login
ഇനി മൗനം ഭയമാണ്

വരികളില്‍ നിറഞ്ഞ്‌

'മുഖ്യമന്ത്രി നിങ്ങളാരെയാണ് ഭയക്കുന്നത്?' എന്ന ചോദ്യം ഉയര്‍ത്തിയത് പി.സി. ജോര്‍ജാണ്. പൂഞ്ഞാറിലെ തോറ്റ എംഎല്‍എ ഉയര്‍ത്തുന്ന ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ ബാധ്യസ്ഥനല്ല എന്ന ഒരു അഴകൊഴമ്പന്‍ ഉത്തരത്തിന് ഇവിടെ സ്‌കോപ്പുണ്ട്. പക്ഷേ ആ ചോദ്യം ഒന്നൊന്നര ചോദ്യമായി കേരളത്തില്‍ കത്തിപ്പടരേണ്ടതാണ്. ജോര്‍ജിന്റെ ചോദ്യത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് അതിനെ പിന്തുണയ്‌ക്കേണ്ടവര്‍ പോലും അനുവര്‍ത്തിക്കുന്ന മൗനം കുറ്റകരമാണ്. ഇസ്രയേലില്‍ അന്നം തേടി ഉപജീവനത്തിന് പോയ ഒരു പാവം സ്ത്രീ കൊല്ലപ്പെട്ടു. പാലസ്തീന്‍ തീവ്രവാദികളുടെ ആക്രമത്തിലാണ് കീരിത്തോട്ടുകാരി സൗമ്യ സന്തോഷിന്റെ ജീവന്‍ പൊലിഞ്ഞത്. ആ ദാരുണാന്ത്യത്തില്‍ സത്യസന്ധമായി ഒന്ന് അനുശോചിക്കാനുള്ള ധൈര്യം പോലും ഇല്ലാത്തവനാണ് കേരളത്തില്‍ മാധ്യമക്കൂലിക്കാര്‍ എഴുതിയും പാടിയും തള്ളിക്കേറ്റിയ പിണറായി വിജയനെന്ന് പി.സി. ജോര്‍ജിന് മാത്രമാണോ തോന്നുന്നത്. കപടനാണ് പിണറായി എന്ന് പിസിക്ക് മാത്രമാണോ തോന്നുന്നത്? മതമൗലികവാദികളുടെ മകുടിക്ക് അനുസരിച്ച് തല വട്ടം ചലിപ്പിക്കുന്ന മൂര്‍ഖനാണ് പ്രബുദ്ധ മലയാളി രണ്ടാമൂഴം നല്‍കി അധികാരത്തിലേറ്റിയ മുഖ്യനെന്ന് കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാലെങ്കിലും പഠിക്കുമോ?

പൂഞ്ഞാറുകാരന്‍ പ്ലാത്തോട്ടത്തില്‍ ചാക്കോ മകന്‍ പി.സി. ജോര്‍ജ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ട ഭയപ്പെടുത്തുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് കാണാതെ പോകുന്നത് പിണറായി വിജയന് മാത്രമല്ല കേരളത്തിനാകെ ആപത്താണ്. ജനാധിപത്യവും മതേതരത്വവും പുരോഗമനവും സോഷ്യലിസവും അതിനെല്ലാമുപരി സ്വാതന്ത്ര്യവും പൂത്ത് കായ്ച്ച് വിളഞ്ഞുപഴുത്തു കിടക്കുന്ന ഈ മലയാളനാട്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിക്കാനുള്ള സാമാന്യ അവകാശം നിഷേധിക്കപ്പെടുന്നു എന്നതാണ് പി.സി.ജോര്‍ജ് നേരിട്ട വെല്ലുവിളി. പറഞ്ഞുവരുമ്പോള്‍ ജോര്‍ജ് വളര്‍ത്തിയവര്‍ ജോര്‍ജിനെ തിരിഞ്ഞുകുത്തി എന്ന് തിരിച്ചടിക്കുന്നവരുണ്ടാകും. മുന്നണികളെ തോല്‍പിച്ച് ജോര്‍ജ് ഒറ്റയാനായി അസംബ്ലിയിലേക്ക് നടന്നുകയറിയത് ഇപ്പോള്‍ അദ്ദേഹം വിശേഷിപ്പിക്കുന്ന കേരള ഹമാസുകളുടെ പിന്തുണയിലാണെന്ന ആക്ഷേപം അന്തരീക്ഷത്തില്‍ അലയടിക്കുന്നുണ്ട്.  

അതുകൊണ്ട് അദ്ദേഹത്തെ വോട്ട് ചോദിക്കുന്നതില്‍ നിന്ന് വിലക്കാനുള്ള അവകാശം അവര്‍ക്കുണ്ടോ? ജനാധിപത്യത്തെ തലകീഴായി മറിക്കുന്ന അത്തരമൊരു സംഭവമുണ്ടായിട്ട് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളില്‍ ഒരാളെങ്കിലും പ്രതികരിച്ചോ? കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലും ഇക്കുറി കഴക്കൂട്ടത്തും ശോഭാസുരേന്ദ്രനും പേരാവൂരില്‍ സ്മിത ജയമോഹനും മാര്‍ക്‌സിസ്റ്റ് മതമൗലികവാദികളില്‍ നിന്ന് ഈ അതിക്രമം നേരിട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത്തരം ജനാധിപത്യവിരുദ്ധമായ സമീപനങ്ങളെ കേരളം ഒറ്റക്കെട്ടായി ചോദ്യം ചെയ്യാത്തതെന്നത് അതിശയകരമാണ്.

പി.സി. ജോര്‍ജ് വെല്ലുവിളി നേരിട്ടതിന്റെ കാരണം വിചിത്രമാണ്. അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് അദ്ദേഹം പണം നല്‍കി. അതിന്റെ പേരില്‍ ജോര്‍ജ് സൈബര്‍ ആക്രമണത്തിനിരയായി. തെരഞ്ഞെടുപ്പില്‍ അവഹേളനം നേരിട്ടു. തീവ്രവാദശക്തികളുടെയും ജനാധിപത്യഘാതകരായ മാര്‍ക്‌സിസ്റ്റുകളുടെയും സംഘടിത ആക്രമണത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നു. പെരുമ്പാവൂരില്‍ എംഎല്‍എ ആയിരുന്ന എല്‍ദോസ് കുന്നപ്പള്ളി ഇതേ കാരണം കൊണ്ട് നേരിട്ട ആക്ഷേപങ്ങള്‍ ചെറുതല്ല. ഭയന്നുപോയ പാവം മാപ്പിരന്ന് കുറ്റം മുഴുവന്‍ നാട്ടുകാരുടെ ചുമലിലിട്ട് തടി രക്ഷപ്പെടുത്തി. പി.സി നട്ടെല്ല് നിവര്‍ത്തിനില്‍ക്കുന്നതുകൊണ്ട് അതിക്രമങ്ങളും തുടരുകയാണ്.

പി.സി. ജോര്‍ജ് ഉയര്‍ത്തിയ അതേ ചോദ്യം പല രൂപത്തില്‍ ഇത്തവണ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മറ്റ് പലരില്‍ നിന്നും ഉയരുന്നു എന്നത് ആശാസ്യമാണ്. ചവറയില്‍ തോറ്റ ആര്‍എസ്പി നേതാവ് ഷിബു ബേബിജോണിന്റെ പ്രതികരണം ശ്രദ്ധേയമാണ്. മോദി രാജ്യത്ത് അധികാരത്തിലെത്തിയതിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയം മാറിയിട്ടുണ്ടെന്നും അത് നല്ല മാറ്റമല്ലെന്നുമായിരുന്നു ഷിബുവിന്റെ പ്രതികരണം. രാഷ്ട്രീയത്തിനെ അപ്രസക്തമാക്കുംവിധം സാമുദായിക, മത താല്പര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടമാകുന്നു. അതിന്റെ ഗുണഭോക്താക്കളില്‍ എല്‍ഡിഎഫും യുഡിഎഫുമുണ്ട്. പക്ഷേ അത് നാടിന് ഗുണം ചെയ്യുന്ന രാഷ്ട്രീയമല്ല എന്നാണ് തന്റെ അഭിപ്രായം എന്നാണ് ഷിബു ബേബിജോണ്‍ പറഞ്ഞത്. മോദിപ്പേടി പ്രചരിപ്പിച്ച് സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് പറയാതെ പറയുകയാണ് ഷിബു ചെയ്യുന്നത്.

പിസിയും ഷിബുവും ആര്‍ജ്ജവത്തോടെയാണ് ഈ വിലയിരുത്തല്‍ നടത്തിയതെങ്കില്‍ വയനാട്ടില്‍ നിന്നുയര്‍ന്നത് വലിയ വായിലെ നിലവിളിയായിരുന്നു. വയനാട്ടില്‍ ടി. സിദ്ദിഖിനോട് തോറ്റ മതേതര മാതൃഭൂമിയുടെ മുതലാളിയുടെ നീട്ടിയുള്ള നിലവിളിക്കൊടുവില്‍ അറിയാതെ വീണതാണ് ന്യൂനപക്ഷ ഏകീകരണം നടന്നുവെന്ന അദ്ദേഹത്തിന്റെ ആക്രന്ദനം. ഹമാസ് അതിക്രമം പേടിച്ചാകണം പുള്ളി പിന്നെ ഇന്നേവരെ അതേപ്പറ്റി കമാന്ന് മിണ്ടിയിട്ടില്ല.

മാറാട് കൂട്ടക്കൊലയുടെ കാലത്ത്, 'സംഘടിതരാണെന്ന് കരുതി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തി എന്തും സാധിച്ചുകളയാമെന്ന് കരുതരുതെ'ന്ന് താക്കീത് ചെയ്ത അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയും 'കേരളം മതാധിപത്യമുള്ള പ്രദേശമാക്കാന്‍ കരുനീക്കം നടക്കുന്നു'വെന്ന് നിയമസഭയില്‍ പ്രസ്താവിച്ച വി.എസ്. അച്യുതാനന്ദനുമൊന്നും കിട്ടേണ്ട പിന്തുണ ഈ വിഷയത്തില്‍ കിട്ടിയില്ല എന്നത് ഇതിനോട് കൂട്ടിവായിക്കണം. കേരളം കേരളമായി നിലനിന്നുകാണണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം ഇപ്പോഴും ഉള്ളില്‍ പേറുന്നവര്‍ പി.സി. ജോര്‍ജ് ഉന്നയിക്കുന്ന ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഒരു പടം വരച്ചാല്‍, ഒരു ചോദ്യം ചോദിച്ചാല്‍, തങ്ങള്‍ക്കെതിര് നില്‍ക്കുന്നവര്‍ക്ക് ദേവാലയം നിര്‍മ്മിക്കാന്‍ പണം നല്‍കിയാല്‍ തട്ടിക്കളയും  എന്ന് ഭീഷണിപ്പെടുത്തുന്നവരുടെ നാടായി കേരളം മാറുന്നുവെന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.  

പാലസ്തീന്‍ ഭീകരരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട ഒരു പാവം മലയാളി സ്ത്രീക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് പോലും നേതാക്കള്‍ ഭയപ്പെടുന്നുവെങ്കില്‍ അതൊരു ചെറിയ പ്രശ്‌നമല്ല. മുഖ്യമന്ത്രി വിജയനും എംഎല്‍എമാരായ ഉമ്മന്‍ചാണ്ടിയും മാണി സി കാപ്പനും തോറ്റ എംഎല്‍എ വീണാ നായരുമൊക്കെ ആദരാഞ്ജലി പോസ്റ്റ് മുക്കിയും തിരുത്തിയും മുട്ടിലിഴഞ്ഞവരാണ്... കപടന്മാരുടെ ഐക്യനിരയെ തുറന്നുകാട്ടുന്ന ധീരമായ രാഷ്ട്രീയത്തിന്റെ പുതിയ മുന്നണി കെട്ടിപ്പടുക്കുകയാണ് പോംവഴി. ആ വഴിക്ക് നീങ്ങാന്‍ പിസിയെ പോലെ, ഷിബുവിനെ പോലെ, മഹത്തായ കേരളസംസ്‌കൃതിയെ പ്രണയിക്കുന്ന കെഎന്‍എ ഖാദറിനെപ്പോലെയുള്ള നേതൃനിരയ്ക്ക് ബാധ്യതയുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ കേരളത്തിനും.

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.