചെറുകോല്‍, മയിലാടുംപാറ, ചെറുകോല്‍പ്പുഴ, ഇരവിപേരൂര്‍, മേലുകര, പെരുന്ന, വാഴൂര്‍, വൈക്കം, ചേരാനല്ലൂര്‍, കൊച്ചി മുളവുകാട്, കാലടി, ഗുരുവായൂര്‍, ആലത്തൂര്‍, പട്ടാമ്പി, അങ്ങാടിപ്പുറം, തവനൂര്‍, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളും രാമകൃഷ്ണാശ്രമങ്ങളുടെ കേന്ദ്രങ്ങളും മുഴുവന്‍ മലയാളികളുടെയും തീര്‍ത്ഥ സ്ഥലികളായി മാറട്ടെ.  ഇവകൂടാതെ നവീനങ്ങളായ ആദ്ധ്യാത്മിക കേന്ദ്രങ്ങളായ ചിന്മയ, അമൃത ആശ്രമങ്ങള്‍ വേറെയുമുണ്ട്.  

 

 

സാഹിത്യകേരളം

കേരളത്തിന്റെ തനതു വിദ്യാഭ്യാസത്തിന്റെ ഒരു അളവുകോല്‍ സാഹിത്യമായിരുന്നു. ഭാഷാപിതാവായി നാം എഴുത്തച്ഛനെ പറയുമ്പോഴും അതിനു മുമ്പുള്ള നിരണം കവികളുണ്ട്. മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീത, ശങ്കരപ്പണിക്കരുടെ ഭാരതമാല, രാമപ്പണിക്കരുടെ രാമായണം തുടങ്ങിയ നിരണത്തു കൃതികള്‍ ആധുനിക മലയാളത്തോടു കിടപിടിക്കുന്നവ തന്നെയാണ്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഭക്തികാവ്യവും ഒപ്പം ഭാഷാപരമായി ഉന്നതനിലവാരം പുലര്‍ത്തുന്നതുമാണ്.  

ആധുനിക ഭാഷാവ്യാകരണത്തിന്റെ പിതാവായ കേരളകാളിദാസന്‍ ഏ.ആര്‍.രാജരാജവര്‍മ്മയും ഇന്നും വികസ്വരമായിക്കൊണ്ടിരിക്കുന്ന സാഹിത്യ മണ്ഡലവും ഭാരതത്തിന്റെ സുദീര്‍ഘ പാരമ്പര്യത്തിന്റെ കേരളീയാവിഷ്‌ക്കാരമാണ്.  

ചീരാമന്‍ മുതല്‍ നിരണംകവികളും ചെറുശ്ശേരിയും കുഞ്ചനും തുഞ്ചനും പൂന്താനവും ഒക്കെ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത സംസ്‌ക്കാരവും സാഹിത്യവുമാണ് കേരളത്തെ കേരളമാക്കിയത്. പാരമ്പര്യം തകര്‍ക്കാന്‍ ശ്രമിച്ചവരൊക്കെ പ്രത്യയശാസ്ത്രത്തിന്റെ മൊരത്ത കല്ലും ചുമന്ന് ഭാരം താങ്ങാന്‍ വയ്യാതെ വിലപിക്കുകയും ശപിക്കുകയും ചെയ്തതല്ലാതെ കേരളത്തനിമയ്ക്ക് യാതൊരു ഉടവും സംഭവിച്ചില്ല.  

കോഴിക്കോട് പതിനഞ്ചാം നൂറ്റാണ്ടില്‍ ഭരണം നടത്തിയ മാനവിക്രമ സാമൂതിരിയുടെ കീഴില്‍ മഹാപണ്ഡിതന്മാരും ഉന്നതശീര്‍ഷരായ കവികളും ഉണ്ടായിരുന്നു. ഉദ്ദണ്ഡശാസ്ത്രികളും ചേന്നാസ് നമ്പൂതിരിയും പുനം നമ്പൂതിരിയുമടങ്ങുന്ന പ്രശസ്തരായ 'പതിനെട്ടരക്കവികള്‍' അരങ്ങുവാണ കാലമായിരുന്നു അത്. മേല്പത്തൂര്‍ നാരായണ ഭട്ടതിരി ആറുതവണ പങ്കെടുത്തിട്ടും പരാജയപ്പെട്ട് ഏഴാമതുമാത്രം വിജയിച്ച രേവതി പട്ടത്താനം വിജ്ഞാനത്തിന്റെ കൊടുമുടിയെ ആണ് ചൂണ്ടിക്കാണിക്കുന്നത്.  

 

 

അഭയകേരളം

രണ്ടായിരം കൊല്ലം മുമ്പ് ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട ജനതയാണ് ജൂതര്‍. ചെന്ന ഇടങ്ങളിലൊക്കെ അതതു നാട്ടിലെ മതങ്ങള്‍ അവരെ പീഡിപ്പിച്ചു, ചൂഷണം ചെയ്തു. അവര്‍ക്ക് അഭയം നല്‍കിയത് ഒരേയൊരു വിഭാഗം മാത്രം, ഹിന്ദുക്കള്‍. അതില്‍ത്തന്നെ അതിനു ഭാഗ്യം സിദ്ധിച്ചത് കേരളത്തിനാണ്. അഭയം തേടിവന്ന അനാഥരായ ജൂതജനതയ്ക്കു വേണ്ട സംരക്ഷണവും പരിപോഷണവും ഹിന്ദു രാജാവ് ചെയ്തത് അതു നമ്മുടെ നാടിന്റെ പാരമ്പര്യമായതുകൊണ്ടാണ്. പാലില്‍ പഞ്ചസാര പോലെ അവരുടെ ജീവിതം നമ്മുടെ പൊതുജീവിതത്തെ കൂടുതല്‍ മധുരതരമാക്കി. അതിന്റെ നന്ദിയും കടപ്പാടും ലോകോത്തരമായി വളര്‍ന്ന ആ പ്രാചീന ജനവിഭാഗം ഇന്നും നമ്മോടു കാണിക്കുന്നു.

 

സമൃദ്ധകേരളം

കേരളത്തെ സമ്പന്നമാക്കിയ കാര്‍ഷികരംഗവും വ്യാപാരരംഗവും പരസ്പരപൂരകങ്ങളാണ്. വിദേശ മതങ്ങള്‍ വരുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ മുമ്പുമുതല്‍ യൂറോപ്പിലെയും അറബിനാടുകളിലെയും വ്യാപാരികള്‍ ആയിരക്കണക്കിനു നാഴികകള്‍ ദൂരെനിന്നും ഇവിടേയ്ക്കു വന്നിരുന്നു. റോം, ഗ്രീസ്, ഇസ്രായേല്‍, അറേബ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നും വ്യാപാരികള്‍ വന്നു പോയത് കള്ളന്മാരായിട്ടല്ല.  ഇവിടെയുള്ള ജനങ്ങളും രാജാക്കന്മാരുമായി മാന്യമായ വ്യാപാര ബന്ധത്തിലൂടെയാണ്. വിദേശസഞ്ചാരികളായി വന്നതില്‍ മിക്കവരും കേരളത്തെ പരാമര്‍ശിച്ചിട്ടുണ്ട്. മുസിരിസ് എന്ന കൊടുങ്ങല്ലൂരും കോഴിക്കോടും കൊച്ചിയുമൊക്കെ അനേക നൂറ്റാണ്ടുകള്‍ നമ്മുടെ സാമ്പത്തിക ഭദ്രതയെ കാത്തു സൂക്ഷിച്ച പ്രാചീന നഗരങ്ങളാണ്. ഇന്നു ചിലര്‍ ചില മണ്‍പാത്രങ്ങളുടെ കഷണങ്ങളുമായി മുസിരിസിനെ തോണ്ടിമാറ്റി മറ്റെങ്ങോ സ്ഥാപിക്കാന്‍ കോടികള്‍ മുടക്കുന്നു. അതുകൊണ്ട് മുസിരിസ് കൊടുങ്ങല്ലൂര്‍ അല്ലാതാകുമോ?  

 

കലാകേരളം

കേരളത്തിന്റെ തനതു കലാരൂപങ്ങളും അഭിമാനിക്കത്തക്കതാണ്. കൂത്തും കൂടിയാട്ടവും കഥകളിയും ഓട്ടന്‍തുള്ളലും തെയ്യവും തിറയും എല്ലാം അത്യന്താധുനിക ഗവേഷകര്‍ക്കുപോലും അത്ഭുതജന്യമായ കലകളാണ്. ആദരവോടെ അവരെല്ലാം അതിനെ പഠിക്കുകയും സ്വന്തം നാടുകളിലേക്ക് ആനയിക്കുകയും ചെയ്യുന്നു. ഇതില്‍ അസഹിഷ്ണുതയും അസൂയയും ഉള്ളവര്‍ ഇവയെ അധിക്ഷേപിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നു. അങ്ങനെ കണ്ടുപിടിച്ച ഒരു ആരോപണമാണ് മിക്ക കലകളും സവര്‍ണര്‍ കൈയടക്കി വച്ചു എന്നത്. വാദത്തിന് സമ്മതിച്ചാലും ഇന്നത് ആര്‍ക്കും പഠിക്കാവുന്നവയാണ്. ആ നിലയ്ക്ക് അതിനെ അംഗീകരിക്കാനും പ്രചരിപ്പിക്കാനും അത്തരക്കാര്‍ തയ്യാറാണോ? അല്ല. അപ്പോള്‍ പുതിയ ആരോപണം കൊണ്ടുവരികയായി. ഇവയുടെയെല്ലാം ഇതിവൃത്തം രാമായണവും മഹാഭാരതവും പുരാണങ്ങളുമാണ്, അത് സവര്‍ണരുടേതാണ്! അവരാക്ഷേപിക്കുന്ന ഇതിഹാസങ്ങളും അവയെ പുരസ്‌ക്കരിച്ച് സൃഷ്ടിക്കപ്പെട്ട കലകളും സാഹിത്യങ്ങളുമാണ് കേരളീയ ജീവിതത്തിന്റെ അടിത്തറ. അനന്തപുരിയുടെ ആശീര്‍വ്വാദവും കലാമണ്ഡലത്തിന്റെ എടുപ്പും കൊടുങ്ങല്ലൂരിന്റെ മിടുക്കും ഒക്കെ കലാസാഹിത്യരംഗത്ത് കേരളത്തനിമയുടെ തുടിപ്പ് പകര്‍ന്നുതരുന്നു. ചരിത്രഗതിയില്‍ വന്നുചേര്‍ന്ന ഇതരമതങ്ങളും കേരളീയ സംസ്‌ക്കാരത്താലും കലകളാലും സ്വാധീനിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് ചവിട്ടുനാടകവും ഒപ്പനയും മറ്റും. മത വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കലകളും മറ്റും നിഷിദ്ധമാണെന്നിരിക്കെ ആ വിലക്കുകളെപ്പോലും അതിജീവിക്കാന്‍ ഇവിടുത്തെ സാംസ്‌ക്കാരിക പാരമ്പര്യങ്ങള്‍ക്കു കഴിഞ്ഞു.  

 

ആത്മീയകേരളം

ആദ്ധ്യാത്മിക രംഗത്തും കേരളത്തിന്റെ സംഭാവന അതിശ്രേഷ്ഠമാണ്. ബൗദ്ധപാരമ്പര്യവും ശങ്കരപാരമ്പര്യവും സഹസ്രാബ്ദങ്ങളായി ഇവിടുത്തെ ആദ്ധ്യാത്മിക മണ്ഡലത്തെ പ്രോജ്ജ്വലിപ്പിച്ചു. വേദാന്തപാരമ്പര്യം നഷ്ടപ്പെടാതിരിക്കാന്‍ ആചാര്യസ്വാമികള്‍ ചെയ്തുവച്ച മുന്‍കരുതലുകള്‍ മുമ്പു സൂചിപ്പിച്ചു. എന്നാല്‍ ബൗദ്ധപാരമ്പര്യം സംരക്ഷിക്കാന്‍ പലകാരണംകൊണ്ടും അവര്‍ക്കു കഴിഞ്ഞില്ല. വടക്കന്‍ ഭാരതത്തില്‍ അതു നശിച്ചത് ഇസ്ലാമിക ആക്രമണത്താലായിരുന്നു എന്ന് അംബേദ്ക്കര്‍ വിശദീകരിച്ചിട്ടണ്ട്. ഇസ്ലാമിന്റെ വാളിന്നിരയായാണ് ബുദ്ധമതം വിശാലഭാരതത്തില്‍ അസ്തമിച്ചത്. ദക്ഷിണ ഭാരതത്തില്‍ വിശിഷ്യ കേരളത്തില്‍ അതിന്റെതന്നെ ഉള്ളില്‍ രൂപംകൊണ്ട ശൈഥില്യവും സംസ്‌ക്കാര ശൂന്യതയുമായിരുന്നു അധ:പതനകാരണമെന്ന് ശ്രീനാരായണ ഗുരു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അല്ലാതെ ശങ്കരന്‍ കൊടുത്ത വാളുകൊണ്ട് ബുദ്ധമതാനുയായികളെ മുഴുവന്‍ വെട്ടിക്കൊന്നിട്ടല്ല. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വെട്ടിയും വെടിവെച്ചും ഉന്മൂലനം ചെയ്ത പാരമ്പര്യമുള്ളവര്‍ ആ ക്രൂരത മറയ്ക്കാന്‍ അതേ കാര്യം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ വെറുതെ  ശ്രമിക്കുകയാണ്. ആ പാരമ്പര്യം കേരളത്തിനോ ഭാരതത്തിനോ ഉള്ളതല്ല. സ്വീകാരത്തിന്റെ പാരമ്പര്യമാണ് ഹൈന്ദവതയ്ക്കുള്ളത്; തിരസ്‌ക്കാരത്തിന്റെ പാരമ്പര്യം കടന്നുവന്ന, ആധുനികമെന്ന് അവകാശപ്പെടുന്നവരുടേതാണ്.  

 

വീരകേരളം

കേരളത്തെ പുതിയ ദേശീയ വിമോചന മാര്‍ഗത്തിലേക്ക് ഉണര്‍ത്തിയ പുരുഷ വ്യാഘ്രങ്ങളുടെ സമാധി സ്ഥലികള്‍ വേറെയുണ്ട്. മണ്ണടിയും മാനന്തവാടി പഴശ്ശികുടീരവും പനമരം കോട്ടയും പയ്യന്നൂരും ഒക്കെ അത്തരം ഇടങ്ങളാണ്. അവയുടെ ചരിത്രവും  ആരാധനാകേന്ദ്രങ്ങളും ആവേശദായകങ്ങളുമാണ്. ഈ പറഞ്ഞ സ്ഥലങ്ങളെല്ലാം ഭാവികാലത്തേക്കുള്ള നമ്മുടെ വിളക്കുമരങ്ങളാണ്. ആ വെളിച്ചം നോക്കി കേരളം നടന്നില്ലെങ്കില്‍ പടുകുഴികളിലായിരിക്കും നാം നിപതിക്കുക. സ്വാതന്ത്ര്യാനന്തരം കുറെയൊക്കെ അങ്ങനെ സംഭവിച്ചു കഴിഞ്ഞു. അതില്‍ നിന്നു നാം

കര കേറണം. കപട നേതാക്കളെ വലിച്ചെറിഞ്ഞ് യഥാര്‍ത്ഥ ആചാര്യന്മാരെ അനുഗമിക്കണം. അവര്‍ ചൊല്ലിത്തന്ന സമത്വത്തിന്റെ മന്ത്രം പാടി, സാഹോദര്യത്തിന്റെ ഈണം പകര്‍ന്ന്, വിശാലകേരളകുടുംബം പുനര്‍സൃഷ്ടിക്കണം. പ്രാചീന കേരളത്തിന്റെ സഭ്യതയും ആധുനിക ലോകത്തിന്റെ സര്‍ഗാത്മകതയും ചേരുന്ന അപൂര്‍വ്വ സംഗമം. കേരളം സംസ്‌കൃതിയുടെയും മനുഷ്യപ്പറ്റിന്റെയും സ്വന്തം നാടാകട്ടെ!

 

 ഉത്സവകേരളം

കേരളത്തിനു പുറത്തുകൂടി വ്യാപകമായ പ്രശസ്തി കിട്ടിയ മാമാങ്ക മഹോത്സവം കേരളീയ സംസ്‌കൃതിയുടെ വൈപുല്യത്തെ കാണിക്കുന്നു. ഇന്ന് ഏറ്റവും വലിയ ആഘോഷങ്ങള്‍ക്ക് 'മാമാങ്കം' എന്ന വിശേഷണം ചേര്‍ക്കുന്നുവെങ്കില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കലകള്‍ക്കും ആഘോഷങ്ങള്‍ക്കും മലയാളനാട് നല്‍കിയ പ്രാധാന്യത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. അതെല്ലാം തമസ്‌ക്കരിച്ചിട്ട് ഇന്നാണ് എല്ലാം ഉണ്ടാക്കിയെടുത്തത് എന്ന വ്യാജ പ്രചാരണം കൊണ്ട് ഉപജീവനം നടത്തുന്ന പാര്‍ട്ടികളും 'പുരോഗമനക്കാരും' കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഉണ്ടായിരുന്നതൊക്കെ നശിപ്പിച്ച പാരമ്പര്യം മാത്രമാണ് സ്വാതന്ത്ര്യാനന്തര കേരളത്തിന് അവകാശപ്പെടാനുള്ളത്.

 

  comment

  LATEST NEWS


  ഒളിമ്പിക്‌സ് ബഹിഷ്‌കരണത്തിന് യുഎസ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.