login
പുന്നപ്ര- വയലാറിലെ ചതി

മെഷീന്‍ഗണ്‍ ഉപയോഗിച്ചുള്ള പട്ടാള വെടിവെപ്പില്‍ എത്രപേര്‍ മരിച്ചെന്ന് ഇന്നും ആര്‍ക്കും അറിയില്ല. പട്ടാള ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം മൃതദേഹം സംസ്‌കരിക്കാന്‍ മുന്‍കൈ എടുത്തത് പദ്മനാഭന്‍ മുതലാളിയാണ്. സംസ്‌കാരം നടന്ന സ്ഥലം വെടിക്കുന്ന് എന്നറിയപ്പെട്ടു. മരിച്ചവരില്‍ 29പേര്‍ വയലാറുകാരായിരുന്നു. മറ്റുള്ളവരെ തിരിച്ചറിഞ്ഞില്ല. ഇതിനു സ്വാതന്ത്ര്യ സമരവുമായോ ടി.വി. തോമസിന്റെ പണിമുടക്കുമായോ ഒരു ബന്ധവുമില്ലെന്നു രേഖകള്‍ വ്യക്തമാക്കുന്നു.

'1945ല്‍ ആദ്യകാല സോഷ്യലിസ്റ്റ് കോണ്‍ഗ്രസ്സ് നേതാക്കളായ അശോക്മേത്തയും അരുണ ആസഫലിയും കോട്ടയത്ത് പ്രസംഗിക്കാന്‍ എത്തി. സ്വാതന്ത്ര്യസമരത്തോടും ക്വിറ്റ്ഇന്ത്യാ സമരത്തോടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ എതിര്‍പ്പിനെ അരുണാആസഫലി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.  വേദിക്ക് മുന്നിലിരുന്ന കമ്മ്യൂണിസ്റ്റുകള്‍ വേദി കടന്നാക്രമിച്ചു. മനുഷ്യകൂട്ടം മൃഗകൂട്ടമായി. അഡ്വ. പി.എന്‍. കേശവനും എം.എം. എബ്രഹാമുമായിരുന്നു പ്രതിഷേധ നേതാക്കള്‍. ഇതിനിടയില്‍ പോലീസ് വരുന്നേ എന്നാരോ വിളിച്ചു കൂവി. ലക്ഷ്യമില്ലാതെ മൃഗകൂട്ടം പലായനം ചെയ്തു.' ('ഞാന്‍'  എന്‍.എന്‍. പിള്ള പേജ്-416). കമ്മ്യൂണിസ്റ്റ്കാരുടെ പോക്ക് ഇത്ര ഭീരുത്വം നിറഞ്ഞതോ. ആ പ്രകടനത്തില്‍ മനുഷ്യമഹത്വവിശ്വാസവിലോപമല്ലാതെ ജനാധിപത്യമര്യാദയുടെ കണിക പോലും കണ്ടില്ല. എന്‍.എന്‍. പിള്ള തുടരുന്നു.  

 

കമ്മ്യൂണിസ്റ്റ്കളുടെ പോലീസ് പേടി

അടിയന്തരാവസ്ഥയിലും കമ്മ്യൂണിസ്റ്റുകളുടെ ചരിത്രം തിരിഞ്ഞോടിയതാണ്. സര്‍ക്കാരോ പോലീസോ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ നേതാക്കള്‍ ഒളിവില്‍ പോകും. പുന്നപ്ര വയലാറില്‍ നടന്നത് ് സ്വാതന്ത്ര്യസമരമായിരുന്നില്ല എന്ന് എഴുത്തുകാരന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ പറയുന്നു. ചരിത്രം തിരുത്താനുള്ള കമ്മ്യൂണിസ്റ്റ് ഗീബല്‍സിയന്‍ തന്ത്രമാണ് അവിടെ വിജയിച്ചത്.  

1946 ഒക്ടോബര്‍ 24 നായിരുന്നു പുന്നപ്ര വെടിവയ്പ്പും കൂട്ടക്കുരുതിയും. അവിടെ ഒരുകൂട്ടമാളുകള്‍ പോലീസ് ക്യാമ്പ് ആക്രമിക്കുകയായിരുന്നു. ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീടായിരുന്നു പോലീസ് ക്യാമ്പ്. ആക്രമണത്തിനു തുടക്കം കുറിയ്ക്കുന്ന സംഭവമാണ് ഏറെ അത്ഭുതം. പുന്നപ്ര കടപ്പുറം ലത്തീന്‍ കത്തോലിക്കരുടെ സ്വാധീനകേന്ദ്രമാണ്.  സമ്പന്നര്‍ വള്ളവും വലയുമുള്ളവരും. അല്ലാത്തവര്‍ വെറും തൊഴിലാളികളുമാണ്.

സമ്പന്നരായ പൊള്ളയില്‍ കുടുംബത്തിലെ അന്തപ്പനും കറുകപറമ്പില്‍ കൊച്ചുത്രേസ്യയുമായുള്ള വിവാഹം നിശ്ചയിച്ചുറപ്പിച്ചു. അതിനിടെ എന്തോ കാരണവശാല്‍ കല്യാണം മുടങ്ങി. മുടക്കിയത് അന്തപ്പന്റെ ബന്ധുവായ ഇപ്പോലിയത്തിന്റെ ഇടംകോലിടലാണെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുമായി. രണ്ട് മുതലാളിമാരും അവരുടെ തൊഴിലാളികളും തമ്മിലുള്ള വലിയ സംഘര്‍ഷത്തിലേക്കു ഇതു വഴിവച്ചു. അന്തപ്പനേയും കല്യാണം മുടക്കിയ ഇപ്പോലിയത്തിനെയും എതിരാളികളാക്രമിച്ചു. കൊല്ലം എസ്പി വിദ്യാനാഥഅയ്യര്‍ സംഭവ സ്ഥലത്തെത്തി. പുന്നപ്രയില്‍ ഒരു പോലീസ് ക്യാമ്പ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഒരു എസ്.ഐയും ഇരുപത്തെട്ടു പോലീസുകാരും. അതിനു സ്ഥലം കൊടുത്തത് പ്രദേശത്തെ ഒരു കോണ്‍ഗ്രസ്സ് നേതാവായിരുന്നു. എസ്‌ഐ വേലായുധന്‍ നാടാരുടെ ഭക്ഷണം അന്തപ്പന്റെ വീട്ടില്‍ നിന്നായിരുന്നു. അന്തപ്പന്റെ സ്വാധീനം മൂലം എതിര്‍ പക്ഷത്തെ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുന്നപ്ര സംഘര്‍ഷ ഭരിതമായി. ഇവരെ മോചിപ്പിക്കാന്‍ കുറേപ്പേര്‍ പോലീസ് ക്യാമ്പിലേക്ക് മാര്‍ച്ച്  നടത്തി. പറവൂര്‍ ഷാപ്പില്‍ മദ്യപിച്ചിരുന്ന വേലന്‍ കുഞ്ഞുണ്ണിയും കാക്രി ദേവസിയുമടക്കം കണ്ടവരും കേട്ടവരും മാര്‍ച്ചിന്റെ ഭാഗമായി. മാര്‍ച്ചുകാര്‍ ക്യാമ്പില്‍ എത്തുമ്പോള്‍ എസ്‌ഐ അന്തപ്പന്റെ വീട്ടില്‍ ഊണിനും ഉറക്കത്തിനും പോയിരിക്കുകയായിരുന്നു. വിവരമറിഞ്ഞ എസ്‌ഐ ക്യാമ്പില്‍ മടങ്ങിയെത്തി. സമരക്കാരോട് സംസാരിച്ചു.

ഒക്ടോബര്‍ 24 (തുലാം 7) രാജാവിന്റെ ജന്മദിനമാണെന്നും അന്ന് ബഹളമുണ്ടാക്കരുതെന്നും പിരിഞ്ഞു പോകണമെന്നും ആവശ്യപ്പെട്ടു. കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞുണ്ണി കയ്യിലുണ്ടായിരുന്ന മൂര്‍ച്ചയുള്ള വാക്കത്തികൊണ്ട് എസ്.ഐ.യെ വെട്ടി. തലയറ്റുപോയി.  പോലീസ് വെടിവെച്ചു. ഇരുപത്തിയെട്ടുപേര്‍ പേര്‍ തല്‍ക്ഷണം പിടഞ്ഞു വീണു മരിച്ചു. പിറ്റേദിവസം തിരുവിതാംകൂര്‍ മഹാരാജാവ് താലൂക്കില്‍ പട്ടാളഭരണം പ്രഖ്യാപിച്ചു. (കമ്മ്യൂണിസ്റ്റ് വഞ്ചനയുടെ തത്വശാസ്ത്രം, ഡി. സുഗതന്‍)  

ടി.വി. തോമസും വിഎസും പുന്നപ്രയിലെ കാഴ്ചക്കാര്‍  

ഇതിനിടെ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസ് 1946 ഒക്ടോബര്‍ 20 നു കയര്‍ തൊഴിലാളികളുടെ ഇടയില്‍ സ്വാധീനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പണിമുടക്ക് പ്രഖ്യാപിച്ചു. 'പണ്ടേ ദുര്‍ബ്ബല, പിന്നെ ഗര്‍ഭിണി' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കി കൊണ്ട് പണിമുടക്കിയ തൊഴിലാളികള്‍ മുഴുപട്ടിണിയിലായി. കമ്മ്യൂണിസ്റ്റ്കള്‍ അവര്‍ക്കായി ക്യാമ്പുകള്‍ തുറന്നു. പുന്നപ്ര മുതല്‍ വയലാര്‍ വരെ മുപ്പതു ക്യാമ്പുകള്‍. തേങ്ങയും കപ്പയും പിരിച്ചും അരിയും വാഴക്കുലകളും സംഘടിപ്പിച്ചും ക്യാമ്പുകള്‍ തള്ളിനീക്കി.

പട്ടാളഭരണം പ്രഖ്യാപിച്ചതോടെ ഒക്ടോബര്‍ 26നു കമ്മ്യൂണിസ്റ്റ് നേതാവ്  ടി.വി. തോമസ് പണിമുടക്ക് പിന്‍വലിച്ചു. ക്യാമ്പുകള്‍ പിരിച്ചുവിട്ടു. പുന്നപ്രയിലെ സംഭവത്തില്‍ ടി.വി. തോമസിനെ പോലീസ് അന്വേഷിക്കുക പോലും ചെയ്തില്ല. ഒരു പങ്കുമില്ലാത്ത അദ്ദേഹം സ്വതന്ത്രനായി തന്നെ നടന്നു.  എന്നാല്‍ വയലാറുകാര്‍ മാത്രം ക്യാമ്പ് പിരിച്ചു വിട്ട വിവരം അറിഞ്ഞില്ല. വയലാര്‍ സ്റ്റാലിന്‍ എന്ന പേരില്‍ അറിയപ്പെട്ട കുമാരപണിക്കരായിരുന്നു (സിപിഐ നേതാവ് സി.കെ. ചന്ദ്രപ്പന്റെ അച്ഛന്‍) ക്യാമ്പിന്റെ (ക്യാപ്റ്റന്‍. ചേര്‍ത്തല എസ്എന്‍ഡിപി യുണിയന്‍ സെക്രട്ടറി എം.കെ. കൃഷ്ണന്‍ (വയലാര്‍ രവിയുടെ അച്ഛന്‍) കുമാരപണിക്കരുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു.  

വയലാര്‍ സമരത്തിലെ വിപ്ലവനേതാക്കള്‍  

സര്‍ സി.പി.രാമസ്വാമി അയ്യര്‍  സമരക്കാരുമായി സംസാരിക്കുന്നതിനു എസ്എന്‍ഡിപി യോഗം സെക്രട്ടറി ആര്‍.ശങ്കറിനോടാവശ്യപ്പെട്ടു. ശങ്കര്‍ ചേര്‍ത്തലയില്‍ എത്തി. എം.കെ.കൃഷ്ണനെയും കൂട്ടി കുമാരപണിക്കരെ കണ്ടു. ടി.വി.തോമസ് മറ്റു ക്യാമ്പുകള്‍ പിരിച്ചുവിട്ട  വിവരം പറഞ്ഞു. ഇന്ത്യ സ്വാതന്ത്ര്യമാകുന്ന വിവരവും സെപ്തംബര്‍ രണ്ടിനു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഭരണം ഏറ്റെടുത്തതും അറിയിച്ചു. ആവേശതിമിര്‍പ്പിലായിരുന്ന പണിക്കരും കൂട്ടരും ശങ്കറെ അപമാനിച്ചു മടക്കി അയക്കുകയായിരുന്നു.

'ക്യാമ്പ് പിരിച്ചു വിടുന്നില്ലെന്നും, പട്ടാളത്തിനു വയലാറില്‍ എത്താന്‍ പറ്റാത്ത രീതിയില്‍ മാരാരിക്കുളം പാലം പൊളിച്ചു കളഞ്ഞതായും അറിയിച്ചു. മാത്രമല്ല പട്ടാളം വെടിവയ്ക്കില്ലെന്നും, വെടിവെച്ചാല്‍ തന്നെ തോക്കിന്‍ കുഴലില്‍ നിന്ന് മുതിരയും വെള്ളവുമാണ് വരുന്നതെന്നും അതുകൊണ്ട് കമിഴ്ന്നു കിടന്നാല്‍ മതിയെന്നും പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു വിശ്വസിപ്പിച്ചു. പട്ടാളം വൈക്കം വഴി ചേര്‍ത്തല ടിബിയിലെത്തി. പട്ടാള ക്യാപ്റ്റന്‍ മാവേലിക്കര കൊട്ടാരത്തിലെ ഗംഗാ പ്രസാദും, മേലധികാരി മാര്‍ത്താണ്ടവര്‍മയുമായിരുന്നു.  27നു രാവിലെ വയലാറില്‍ വിമാനത്തില്‍ ക്യാമ്പില്‍ ഉള്ളവര്‍ പിരിഞ്ഞു പോകാനുള്ള ലഘുലേഖ വിതരണം ചെയ്തു. അനുസരിക്കാതെ വന്നപ്പോള്‍ കോയിക്കല്‍ അമ്പലമുറ്റത്ത് നടക്കുന്ന ക്യാമ്പിലേക്ക് പട്ടാളം മാര്‍ച്ചു  ചെയ്തു. ഇതിനിടെ പട്ടാളം ഇറങ്ങുന്ന കാര്യം എന്‍.എസ്.എസ്.നേതാവും  തിരുവിതാംകൂര്‍ എം.എല്‍.സി.യുമായിരുന്ന കട്ടിയാട് ശിവരാമപണിക്കര്‍ വഴി കുമാരപണിക്കര്‍ അറിഞ്ഞിരുന്നു. കൂടുതല്‍ ആളുകളെ വിളിച്ചു കൊണ്ടുവരാമെന്നും പറഞ്ഞു കുമാരപണിക്കര്‍ പടിഞ്ഞാറോട്ടും സി.കെ.വേലായുധന്‍ വടക്കോട്ടും നടന്നു. ക്യാമ്പ് നാഥനില്ലാ കളരിയായി.  നാലു വര്‍ഷം കഴിഞ്ഞാണ് കുമാരപണിക്കര്‍ വയലാറില്‍ തിരിച്ചെത്തിയത് എന്നതും ചരിത്രം. യഥാര്‍ത്ഥത്തില്‍ ക്യാമ്പുകള്‍ നിര്‍ത്തിയ വിവരം കത്തു മുഖേന അറിയിക്കാന്‍ ഏര്‍പ്പാടാക്കിയിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള ടെക്മാന്‍(കത്തുമായി വന്നയാള്‍) അതു വയലാറില്‍ എത്തിക്കാന്‍ താമസിച്ചതാണ് കാരണം. അല്ലെങ്കില്‍ ക്യാമ്പ് പിരിഞ്ഞു പോകുമായിരുന്നു.  

മെഷീന്‍ഗണ്‍ ഉപയോഗിച്ചുള്ള പട്ടാള വെടിവെപ്പില്‍ എത്രപേര്‍ മരിച്ചെന്ന് ഇന്നും ആര്‍ക്കും അറിയില്ല. പട്ടാള ഓഫിസറുടെ നിര്‍ദ്ദേശപ്രകാരം മൃതദേഹം സംസ്‌കരിക്കാന്‍ മുന്‍കൈ എടുത്തത്  പദ്മനാഭന്‍ മുതലാളിയാണ്. സംസ്‌കാരം നടന്ന സ്ഥലം വെടിക്കുന്ന് എന്നറിയപ്പെട്ടു. മരിച്ചവരില്‍ 29 പേര്‍ വയലാറുകാരായിരുന്നു. മറ്റുള്ളവരെ തിരിച്ചറിഞ്ഞില്ല.  ഇതിനു സ്വാതന്ത്ര്യ സമരവുമായോ ടി.വി. തോമസിന്റെ പണിമുടക്കുമായോ ഒരു ബന്ധവുമില്ലെന്നു രേഖകളും പ്രദേശവാസികളും പറയുന്നു. പണിമുടക്കുമായി പുന്നപ്ര സമരത്തിനു ബന്ധമുണ്ടെങ്കില്‍ ടി.വി. തോമസിനെ പ്രതിയാക്കേണ്ടേ. വി.എസ്. അച്യുതാനന്ദന്‍ അക്കാലത്ത് പൂഞ്ഞാറില്‍ ഒളിവിലായിരുന്നത്രേ. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സി.ജി. സദാശിവനും മുങ്ങി. ഇഎംഎസ് യോഗക്ഷേമസഭയുടെ യോഗത്തിലും. പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കൊച്ചുത്രേസ്യയുടെ സഹോദരന്‍ കെ.എസ്. ബെന്‍ അടക്കമുള്ളവരായിരുന്നു. 1150 പേര്‍ പ്രതിമാസം 9,500 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നു.

ഇതു വെറും വഞ്ചന മാത്രം  

പ്രശസ്ത നാടകകൃത്തും ഐ.എന്‍.എ സമര ഭടനുമായിരുന്ന എന്‍.എന്‍. പിള്ള തന്റെ ജീവചരിത്രത്തില്‍ പറയുന്നു: 'ഈ കാലഘട്ടത്തിലായിരുന്നു എന്റെ  രാഷ്ട്രീയവീക്ഷണഗതിയെ ആകെ കുഴച്ചു മറിച്ച പുന്നപ്ര-വയലാര്‍ സമരദുരന്തം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നടന്നതും (1809) വേലുത്തമ്പിദളവയുടെ ആത്മഹത്യയില്‍ കലാശിച്ചതുമായ പടനീക്കം സ്വാതന്ത്ര്യസമരമായിരുന്നു. 1857 ലെ ശിപായിലഹള സ്വാതന്ത്ര്യസമരമായിരുന്നു. സുഭാഷ്ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐഎന്‍എ പടനീക്കം സ്വാതന്ത്ര്യസമരമായിരുന്നു. 1946 ലെ നാവികകലാപം സ്വാതന്ത്ര്യസമരമായിരുന്നു. 1946 ഒക്ടോബറില്‍ പുന്നപ്ര വയലാറില്‍ നടന്നത് എന്തായിരുന്നു? ഞാനിന്നും ആ ചോദ്യത്തിനുമുമ്പില്‍ വിസ്മയാന്ധനായി നില്‍ക്കുകയാണ്. ഒരെത്തും പിടിയും കിട്ടാതെ. ഞാനീ പറയുന്നത് അന്നത്തെ നേരിട്ടുള്ള അനുഭവമാണ്. വയലാറിന്റെ  വെടിയൊച്ച കുമരകത്തെ നെല്‍പ്പാടങ്ങളിരുന്നു എനിക്കു കേള്‍ക്കാമായിരുന്നു.'  

'അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തലമുതിര്‍ന്ന  ഒരൊറ്റ നേതാവും പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നതായി അറിവില്ല. ആലപ്പുഴയിലെ സമര്‍ത്ഥനായ തൊഴിലാളിനേതാവ് ടി.വി. തോമസ്  ഈ സമരത്തെപ്പറ്റി അറിഞ്ഞ മട്ടില്ല.' ('ഞാന്‍' പേജ് 428) എന്‍.എന്‍.പിള്ള തുടരുന്നു: 'ഞാനിന്നും മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആണും പെണ്ണും കെട്ട അറുംവഞ്ചനയില്‍ വിശ്വസിക്കുന്നില്ല. അതെന്തു മഹാമന്ത്രത്തിന്റെ പേരിലായാലും.'

പുന്നപ്രയിലും വയലാറിലും മാത്രമല്ല അന്നും ഇന്നും രക്തസാക്ഷികളുടെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് വഞ്ചന തുടരുന്നു.  

9447057649

 

 

  comment
  • Tags:

  LATEST NEWS


  ജീവന്റെ വിലയുള്ള ജാഗ്രത...അമിതമായ ആത്മവിശ്വത്തിന് വിലകൊടുത്തു കഴിഞ്ഞു; ഇനി അത് വഷളാകാതെ നോക്കാം.


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.