×
login
മഴക്കാല രോഗങ്ങള്‍ തടയാം, ശ്രദ്ധിക്കാം

കാലാവസ്ഥയും രോഗാണുക്കളും വെല്ലുവിളി ഉയര്‍ത്തുന്ന സമയം. കേട്ടുകേള്‍വി ഇല്ലാത്ത രോഗങ്ങളും ഒരുകാലത്ത് രോഗാതുരത കൂടിനിന്നിരുന്ന രോഗങ്ങളും പട്ടികയിലുണ്ട്

ഡോ. സോണിയ സ്‌കറിയ

മഴക്കാലം എത്തി. ജാഗ്രത പുലര്‍ത്തേണ്ട, ആരോഗ്യശീലങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ട കാലമാണിത്. കാലാവസ്ഥയും രോഗാണുക്കളും വെല്ലുവിളി ഉയര്‍ത്തുന്ന സമയം. കേട്ടുകേള്‍വി ഇല്ലാത്ത രോഗങ്ങളും, ഒരുകാലത്ത് രോഗാതുരത കൂടിനിന്നിരുന്ന രോഗങ്ങളും പട്ടികയിലുണ്ട്. പ്രതിദിന രോഗ പ്രതിരോധത്തിന് ഊന്നല്‍കൊടുത്ത്, രോഗം വരാതെ നോക്കേണ്ടിയിരിക്കുന്നു.

 

ശ്രദ്ധവയ്‌ക്കേണ്ട  രോഗങ്ങള്‍

ജലജന്യം: ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ്, വയറിളക്കം, കോളറ.

സൂക്ഷ്മജീവികള്‍: എലിപ്പനി, ചിക്കന്‍പോക്‌സ്, വൈറല്‍ ഫീവര്‍, ഡെങ്കു പ്പനി, സ്‌ക്രബ് ടൈഫസ്(ചെള്ളുപനി), ചെങ്കണ്ണ്, എച്ച്എഫ്എംഡി(തക്കാളിപ്പനി), ചിക്കുന്‍ഗുനിയ. പൊതുവെ വായുവിലൂടെയും ജലത്തിലൂടെയും പകരുന്ന ഏത് രോഗങ്ങളും കൂടുതല്‍ തോതില്‍ ഉണ്ടാകാം.

 

രോഗം പടരാനുള്ള  അനുകൂല സാഹചര്യങ്ങള്‍

 

അന്തരീക്ഷത്തിലെ ഉയര്‍ന്ന ഹുമിഡിറ്റി, ആള്‍ക്കാര്‍ കൂട്ടംകൂടുന്നത്, രോഗാണുക്കളുടെ കൂടുതലായുള്ള പ്രജനന ശേഷി, വെള്ളക്കെട്ട് പോലുള്ള രോഗകാരണങ്ങളാകുന്ന സ്രോതസ്സുകള്‍ കൂടുന്നത്, ശുചീകരണത്തിന്റെ കുറവ്.  

 

ലക്ഷണങ്ങള്‍

 

സാധാരണം: പനി, ചുമ, ജലദോഷം, ദേഹത്ത് പൊട്ടുകള്‍, വയറിളക്കം, ഛര്‍ദ്ദി, കുമിളകള്‍, കണ്ണിന് ചുവപ്പ്, ശരീര വേദന അസാധാരണം: മുഖത്ത് വീക്കം, കണ്ണിന് മഞ്ഞ നിറം, കാലിന് നീര്, ദേഹത്ത് തടിപ്പ്, മൂത്രക്കുറവ്, വിട്ടുമാറാത്ത പനി. 10-12 പ്രാവശ്യത്തില്‍ കൂടുതല്‍ വയറിളക്കം, നിര്‍ജ്ജലീകരണം.

 

ശ്രദ്ധിക്കേണ്ടവ  

ആരംഭത്തിലെ ശ്രദ്ധിക്കണം, ലക്ഷണങ്ങള്‍ നിരീക്ഷിക്കണം. കൂടെ ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ, പണിയെടുക്കുകയോ ചെയ്തവര്‍ക്ക് ഒരേ ലക്ഷണങ്ങള്‍ വരുന്നത് ഗൗരവമായി കാണണം.


 

രോഗം തിരിച്ചറിയല്‍

രക്തപരിശോധനകള്‍:  രക്തത്തിലെ കൗണ്ട് പരിശോധിക്കണം. എലിപ്പനി, ഡെങ്കുപ്പനി തുടങ്ങിയവയ്ക്ക്  പ്രത്യേക പരിശോധനകളുണ്ട്. വയറിളക്കമുണ്ടെങ്കില്‍ മലപരിശോധനകള്‍ ചെയ്യണം. കരളിന്റെ, വൃക്കയുടെ പ്രവര്‍ത്തനങ്ങളും പരിശോധിക്കണം. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റുകളും സാധാരണയായി ലഭ്യമാണ്.

 

വെള്ളക്കെട്ടില്‍  ഇറങ്ങുന്നവര്‍

 

വെള്ളക്കെട്ടില്‍ ഇറങ്ങേണ്ടി വരുന്നവര്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളിക 200 എംജി ആഴ്ചയില്‍ ഒരു തവണ കഴിക്കണം, പ്രത്യേകിച്ച് വെള്ളക്കെട്ടില്‍നിന്നു തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നവര്‍. ഇവര്‍ കാലുറ, കയ്യുറ തുടങ്ങിയ പ്രതിരോധസാമഗ്രികളും ധരിക്കണം.

പാലിക്കേണ്ട ശീലങ്ങള്‍

ഒആര്‍എസ് ലായനിയുടെ ഉപയോഗം. എളുപ്പം ദഹിക്കുന്ന, വൃത്തിയുള്ള ആഹാരം ശീലമാക്കുക. ഭക്ഷണം ചൂടോടെ തന്നെ കഴിക്കുക. രോഗ ലക്ഷണങ്ങള്‍ നിരീക്ഷിക്കുക.

ആരോഗ്യസേനകളും ത്രിതല പഞ്ചായത്ത് അധികാരികളും റസിഡന്റ്‌സ് അസോസിയേഷനുകളും അയല്‍ക്കൂട്ടങ്ങളും ജാഗ്രത പാലിക്കുക. മഴക്കാലം ജീവന്‍ പൊലിയുന്ന കാലമാകാതിരിക്കാന്‍ ഒത്തൊരുമിച്ച് യത്‌നിക്കാം.  

 

 

പൊതുവില്‍ ചെയ്യാവുന്നവ

 

 • ഡ്രൈഡേ ആചരണം: വീട്ടില്‍, ജോലിസ്ഥലങ്ങളില്‍, എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജലസ്രോതസ്സുകള്‍ വൃത്തിയാക്കല്‍,  ക്ലോറിനേഷന്‍ നടത്തുക.

 

 • സമ്പര്‍ക്കം കുറയ്ക്കുക,  പൊതുസ്ഥലങ്ങളില്‍  മാസ്‌ക് ധരിക്കുക.

 

 • പുറത്തുനിന്നുള്ള ആഹാരം കുറയ്ക്കുക, ചൂടായ ഭക്ഷണം കഴിക്കുക, വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. പരിചയമില്ലാത്ത ഭക്ഷണശാലകളില്‍ പോവാതിരിക്കുക, തിളപ്പിക്കാത്ത വെള്ളം കുടിക്കാതിരിക്കുക. എല്ലാ ആഹാരവും മൂടി സൂക്ഷിക്കുക.

 

 • സ്വയം ചികിത്സ ഒഴിവാക്കി  ഡോക്ടറെ കാണുക,  നിര്‍ദേശിക്കുന്ന ചികിത്സ എടുക്കുക.

 

 • കൂടുതല്‍ ആളുകളില്‍ മഞ്ഞപ്പിത്തം പോലെയുള്ള രോഗാവസ്ഥ കാണപ്പെട്ടാല്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. നിര്‍ജ്ജലീകരണം പെട്ടെന്ന് ഉണ്ടാകാം.
  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.