×
login
ലൈബ്രറി കൗണ്‍സിലിന്റെ ക്രൂരവിനോദങ്ങള്‍

മലബാര്‍ കലാപത്തെ മഹത്വവത്കരിച്ചതിലൂടെ തീവ്രവാദികള്‍ ആവേശഭരിതരായി എന്നു ധരിച്ച് ലൈബ്രറി കൗണ്‍സില്‍ അടുത്ത അബദ്ധത്തിന് തുടക്കം കുറിക്കുകയാണ്. പതിനായിരം ചരിത്ര ക്ലാസുകളാണ് അവരുടെ അടുത്ത അജണ്ട. ചരിത്രത്തെ വക്രീകരമാക്കാന്‍ പതിനായിരം നാവുകള്‍. അത് ലക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അത് ലക്ഷക്കണക്കിന് വോട്ടായി പാര്‍ട്ടിയിലേക്കു വരുമെന്നും കണക്കുകൂട്ടി അധമനേതൃത്വം എകെജി സെന്ററിലെ വിദൂഷകന്മാരെ ഉണര്‍ത്തിക്കഴിഞ്ഞു

ഏബ്രഹാം ഫിലിപ്പ്

കേരളത്തിലെ ലൈബ്രറി കൗണ്‍സിലിന്റെ വാര്‍ഷിക ബജറ്റ് നൂറുകോടിയില്‍ അധികമാണ്. കേരളത്തില്‍ വീട്ടുനികുതി കൊടുക്കുന്ന ഓരോ വ്യക്തിയും അതിന്റെ അഞ്ച് ശതമാനം ലൈബ്രറി സെസ് ആയി കൂടി നല്കുന്നുണ്ട്. ഈ തുക ലൈബ്രറി കൗണ്‍സിലിന്റെ ഫണ്ടായി മാറുന്നു. ലൈബ്രറി കൗണ്‍സില്‍ ആകട്ടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഒരു പോഷകസംഘടനയാണ് എന്നാണ് അതിന്റെ ഭാരവാഹികളുടെ ധാരണ. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപമെടുത്തതാണ് നമ്മുടെ നാട്ടിന്‍പുറങ്ങളിലെല്ലാം സജീവമായിരുന്ന ഗ്രന്ഥശാലകള്‍. അവയുടെ രൂപീകരണത്തെ എതിര്‍ക്കുകയും അതിനോട് സഹകരിക്കാതിരിക്കുകയും ചെയ്തിരുന്നവരാണ് അന്നത്തെ കമ്മ്യൂണിസ്റ്റുകള്‍. പക്ഷേ നമ്മുടെ നാട്ടിലെ സഹകരണ സംഘങ്ങളും ബാങ്കുകളുമെല്ലാം പിടിച്ചെടുത്തതുപോലെ മാര്‍ക്സിസ്റ്റ് ഗുണ്ടാസംഘങ്ങള്‍ ലൈബ്രറികളും ലൈബ്രറി കൗണ്‍സിലും പിടിച്ചെടുത്തുകഴിഞ്ഞു.

ഈ ലൈബ്രറി കൗണ്‍സിലിന് സംസ്ഥാനം, ജില്ലാ, താലൂക്ക് തലങ്ങളില്‍ കമ്മിറ്റികളുണ്ട്. ഗ്രന്ഥശാലകളില്‍നിന്ന് തെരഞ്ഞെടുപ്പു നടത്തിയാണ് ഈ കമ്മിറ്റികളിലേക്ക് അംഗങ്ങളെ നിയോഗിക്കുന്നത്. എന്നാല്‍ പലയിടത്തും ഇന്ന് തെരഞ്ഞെടുപ്പുപോലും നടത്താറില്ല. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകാതിരിക്കാന്‍ അവര്‍ ആസൂത്രിതമായി വേണ്ടതെല്ലാം ചെയ്തിരിക്കും. എതിരായി വരാന്‍ സാധ്യത ഉണ്ടെന്നു കാണുന്ന ലൈബ്രറി പ്രവര്‍ത്തകരുള്ള ലൈബ്രറികളിലേക്ക് തെരഞ്ഞെടുപ്പിന്റെ അറിയിപ്പുകള്‍പോലും ലഭിക്കാതിരിക്കാനുള്ള വഴികള്‍ അവരെ ആരും പഠിപ്പിക്കേണ്ടതില്ല.  

നമ്മുടെ സാമൂഹ്യചരിത്രത്തെയും ചരിത്രത്തെത്തന്നെയും വളച്ചൊടിക്കുവാനും അവ പ്രചരിപ്പിക്കുവാനുമുള്ള ആസൂത്രിതകര്‍മ്മ പദ്ധതികള്‍ക്ക് രൂപംകൊടുത്തുകൊണ്ടിരിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുകയാണ് ഈ സാമൂഹ്യദുഷ്പ്രഭുക്കള്‍ ചെയ്യുന്നത്. മലബാര്‍ കലാപത്തിന്റെ നൂറുവര്‍ഷം ആഘോഷിക്കുകയായിരുന്നു കൊവിഡ് കാലത്ത് ഇവര്‍ ചെയ്ത വലിയ കാര്യം. മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട ദളിതരുള്‍പ്പെടെയുള്ള നൂറുകണക്കിനു ഹിന്ദുക്കള്‍ അവരുടെ കണ്ണില്‍ കലാപകാരികളാണ്.  

ഹിന്ദുജനതയെ നിരത്തിനിര്‍ത്തി തലവെട്ടി കിണറ്റില്‍തള്ളിയ നരാധമന്മാര്‍ അവര്‍ക്ക് ധീരപോരാളികളാണ്. ആ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതും വ്യാഖ്യാനങ്ങള്‍ ചമക്കുന്നതും സുനില്‍ പി.ഇളയിടത്തെപ്പോലെയുള്ളവരും. മലബാര്‍ കലാപം ഹിന്ദുക്കള്‍ നടത്തിയ അപരാധമായും മുസ്ലീങ്ങള്‍ നടത്തിയ വിമോചനമായും കേരളത്തിലെ എല്ലാ ജില്ലകളിലും പ്രചരിപ്പിക്കാന്‍ ഇവര്‍ യോഗങ്ങള്‍ നടത്തി. ഗ്രന്ഥശാലകളില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായി എത്തിയ ഹിന്ദുക്കള്‍ തലകുനിച്ച് ഇറങ്ങിപ്പോരേണ്ടി വന്നപ്പോള്‍ തങ്ങള്‍ മഹാപോരാളികളായി മാറിയതറിഞ്ഞ് അവിടെയെത്തിയ തീവ്രവാദികള്‍ ആവേശഭരിതരായി.


ഗ്രന്ഥശാലാ പ്രവര്‍ത്തകരില്‍ ഒരു ന്യൂനപക്ഷം തങ്ങളുടെ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന കെ. മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകം വായിച്ചവരായി ഉണ്ടായിരുന്നിരിക്കാം. തുര്‍ക്കിയിലെ രാജാവിനു ഖലീഫയുടെ അധികാരം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മുസ്ലീം സമരത്തെ പിന്തുണച്ചാല്‍ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനു മുസ്ലീങ്ങളുടെ പിന്തുണ ലഭിക്കും എന്നു കരുതി മഹാത്മാവ് കാട്ടിയ മഹാ അബദ്ധത്തിന്റെ പ്രാരംഭപ്രവര്‍ത്തകനും അതിന്റെ സര്‍വപരിണാമങ്ങള്‍ക്കും സാക്ഷിയുമായിരുന്ന കെ. മാധവന്‍ നായരുടെ പുസ്തകം മാത്രം മതിയാവും അതിന്റെ യഥാര്‍ത്ഥ ചിത്രം മനസിലാക്കാന്‍. വഴി തെറ്റിപ്പോയ ആ സമരത്തിന്റെ ആരംഭത്തില്‍ തന്നെ ഇംഗ്ലീഷുകാരനായ ഉന്നത ഉദ്യോഗസ്ഥന്‍ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ''നിങ്ങള്‍ കാട്ടുന്നത് മഹാ അബദ്ധമാണ്. ഇവര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. ഒടുവില്‍ വര്‍ഗീയ ലഹളയായി അത് പരിണമിക്കും'' എന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. അദ്ദേഹം പറഞ്ഞതുപോലെ തന്നെ  സംഭവിച്ചുവെന്നത് ചരിത്രം.

ഈ ചരിത്രത്തെ മുതലെടുക്കാന്‍ ശ്രമിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതേ അബദ്ധം ആവര്‍ത്തിക്കുന്നു. മലബാര്‍ കലാപം തങ്ങള്‍ക്കെതിരേ ഉണ്ടായ പ്രസ്ഥാനമാണെന്നു തെറ്റിദ്ധരിക്കുന്ന തീവ്രവാദ സ്വഭാവമുള്ള ജനത ഒടുവില്‍ പാര്‍ട്ടിയും പ്രസ്ഥാനവുമൊന്നും നോക്കാന്‍ പോകുന്നില്ല. അവര്‍ കമ്മ്യൂണിസ്റ്റുകാരോടൊപ്പമുള്ളവരും അല്ലാത്തവരുമായ എല്ലാ ഇതര മതസ്ഥരെയും ഇല്ലാതാക്കാനെ ശ്രമിക്കൂ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്ത് പാക്കിസ്ഥാന്‍ വാദത്തെ പിന്തുണച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പാക്കിസ്ഥാന്‍ ഉണ്ടായപ്പോള്‍ അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ലഭിച്ചില്ല. ഇവിടെയും അതിനു തന്നെയാണു കളമൊരുക്കുന്നത്. തങ്ങളെ സ്വാര്‍ത്ഥ ഉദ്ദേശ്യത്തോട തെറ്റിദ്ധരിപ്പിച്ചവരെ തിരിച്ചറിഞ്ഞ് സഹായിക്കാന്‍ മഹാരാജാസിലെ അഭിമന്യുവിന്റെ ഘാതകര്‍ക്ക് താത്പര്യമുണ്ടാവാന്‍ പോവുന്നില്ല. ഇതൊന്നും മനസ്സിലാക്കാന്‍ അര ചങ്കിന്റെ പോലും ആവശ്യമില്ല.

മലബാര്‍ കലാപത്തെ മഹത്വവത്കരിച്ചതിലൂടെ തീവ്രവാദികള്‍ ആവേശഭരിതരായി എന്നു ധരിച്ച് ലൈബ്രറി കൗണ്‍സില്‍ അടുത്ത അബദ്ധത്തിന് തുടക്കം കുറിക്കുകയാണ്. പതിനായിരം ചരിത്ര ക്ലാസുകളാണ് അവരുടെ അടുത്ത അജണ്ട. ചരിത്രത്തെ വക്രീകരിക്കാന്‍ പതിനായിരം നാവുകള്‍. അത് ലക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും അത് ലക്ഷക്കണക്കിന് വോട്ടായി പാര്‍ട്ടിയിലേക്കു വരുമെന്നും കണക്കുകൂട്ടി അധമനേതൃത്വം എകെജി സെന്ററിലെ വിദൂഷകന്മാരെ ഉണര്‍ത്തിക്കഴിഞ്ഞു.

ഇതിനൊക്കെ മുന്നോടിയായി ലൈബ്രറി പ്രവര്‍ത്തകരുടെ അടിമത്ത മനോഭാവം അളക്കാന്‍ പുതിയൊരു അളവുകോലും കൂടി പുറത്തെടുത്തിട്ടുണ്ട്. ഗ്രന്ഥാലോകം മാസികക്ക് എല്ലാ ലൈബ്രറികളും പതിനഞ്ചു മുതല്‍ അമ്പതുവരെ വാര്‍ഷിക വരിക്കാരെ ചേര്‍ക്കണം. ഒരു പ്രസക്തിയുമില്ലാത്ത വിഷയങ്ങളെപ്പറ്റിയുള്ള വ്യാജബുദ്ധിജീവികളുടെ രചനകളാണു അതില്‍ പതിവായി കുത്തി നിറച്ചിരിക്കുന്നത്. സാഹിത്യനിരൂപണ മാസികയാണെന്നാണ് വാദം. അത്തരം നിരൂപണങ്ങളും രചനകളും ആവശ്യമുള്ള സാഹിത്യവിദ്യാര്‍ത്ഥികളിലേക്ക് അവ എത്തിക്കുന്നതിനു പകരം പാവപ്പെട്ട ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ സമയവും പ്രയത്നവും പണവും സ്വാധീനവും ദുരുപയോഗം ചെയ്ത്, അത് തുറന്നു നോക്കാന്‍ പോലും ഇടയില്ലാത്തവരെ നിര്‍ബന്ധിത വരിക്കാരായി ചേര്‍ക്കാനുള്ള ശ്രമം ഒരേ സമയം സാമൂഹ്യദ്രോഹവും പരിസ്ഥിതി നാശഹേതുവുമാണ്. ഗ്രന്ഥാലോകത്തിനു കഴിഞ്ഞ വര്‍ഷം ഇത്തരം പ്രചരണ തന്ത്രംവഴി അമ്പതിനായിരം കോപ്പികള്‍ സംഘടിപ്പിച്ചെടുത്തു. ഇത്തവണ അത് ഒരു ലക്ഷത്തിലെത്തിക്കാനാണു ശ്രമം. അച്ചടിക്കടലാസിനു തീപിടിച്ച വിലയുള്ള ഇക്കാലത്ത് ഇത്രയധികം പേപ്പര്‍ ആര്‍ക്കും പ്രയോജനമില്ലാതെ നശിപ്പിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. പത്തുശതമാനം കോപ്പികളുടെപോലും റാപ്പറുകള്‍ പൊട്ടിക്കുന്നില്ല എന്നതാണ് വസ്തുത. നൂറുകോടി ബജറ്റുള്ള ഒരു പ്രസ്ഥാനത്തിന് അതിന്റെ ഗ്രന്ഥശാലകള്‍ക്ക് പ്രയോജനകരമായ ഒരു പ്രസിദ്ധീകരണം സ്വന്തം ചെലവില്‍ അച്ചടിച്ച് നല്കാവുന്നതേയുള്ളൂ. അതിനു പകരം ഗ്രന്ഥശാലാപ്രവര്‍ത്തകരെ പീഡിപ്പിച്ച് ഉപകാരമില്ലാത്ത ഒരു പാഴ്ശ്രമം നടത്തിക്കുന്നത് സമൂഹത്തോടും ഈ പ്രസ്ഥാനത്തോടും ചെയ്യുന്ന ക്രൂരതയാണ്.

ചരിത്രം വളച്ചൊടിക്കാനും ഇരവാദവും ദേശവിരുദ്ധതയും പഠിപ്പിക്കുന്നതിനുമുള്ള പരിശീലകരെ കണ്ടെത്തി ട്രെയിനിങ് നടത്താനുള്ള പരിശ്രമം സ്റ്റേറ്റ് കൗണ്‍സില്‍ തുടങ്ങിക്കഴിഞ്ഞു. പാവപ്പെട്ട ഗ്രന്ഥശാലാപ്രവര്‍ത്തകര്‍ തങ്ങള്‍ വിധേയരാകാന്‍ പോകുന്ന അപകടത്തെപ്പറ്റി ബോധവാന്മാരായിട്ടില്ല.  

ലൈബ്രറി കൗണ്‍സില്‍ പതിവായി നടത്തുന്ന പാഴ്യോഗങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലേ അവര്‍ ഇത് കാണാനിടയുള്ളൂ. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അച്ചാരം വാങ്ങി ഈ നാടിനെ ഒറ്റുകൊടുക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത് എന്ന് അവര്‍ തിരിച്ചറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരിക്കും. അതിനാല്‍ ഓരോ ഗ്രന്ഥശാലയുമായും ബന്ധപ്പെട്ടു നില്ക്കുന്ന ദേശസ്നേഹികള്‍ ഇപ്പോള്‍ മുതല്‍ ജാഗരൂകരാകേണ്ടിയിരിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.