×
login
പുതിയ കുപ്പിയില്‍ വീര്യം പോയ പഴയവീഞ്ഞ്; പരിഹാസ്യമായി ബിബിസി

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിനും ബിബിസിക്കും ഉണ്ടായിരുന്ന അജണ്ടകള്‍ വ്യക്തമായിരുന്നു. ഇത്ര വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബിബിസി അവരുടെ ദുരൂഹമായ അജണ്ടകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച അവര്‍ പുറത്തുവിട്ട രണ്ട് ഗുജറാത്ത് കലാപ ഡോക്യുമെന്ററികള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബിബിസിയുടെ ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞെങ്കിലും ബ്രിട്ടന്റെ ഇരട്ടത്താപ്പുകള്‍ ഇന്ത്യക്കാരോളം അനുഭവിച്ചിട്ടുള്ള മറ്റാരാണ് ഈ ലോകത്തുള്ളത്. വിവാദ ഡോക്യുമെന്ററികളുടെ സംപ്രേഷണം ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ തടയുകയും ട്വിറ്റര്‍, യൂട്യൂബ്, ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യിക്കുകയും ചെയ്തിരുന്നു.

'നിങ്ങള്‍ ബ്രിട്ടീഷുകാര്‍ ഞങ്ങളെ മനുഷ്യാവകാശം പഠിപ്പിക്കാന്‍ വരേണ്ട. മനുഷ്യാവകാശമെന്നാല്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാം. സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് യാതൊരവകാശവുമില്ല''. ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള സ്വതന്ത്ര പഠന റിപ്പോര്‍ട്ട് പുറത്തുവന്നല്ലോ, എന്താണ് പ്രതികരണം എന്ന ബിബിസി പ്രതിനിധിയുടെ ചോദ്യത്തോട് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ഏറെ രോഷത്തോടെ പ്രതികരിച്ചതിങ്ങനെയാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഗുജറാത്ത് ഡോക്യുമെന്ററിയുമായെത്തിയ ബിബിസിയോട് ഒരു രാജ്യം മുഴുവന്‍ പറയുന്നത് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെയാണ്. ബിബിസിയുടെ ഇരട്ടത്താപ്പുകളും ദുരൂഹമായ നിലപാടുകളും വിവിധ വിഷയങ്ങളിലുള്ള നിലപാടില്ലായ്മയും ലക്ഷക്കണക്കിന് ട്വിറ്റര്‍ ഹാന്‍ഡിലുകളിലൂടെ ഇന്ത്യക്കാര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ വിശ്വാസ്യത എന്നേ നഷ്ടമായ ബിബിസി എന്ന മാധ്യമ ഭീമന്‍ ലോകത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി പരിഹാസ്യമാവുകയാണ്.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിനും ബിബിസിക്കും ഉണ്ടായിരുന്ന അജണ്ടകള്‍ വ്യക്തമായിരുന്നു. ഇത്ര വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബിബിസി അവരുടെ ദുരൂഹമായ അജണ്ടകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച അവര്‍ പുറത്തുവിട്ട രണ്ട് ഗുജറാത്ത് കലാപ ഡോക്യുമെന്ററികള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബിബിസിയുടെ ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞെങ്കിലും ബ്രിട്ടന്റെ ഇരട്ടത്താപ്പുകള്‍ ഇന്ത്യക്കാരോളം അനുഭവിച്ചിട്ടുള്ള മറ്റാരാണ് ഈ ലോകത്തുള്ളത്. വിവാദ ഡോക്യുമെന്ററികളുടെ സംപ്രേഷണം ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ തടയുകയും ട്വിറ്റര്‍, യൂട്യൂബ്, ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസും, ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകരും, ഒരു വിഭാഗം മാധ്യമങ്ങളും പതിവു പോലെ മോദിവിരുദ്ധതയും ബിജെപി വിരുദ്ധതയും ആളിക്കത്തിക്കാനുള്ള അവസരമായി ബിബിസി ഡോക്യുമെന്ററിയെ മാറ്റാന്‍ ശ്രമിച്ചെങ്കിലും ബിബിസിക്കെതിരെ ഉയര്‍ന്ന ജനരോഷം ഇവരുടെ നീക്കങ്ങളെ അപ്രസക്തമാക്കുന്ന കാഴ്ചയും രാജ്യം കഴിഞ്ഞയാഴ്ച കണ്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് നടക്കുന്ന നീക്കത്തിനെതിരെ അതിശക്തമായാണ് കേന്ദ്രസര്‍ക്കാരും പ്രതികരിച്ചത്. ബിബിസി ഡോക്യുമെന്ററിയെ പ്രൊപ്പഗണ്ട പീസ് എന്നാണ് വിദേശകാര്യ വക്താവ് പരിഹസിച്ചത്. കൊളോണിയല്‍ മാനസികാവസ്ഥയെ കാണിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്നും വക്താവ് അരിന്ദം ബാഗ്ചി കുറ്റപ്പെടുത്തി. അന്നത്തെ യുകെ ഹൈക്കമ്മീഷണര്‍ ഗുജറാത്തിലെത്തി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് എന്ന പേരില്‍ ബിബിസി പരിപാടി നടത്തുന്നതിനെ ഇന്ത്യ ചോദ്യം ചെയ്തു. അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഇന്ത്യ ഭരിക്കുന്നത് ബ്രിട്ടണല്ലെന്ന് വിദേശകാര്യ വക്താവ് ഓര്‍മ്മിപ്പിച്ചു.

2002ലെ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജാക്ക് സ്ട്രോ എക്കാലത്തേയും വലിയ മോദി വിരുദ്ധരില്‍ പ്രധാനിയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്നത്തെ ബിബിസി വാര്‍ത്തകള്‍ക്കെല്ലാം പുറകിലെന്ന് കരുതപ്പെടുന്ന ജാക്ക് സ്ട്രോ പുതിയ ഡോക്യുമെന്ററി വിവാദ പശ്ചാത്തലത്തിലും രംഗത്തെത്തിയിട്ടുണ്ട്. കടുത്ത മോദി വിരുദ്ധ മാധ്യമ പ്രവര്‍ത്തകനായ കരണ്‍ ഥാപ്പര്‍, കടുത്ത മോദിവിരുദ്ധ മാധ്യമമായ ദി വയര്‍ എന്നിവര്‍ ചേര്‍ന്നാണ് ജാക്ക് സ്ട്രോയ്ക്ക് വേദി നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. മോദിക്ക് ഗുജറാത്ത് കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് സ്ട്രോ ഇത്തവണയും ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ വിദേശകാര്യ സെക്രട്ടറി കന്‍വാല്‍ സിബല്‍ ജാക്ക് സ്ട്രോയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. യുകെ ഹൈക്കമ്മീഷണര്‍ ഗുജറാത്തിലെത്തി വ്യാജ റിപ്പോര്‍ട്ട് തയ്യാറാക്കി യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ക്ക് കൈമാറിയ സംഭവം അക്കാലത്ത് വിവാദമായിരുന്നു. ഒരു യൂറോപ്യന്‍ നയതന്ത്ര പ്രതിനിധിയാണ് ഇക്കാര്യം തന്നെ അറിയിച്ചതെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടരുതെന്ന് എല്ലാ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം തന്നോട് പറഞ്ഞതായും മുന്‍ വിദേശകാര്യ സെക്രട്ടറി വെളിപ്പെടുത്തിയിട്ടുണ്ട്. അത്രയ്ക്കധികം അന്താരാഷ്ട്ര ഇടപെടലുകളാണ് അന്നത്തെ ഇന്ത്യാഗവണ്‍മെന്റിനും ഗുജറാത്ത് സര്‍ക്കാരിനുമെതിരെ നടന്നതെന്ന് വ്യക്തമാക്കുന്നതാണിവയൊക്കെ.


ഇന്ത്യന്‍ നീതിപീഠത്തിന്റെ വിധികളെയാണ് ബിബിസി എന്ന ബ്രിട്ടീഷ് മാധ്യമം ചോദ്യം ചെയ്യുന്നതെന്ന് മുന്‍ റോ തലവന്‍ സഞ്ജീവ് ത്രിപാഠിയും മുന്‍ അംബാസിഡര്‍ ബസ്വതി മുഖര്‍ജിയും കുറ്റപ്പെടുത്തുന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ യുകെയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും 2002ലെ കലാപവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളും പരാതികളും ഉദ്യോഗസ്ഥരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും അവകാശവാദങ്ങളുമെല്ലാം രാജ്യത്തെ പരമോന്നത നീതിപീഠം വിശദമായ വാദംകേട്ട് തള്ളിക്കളഞ്ഞതാണ്. വീണ്ടും വീണ്ടും ഇത്തരം വ്യാജ വാദങ്ങളുമായി ഒരു സംഘം എത്തുന്നത് പരിഹാസ്യമാണ്. പൗരത്വ നിയമ ഭേദഗതിയെ മുസ്ലിംകള്‍ക്കെതിരായ നീക്കമായാണ് ബിബിസി വെളിപ്പെടുത്തിയത്. അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷ ജനവിഭാഗമായ ഹിന്ദുക്കളുടെ അവസ്ഥകളെപ്പറ്റി ബിബിസി മൗനം പാലിക്കുന്നു. ബംഗാളിലെ ലക്ഷങ്ങളുടെ പട്ടിണി മരണങ്ങളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചിലിന്റെ പങ്കിനെപ്പറ്റി ബിബിസി ഡോക്യുമെന്ററി പുറത്തിറക്കൂ എന്ന സാമൂഹ്യ മാധ്യമങ്ങളിലെ പരിഹാസങ്ങള്‍ ഞങ്ങളും പങ്കുവെയ്ക്കുന്നു, മുന്‍ റോ മേധാവി പറഞ്ഞുവെച്ചു

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ  കണ്ടെത്തലുകള്‍

കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാന വാരം സാക്കിയ ജാഫ്രിയുടെ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതിയുടെ മുതിര്‍ന്ന ജഡ്ജിമാരുടെ മൂന്നംഗ ബെഞ്ച് വിധിച്ചത് ഇപ്രകാരമായിരുന്നു. ഗുജറാത്ത് കലാപത്തിന് പിന്നില്‍ ഉന്നതതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന ഹര്‍ജിക്കാരിയുടെ പരാതി തെറ്റാണ്. സര്‍ക്കാര്‍ പിന്തുണയോടെ നടന്ന കലാപമായിരുന്നില്ല അത്. സുപ്രീംകോടതിയുടെ കര്‍ശന മേല്‍നോട്ടത്തില്‍ നടന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതി ശരിവെയ്ക്കുകയാണ്, ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ 452 പേജ് വിധിന്യായത്തില്‍ പറയുന്നതാണിവ. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ഗുജറാത്ത് സര്‍ക്കാരിലെ മറ്റ് 63 പേരെയും കുറ്റക്കാരാക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരായ സാക്കിയ ജാഫ്രിയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്. തൊട്ടടുത്ത മാസം ഗുജറാത്ത് എസ്ഐടി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിവാദ ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദും മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നിരപരാധികളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി. ഇവരെ പിന്നീട് ഗുജറാത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. നരേന്ദ്രമോദിയെ കേസില്‍ കുടുക്കാന്‍ അഹമ്മദ് പട്ടേല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദ്ദേശത്താലാണ് ടീസ്തയും സംഘവും ഗൂഢാലോചന നടത്തിയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2002 ഫെബ്രുവരി 27ന് ഗോദ്ര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അയോധ്യയില്‍ നിന്ന് മടങ്ങിയ 59 രാമഭക്തരെ തീവെച്ചുകൊന്നതോടെ തുടങ്ങിയ ഗുജറാത്ത് കലാപത്തില്‍ ആയിരത്തോളം മുസ്ലിംകളും മുന്നൂറിലേറെ ഹിന്ദുക്കളും കൊല്ലപ്പെട്ടതായാണ് കണക്ക്. കലാപകാരികളില്‍ വലിയപങ്കും പോലീസിന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ വിട്ടു നല്‍കാതിരുന്നതും അന്ന് വിവാദമായിരുന്നു.

പുതിയ സാഹചര്യങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങളെ കഴിഞ്ഞയാഴ്ച അവസാനിച്ച ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ബിജെപി തുറന്നുകാട്ടിയിരുന്നു. ആഗോള തലത്തില്‍ തന്നെ ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി മോദിക്കെതിരെയും നടക്കുന്ന പ്രചാരണങ്ങള്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തമാകുമെന്ന് തന്നെയാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. സ്വതന്ത്ര ഇന്ത്യയുടെ 75 വര്‍ഷങ്ങള്‍ ബ്രിട്ടീഷുകാരെ അസ്വസ്ഥമാക്കുന്നുവെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. ആഗോളതലത്തില്‍ ഇന്ത്യ മുന്നേറുന്നതും ബ്രിട്ടണേക്കാല്‍ വലിയ സാമ്പത്തിക ശക്തിയായി മാറുന്നതും അവരെ വലിയ തോതില്‍ അസ്വസ്ഥമാക്കുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ മാനസികാവസ്ഥയില്‍ പിറന്ന ബിബിസി ഡോക്യുമെന്ററിയെ ലോകമെങ്ങുമുള്ള ഇന്ത്യന്‍ സമൂഹം അതിശക്തമായി എതിര്‍ക്കുന്നത് മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യക്കാരിലുണ്ടായ വലിയ മാറ്റമായി ബിജെപി കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്തെ 130 കോടി ജനങ്ങളും ഒറ്റക്കെട്ടായി മുന്നേറുന്നതില്‍ അസ്വസ്ഥരായ ശക്തികളാണ് ജാതിയും മതവും പറഞ്ഞ് വീണ്ടും ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തം. അവിടെ ബിബിസിയും ബ്രിട്ടാസുമെല്ലാം ഒരേ തൂവല്‍പ്പക്ഷികളാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.