×
login
യൂറേഷ്യന്‍ ഇടനാഴിയിലൂടെ ചരക്ക് വരുമ്പോള്‍

ചൈനയുടെ താല്‍പ്പര്യങ്ങളെ തല്ലിയുടച്ച്, അമേരിക്കന്‍ കണ്ണുരുട്ടലിനെ പേടിക്കാതെ ഇന്ത്യയും റഷ്യയും ഇറാനും ഒപ്പിട്ട കരാര്‍ പ്രകാരം യാഥാര്‍ത്ഥ്യമായ ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ എന്ന യൂറേഷ്യന്‍ വ്യവസായ ഇടനാഴിയിലെ ആദ്യ ചരക്ക് നീക്കം എന്നതായിരുന്നു ലോകശ്രദ്ധയ്ക്ക് കാരണം, ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് ബദലായി ഇന്ത്യ കാണുന്ന വ്യവസായ ഇടനാഴി

റഷ്യയില്‍ നിന്നും ഭാരതത്തിലേക്ക് ചരക്ക് വരുന്നത് സാധാരണ വാര്‍ത്തയല്ല. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ഷങ്ങളായി വ്യാപാരബന്ധമുള്ള സ്ഥിതിക്ക് പ്രത്യേകിച്ചും. എന്നാല്‍ കഴിഞ്ഞ ദിവസം റഷ്യന്‍ തുറമുഖ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നും ഭാരതത്തിന്റെ തുറമുഖ നഗരമായ മുംബൈയിലേക്ക് 41 ടണ്‍ ഭാരമുള്ള  രണ്ട് കണ്ടെയ്നറുകള്‍ അടങ്ങിയ ചരക്ക് കപ്പല്‍ യാത്ര തിരിച്ചത് അന്താരാഷ്ട വാര്‍ത്തയായി. ലോക ചരക്ക് ഗതാഗതം മാറ്റി മറിക്കുന്ന  സംഭവമായി ചിത്രീകരിക്കപ്പെട്ടു. കാരണം ഒന്നുമാത്രം. കപ്പല്‍ കടന്നു വരുന്ന വഴി.  ഇന്ത്യന്‍ മഹാസമുദ്രത്തെ ഇറാന് ആമുഖമായുളള പേര്‍ഷ്യന്‍ ഉള്‍ക്കടലും കാസ്പിയന്‍ കടലിടുക്കും കടന്ന് റഷ്യയിലെ വ്യാവസായിക നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗുമായി ബന്ധിപ്പിക്കുന്ന യൂറേഷ്യന്‍ വ്യവസായ ഇടനാഴി വഴിയാണ് കപ്പല്‍ വരുന്നത്.

കാസ്പിയന്‍ കടലിലെ റഷ്യന്‍ തുറമുഖമായ അസ്ട്രാഖാനിലാണ് കപ്പല്‍ ആദ്യം എത്തുക. അവിടെ നിന്നും  കാസ്പിയന്‍ കടലിലെ ഇറാനിയന്‍ തുറമുഖമായ അന്‍സാലിയിലേക്ക്. അവിടെനിന്നും റോഡ് മാര്‍ഗ്ഗം ഇറാനിലൂടെ, ഇറാന്റെ തന്നെ, പേര്‍ഷ്യന്‍ ഗള്‍ഫിലെ തുറമുഖമായ ബന്ദര്‍ അബ്ബാസ്സില്‍ വന്നുചേരും. അവിടെനിന്നും മുംബൈയിലെ നവസേവ തുറമുഖത്തേക്കും.

ചൈനയുടെ താല്‍പ്പര്യങ്ങളെ തല്ലിയുടച്ച് അമേരിക്കന്‍ കണ്ണുരുട്ടലിനെ പേടിക്കാതെ ഇന്ത്യയും റഷ്യയും ഇറാനും ഒപ്പിട്ട കരാര്‍ പ്രകാരം യാഥാര്‍ത്ഥ്യമായ ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാന്‍സ്പോര്‍ട്ട് കോറിഡോര്‍ എന്ന യൂറേഷ്യന്‍ വ്യവസായ ഇടനാഴിയിലെ ആദ്യ ചരക്ക് നീക്കം എന്നതായിരുന്നു ലോകശ്രദ്ധയ്ക്ക് കാരണം. ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് ബദലായി ഇന്ത്യ കാണുന്ന  വ്യവസായ ഇടനാഴി.

അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് വ്യവസായ ഇടനാഴി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയും റഷ്യയും ഇറാനും കരാറില്‍ ഒപ്പിട്ടത്. ഏറ്റവും ഹ്രസ്വമായ വ്യവസായ ഇടനാഴി എന്ന നിലയിലാണ് ഈ പദ്ധതിക്ക് രൂപം നല്കിയത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തില്‍ ചെലവ് 40 ശതമാനം വരെ ചുരുക്കാമെന്നതാണ് വലിയ നേട്ടം. ഇത് ഇന്ത്യയുടെ കയറ്റുമതിസാധ്യതകള്‍ക്ക് പുതിയ മാനം നല്കും.  ഏറ്റവും ചുരുങ്ങിയ സമയത്തിനുളളില്‍ ചരക്കുനീക്കം സാധ്യമാകും. പരമ്പരാഗത സൂയസ് കനാല്‍ റൂട്ടില്‍ എടുക്കുന്ന 40 ദിവസം എന്നത് 20 ദിവസമായി ചുരുങ്ങും. നിലവില്‍ റഷ്യയിലേക്ക് ഇന്ത്യ ചരക്ക് കയറ്റി അയയ്ക്കുന്നത് റോട്ടര്‍ഡാം വഴിയുളള സമുദ്രപാതയെ ആശ്രയിച്ചാണ്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്ക് കയറ്റി അയയ്ക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളേയും ചൈനയേയുമാണ് മുഖ്യമായും ആശ്രയിക്കുന്നത്. പുതിയ വ്യവസായ ഇടനാഴി ഇതിനെല്ലാം ഒരു പരിധി വരെ ബദലാകും.


ഇടനാഴിക്കൊപ്പം ഇറാനിലെ ഛബഹാര്‍ തുറമുഖത്തിന്റെ നിര്‍മ്മാണത്തില്‍ സഹകരിക്കാനുംവാജ്പേയി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുളള വ്യാപാര വാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ്  തുറമുഖ നിര്‍മ്മാണത്തില്‍ ഇന്ത്യ സഹകരിച്ചത്. എന്നാല്‍ പിന്നീട്  പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടു പദ്ധതികളിലും  വലിയ താല്‍പ്പര്യം കാട്ടിയില്ല.  അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധവും തടസ്സമായി. നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ ചിത്രം മാറി. ചര്‍ച്ചകളും കരാറുകളും നടപടികളും വേഗത്തിലായി.

തെക്കന്‍ ഇറാന്‍ തീരത്തെ സിസ്താന്‍-ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരമാണ് ഛബഹാര്‍. അറബ് രാജ്യങ്ങള്‍ അറേബ്യന്‍ ഗള്‍ഫെന്നും ഇറാന്‍ പേര്‍ഷ്യന്‍  ഗള്‍ഫെന്നും വിളിക്കുന്ന കടലിടുക്കിലേക്ക് സുഗമമായി കടക്കാവുന്നതിനാല്‍ പണ്ടുമുതല്‍ക്കേ വാണിജ്യത്തിന് പേരുകേട്ട തുറമുഖം. ഇന്ത്യക്ക് പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും ചരക്കുനീക്കം നടത്താന്‍ കഴിയും എന്നതാണ് ഛബഹാറിന്റെ പ്രാധാന്യം. ഇതോടെ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള ചരക്കുകൂലിയില്‍ ഗണ്യമായ കുറവ് വരുത്താനും മധ്യേഷ്യയും യൂറോപ്പുമായുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്താനും സാധിക്കും.

ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖവും ഛബഹാറില്‍ നിന്നു 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവും വികസിപ്പിച്ച് വ്യാപാര രംഗത്ത് മുന്നേറ്റം കാഴ്ചവച്ച ചൈനയുടെ നീക്കത്തിന് ബദലായിക്കൂടിയാണ് ഇന്ത്യ, ഛബഹാര്‍ പദ്ധതിയെ കണ്ടത്. ഏഷ്യന്‍ രാജ്യങ്ങളിലുടനീളം വാണിജ്യരംഗത്തു മേല്‍ക്കൈ നേടാന്‍ വേണ്ടി ചൈന ഗ്വാദര്‍ തുറമുഖത്തു കോടികള്‍ മുടക്കി വന്‍കിട പദ്ധതികള്‍ നടപ്പാക്കി. ഈ സാഹചര്യത്തില്‍ തൊട്ടടുത്തുള്ള ഇറാനിലെ ഛബഹാര്‍ തുറമുഖത്തിന്റെ നിയന്ത്രണം നേടാന്‍ കഴിയുന്നതിന്റെ ഗുണം തിരിച്ചറിഞ്ഞുതന്നെയായിരുന്നു ഭാരത സര്‍ക്കാര്‍ മുന്നോട്ടു നീങ്ങിയത്.

അത് വിദേശത്ത് ഇന്ത്യ വികസിപ്പിക്കുന്ന ഏറ്റവും വലിയ തുറമുഖമായി മാറി. കാര്‍ഗോ ബെര്‍ത്തുകളും ടെര്‍മിനലുകളും വികസിപ്പിക്കുന്നതിനായി എട്ട് ബില്യണ്‍ യുഎസ് ഡോളര്‍ ഇന്ത്യ ചെലവഴിച്ചു. അഞ്ച് കടല്‍പ്പാലങ്ങളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെ ശേഷി വര്‍ധിപ്പിച്ച ഛബഹാര്‍ തുറമുഖം 2017 ഡിസംബറില്‍ തുറന്നു. ഛബഹാറിലേക്കുള്ള ഇന്ത്യയുടെ ആദ്യ കയറ്റുമതി 15,000 ടണ്‍ ഗോതമ്പായിരുന്നു. മധ്യേഷ്യയിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖലയിലെയും ട്രാന്‍സിറ്റ് ഹബ്ബായി ഛബഹാര്‍ തുറമുഖത്തെ മാറ്റുകയാണ് ഇറാന്റെ ലക്ഷ്യം. ഇറാന്റെ അന്താരാഷ്ട്രബന്ധങ്ങളിലും ഛബഹാര്‍ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ട്. പദ്ധതിയിലൂടെ അന്താരാഷ്ട്രതലത്തില്‍ ലഭിക്കുന്ന സഹകരണവും പിന്തുണയും ഇറാനെ ഇനിയും ഒറ്റപ്പെടുത്താനാവില്ലെന്ന സന്ദേശം അമേരിക്കയ്ക്കും സൗദി അറേബ്യക്കും നല്കുന്നുമുണ്ട്. പാകിസ്ഥാനില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന തുറമുഖം ഇന്ത്യക്ക് സൈനികപരമായും ഏറെ തന്ത്രപരമായതാണ്. താജിക്കിസ്ഥാനിലെ ഇന്ത്യയുടെ സൈനികത്താവളങ്ങളായ ഫാര്‍ഖോര്‍, അയ്നി വ്യോമത്താവളങ്ങളിലേക്ക് കരമാര്‍ഗമുള്ള പ്രവേശനം ഛബഹാര്‍ സാധ്യമാക്കുന്നത് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

ഉക്രൈന്‍- റഷ്യ യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതികള്‍ വിപുലീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്ത്യ-റഷ്യ വിപണി ബന്ധം സുഗമമാക്കാനും അതില്‍ പങ്കാളിയാകാനും ഇറാനും താല്‍പ്പര്യപ്പെടുന്നുണ്ട്. ഇറാനിയന്‍, കാസ്പിയന്‍ കടല്‍ തുറമുഖങ്ങളില്‍ എത്തിച്ചേരുന്ന ചരക്കുകള്‍ തെക്കുകിഴക്കന്‍ തുറമുഖമായ ഛബഹാറിലേക്ക് മാറ്റാന്‍ കഴിയുന്ന  റെയില്‍പാത നിര്‍മ്മിക്കാനാണ് ഇറാന്‍ പദ്ധതിയിടുന്നത്. ഇതുമായും ഇന്ത്യ സഹകരിക്കും.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.