×
login
മതം കളിക്കുന്ന ലോകകപ്പ്

പൂര്‍ണമായും മതത്തിന്റെ അടിസ്ഥാനത്തില്‍ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനു പിന്നില്‍ ഖത്തറിനെയും തുര്‍ക്കിയേയും പോലുള്ള രാജ്യങ്ങള്‍ക്ക് മറ്റൊരു ലക്ഷ്യവുമുണ്ട്. ഇസ്ലാമിക രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ മതത്തിനു പുറമേ സ്‌പോര്‍ട്‌സും ഉപയോഗിക്കുക. ഒളിമ്പിക്‌സിനെയും ലോകകപ്പിനെയും പോലുള്ള കായിക മാമാങ്കങ്ങള്‍ ലോകജനതയെ ഒന്നിപ്പിക്കുമ്പോള്‍, കായിക മത്സരങ്ങളിലൂടെ അവരെ വിഘടിപ്പിക്കാനാണ് ഇസ്ലാമിക രാജ്യങ്ങള്‍ ശ്രമിക്കുന്നത്. വംശവെറിയും വര്‍ണവെറിയും സ്‌പോര്‍ട്‌സിലെ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. അതില്‍നിന്ന് ലോകം ഒട്ടൊക്കെ കരകയറിയിരിക്കുന്നു. അപ്പോഴാണ് കായികലോകത്തേക്ക് മതവെറി കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നത്.

ഖത്തര്‍ ഇക്വഡോര്‍ മത്സരം

സ്‌പോര്‍ട്‌സിന് മതമില്ല എന്നാണല്ലോ പൊതുവിശ്വാസം. കായികതാരങ്ങള്‍ക്ക് അവരുടേതായ മതവിശ്വാസമുണ്ട്. കളിക്കളത്തില്‍ പലപ്പോഴും അത് പ്രകടമാവുകയും ചെയ്യാറുണ്ട്. അപ്പോഴും കായികവിനോദം മതത്തിനും വംശത്തിനുമൊക്കെ അതീതമായി കരുതപ്പെടുന്നു. കായികതാരങ്ങള്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കാറുണ്ടെങ്കിലും അതിരുകളില്ലാത്ത ലോകമാണ് സ്‌പോര്‍ട്‌സിന്റെ വേദി. ഈ ധാരണയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണോ ഖത്തര്‍ ലോകകപ്പ്?

കടുത്ത മതമൗലികവാദിയും ഇസ്ലാമിക ഭീകരവാദത്തെ തുറന്നുപിന്തുണയ്ക്കുന്നയാളുമായ സക്കീര്‍ നായിക്കിനെ ഖത്തര്‍ അവിടെ നടക്കുന്ന ലോകകപ്പ് വേദിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചു എന്ന വാര്‍ത്ത വലിയ വിവാദത്തിനിടയാക്കിയത് സ്വാഭാവികം. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള സക്കീര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. ബ്രിട്ടന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ മതഭ്രാന്തിന്റെ  കുത്തൊഴുക്കായ ഇയാളുടെ പ്രസംഗങ്ങള്‍ വിലക്കിയിട്ടുണ്ട്.

ഖത്തറിന്റെ ഔദ്യോഗിക സ്‌പോര്‍ട്‌സ് ചാനല്‍ അല്‍കാസിന്റെ ഫയ്‌സല്‍ അല്‍ഹാജ്‌റിയാണ് സക്കീര്‍ ലോകകപ്പ് വേദിയില്‍ പ്രഭാഷണത്തിനെത്തുമെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്നാവാം, സക്കീറിനെ ലോകകപ്പ്  ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും, അത്തരം വാര്‍ത്തകള്‍ ചിലരുടെ പ്രചാരണം മാത്രമാണെന്നും ഖത്തര്‍ വിശദീകരിച്ചുവെങ്കിലും വിവാദത്തിന്റെ അലകള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയാണ്.

ഫുട്‌ബോള്‍ 'ഹറാം' ആണെന്നും, പ്രൊഫഷണല്‍ മത്സരങ്ങള്‍ ഇസ്ലാമിന് നിരക്കുന്നതല്ലെന്നും പരസ്യപ്രഖ്യാപനം നടത്തിയിട്ടുള്ളയാളാണ് സക്കീര്‍ നായിക്ക്. ഈ വിദ്വേഷ പ്രസംഗം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണ്. ഇങ്ങനെയൊരാളായ സക്കീറിന് ലോകകപ്പുമായി എന്തുബന്ധം, ഇയാളെ എന്തിനാണ് ലോകകപ്പ് വേദിയില്‍ മതപ്രബോധനത്തിന് വിളിക്കുന്നത് എന്നൊക്കെ ചോദിക്കാന്‍ വരട്ടെ. കളി നടക്കുന്നത് ഇന്ത്യയിലും അമേരിക്കയിലും ബ്രിട്ടനിലുമൊന്നുമല്ല. ഇസ്ലാമിക മതമൗലികവാദത്തിന്റെ ആഗോളതലസ്ഥാനമായി തീര്‍ന്നിരിക്കുന്ന ഖത്തറിലാണ്.

ഇസ്ലാമിക മതാധിപത്യത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്നയാളാണ് സക്കീര്‍ നായിക്ക്. ഇസ്ലാമിക രാജ്യമായ ഖത്തറും അത് ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ പൊതുതാല്‍പ്പര്യമുണ്ട് എന്നര്‍ത്ഥം. ഇങ്ങനെയൊരാളെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിക്കുന്ന വിധം അവതരിപ്പിക്കുക എന്നൊരു ഉദ്ദേശ്യമായിരിക്കാം ഖത്തറിന് ഉണ്ടായിരുന്നത്. അത് നിറവേറുകയും ചെയ്തിരിക്കുന്നു. ലോകകപ്പില്‍ തിളങ്ങുന്ന കളിക്കാരെപ്പോലെ സക്കീറും താരമായിരിക്കുന്നു!

പ്രശ്‌നം ഇവിടെ അവസാനിക്കുന്നില്ല. സക്കീര്‍ നായിക്കിന്റെ പ്രസംഗം മാത്രമല്ല കായികപ്രേമികളെ വേദനിപ്പിച്ച് ലോകകപ്പ് വേദിയില്‍നിന്ന് പുറത്തുവരുന്നത്. സക്കീറിനെപ്പോലെ കടുത്ത മതമൗലികവാദിയും ഇസ്ലാമിക ഭീകരവാദത്തിന്റെ വക്താവുമായ മജീദ് ഫ്രീമാന്‍ നടത്തിയ ഒരു പ്രസ്താവനയും ആശങ്കാജനകമായിരുന്നു. ''അല്ലാഹു അക്ബര്‍! 500 ലേറെ പേര്‍ ഇസ്ലാം സ്വീകരിച്ചതായി ഖത്തറിലെ പ്രാദേശിക മാധ്യമങ്ങളില്‍നിന്ന് അറിയുന്നു'' എന്നാണ് ഫ്രീമാന്‍ ട്വീറ്റു ചെയ്തത്. മെക്‌സിക്കോയില്‍ നിന്നുള്ള ഒരു ആരാധകന്‍ ഇസ്ലാം സ്വീകരിച്ചതായി അവകാശപ്പെടുന്ന വീഡിയോയും ഫ്രീമാന്‍ ഷെയര്‍ ചെയ്യുകയുണ്ടായി. ''ഫുട്‌ബോള്‍ ലോകത്തിന് ആയിരക്കണക്കിന് ആരാധകരുണ്ട്. ഇസ്ലാമിന്റെ സൗന്ദര്യം കാണാന്‍ അവര്‍ക്കാവട്ടെ, അല്ലാഹു അവരെ നയിക്കട്ടെ'' എന്നും ഫ്രീമാന്‍ കൂട്ടിച്ചേര്‍ക്കുന്നു.  


ലോകത്തിന് അപരിചിതനല്ല മജീദ് ഫ്രീമാന്‍. കുപ്രസിദ്ധനുമാണ്. ബ്രിട്ടനിലെ ലീസെസ്റ്ററില്‍ ആഴ്ചകളോളം ഇസ്ലാമിക മതമൗലികവാദികള്‍ ഹിന്ദുക്കളെ ആക്രമിച്ചപ്പോള്‍ അതിനൊപ്പം നിന്നയാളാണ്.  ഫ്രീമാന്‍ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകള്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചു.

2013ല്‍ സിറിയയില്‍ ഐഎസ് ഭീകരാക്രമണം ശക്തമായിരുന്നപ്പോള്‍ അവിടെ അലന്‍ ഹെന്നിങ് എന്ന സന്നദ്ധ പ്രവര്‍ത്തകനൊപ്പം എത്തിയവരില്‍ ഒരാളായിരുന്നു ഫ്രീമാന്‍. ഹെന്നിങ്ങിനെ ഐഎസ് പിടിച്ചുകൊണ്ടുപോയി തലവെട്ടി. ആ സമയത്ത് ഹെന്നിങ്ങിന്റെ സേവനത്തെ വാഴ്ത്തിയ ഫ്രീമാന്‍ രണ്ടാഴ്ചയ്ക്കുശേഷം ഐഎസിനെ പിന്തുണച്ച് സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ബ്രിട്ടനിലെ ഐഎസ് ഭീകരന്‍ ഇഫ്തികര്‍ ജമാനുവേണ്ടി പ്രാര്‍ത്ഥിക്കാനായിരുന്നു ഇതിലെ ഒരു സന്ദേശം. ഇങ്ങനെയൊരാള്‍ ഖത്തറില്‍ കളി കാണാനെത്തുന്നവരെ മതംമാറ്റുന്നതിനെക്കുറിച്ച് പറയുന്നത് വെറുതെയാവില്ല. കടുത്ത മതനിയമങ്ങള്‍ നിലനില്‍ക്കുന്ന ഖത്തറിലെ ഭരണകൂടത്തിന്റെ പിന്തുണ ഇതിനില്ലാതിരിക്കുമോ? മതതാല്‍പ്പര്യത്തിനുവേണ്ടി ഫുട്‌ബോളിനെയും ലോകകപ്പിനെയും മറയാക്കുകയാണോ ഖത്തര്‍ ചെയ്യുന്നത്?

ലോകകപ്പിന് എത്തിയവര്‍ക്കെതിരെ നിരവധി വിലക്കുകളാണ് ഖത്തര്‍ ഭരണകൂടം കൊണ്ടുവന്നിട്ടുള്ളത്. മദ്യത്തിനും വസ്ത്രധാരണത്തിനും പന്നിയിറച്ചിക്കും അംഗവിക്ഷേപങ്ങള്‍ക്കുപോലും നിയന്ത്രണങ്ങളും വിലക്കുകളുമുണ്ട്. ഇവയൊക്കെ ഇസ്ലാമികവുമാണ്. സംസ്‌കാരത്തിന്റെയും നിയമത്തിന്റെയും പേരിലാണ് ഇതെങ്കിലും ഖത്തര്‍ അവസരം മുതലെടുക്കുകയാണെന്ന് വ്യക്തം. ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ കാണിച്ച അമിതാവേശത്തിനു പിന്നില്‍ 'ഇസ്ലാമിന്റെ മഹത്വം' ഉയര്‍ത്തിക്കാണിക്കുകയെന്ന ഗൂഢലക്ഷ്യവും ഉണ്ടായിരുന്നതായി സംശയിക്കണം. ലോകകപ്പിന്റെ സംഘാടകരായ ഫിഫയ്ക്ക് നല്‍കിയ ചില ഉറപ്പുകള്‍ ഖത്തര്‍ ലംഘിക്കുകയുണ്ടായി.

ഖത്തറിനെ സംശയിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. ഈ വര്‍ഷം ആഗസ്റ്റില്‍ തുര്‍ക്കിയിലെ കോന്യോയില്‍ നടന്ന ഇസ്ലാമിക രാജ്യങ്ങളുടെ കായികമത്സരത്തില്‍ ഖത്തര്‍ പ്രമുഖ പങ്കുവഹിക്കുകയുണ്ടായി. 56 രാജ്യങ്ങളില്‍നിന്നായി 4200 കായികതാരങ്ങളാണ് ഇതില്‍ പങ്കെടുത്തത്. ഇസ്ലാമിക് സോളിഡാരിറ്റി സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഐഐഎസ്എഫ്) ആയിരുന്നു സംഘാടകര്‍. അഞ്ചാമത്തെ ഐഎസ്എസ്എഫ് കായികമേളയാണ് തുര്‍ക്കിയില്‍ നടന്നത്.

എന്താണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്? മതം വളര്‍ത്താന്‍ സ്‌പോര്‍ട്‌സ് ഉപയോഗിക്കുന്നു എന്നു തന്നെയല്ലേ? പൂര്‍ണമായും മതത്തിന്റെ അടിസ്ഥാനത്തില്‍ കായികമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനു പിന്നില്‍ ഖത്തറിനെയും തുര്‍ക്കിയേയും പോലുള്ള രാജ്യങ്ങള്‍ക്ക് മറ്റൊരു ലക്ഷ്യവുമുണ്ട്. ഇസ്ലാമിക രാജ്യങ്ങളെ ഒന്നിപ്പിക്കാന്‍ മതത്തിനു പുറമേ സ്‌പോര്‍ട്‌സും ഉപയോഗിക്കുക. ഒളിമ്പിക്‌സിനെയും ലോകകപ്പിനെയും പോലുള്ള കായിക മാമാങ്കങ്ങള്‍ ലോകജനതയെ ഒന്നിപ്പിക്കുമ്പോള്‍, കായിക മത്സരങ്ങളിലൂടെ അവരെ വിഘടിപ്പിക്കാനാണ് ഇസ്ലാമിക രാജ്യങ്ങള്‍ ശ്രമിക്കുന്നത്.  

വംശവെറിയും വര്‍ണവെറിയും സ്‌പോര്‍ട്‌സിലെ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. അതില്‍നിന്ന് ലോകം ഒട്ടൊക്കെ കരകയറിയിരിക്കുന്നു. അപ്പോഴാണ് കായികലോകത്തേക്ക് മതവെറി കൊണ്ടുവരാന്‍ ചിലര്‍ ശ്രമിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള വര്‍ണവെറിയെക്കുറിച്ച് ചില കായികതാരങ്ങളെ മുന്‍നിര്‍ത്തി ഇപ്പോഴും അമര്‍ഷംകൊള്ളുന്നവര്‍ അതിന്റെ സ്ഥാനത്ത് ഇപ്പോഴുള്ള മതവെറിയെക്കുറിച്ച് മൗനം പാലിക്കുന്നു. ഖത്തര്‍ ലോകകപ്പില്‍ മതം കളിക്കുന്നതിനെക്കുറിച്ച് ഇക്കൂട്ടര്‍ക്ക് യാതൊരു പരാതിയുമില്ല. ആ കളി അവര്‍ നന്നായി ആസ്വദിക്കുകയും ചെയ്യുന്നു.

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.