×
login
കേരളം കടക്കെണിയില്‍ വീണതെങ്ങനെ?

കേരള സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയ കടങ്ങള്‍ ഒന്നും സംസ്ഥാന സര്‍ക്കാരിന്റെ കടങ്ങളല്ല എന്നാണ് പിണറായി വിജയന്റെ വാദം. എന്നാല്‍ കിഫ്ബി വഴി കിട്ടുന്ന തുകയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങുന്ന കടങ്ങള്‍ക്കും ഗ്യാരണ്ടി നില്ക്കുന്നത് കേരള സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ തിരിച്ചടവ് മുടങ്ങിയാല്‍ സര്‍ക്കാരിന് ആ തുകയ്ക്ക് ഉത്തരവാദിത്വം പറയേണ്ടി വരും എന്നാണ് സിഎജി ആദ്യം മുതല്‍ ചൂണ്ടിക്കാണിച്ചത്‌

അഡ്വ.എസ്. ജയസൂര്യന്‍

ഞ്ചാബിനും രാജസ്ഥാനും ബംഗാളിനും തൊട്ടുപിന്നില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കടം വാങ്ങിക്കൂട്ടിയ നാലാമത്തെ സംസ്ഥാനമാണ് കേരളം. മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 38.3 ശതമാനത്തിലധികം ആയിരിക്കുകയാണ് കേരളത്തിന്റെ കടം. കടത്തിന്റെ തിരിച്ചടവിനു മാത്രം ഈ വര്‍ഷം 56,000 കോടി രൂപ വേണം. അഞ്ചു വര്‍ഷം കേന്ദ്രം നല്കിയ ജിഎസ്ടി നഷ്ടപരിഹാര കാലഘട്ടം ഈ ജൂണില്‍ അവസാനിക്കുകയാണ് എന്ന വസ്തുത സംസ്ഥാനത്തിന് അറിയാത്തതല്ല. ഇത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമായ തീരുമാനമാണ്. ഇത് എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് ജിഎസ്ടി കൗണ്‍സിലില്‍ വച്ച് എടുത്തതുമാണ് .

അനിയന്ത്രിതമായ കടം വാങ്ങലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ 23 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. പരിധിയില്‍ കൂടുതല്‍ കടം വാങ്ങുക, വാങ്ങിയ കടത്തിന്റെ കണക്ക് കേന്ദ്രത്തെ ബോധ്യപ്പെടുത്താതെയിരിക്കുക, സംസ്ഥാന സര്‍ക്കാരും സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളും വാങ്ങുന്ന കടം സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്താതെ കേന്ദ്രത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുക തുടങ്ങി നിരവധി ക്രമക്കേടുകള്‍ സിഎജി കണ്ടെത്തുകയുണ്ടായി. ഇതില്‍ ഏറ്റവും ഗുരുതര ക്രമക്കേട് കൊവിഡിന് കേന്ദ്രം നല്കിയ പണത്തില്‍ നടത്തിയ തിരിമറികളാണ്. ഈ കാര്യങ്ങളെക്കുറിച്ച് സിഎജി വിശദീകരണം ചോദിച്ചപ്പോള്‍ സിഎജി രാഷ്ട്രീയം കളിക്കുന്നുവെന്നും ബിജെപിയുടെ ഉപകരണമാണ് സിഎജി എന്നുമുള്ള ആരോപണങ്ങളാണ് കേന്ദ്രസര്‍ക്കാരിനെതിരെ കേരളം ഉയര്‍ത്തിയത്.

സംസ്ഥാനത്തിനുള്ള 32,425 കോടി എന്ന വായ്പാപരിധി കേരളം മറികടക്കുകയുണ്ടായി. ഇതിനായി കിഫ്ബി എന്നുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കേരളസര്‍ക്കാര്‍ സൃഷ്ടിച്ചു. സൃഷ്ടി സമയത്തു തന്നെ ഏറെ വിവാദം ഉയര്‍ത്തിയ ഒന്നാണ് കിഫ്ബിയുടെ രൂപീകരണം. ഭാരതത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കാമെന്നും രാജ്യത്തെ നിയമ സംവിധാനങ്ങളെ നോക്കുകുത്തിയാക്കാം എന്നുമുള്ള കമ്മ്യൂണിസ്റ്റ് ധിക്കാരമാണ് കിഫ്ബിയുടെ ജനന കാരണം. 60,000 കോടി രൂപ സമാഹരിക്കുമെന്ന് പറഞ്ഞുകൊണ്ട് തുടങ്ങിയ കിഫ്ബി, 63,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്കിയെന്ന വീമ്പുപറച്ചിലാണ് നടത്തിയത്. സത്യത്തില്‍ കേവലം 500 കോടി രൂപയുടെ മാത്രം പദ്ധതികളാണ് നടപ്പിലാക്കിയത്. കിഫ്ബി വഴി പിരിച്ചെടുത്ത തുകയാവട്ടെ കേവലം 4715 കോടിയും. അതില്‍ 2150 കോടി രൂപ വിദേശത്തു നിന്ന് മസാല ബോണ്ടുകള്‍ വഴി ശേഖരിച്ചപ്പോള്‍, എസ്ബിഐയില്‍ നിന്ന് 1000 കോടിയും ഇന്ത്യന്‍ ബാങ്കില്‍ നിന്ന് 500 കോടിയും യൂണിയന്‍ ബാങ്ക് നല്കിയ അഞ്ഞൂറ് കോടിയും നബാര്‍ഡില്‍ നിന്നെടുത്ത 565 കോടിയും മാത്രമാണ് വരുമാനം കിട്ടിയത്.

കേരള സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയ കടങ്ങള്‍ ഒന്നും സംസ്ഥാന സര്‍ക്കാരിന്റെ കടങ്ങളല്ല എന്നാണ് പിണറായി വിജയന്റെ വാദം. എന്നാല്‍ കിഫ്ബി വഴി കിട്ടുന്ന തുകയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ വാങ്ങുന്ന കടങ്ങള്‍ക്കും ഗ്യാരണ്ടി നില്ക്കുന്നത് കേരള സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ തിരിച്ചടവ് മുടങ്ങിയാല്‍ സര്‍ക്കാരിന് ആ തുകയ്ക്ക് ഉത്തരവാദിത്വം പറയേണ്ടി വരും എന്നാണ് സിഎജി ആദ്യം മുതല്‍ ചൂണ്ടിക്കാണിച്ചത്.

ഭാരതത്തിന്റെ നിയമങ്ങള്‍ കേരളത്തിന് ബാധകമല്ല എന്നുള്ള അഹങ്കാരപൂര്‍ണമായ നിലപാടാണ് അപ്പോള്‍  പിണറായി സര്‍ക്കാര്‍ കൈക്കൊണ്ടത്. മാത്രമല്ല ബിജെപിയും സിഎജിയും ചേര്‍ന്ന് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു എന്നുള്ള പ്രചാരണവും അഴിച്ചുവിട്ടു. കൊവിഡിനു വേണ്ടി കേന്ദ്രം അനുവദിച്ച തുക എന്തു ചെയ്തു എന്ന ചോദ്യത്തിന് കേരളം തൃപ്തികരമായ മറുപടി ഇന്നുവരെ നല്കിയിട്ടുമില്ല. കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകള്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വികസനപരമായ മുതല്‍മുടക്ക് ഇരുവരും നടത്തുന്നില്ല എന്ന് കാണാന്‍ സാധിക്കും.

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ 60.43 ശതമാനം തുകയും ശമ്പളം നല്കാന്‍ വേണ്ടി മാറ്റിവയ്ക്കുകയാണ് കേരളം. വികസന മേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിനും വേണ്ടി ചെലവഴിക്കേണ്ട തുകകളില്‍ 25 ലക്ഷത്തിലധികമുള്ള തുക വിതരണം ചെയ്യേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ ട്രഷറികള്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുന്നത്. ഇതിനിടെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുതൊട്ടുമുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വന്‍തോതില്‍ ശമ്പളവര്‍ധനവ് മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ചത്. 2019 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ഈ ശമ്പളം നല്കണമെങ്കില്‍ അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തും എന്നുപോലും സര്‍ക്കാര്‍ ചിന്തിച്ചിട്ടില്ല. അടുത്ത മാസത്തെ ശമ്പളത്തിനുള്ള 4000 കോടി രൂപ(ഏപ്രില്‍ 19ന് 1000 കോടിയും മെയ് രണ്ടിന് 2000 കോടിയും മെയ് പത്തിന് വീണ്ടും 1000 കോടിയും) കേന്ദ്രം തരണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ജനിക്കുന്ന ഓരോ മലയാളി കുഞ്ഞിനും ഒരു ലക്ഷത്തോളം രൂപ കടം പേറേണ്ടി വരുന്ന ഈ  സാമ്പത്തിക ദുരവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചതിനു പിന്നില്‍ ചില ഗൂഢലക്ഷ്യങ്ങളുണ്ട്.


ഭാരതത്തിലെ 23 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം കൃത്യമായ വിശദീകരണവും തിരുത്തലുകളും കേന്ദ്രത്തിന് സമര്‍പ്പിച്ചു. അവ അംഗീകരിച്ചുകൊണ്ട് ആ സംസ്ഥാനങ്ങള്‍ക്ക് വായ്പ എടുക്കുവാന്‍ കേന്ദ്രം അനുമതിയും നല്കി. അവിടെയൊന്നും കേന്ദ്രം രാഷ്ട്രീയം കളിച്ചു എന്നുള്ള ആരോപണം അതാത് സംസ്ഥാനങ്ങളില്‍ നിന്നുയര്‍ന്നിട്ടില്ല എന്നോര്‍ക്കണം.

 

എന്തുകൊണ്ട്  കേരളത്തിനു മാത്രം  ഈ ദുരവസ്ഥ?

ലോകത്തെ 46 കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ 41 ഭരണകൂടങ്ങളും സ്വയം തകര്‍ന്നു വീണു നാമാവശേഷമായി ക്കഴിഞ്ഞു. ഇനി ലോകത്ത് അവശേഷിക്കുന്ന അഞ്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളില്‍ ഒന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. ദേശീയ പാര്‍ട്ടിയെന്ന  അംഗീകാരം പോലും നഷ്ടപ്പെടുന്ന ഈ അവസരത്തില്‍, രാഷ്ട്രീയ ഭാവിയില്‍ എന്തെങ്കിലും ചെയ്യാനുള്ള സാമ്പത്തിക സമാഹരണം മാത്രമാണ് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിന്റെ ഇന്നത്തെ ലക്ഷ്യം.

അതുകൊണ്ട് സംസ്ഥാനത്തെ വികസനത്തിനും ജനങ്ങള്‍ക്കും ലഭിക്കേണ്ട പണം പലവഴികളിലൂടെ വകമാറ്റി പാര്‍ട്ടിയിലേക്ക് മുതല്‍ കൂട്ടുകയാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. തോറ്റ എംപിക്കുവേണ്ടി ഏഴു കോടിയില്‍പ്പരം രൂപ ചെലവഴിച്ചതും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കലാമേള നടത്താന്‍ കോടികള്‍ അനുവദിച്ചതും ഭരണപരിഷ്‌കാര കമ്മീഷന്റെ പേരില്‍ കോടികള്‍ എഴുതിയെടുത്തതും വിദേശ യാത്രകളുടെ പേരില്‍ വന്‍തോതില്‍ പണം ധൂര്‍ത്തടിക്കുന്നതും സര്‍ക്കാര്‍ ഫണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹകരണ സംഘങ്ങളിലേക്ക് പലവഴി വക മാറ്റുന്നതും ഊരാളുങ്കല്‍ സൊസൈറ്റിയിലേക്ക് കോടാനുകോടികള്‍ പ്രവഹിക്കുന്നതും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പട്ടിണികിടക്കുമ്പോള്‍ ബിനാലെയ്ക്ക് കോടാനുകോടികള്‍ അനുവദിക്കുന്നതും കല, സാഹിത്യം, സംസ്‌കാരം, മനുഷ്യാവകാശം എന്നൊക്കെ പേരുപറഞ്ഞ് പല പല സംഘടനകളിലേക്ക് ഖജനാവിലെ പണം വക മാറ്റുന്നതും ശ്രദ്ധിച്ചാല്‍ ഈ വസ്തുത നമുക്ക് ബോധ്യമാവും.

കിറ്റെക്‌സ്, വി-ഗാര്‍ഡ് പോലെയുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് തൊട്ടടുത്ത സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപ മുതല്‍മുടക്കുന്ന വാണിജ്യ-വ്യവസായ സംരംഭകരെ ആട്ടിപ്പായിക്കുന്ന നയം എന്തുകൊണ്ട് കേരളം പിന്തുടരുന്നു? ചെറുകിട വ്യവസായമോ ഫാമിങ്ങോ ഒന്നും അനുവദിക്കാതെ എല്ലാം കൊടികുത്തി അടച്ചുപൂട്ടിക്കുന്ന കമ്മ്യൂണിസ്റ്റ് നയം കേരളത്തെ ഒരു സംരംഭകവിരുദ്ധ സംസ്ഥാനമാക്കി മാറ്റിക്കഴിഞ്ഞു.

പിണറായി വിജയന്റെ മകള്‍ പോലും കര്‍ണാടക എന്ന ബിജെപി സംസ്ഥാനത്താണ് വ്യവസായം ആരംഭിച്ചത് എന്നോര്‍ക്കണം. പ്രത്യുല്‍പാദനപരമായ യാതൊരു വ്യവസായവും കൃഷിയും ബിസിനസും കേരളത്തില്‍ അനുവദിക്കില്ല എന്നുള്ള കമ്മ്യൂണിസ്റ്റ് നിലപാട് കേരളത്തെ സാമ്പത്തികമായി സമ്പൂര്‍ണ്ണമായും തകര്‍ത്തിരിക്കുന്നു. കേന്ദ്രം പണം കടം തന്നില്ല എങ്കില്‍ സര്‍ക്കാര്‍ പ്രസ്സില്‍ നോട്ട് അച്ചടിക്കാം എന്നുള്ള ഉപദേശമായിരിക്കും പഴയ ധനമന്ത്രി തോമസ് ഐസക്കിന് നല്കാനുള്ളത്. സംസ്ഥാന വികസനത്തിന് ഉപയോഗിക്കേണ്ട ധനം മുഴുവനും പാര്‍ട്ടി വികസനത്തിനും പാര്‍ട്ടി നേതാക്കളുടെ ആഢംബരത്തിനും വഴിതിരിച്ചുവിട്ടതാണ് കേരളം ഇന്ന് അനുഭവിക്കുന്ന സാമ്പത്തിക ദുരവസ്ഥയ്ക്ക് അടിസ്ഥാന കാരണം.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.