login
ആ ലക്ഷ്യപൂര്‍ത്തിക്കായി....കെ.ജി. മാരാര്‍‍ ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപം

ബിജെപിയെ പരാജയപ്പെടുത്താന്‍, മാരാര്‍ജി നിയമസഭയിലെത്താതിരിക്കാന്‍ മഞ്ചേശ്വരത്ത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചു വോട്ടുമറിച്ചു. പരാജയപ്പെട്ടെങ്കിലും മാരാര്‍ജിയുടെ വിജയം വെറും ആയിരം വോട്ടുകള്‍ക്കകലെ മാത്രമായിരുന്നു. കോണ്‍ഗ്രസുകാര്‍ എ-ഐ ഗ്രൂപ്പുകളായി തമ്മില്‍ തല്ലുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, അവര്‍ പക്ഷേ കാര്യം കാണാന്‍ ഒന്നാകുമെന്ന്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, ഒരിക്കല്‍ ഇവര്‍ ഒന്നിക്കുമെന്ന്.

ബിജെപിക്ക് സംസ്ഥാന നിയമസഭയിലെത്താനുള്ള ദൂരം ആയിരം വോട്ടിനു മാത്രം അകലെയാണെന്ന് ജനപിന്തുണയിലൂടെ തെളിയിച്ച സ്വര്‍ഗ്ഗീയ കെ.ജി. മാരാരുടെ 26-ാം സ്മൃതിദിനമാണിന്ന്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പു പ്രക്രിയ തുടരുന്നതിനിടയിലാണ് ആ മഹാമനുഷ്യന്റെ, സാമൂഹ്യ പ്രവര്‍ത്തകന്റെ, ജനസേവകന്റെ, പൊതു പ്രവര്‍ത്തനത്തിലെ മാതൃകാ വ്യക്തിത്വത്തിന്റെ ഓര്‍മ്മയിരമ്പം. അത് പൊതുപ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം കൂട്ടും.  

പാര്‍ട്ടിയെ മുന്നില്‍നിന്നു നയിച്ചത് ഒന്നര ദശാബ്ദം, പക്ഷേ, ഭാരതീയ ജനതാ പാര്‍ട്ടിക്കും അതിനു മുമ്പ് ജനസംഘത്തിനും, അതിന്റെയെല്ലാം ആത്മാവായ രാഷ്ട്രീയസ്വയംസേവകസംഘത്തിനും വേണ്ടി അദ്ദേഹം നടത്തിയ അക്ഷീണ പ്രവര്‍ത്തനത്തിനെ വര്‍ഷംകൊണ്ട് അളക്കാനാവില്ല. നേരില്‍ കണ്ടവര്‍ക്കും ആ സ്‌നേഹവും സൗഹാര്‍ദ്ദവും അനുഭവിച്ചവര്‍ക്കും ആ മനുഷ്യസ്‌നേഹി മികച്ച വഴികാട്ടിയായിരുന്നു. രാഷ്ട്രീയസ്വയംസേവകസംഘത്തിലും, ഭാരതീയ ജനസംഘത്തിലും ബിജെപിയിലുമായി നാലുപതിറ്റാണ്ടോളം പൊതുരംഗത്ത് മാരാര്‍ജി വ്യക്തിമുദ്രചാര്‍ത്തി.

1934 സെപ്തംബര്‍ 17-ന് ജനിച്ച് 1995 ഏപ്രില്‍ 25-ന് അന്തരിച്ച കെ.ജി. മാരാര്‍ ആദര്‍ശരാഷ്ട്രീയത്തിന്റെ ആള്‍രൂപമായിരുന്നു. അദ്ദേഹം സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിച്ച്, അസാധാരണ വ്യക്തിപ്രഭാവം നേടി. ഒരു എംഎല്‍എയ്‌ക്കോ മന്ത്രിയ്‌ക്കോ ജനഹൃദയങ്ങളില്‍ ലഭിക്കാത്ത സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു.

ഭരണസംവിധാനങ്ങളുടെ ഭാഗമാകാനുള്ള എല്ലാ അര്‍ഹതയും യോഗ്യതയും അദ്ദേഹത്തിനുണ്ടെന്ന് വ്യക്തിപരമായി അറിയാന്‍ ശ്രമിച്ചവരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ അതിനുവേണ്ടി നടന്നുവന്ന വീഥികള്‍ വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. രാഷ്ട്രീയ രംഗത്ത് ഏറെ അപചയങ്ങള്‍ വന്നുപെട്ടിട്ടുള്ള ഇക്കാലത്ത് മാരാര്‍ജിയുടെ സ്മരണപോലും പൊതുപ്രവര്‍ത്തന രംഗത്തിന് ആശ്വാസം നല്‍കുന്നതാണ്.

രാഷ്ട്രീയം വര്‍ഗീയതയ്ക്ക് വഴിമാറി നില്‍ക്കുന്ന കാലത്ത്, വര്‍ഗീയതയ്‌ക്കെതിരെ മാരാര്‍ജി നല്‍കിയ മുന്നറിയിപ്പുകള്‍ സത്യമെന്ന് കൂടുതല്‍ സുവ്യക്തമാകുന്നു. മുസ്ലിംലീഗിനുമുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന കോണ്‍ഗ്രസ് ഒരു ഭാഗത്ത്. കോണ്‍ഗ്രസ് ബന്ധം വിട്ടാല്‍ ലീഗുമായി ചങ്ങാത്തം കൂടാന്‍ ഒരുങ്ങി നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ മറുഭാഗത്ത്. ഈ രാഷ്ട്രീയ സ്ഥിതിവിശേഷം മാരാര്‍ജി എത്രയോ കാലംമുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു!

വളരെ എളിയ നിലയില്‍ കഴിഞ്ഞ ഒരു കുടുംബത്തിലെ അംഗമായിട്ടാണ് ഗോവിന്ദനെന്ന കെ.ജി. മാരാര്‍ പിറന്നത്. അദ്ദേഹത്തെപ്പോലെ സാമ്പത്തിക ക്ലേശമനുഭവിച്ച് പഠിച്ചവര്‍ നന്നെ ചുരുങ്ങും. ഭക്തരേറെയൊന്നുമെത്താത്ത ഒരമ്പലത്തിലെ കഴകത്തിന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ കുടുംബത്തിനുണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയസ്വയംസേവകസംഘം മാരാര്‍ജിയുടെ മനസ്സില്‍ ജീവിതാദര്‍ശത്തിന്റെ നെയ്ത്തിരി കൊളുത്തി,

അതിനെ കെടാവിളക്കായി അദ്ദേഹം അന്ത്യശ്വാസംവരെ കാത്തുസൂക്ഷിച്ചു. അതൊരിക്കലും മങ്ങിയുമില്ല. ആളിക്കത്തിയുമില്ല. ആ തിരിയുടെ വെളിച്ചം അദ്ദേഹം ആയിരക്കണക്കിന് യുവാക്കള്‍ക്ക് വഴിതെളിക്കാന്‍ ഉപയോഗിച്ചു. മാരാര്‍ജിയുടെ പൊതുജീവിതം ആരംഭിക്കുന്നത് ആര്‍എസ്എസ് പ്രചാരകനായിട്ടാണ്. 1956ല്‍ പയ്യന്നൂരില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം അടിത്തറപാകി. മാതൃകാ സ്വയംസേവകനെന്നപോലെ മാതൃകാ അധ്യാപകനുമായിരുന്നു അദ്ദേഹം.

പറശ്ശിനിക്കടവ് ഹൈസ്‌കൂളിലെ മലയാളം അധ്യാപകന്‍. ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തിനായി അധ്യാപക ജോലി ഉപേക്ഷിച്ച് ഇറങ്ങിയത് വലിയൊരു സാഹസം തന്നെയായിരുന്നു. പത്തുവര്‍ഷത്തെ അധ്യാപകജോലി കൊണ്ട് ഏതാണ്ട് സാമ്പത്തിക ക്ലേശങ്ങള്‍ അകന്നു തുടങ്ങിയ അദ്ദേഹത്തിന്റെ ആ പ്രവൃത്തിക്ക് അസാമാന്യമായ മനക്കരുത്ത് തന്നെ വേണം. കണ്ണൂര്‍ ജില്ലയില്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ഓരോ കല്ലും വച്ച് അദ്ദേഹം പടുത്തുയര്‍ത്തിയെന്ന് പറയുന്നത് അക്ഷരത്തിലും അര്‍ത്ഥത്തിലും ശരിയാണ്.

ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിച്ചശേഷം ഔദ്യോഗിക സ്ഥാനത്തിരുന്നപ്പോഴും അല്ലാത്തപ്പോഴും മാരാര്‍ജി അതിന്റെ പര്യായവും വക്താവുമായി അറിയപ്പെട്ടു. സാധാരണപ്രവര്‍ത്തകരുമായി മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളുമായും ഹൃദ്യമായ ബന്ധം പുലര്‍ത്തി. അദ്ദേഹം ഒരു വീട്ടിലും അതിഥിയായിരുന്നില്ല, കുടുംബാംഗമായിത്തന്നെ വീട്ടുകാര്‍ കരുതിപ്പോന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിന്ന് ലഭിച്ച സംസ്‌കാരസമ്പന്നമായ പെരുമാറ്റമാണ് അതിനു സഹായിച്ചത്.

സ്വാര്‍ത്ഥലേശം പുരളാത്തതായിരുന്നു വ്യക്തിത്വം. സ്വന്തമായി ഒരു തുണ്ടുഭൂമി സമ്പാദിക്കാനോ ബാങ്ക് ബാലന്‍സുണ്ടാക്കാനോ അദ്ദേഹം ചിന്തിച്ചിട്ടേയില്ല. നാറാത്ത് ക്ഷേത്രത്തിന്റെ വാതില്‍മാടത്തില്‍ നിലവിളക്കിന്റെ വെളിച്ചത്തിരുന്ന് പഠിച്ചാണ് വിദ്യാഭ്യാസകാലം കഴിച്ചത്. പീടികത്തിണ്ണയായാലും റെയില്‍വേ പ്ലാറ്റ്‌ഫോമായാലും ജനസംഘത്തിന്റെയും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കാര്യാലയങ്ങളായാലും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളോ പ്രഭു മന്ദിരങ്ങളോ ആയാലും അവധൂതനെപ്പോലെ നിസ്സംഗനായി അവിടെ താമസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ചുമരെഴുതിയും കൊടിനാട്ടിയും മുദ്രാവാക്യം വിളിച്ചും വളര്‍ന്ന നേതാവാണ് മാരാര്‍ജി.

വയനാട്ടിലെ വനവാസികള്‍ക്കിടയില്‍ ജനസംഘത്തിന്റെ സന്ദേശമെത്തിക്കാനും വംശനാശം നേരിട്ടുകൊണ്ടിരുന്ന വനവാസികളെ സംഘടിപ്പിക്കാനും സംരക്ഷിക്കാനും കെ.ജി. മാരാര്‍ സഹിച്ച ത്യാഗവും നടത്തിയ പ്രവര്‍ത്തനവും അഭിമാനപൂര്‍വമാണ് ആദിവാസികള്‍ ഇന്നും ഓര്‍മിക്കുന്നത്. അവരോടൊപ്പം അവര്‍ നല്‍കുന്ന ഭക്ഷണം കഴിച്ച് വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചു. 'വയനാട് ആദിവാസി സംഘം' എന്നൊരു സംഘടനയ്ക്ക് കരുത്ത് നല്‍കി.

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് തിരിച്ചുനല്‍കണമെന്ന ആവശ്യം ശക്തിപ്പെടുത്തി. ഇതിനായി നിരന്തരം സമരങ്ങളും സമ്മേളനങ്ങളും നടത്തി. ആശയപ്രചാരണം ലേഖനങ്ങളിലും ലഘുലേഖകളിലുംകൂടി നടത്തി.  വനവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനുള്ള നിരവധി സമരങ്ങള്‍ക്ക് വയനാട് വേദിയായി. ഗോത്രജനത സംഘടിച്ച് വിജയം നേടിയ നിരവധി സമരങ്ങളായിരുന്നു അത്. ഇതിന്റെയെല്ലാം ഫലമായാണ് സംസ്ഥാന നിയമസഭ 1975 ല്‍ വനവാസി ഭൂമി തിരിച്ചുനല്‍കുന്നതിന് നിയമം പാസാക്കിയത്. ആ നിയമം നടപ്പാക്കാന്‍ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. വനവാസി ഭൂമി തട്ടിയെടുത്ത പ്രമാണിമാര്‍ക്കൊപ്പം നിലകൊണ്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മരണംവരെ മാരാര്‍ ശബ്ദമുയര്‍ത്തി.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയും മാരാര്‍ അനുഷ്ഠിച്ച ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം മാതൃകാപരമാണ്. അതിനായി ശക്തമായ സംഘടനയും സമരവുമുണ്ടായി. സസ്യാഹാരംമാത്രം കഴിക്കുന്ന മാരാര്‍ മത്സ്യത്തൊഴിലാളികളുടെ ഉറ്റമിത്രവും വഴികാട്ടിയുമായി. മാരാര്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഒരു യോഗത്തില്‍ തമാശയായി ഒരു നേതാവ് പറഞ്ഞതിനുത്തരം ഞൊടിയിടയില്‍ വന്നു: 'ദശാവതാരത്തിലൊന്നാമത്തേത് മത്സ്യമാണെന്നറിയില്ലേ?'

ജനങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തിന് തെരഞ്ഞെടുപ്പുകളും. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും നിരവധി തവണ മത്സരിച്ചു. തോല്‍ക്കുമെന്നുറപ്പായ തെരഞ്ഞെടുപ്പുകളായിട്ടും ഒരിക്കലും ആലസ്യവും അലംഭാവവും പ്രകടിപ്പിച്ചിരുന്നില്ല. കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ വിദൂര സാധ്യതപോലുമില്ലെന്ന് പലരും കരുതിയപ്പോള്‍ മാരാര്‍ജി ആഗ്രഹിച്ച, പ്രവചിച്ച രീതിയില്‍ തന്റെ സ്വന്തം പ്രസ്ഥാനം അതിശക്തമായ ജനപിന്തുണയോടെ ഇന്ന് കേന്ദ്രം ഭരിക്കുന്നു. ചെറുതും വലുതുമായ നിരവധി സംസ്ഥാനങ്ങള്‍ ഇന്ന് ബിജെപി ഭരണത്തിലാണ്.

കോണ്‍ഗ്രസുകാര്‍ എ-ഐ ഗ്രൂപ്പുകളായി തമ്മില്‍ തല്ലുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, അവര്‍ പക്ഷേ കാര്യം കാണാന്‍ ഒന്നാകുമെന്ന്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു, ഒരിക്കല്‍ ഇവര്‍ ഒന്നിയ്ക്കുമെന്ന്. ബിജെപിയെ പരാജയപ്പെടുത്താന്‍, മാരാര്‍ജിയെ മഞ്ചേശ്വരത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചതും വോട്ടുമറിച്ചതും പകല്‍പോലെ വ്യക്തമായിരുന്നു. മാരാര്‍ജിയുടെ വിജയം വെറും ആയിരം വോട്ടുകള്‍ക്കകലെവരെ എത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും ഏതൊക്കെ മണ്ഡലത്തില്‍ ആ പ്രക്രിയ ആവര്‍ത്തിച്ചുവെന്ന് മെയ് രണ്ടിന് ഫലം വരുംവരെ കാത്തിരിക്കാം. അതോടെ ഇരുമുന്നണികളുടെ രാഷ്ട്രീയ പാപ്പരത്തം ഉള്ളം കയ്യിലെ നെല്ലിക്കപോലെ വ്യക്തമാകും. കേരളത്തില്‍ ഉയരുന്ന ജനമുന്നേറ്റം മാരാര്‍ജിയുടെ സ്വപ്‌നം സഫലമാക്കുക തന്നെ ചെയ്യും.

 

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.