login
രണ്ടാം മാപ്പിള ലഹളയോ?

ഇഎംഎസ് തന്റെ ആത്മകഥയില്‍ മാപ്പിള ലഹളയെ സൂചിപ്പിക്കുന്നുണ്ട്, പലവട്ടം. 'മാപ്പിള ലഹള' എന്നുതന്നെയാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചതും. സ്വന്തം ജീവിതത്തിലെ അനുഭവം ഒരാള്‍ക്കും ഒരിക്കലും മറച്ചുവെക്കാനാവില്ലല്ലോ. അന്ന് നമ്പൂതിരിപ്പാടിനും കുടുംബത്തിനുമുണ്ടായ ദുരനുഭവങ്ങള്‍ കമ്മ്യുണിസ്റ്റുകാര്‍ ഓര്‍ക്കുമോ ആവോ.

രു രണ്ടാം മാപ്പിള ലഹളക്കുള്ള കരുനീക്കങ്ങളെ  കേരളത്തിലെ ഇടത് വലത് മുന്നണികളും അതിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളും സാമുദായിക പ്രസ്ഥാനങ്ങളും തള്ളിപ്പറയുമോ? അതിന് മുന്‍കയ്യെടുക്കുന്നവരെ തുറന്നു ആക്ഷേപിക്കാനും അത്തരക്കാര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെടാനും  അവര്‍ തയ്യാറാവുമോ?.  മറ്റൊരു വലിയ വര്‍ഗീയ കലാപത്തിനും ഹിന്ദുവിരുദ്ധ നീക്കത്തിനും ചിലര്‍ ഒരുക്കം നടത്തുന്നതിന്റെ ആപല്‍ക്കരമായ സൂചനകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ്   ഇക്കാര്യം ഇപ്പോള്‍ ഉന്നയിക്കേണ്ടി വരുന്നത്.  സൂചിപ്പിച്ചത്, പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞദിവസം തേഞ്ഞിപ്പലത്ത് നടത്തിയ പ്രകടനവും അതിലുയര്‍ന്ന മുദ്രാവാക്യങ്ങളുമാണ്. 2021 -ലാണ് നാം ഇക്കാര്യം വിലയിരുത്തുന്നത് എന്നതുമുണ്ട് പ്രാധാന്യം; 1921- ലെ മാപ്പിളലഹളയുടെ നൂറാം വാര്‍ഷികത്തിലാണല്ലോ നാമെത്തി നില്‍ക്കുന്നത്.  

വളരെ ആഴമേറിയ ചരിത്ര വിഷയമാണ്. എന്നാല്‍ അതൊക്കെയും ഈ പ്രതിവാര ലേഖനത്തില്‍ വിശകലനം ചെയ്യുക അസാധ്യമാണ്. എന്നാല്‍ ചിലത് ഓര്‍മ്മിപ്പിക്കാതെയും വയ്യല്ലോ.  മാപ്പിള ലഹളയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ സിപിഎമ്മും ലീഗുമൊക്കെ പദ്ധതി തയ്യാറാക്കിയിരുന്നു എന്നതു മറന്നുകൂടാ. അതിനെക്കുറിച്ച് ഇപ്പോള്‍ അവരാരും ഒന്നും പറയാത്തത് ഒരു പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നത് കൊണ്ടാവണം. എന്നാല്‍ ഇത്തരം ജിഹാദി കലാപത്തിന് ശ്രമം നടക്കുമ്പോള്‍ അവര്‍ക്കെങ്ങനെ മൗനം ദീക്ഷിക്കാനാവും? ഒന്നുകൂടി, ഇപ്പോള്‍ മൗനം പാലിക്കുന്ന ചിലരെങ്കിലും,  തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍,  ഇത്തരം  ജിഹാദി മുദ്രാവാക്യവുമായി മുസ്ലിം പ്രീണനത്തിന് ഇറങ്ങി പുറപ്പെടില്ലെന്ന്   എന്താണുറപ്പ്?

തേഞ്ഞിപ്പലം റാലി ഇതിനകം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം   ഇംഗ്ലീഷ് ചാനലുകളും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തു; ചര്‍ച്ചകള്‍ക്ക് അവര്‍ വേദിയൊരുക്കി. വളരെയേറെ പ്രകോപനമുണ്ടാക്കുന്നതായിരുന്നു ആ റാലിയുടെ ദ്ര്യശ്യങ്ങള്‍; ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന നിലക്ക് അതില്‍ ചിലരെ അണിനിരത്തുകയും അവരെ ചങ്ങലയില്‍ ബന്ധിച്ചുകൊണ്ട് വലിച്ചിഴച്ചു നടത്തുകയുമൊക്കെ ചെയ്യുന്നു.  അള്ളാഹു അക്ബര്‍ വിളികള്‍ക്കൊപ്പം '1921- ല്‍ ഊരിയ വാളുകള്‍ അറബിക്കടലില്‍ എറിഞ്ഞിട്ടില്ല ' എന്നുള്ള ഭീഷണിയും. അതൊക്കെ വീണ്ടും പ്രയോഗിക്കുമെന്നു വിളിച്ചോതാനും മടിച്ചില്ലത്രെ. മാപ്പിള ലഹളയുടെ ചരിത്രംവിശദീകരിക്കേണ്ടതില്ല; അതിനെക്കുറിച്ച് ചരിത്രകാരന്മാരില്‍ ഒരു വിഭാഗം കള്ളത്തരമൊക്കെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് യഥാര്‍ഥത്തില്‍  ഹിന്ദു വിരുദ്ധ കലാപമായിരുന്നല്ലോ. സി മാധവന്‍ നായരും സി ഗോപാലന്‍ നായരുമൊക്കെ ആ ചരിത്രം യഥാവിധി മലയാളികള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ആ കലാപം ഇവിടെ  ആവര്‍ത്തിമെന്നു പ്രഖ്യാപിച്ചുകൊണ്ട്  തെരുവിലിറങ്ങി അട്ടഹസിക്കുന്നത്, വായില്‍ തോന്നിയതൊക്കെ വിളിച്ചുപറയുന്നത്  ഇവിടത്തെ ഹിന്ദു സമൂഹത്തിന് നേര്‍ക്കുള്ള വെല്ലുവിളിയല്ലേ; അതിനപ്പുറം അതൊരു ഭീഷണിയുമാണ്. ഇക്കാര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്, പ്രത്യേകിച്ചും കോണ്‍ഗ്രസും  മുസ്ലിം ലീഗും സിപിഎമ്മും.  ഇസ്ലാമിക ജിഹാദികള്‍ക്ക് അതിനൊക്കെ സൗകര്യമൊരുക്കിയവര്‍  എന്ന് അല്ലെങ്കില്‍ നാളെ അവരെ നമുക്ക് വിളിക്കേണ്ടതായി വരും. ഹിന്ദു സാമുദായിക സംഘടനകള്‍ പ്രത്യേകിച്ചും എന്‍എസ്എസിനും എസ്എന്ഡിപിക്കും ഇക്കാര്യത്തില്‍  ഒഴിഞ്ഞു നില്‍ക്കാനെങ്ങിനെ കഴിയും? ഹിന്ദു സമൂഹത്തെ അപ്പാടെയല്ലേ ഈ ജിഹാദികള്‍ വെല്ലുവിളിച്ചതും   ഭീഷണിപ്പെടുത്തിയതും. 1921 അല്ല 2021 എന്നത് വേറെ കാര്യം; അന്നത്തെ ഹിന്ദുവല്ല ഇന്നത്തേത് എന്നതും വേറെ കാര്യം. പക്ഷെ ഇതുണ്ടായത് തേഞ്ഞിപ്പലത്തിനടുത്ത് ചേളാരിയിലാണ്. മലപ്പുറം ജില്ലയില്‍. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലമാണിത് എന്നത് പറയേണ്ടതില്ലല്ലോ. ഹിന്ദു ന്യൂനപക്ഷമായയിടം എന്നതും ഓര്‍ക്കുക.  വേറൊന്ന്, ഇതാദ്യമായല്ല അത്തരമൊരു മുദ്രാവാക്യവുമായി ഈ ജിഹാദി ശക്തികള്‍  തെരുവിലിറങ്ങുന്നത്  എന്നതാണ്.  ഇതേ ജില്ലയില്‍ തന്നെ മുന്‍പും സമാനമായ റാലികള്‍ നടന്നിട്ടുണ്ട് എന്നത് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ പോലീസ് ഗൗരവത്തിലെടുത്തതായി കാണുന്നില്ല.  പോലീസ് അന്നേ ഗൗരവം കാണിച്ചിരുന്നുവെങ്കില്‍ ഇന്നിപ്പോള്‍ ഇത്തരമൊരു ദേശവിരുദ്ധ -വര്‍ഗീയ കലാപാഹ്വാനം നടക്കുമായിരുന്നോ ?

 

രാഷ്ട്രീയക്കാര്‍, ഹിന്ദു വഞ്ചന

മാപ്പിളലഹളയെക്കുറിച്ച് പലരും പലതരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതിനെ സ്വാതന്ത്ര്യ സമരമായി കാണാന്‍ തയ്യാറായവരുമുണ്ടല്ലോ. അപ്പോഴൊക്കെ ലക്ഷ്യം ഇസ്ലാമിക വോട്ടുകളായിരുന്നു.  ഇവിടെയാണ് ഈ കലാപശ്രമത്തോട്  എങ്ങിനെയാണ് സിപിഎമ്മും കോണ്‍ഗ്രസും മുസ്ലിം ലീഗും പ്രതികരിക്കുന്നത് എന്നത് അന്വേഷിക്കേണ്ടിവരുന്നത്.  ഇത്തരമൊരു പ്രകോപനപരമായ കലാപശ്രമത്തെ എന്താണ് ഇതുവരെ ആരും ആക്ഷേപിക്കാതിരുന്നത്. മാധ്യമങ്ങള്‍ ശ്രദ്ധിച്ചു നോക്കി, മേല്‍ സൂചിപ്പിച്ച രാഷ്ട്രീയ കക്ഷികളില്‍ ഒരാളെങ്കിലും അതിനെ തള്ളിപ്പറഞ്ഞിരുന്നുവെങ്കില്‍ എന്നാശിച്ചുപോയി. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും അതിന് ശേഷവുമൊക്കെ പോപ്പുലര്‍ ഫ്രണ്ടുമായി ചിലയിടങ്ങളില്‍ രണ്ടുമുന്നണികളും നീക്കുപോക്കുകള്‍ ഉണ്ടാക്കിയിരുന്നു എന്നത് അറിയായ്കയല്ല. കര്‍ണാടകത്തിലും യുപിയിലും ഡല്‍ഹിയിലുമൊക്കെ ജിഹാദികള്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടായിരുന്നു എന്നതുമറിയാം. ശുദ്ധ ദേശവിരുദ്ധതയുമായി അവരൊക്കെ കൈകോര്‍ത്തു എന്ന്. ഹിന്ദു സമൂഹത്തോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഇവര്‍ക്കിങ്ങനെ ചെയ്യാനാവുമോ?    

അത്  മാത്രമല്ല സിഎഎ വിരുദ്ധ സമരത്തിന്റെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ചത് ഈ സംഘടനയാണല്ലോ. അവരാണല്ലോ ഡല്‍ഹിയിലും യുപിയിലുമൊക്കെ കലാപത്തിന് ഒരുക്കങ്ങള്‍ നടത്തിയത്. അവരിലൂടെ വന്ന വിദേശപണത്തെക്കുറിച്ചു പോലും കേന്ര ഏജന്‍സികള്‍ അന്വേഷിച്ചതാണ്. കുറെ കാര്യങ്ങള്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. ഈ കലാപങ്ങളില്‍ കോണ്‍ഗ്രസ്- സിപിഎം  നേതാക്കള്‍ക്കുള്ള റോളും ഇതിനകം കണ്ടതും കേട്ടതുമാണല്ലോ. സീതാറാം യെച്ചൂരിയുടെ പേര് പോലും ഈ കുറ്റപത്രത്തിലുണ്ട്. സിപിഐയുടെ ഒരു മലയാളി നേതാവ് അടുത്തിടെ നടന്ന റിപ്പബ്ലിക് ദിന കലാപത്തില്‍ ഉള്‍പ്പെട്ടതും രാജ്യം ശ്രദ്ധിച്ചതാണ്.  അതിന് പിന്നിലുണ്ടായിരുന്ന അനവധി കൂട്ടരില്‍  ഇതേ ജിഹാദി സംഘടനകളുമുണ്ട്  എന്നത് വ്യക്തമായിക്കൊണ്ടിരിക്കുന്നു.  

ഇഎംഎസ് പഠിപ്പിക്കുന്നത്

കോണ്‍ഗ്രസുകാര്‍ക്ക് പല കാര്യങ്ങളിലും നിലപാടില്ല എന്നത് യാഥാര്‍ഥ്യമാണ്. നാല് വോട്ടിനായി എന്തിനെയും അവര്‍ തലയിലേറ്റും. അതാണ് നേരത്തെ സൂചിപ്പിച്ചത്. കമ്മ്യുണിസ്റ്റുകള്‍ അങ്ങിനെയല്ല എന്നല്ല. എന്നാല്‍ അവര്‍ക്കുള്ള ഒരു വ്യത്യാസം, അവരില്‍ ചിലര്‍ ചിലതൊക്കെ എഴുതിവെച്ചിട്ടുണ്ട്. ലേഖനങ്ങള്‍ പുസ്തകങ്ങള്‍ ഒക്കെ. അതിലൊക്കെ പലതിനെയും കുറിച്ചുള്ള നിലപാടുകള്‍ പറഞ്ഞു വെച്ചിട്ടുമുണ്ട്. ചിലതെല്ലാം കൃത്യവും വ്യക്തവുമാണ്; ചിലപ്പോഴൊക്കെ ആര്‍ക്കും മനസിലാവാതെ രീതിയിലും. മാപ്പിള ലഹളയെക്കുറിച്ച് സിപിഎമ്മിന് ജിഹാദി താല്പര്യമുണ്ടാവാം അല്ലെങ്കില്‍ ഉണ്ട്. പക്ഷെ അപ്പോഴും,   ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞത് അവരുടെ സഖാക്കള്‍ മറക്കരുത് എന്നതോര്‍മ്മിപ്പിക്കാനാണ് എന്റെ ശ്രമം.

ഇഎംഎസ് തന്റെ ആത്മകഥയില്‍ മാപ്പിള ലഹളയെ സൂചിപ്പിക്കുന്നുണ്ട്, പലവട്ടം. 'മാപ്പിള ലഹള' എന്നുതന്നെയാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചതും. അക്കാലത്ത് ഏറനാട് താലൂക്കില്‍ താമസിച്ചിരുന്ന അദ്ദേഹവും കുടുംബവും   ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള ബന്ധുഗൃഹത്തിലേക്ക് മാറി താമസിച്ചതും  ജീവനും സ്വത്തിനും ഭീഷണിയുയര്‍ന്നതിനാലാണ് നാടുവിടേണ്ടിവന്നത് എന്നും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു.  'ഏതാനും മാസങ്ങള്‍ക്കകത്ത് ഇതേ പ്രസ്ഥാനം 'മാപ്പിള ലഹള' യായി മാറി. ലഹള തുടങ്ങി നാലോ അഞ്ചോ ദിവസം ഞങ്ങള്‍ ഏലംകുളത്ത് തന്നെ താമസിച്ചു. ആ ദിവസങ്ങളിലൊന്നും അവിടങ്ങളില്‍ യാതൊരക്രമവും നടന്നിരുന്നില്ല. പക്ഷെ, പലേടത്തും അക്രമം നടക്കുന്നുണ്ടെന്ന് സംസാരമുണ്ടായിരുന്നു. ഇവിടെയും നടക്കുമെന്ന ഭയവും. അതുകൊണ്ട് ലഹളക്കാര്‍ വന്നു കുഴപ്പമുണ്ടാക്കാതിരിക്കുന്നതിന് ഞങ്ങളുടെ പടിക്കല്‍ സ്ഥിരമായി കാവലേര്‍പ്പെടുത്തി. ... താലൂക്ക് കച്ചേരി കയ്യേറി, നെല്ലും പണവും ചോദിക്കുകയും ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു... ഇതൊക്കെയാണ് കേള്‍ക്കുന്ന കഥകള്‍. ഈ സാഹചര്യത്തില്‍ എത്ര കാവലുണ്ടായാലും സ്ത്രീകളും കുട്ടികളും കുറച്ചുദിവസം മാറിത്താമസിക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു ' എന്ന് അദ്ദേഹം പറയുന്നു. അന്ന് എന്താണ് നടന്നതെന്നതിന് ഒരു സാക്ഷ്യപത്രമായി ഇത്  എടുക്കാമെന്ന് തീര്‍ച്ച. അതിനുശേഷം അദ്ദേഹവും സിപിഎമ്മുമൊക്കെ ഇസ്ലാമിക പക്ഷത്തു നിന്നുകൊണ്ടും ഈ കലാപത്തെ നോക്കികണ്ടിട്ടുണ്ട്. പക്ഷെ സ്വന്തം ജീവിതത്തിലെ അനുഭവം ഒരാള്‍ക്കും ഒരിക്കലും മറച്ചുവെക്കാനാവില്ലല്ലോ. അന്ന് നമ്പൂതിരിപ്പാടിനും കുടുംബത്തിനുമുണ്ടായ ദുരനുഭവങ്ങള്‍ കമ്മ്യുണിസ്റ്റുകാര്‍ ഓര്‍ക്കുമോ ആവോ.

അതൊക്കെ ആവര്‍ത്തിക്കുമെന്ന് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി വാഴുമ്പോള്‍ ഭീഷണി ഉയരുന്നത് കൊണ്ടുകൂടിയാണ് ഹിന്ദുക്കള്‍ ആശങ്കാകുലരാവുന്നത്. അനവധി ഹിന്ദു പ്രശ്‌നങ്ങളില്‍ ഇടതുമുന്നണി സ്വീകരിച്ച നിലപാടുകള്‍ അറിയാവുന്നവര്‍ക്ക് സംരക്ഷണം ഉണ്ടാവുമെന്ന് കരുതാനാവുമോ?  അതുകൊണ്ടാണ് രാഷ്ട്രീയ നേതാക്കള്‍ നിലപാട് വ്യക്തമാക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞത്. ഇത്തരം ജിഹാദികള്‍ക്കെതിരെ തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കേണ്ടിവരുന്നതും അതുകൊണ്ടാണ്.

comment
  • Tags:

LATEST NEWS


കേന്ദ്രസർക്കാർ കൈത്താങ്ങായി; പ്രിയ ഒരുക്കിയത് ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി


ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു


നന്ദുകൃഷ്ണ വധക്കേസ്: അന്വേഷണം അട്ടിമറിക്കുന്നു, ആകെ പിടിയിലായത് 10 പ്രതികൾ, ഉന്നതരുടെ ഇടപെടലിൽ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാകുന്നു


ഭീകരവാദശക്തികള്‍ക്കെതിരെ മുസ്ലീം സമൂഹം രംഗത്ത് വരണമെന്ന് എം. രാധാകൃഷ്ണന്‍, കുടുംബസഹായനിധി ഏറ്റുവാങ്ങി ശശികല ടീച്ചര്‍


വാക്‌സിന്‍ എടുത്തില്ലെങ്കിലും വയോധികന് വാക്‌സിന്‍ സര്‍ട്ടിഫിക്കെറ്റ് നല്‍കി ആരോഗ്യവകുപ്പ്; സാങ്കേതിക പിഴവെന്ന് ന്യായീകരണം


ഫ്രഞ്ച് കോടീശ്വരന്‍ ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം


പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത


മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.