×
login
പെണ്‍കരുത്തിന്റെ രജത ജൂബിലി

കുടുംബശ്രീയുടെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ എഴുതുന്നു

വകേരള നിര്‍മ്മിതിയുടെ പുതിയഘട്ടത്തിലാണ് കുടുംബശ്രീ പ്രസ്ഥാനം രജത ജൂബിലിയിലേക്ക് കടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന കുടുംബശ്രീ, രാജ്യത്തിന്റെ സാമൂഹിക ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകൂടിയാണ്. സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന ലക്ഷ്യത്തോടെ 1998 മെയ് 17നാണ് കുടുംബശ്രീയുടെ പിറവി. പ്രവര്‍ത്തന മികവുകളുടെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 45,85,677 അംഗങ്ങളുടെ കരുത്താണ് ഈ പ്രസ്ഥാനത്തിനുള്ളത്. 3,06,551 അയല്‍ക്കൂട്ടങ്ങളും 19470 എഡിഎസുകളും 1070 സിഡിഎസുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഇതിന് പുറമെ 302595 അംഗങ്ങളുള്ള യുവതീ ഓക്‌സിലറി ഗ്രൂപ്പുകളും സജീവമാണ്. ലോകമെങ്ങുമുള്ള വിവിധ രാജ്യങ്ങള്‍ കേരളത്തിന്റെ സ്ത്രീപര്‍വ്വത്തെ മനസ്സിലാക്കാനും പകര്‍ത്താനും ശ്രമിക്കുന്നുണ്ട്. അസര്‍ബൈജാന്‍, എത്യോപ്യ, ഉഗാണ്ട പോലുള്ള രാജ്യങ്ങള്‍ കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോയി ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ രീതിശാസ്ത്രം അവിടങ്ങളില്‍ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ്.  

നേട്ടങ്ങളോടൊപ്പം സമ്പദ്ഘടനയിലെ ചില കോട്ടങ്ങളെയും നാം അഭിമുഖീകരിച്ചു. സാമൂഹ്യനേട്ടങ്ങള്‍ക്കനുസൃതമായ സാമ്പത്തിക വളര്‍ച്ച ഇവിടെ ഉണ്ടായില്ല. കാര്‍ഷിക, വ്യാവസായിക മേഖലകള്‍ ദുര്‍ബലമായതും തൊഴിലില്ലായ്മ വര്‍ധിച്ചുവന്നതും വിദ്യാഭ്യാസത്തിന്റേയും ആരോഗ്യത്തിന്റേയും നിലവാര തകര്‍ച്ചയുമൊക്കെ വിഷയങ്ങളായിരുന്നു. ഇവ പരിഹരിക്കുന്നതിനുള്ള കര്‍മ്മപദ്ധതിയ്ക്ക്  രൂപം നല്കി. കാര്‍ഷികവ്യാവസായികാദി മേഖലകളില്‍ ഉത്പാദനവും ഉത്പാദനക്ഷമതയും ഉയര്‍ത്തിയും സേവന മേഖലയില്‍ ഗുണമേന്മ ഉറപ്പുവരുത്തിയും മുന്നോട്ടുപോകണമെന്ന് കണ്ടു. ജനപങ്കാളിത്ത വികസന മാതൃകയ്ക്ക് ഊന്നല്‍ കൊടുക്കണമെന്നും അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിന് അനിവാര്യമാണെന്നും അഭിപ്രായ സ്വരൂപണമുണ്ടായി. കേരളത്തില്‍ അവശേഷിക്കുന്ന ദാരിദ്ര്യത്തിന്റെ തുരുത്തുകളില്‍ പ്രത്യേക സാമൂഹ്യശ്രദ്ധ പതിയണമെന്നും വികസനത്തിന് സ്ത്രീപങ്കാളിത്തം ഗൗരവമായി പരിശോധിച്ച് നടപ്പാക്കണമെന്നും ആഹ്വാനമുയര്‍ന്നു. തുടര്‍ന്നാണ് 1996ല്‍ ജനകീയാസൂത്രണം എന്ന പേരില്‍ അധികാര വികേന്ദ്രീകരണത്തിനായുള്ള ശക്തമായ പ്രവര്‍ത്തനം തുടങ്ങിയത്. വൈകാതെ തന്നെ കുടുംബശ്രീ പ്രസ്ഥാനവും ആരംഭിച്ചു.


തുടര്‍ന്ന് അധികാരത്തില്‍ വന്ന വലതുപക്ഷ സര്‍ക്കാര്‍ നവ ഉദാരവത്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുക എന്ന അജണ്ടയുമായാണ് മുന്നോട്ടുപോയത്. കുടുംബശ്രീയെ തകര്‍ക്കാനും ശ്രമമുണ്ടായി. അന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ രാപ്പകല്‍ സമരത്തെ തുടര്‍ന്ന് ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെത്തന്നെ നിശ്ചയിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അക്കാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പിനെ മൂന്നായി വിഭജിച്ചതും കുടുംബശ്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു. കുടുംബശ്രീ പഞ്ചായത്തുവകുപ്പിനു കീഴിലായിരുന്നു. അതുകൊണ്ട് നഗരവികസനവകുപ്പിന് കുടുംബശ്രീയോട് മമതയുണ്ടായിരുന്നില്ല. ഗ്രാമ വികസനവകുപ്പാകട്ടെ നിസ്സഹകരണ മനോഭാവമാണ് പുലര്‍ത്തിയത്. ബ്ലോക്കുതലത്തില്‍ അവര്‍ സമാന്തരമായ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുക വരെ ചെയ്തു.  

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് കുടുംബശ്രീ കൂടുതല്‍ കരുത്തോടെ നില്ക്കുന്നത്. സാമ്പത്തിക ശാക്തീകരണത്തിന്റെ വഴികളിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം. സ്ത്രീശാക്തീകരണത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം സാമ്പത്തിക ശാക്തീകരണമാണ്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഇന്ന് 5586.68 കോടി രൂപയുടെ സമ്പാദ്യമുണ്ട്. ഓരോ അംഗത്തിനും വിശ്വാസത്തോടെ സമീപിക്കാന്‍ സാധിക്കുന്ന ഇടമായും വീട്ടുമുറ്റത്തെ ബാങ്കായും അയല്‍ക്കൂട്ടങ്ങള്‍ മാറിയിരിക്കുന്നു. കുടുംബശ്രീ ഇന്റേണല്‍ ലോണായി 22021.33 കോടി രൂപയാണ് നല്‍കിയിട്ടുളളത്. 251125 അയല്‍ക്കൂട്ടങ്ങള്‍ വിവിധ ബാങ്കുകളുമായി ലിങ്ക് ചെയ്യുകയും 15475.34 കോടി രൂപ വായ്പയെടുത്ത് കൃത്യമായ തിരിച്ചടവോടെ മുന്നോട്ടുപോവുകയും ചെയ്യുന്നു.

കുടുംബശ്രീയുടെ നിയമാവലി അനുസരിച്ച് ഒരു കുടുംബത്തിലെ ഒരു സ്ത്രീയ്ക്കാണ് അയല്‍ക്കൂട്ടത്തില്‍ അംഗമാകാന്‍ സാധിക്കുക. രജത ജൂബിലി വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ട ഒരു പരിമിതി ഈ മാനദണ്ഡപ്രകാരം യുവതികള്‍ക്ക് കുടുംബശ്രീയുടെ ഭാഗമാകാന്‍ സാധിക്കുന്നില്ല എന്നതാണ്. കുടുംബശ്രീ യുവതീ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. 18 മുതല്‍ 40 വയസുവരെയുള്ള വനിതകളാണ് ഇതില്‍ അംഗങ്ങളാവുക. നല്ല വിദ്യാഭ്യാസ യോഗ്യതയുള്ളവരും എന്നാല്‍ വീട്ടമ്മമാരായി ഒതുങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന യുവതികള്‍ക്ക് അവര്‍ പഠിച്ച മേഖലകളില്‍ തൊഴിലവസരം ലഭ്യമാക്കാനാണ് യുവതീ ഓക്‌സിലറി ഗ്രൂപ്പുകള്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് 19555 ഓക്‌സിലറി ഗ്രൂപ്പുകള്‍  നിലവില്‍ വന്നുകഴിഞ്ഞു. 302595 അംഗങ്ങളാണ് ഓക്‌സിലറി ഗ്രൂപ്പുകളിലുള്ളത്. ഇത് ഇനിയും വിപുലപ്പെടുത്തും. സാമൂഹിക വികസന പ്രക്രിയയില്‍ സ്ത്രീകളുടെ സംഘശക്തിയെ എപ്രകാരം ഫലപ്രദമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ച വിശദവും ആഴത്തിലുള്ളതുമായ ആസൂത്രണ നിര്‍വഹണ പ്രക്രിയകളുടെ കരുത്തുറ്റ തുടര്‍ച്ചയാണ് കഴിഞ്ഞ കാലങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നത്. സ്വന്തമായി നേടുന്ന സാമ്പത്തിക പിന്‍ബലമാണ് സാമൂഹികവും മാനസികവുമായ അന്തസ്സും അഭിമാനവും നേടാന്‍ കരുത്തുനല്കുന്നതെന്നും അത് ഭൗതിക ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഘടകമാണെന്നുമുള്ള സന്ദേശം ഓരോ സ്ത്രീയുടെ മനസിലും ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.