ഒരു ഭാഷയും അതിലെ വാക്കുകള്‍, പ്രയോഗങ്ങള്‍ ഓരോരുത്തര്‍ക്കും ഇഷ്ടാനുസരണം പെരുമാറാന്‍ അനുവദിക്കാറില്ല, മലയാളത്തിലെപ്പോലെ. ഓരോ അച്ചടിശാലയ്ക്കും ഓരോ ശൈലിയാണ്, രീതിയാണ്, ലിപി വിന്യാസക്രമമാണ്. ഇതിന് ഏകസ്വഭാവം അനിവാര്യമാണ്. പറയുന്നതില്‍നിന്ന് വ്യത്യസ്തമായി, എഴുതുന്നതില്‍ ഏകസ്വരൂപം വേണ്ടതുതന്നെയാണ്. മനുഷ്യരെ ഐക്യമില്ലാത്തവരാക്കാന്‍, അവരുടെ ഭാഷ മറ്റൊരാള്‍ക്ക് മനസിലാകാത്തതാക്കിയാല്‍ മതി. പുകഴ്ത്തലോ പുലഭ്യമോ എന്നറിയാത്ത അവസ്ഥ വരും. സംഘര്‍ഷമാകും. ഇതുതന്നെയാണ് സംസ്‌കാരത്തിന്റെ ലോകത്ത് സംഭവിക്കുന്നത്.
ഷോറന്റ് ജാന്‍ എന്താണെന്നറിയാമോ? കേരളത്തിലെ ഒരു സ്ഥലപ്പേരാണ്. ഏറെ പ്രസിദ്ധം. ശരിയായ പേര് ശരിയായ രീതിയില്‍ എഴുതിയാല്‍ 'ങാഹാ! ഇതായിരുന്നോ' എന്ന് നിങ്ങളും ചോദിക്കും- ഷൊര്‍ണൂര്‍. ഷൊറണൂര്‍ 'ജംങ്ക്ഷന്‍' എന്ന എഴുതി നമ്മളെ ഭ്രമിപ്പിച്ച അതേ റെയില്‍വേതന്നെയാണ് ഷൊര്‍ണൂരിനെ 'ഷോറന്റ് ജാന്‍' ആക്കിയത്.
ഷൊര്‍ണൂരില്‍നിന്ന് സീസണ്‍ടിക്കറ്റെടുത്താല്‍, അത് കമ്പ്യൂട്ടര്‍ സംവിധാനത്തിലുള്ള ഡിജിറ്റല്‍ രീതിയിലായാല്‍ നിങ്ങള്‍ യാത്ര തുടങ്ങുകയോ അവസാനിപ്പിക്കുകയോ ചെയ്യുന്നത് 'ഷോറന്റ് ജാനില്‍' നിന്നാവും! മലയാളി എതിര്‍പ്പ് ഇല്ലാതെ ആ ടിക്കറ്റ് കൊണ്ടുനടക്കും; ഏറിയാല്‍ ഒന്ന് ചിരിക്കും, ആ ചിരി പങ്കുവെക്കും.
ഇതിനിടയിലാണ് മലയാളഭാഷയെ, ലിപിയെ, എഴുത്തുരീതിയെ 'മാനകീകരിക്കാന്‍' എന്ന പേരില്‍ 'ഏകീകരിക്കാന്‍' കൊണ്ടുപിടിച്ച് ശ്രമം നടക്കുന്നത്. ക്ലാസിക്കല്‍ ഭാഷയ്ക്ക്, അത് എല്ലാവരും ഒരുപോലെ എഴുതണമെന്നും വായിക്കണമെന്നും തോന്നാന്‍ ഇപ്പോഴെങ്കിലും 'തോന്നിയല്ലോ' എന്നാണ് ആശ്വാസം. പക്ഷേ, എളുപ്പമോ? ശ്രമങ്ങള്‍ തുടരട്ടെ, എന്നാല്‍ ഒന്നുപറയാം; ഏക സിവില്‍ നിയമം രാജ്യത്ത് നടപ്പിലായാലും ഏക തെരഞ്ഞെടുപ്പ് സംവിധാനം നിലവില്‍വന്നാലും ഏക ലിപി മലയാളത്തിന് എന്ന ആശയം നടപ്പിലാകാന്‍ പിന്നെയും വൈകിയേക്കും.
''ആറു മലയാളിക്ക് നൂറ് മലയാളം, അര മലയാളിക്കും ഒരു മലയാളം, ഒരു മലയാളിക്കും മലയാളമില്ല'' എന്ന കവി കുഞ്ഞുണ്ണിമാഷിന്റെ നിരീക്ഷണം സത്യമാണ്. ദേശഭേദങ്ങള്‍, പ്രാദേശിക വ്യത്യാസങ്ങള്‍ എന്നല്ല 'പ്രതിപാത്രം ഭാഷണഭേദം' എന്നതാണ് നമ്മുടെ സംസാരഭാഷാരീതി. അത് എഴുത്തിലും തുടരുന്നത്, സാഹിത്യത്തിന്റെ ലോകത്ത് ആവശ്യമായിരിക്കാം. അല്ലെങ്കില്‍ ''ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്'' എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിന് വ്യത്യസ്തത ഉണ്ടാകുമായിരുന്നില്ലല്ലോ. എന്നാല്‍, അച്ചടിയില്‍ ലിപിഏകീകരണം ആവശ്യം തന്നെയാണ്.
ഒരു ഭാഷയും അതിലെ വാക്കുകള്‍, പ്രയോഗങ്ങള്‍ ഓരോരുത്തര്‍ക്കും ഇഷ്ടാനുസരണം പെരുമാറാന്‍ അനുവദിക്കാറില്ല, മലയാളത്തിലെപ്പോലെ. ഓരോ അച്ചടിശാലയ്ക്കും ഓരോ ശൈലിയാണ്, രീതിയാണ്, ലിപി വിന്യാസക്രമമാണ്. ഇതിന് ഏകസ്വഭാവം അനിവാര്യമാണ്. പറയുന്നതില്‍നിന്ന് വ്യത്യസ്തമായി, എഴുതുന്നതില്‍ ഏകസ്വരൂപം വേണ്ടതുതന്നെയാണ്.
മനുഷ്യരെ ഐക്യമില്ലാത്തവരാക്കാന്‍, അവരുടെ ഭാഷ മറ്റൊരാള്‍ക്ക് മനസിലാകാത്തതാക്കിയാല്‍ മതി. പുകഴ്ത്തലോ പുലഭ്യമോ എന്നറിയാത്ത അവസ്ഥ വരും. സംഘര്‍ഷമാകും. ഇതുതന്നെയാണ് സംസ്‌കാരത്തിന്റെ ലോകത്ത് സംഭവിക്കുന്നത്. സാംസ്‌കാരികമായ ഐക്യബോധം ഇല്ലാതാക്കിയാല്‍ സംഘര്‍ഷവും സംഘട്ടനവും വിഘടനവും സാധ്യമാകും. അത് അറിയാവുന്നവര്‍ നടത്തുന്ന സാംസ്‌കാരിക ധ്വംസനങ്ങളുടെ ഒരു വശമാണ് ഭാഷയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. സംഭാഷണത്തിലെ ഭേദങ്ങള്‍ക്ക് പല കാരണങ്ങളുണ്ടാകാം. അതിന്റെ പേരില്‍ വിമര്‍ശിക്കുകയല്ല, മറിച്ച് ആ ഭേദങ്ങള്‍ ഇല്ലാതാക്കാനുള്ള പരിഹാരങ്ങളാണ് വേണ്ടത്. അച്ചടിയിലെങ്കിലും അത് സാധ്യമാകുകയാണെങ്കില്‍ അത്ഭുതം തന്നെയാകുമത്, അസാധാരണമായ നേട്ടവും.
ലിപിയുടെ ഏകീകരണത്തിന് സംസ്ഥാനസര്‍ക്കാര്‍ ഒരു സമിതി രൂപീകരിച്ചു. ആ സമിതി, ഭാഷയിലെ ലിപിയെ, ഒരുകാലത്ത് 'കമ്പ്യൂട്ടര്‍ ടൈപ്പിങ്ങിന്' സാങ്കേതിക സംവിധാനങ്ങള്‍ക്ക് അനുസൃതമായി ലിപി പരിഷ്‌കരിച്ചു. ഓരോരോ ലിപികളെ പിരിച്ച് എഴുതി, പുതിയ എഴുത്തുമാതൃക ഒരുകാലത്ത് അംഗീകരിച്ചു. ഇപ്പോള്‍ അവയെ പിന്നെയും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പലതും പഴയപടിയാക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ്. സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി, സര്‍ക്കാര്‍ വിവിധ വേദികളില്‍ ചര്‍ച്ച നടത്തുകയാണ്. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി, പത്രാധിപന്മാരുടെയും പത്രപ്രതിനിധികളുടെയും യോഗം വിളിച്ചു. കവികൂടിയായ ചീഫ് സെക്രട്ടറി, ഭാഷാശാസ്ത്രം വിശദീകരിച്ച് സര്‍ക്കാര്‍ ലക്ഷ്യവും പദ്ധതിയും വ്യക്തമാക്കി. തുടര്‍ന്ന് മറ്റു ചില വേദികളിലും ചര്‍ച്ച നടത്തി, സുദീര്‍ഘമായ നടപടിക്രമങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ അച്ചടിരംഗത്ത് മുഴുവന്‍ ഏകസ്വഭാവം ഉണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
പക്ഷേ, വലിയൊരു യജ്ഞമാണ് നടക്കാന്‍ പോകുന്നത്. പാലാഴി കടഞ്ഞതുപോലെയാണ്. വിഘ്‌നങ്ങള്‍ ഏറെയുണ്ടാകും. അതിന് പക്ഷവും പ്രതിപക്ഷവും വരും. ഒരു വാസുകി മാത്രമല്ല കാളകൂടം വമിക്കുക. മന്ഥരപര്‍വ്വതം താഴും. ദേവാസുരന്മാര്‍ തമ്മില്‍ തര്‍ക്കിക്കും. അതെല്ലാം അതിജീവിച്ച് അമൃതം നേടണം. അത്ര എളുപ്പമല്ല. ആകെ സമാധാനം, ചീഫ് സെക്രട്ടറി വി.പി.ജോയി പറഞ്ഞതിലാണ്, ഇപ്പോള്‍ അംഗീകരിച്ച പദ്ധതി പ്രകാരം പോയാല്‍ മലയാളം അമ്പത്തൊന്നക്ഷരാളിയായി തുടരും. അക്ഷരം വേദമാകുന്ന ശാഖയില്‍ തുടങ്ങിയോ, വാക്ക് ദേവതയാണോ, ഭാഷയുടെ അധീശ സരസ്വതിയാണോ തുടങ്ങിയ ചര്‍ച്ചകളിലേക്ക് പോകാതിരുന്നാല്‍ പ്രധാന കടമ്പ കടക്കാം. അതല്ലെങ്കില്‍ അവിടെത്തുടങ്ങും മഥനം നടക്കാതാകും.
പ്രധാന വിഷയം മലയാളം സംസ്‌കൃതത്തില്‍നിന്നോ ദ്രാവിഡത്തില്‍നിന്നോ ഉത്ഭവിച്ചത് എന്ന അടിസ്ഥാന കാര്യത്തിലാണ്. അതും തത്കാലം വിടുക. ഇപ്പോഴത്തെ സമിതി അംഗീകരിച്ച തത്ത്വങ്ങള്‍ സ്വീകരിക്കുന്നുവെന്ന് വയ്ക്കുക. അങ്ങനെയാണെങ്കില്‍ ഇനി 'തത്വ'മെന്നേ എഴുതാനാവൂ. കാരണം, മൂന്ന് അക്ഷരങ്ങള്‍ ചേരുന്ന കൂട്ടെഴുത്ത് വേണ്ടെന്നാണ് പുതിയ തീരുമാനം. 'തത്ത്വ'ത്തില്‍ 'ത്ത്വ' എന്നത് ത്+ത്+വ ആണ്. രണ്ടക്ഷരം വരെയേ ചേര്‍ക്കാവൂ എന്നാകുമ്പോള്‍ അത് 'തത്വ'മാകും. എന്നാല്‍, സന്ധിപ്രകാരം ഭാഷയില്‍ രണ്ട് 'ത' ചേരുമ്പോള്‍ 'ത്ത' വരണം. ശബരിമലയിലെഴുതിവെച്ചിരിക്കുന്ന 'തത്ത്വമസി' മാറ്റണം. അല്ലെങ്കില്‍ അത് സംസ്‌കൃതം ലിപിയില്‍ മാറ്റിയെഴുതണം. അ'ദ്ധ്യാ'പകന്‍ വേണ്ട- 'ദ്+ധ്+യ' വേണ്ട. മൂന്നക്ഷരമാകും. 'ധ്+യ' മതി. 'മൂന്നക്ഷരം' (ഗുരുത്വം) തൊട്ടാണ് കളി!
ശരി, ഇന്നിപ്പോള്‍ ഇതുകൊണ്ട് ഭാഷയില്‍, സംസ്‌കാരത്തില്‍, ലിപിയുടെ സാമൂഹ്യ ഐക്യം ഉണ്ടാകാതിരിക്കണ്ട എന്ന് കരുതി അംഗീകരിക്കുന്നുവെന്ന് വയ്ക്കുക. പക്ഷേ, 'പാര്‍ട്ടി'യില്‍ ഇത്തരമൊരു പരിഷ്‌കാരം സമ്മതമാകുമോ. എഴുതുമ്പോള്‍ 'ര്‍' എന്ന ചില്ലക്ഷരം കഴിഞ്ഞ് അനുനാസികം (മൂക്കുകൊണ്ട് ഉച്ചരിക്കുന്നതെന്ന് തോന്നിക്കുന്നവ- ങ, ഞ, ണ, ന, മ) ഖരാക്ഷരം (ക, ഖ, ഗ, ഘ, ങ) എന്നിവ വന്നാല്‍ അവ ഇരട്ടിക്കണം, മറ്റൊന്നും ഇരട്ടിക്കണ്ട എന്നുമാണ് പുതിയ തീരുമാനം. അതനുസരിച്ച് 'ധര്‍മം' പോരാ 'ധര്‍മ്മം' വേണം. നല്ലത്, ശരി. സ്വര്‍ണ്ണം വേണം, 'നിര്‍ന്നിമേഷം' വേണം. ചര്‍ക്ക, സ്വര്‍ഗ്ഗം എന്നിവയാകും ശരി. അപ്പോള്‍ 'പാര്‍ട്ടി' എന്നു വേണം 'പാര്‍ടി' പോരാ. ഈ വിഷയത്തില്‍ പത്രങ്ങള്‍ക്കെല്ലാം ഒരേ നിലപാട് വന്നാല്‍ ഇതുവരെ എഴുതിയത് തെറ്റായതിനാല്‍ തിരുത്താന്‍ 'ദേശാഭിമാനിപ്പത്രം' തയാറാകുമോ. സിപിഎം അവരുടെ രേഖകളിലും ലേഖനങ്ങളിലും 'പാര്‍ടി'യെന്നാണ് കുറിക്കുക. അത് 'പാര്‍ട്ടി'യാക്കണം! സമ്മതിക്കുമോ? സംശയം തീര്‍ക്കാന്‍, യോഗത്തില്‍ പങ്കെടുത്തപ്പോള്‍ ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ഞാന്‍ ചോദിച്ചു. മറുപടി- 'നിയമപ്രകാരം അങ്ങനെ വേണ്ടിവരും. മഥനത്തില്‍ ഇത് മറ്റൊരു മന്ഥരം താഴലാകുമോ, കാകോള വമനമാകുമോ എന്നെല്ലാം കണ്ടറിയണം. സര്‍ക്കാരിന്റെ സകല രേഖകളിലും എല്ലാ പോലീസ് വണ്ടിയിലും ബോര്‍ഡ് 'പോലീസ്' എന്നാണ്. അത് 'പൊലീസ്' ആകണമെന്നാണ് പുതിയ നിയമം. ഇങ്ങനെ പരിഷ്‌കാര നിര്‍ദേശങ്ങള്‍ ഒട്ടേറെയാണ്.
മലയാളത്തിനാകെ ഒരു ശൈലീപുസ്തകം എന്നതാണ് ലക്ഷ്യം. നല്ലതാണ്. ഇംഗ്ലീഷ് ഭാഷയില്‍ ഉച്ചാരണത്തില്‍ ഭേദമുണ്ടായാലും ലിപിയില്‍, അക്ഷരങ്ങളില്‍ ഏകരൂപമുണ്ട്. ഉച്ചാരണം കേട്ട് വാക്ക് ഏതെന്ന് തിരിച്ചറിഞ്ഞ് സ്‌പെല്ലിങ് പറയുന്ന മത്സരം പോലും ബ്രിട്ടനിലും മറ്റും സാധാരണമാണ്. മിക്കവാറും മലയാളിക്കുട്ടികള്‍ മത്സരത്തില്‍ വിജയികളുമാകും. മലയാളത്തില്‍ അത്തരം മത്സരങ്ങള്‍ നടത്തുന്നതും ആലോചിക്കുന്നതായി ചീഫ് സെക്രട്ടറി പറഞ്ഞു.
എല്ലാവര്‍ക്കും ശൈലീപുസ്തകം ലഭ്യമാക്കും, ശബ്ദതാരാവലി എന്ന അര്‍ത്ഥമറിയാനുള്ള, പ്രയോഗം തിരിച്ചറിയാനുള്ള മലയാള നിഘണ്ടു എല്ലാവര്‍ക്കും ലഭ്യമാക്കും, അത് കാലികമായി പരിഷ്‌കരിക്കും. അച്ചടിക്കാന്‍ സാങ്കേതിക സംവിധാനം ലഭ്യമാക്കി ലിപി ഏകീകരിക്കാന്‍ സഹകരിക്കും തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാരിനുണ്ട്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ മലയാളം ഉപയോഗിക്കാന്‍ സഹകരിക്കുന്ന വന്‍കിട കമ്പനികള്‍ക്ക് അവരുടെ സാങ്കേതികവിദ്യ മാറ്റേണ്ടിവരും. അത് അത്ര എളുപ്പമല്ല. സമയം വേണ്ടിവരും. എങ്കിലും അങ്ങനെയൊരു ഏകരൂപം ഉണ്ടാവുന്നത് നല്ലതാണ്. അതിന് വ്യക്തികള്‍ക്കുള്ള അവബോധത്തേക്കാള്‍ ശക്തമായ, സ്ഥാപനങ്ങളുടെ 'ഈഗോ' ഇല്ലാതാകണം. പത്രസ്ഥാപനങ്ങള്‍ 'കീഴടങ്ങുകയോ' മറ്റുള്ളവരുടെ 'മേല്‍ക്കോയ്മ' അംഗീകരിക്കുകയോ ചെയ്യണം. സാംസ്‌കാരികമായ വേഷത്തിലും ഭാഷയിലുമുള്‍പ്പെടെ അവനവന് തോന്നുന്നത് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് വാദിച്ച് യുദ്ധം ചെയ്യുന്നവര്‍ 'ഭാഷയില്‍' ഒത്തുതീര്‍പ്പുകള്‍ക്ക് തയാറാകേണ്ടിവരും. അങ്ങനെയൊക്കെ സംഭവിക്കാന്‍ കാലമേറെപ്പിടിക്കും.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറിക്ക് ഒരുവര്‍ഷംകൂടി ആ പദവിയില്‍ സമയമുണ്ട്. അതിന് മുമ്പ് സാധ്യമാക്കിയാല്‍ 2013 മെയ് മാസം ക്ലാസിക് പദവി നേടിയ മലയാളഭാഷ, പത്തുവര്‍ഷം കൊണ്ട്, 100 കോടി രൂപ ലഭിച്ചിട്ട് എന്തുചെയ്തുവെന്ന് ചോദിച്ചാല്‍ പറയാന്‍ ഒരു വിഷയമാകും. പ്രോഗ്രസ് കാര്‍ഡ് എന്നാല്‍ ചെയ്തതും അതിന്റെ ഫലവും രേഖപ്പെടുത്തുന്നതാണല്ലോ. അല്ലാതെ ചെയ്യാന്‍ പോകുന്നതിനെക്കുറിച്ചുള്ള പ്രകടന പത്രികയല്ലല്ലോ.
പിന്‍കുറിപ്പ്: വിദ്യാലയവര്‍ഷം തുടങ്ങിയപ്പോള്‍ പ്രവേശനോത്സവത്തിലെ പാട്ടും നൃത്തവും ആഘോഷവും അലങ്കാരവും കുട്ടികളുടെ ആനന്ദവും കണ്ടപ്പോള്‍ ഓര്‍മിക്കാന്‍ ശ്രമിക്കുകയായിരുന്നു- നമ്മുടെ കലാലയങ്ങളില്‍നിന്ന് കലാപരിശീലനത്തിന്റെ 'ബഹിഷ്‌കരണാടിയന്തരം' നടന്നത് എന്നു മുതലായിരുന്നു? എന്തിനായിരുന്നു അത്? എന്താണ് നേടിയത്? ആരായിരുന്നു കാരണക്കാര്‍? കലയും ഭാഷയും സംസ്‌കാരവുമാണ് നമ്മുടെ അന്തസ്സത്ത.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജനസംഖ്യാ നയം രൂപവത്കരിക്കണം
ഇസ്ലാമിക അധിനിവേശകര്‍ക്കെതിരെ ഇന്ത്യന്‍ യോദ്ധാക്കള്‍ നേടിയ വിജയങ്ങള്‍; അംഗീകൃത ചരിത്ര പുസ്തകങ്ങള്‍ തമസ്ക്കരിച്ച പോരാട്ട ചരിത്രം
മുസ്ലീം ലീഗ് എന്ന ബ്രിട്ടീഷ് സന്തതി; ഇപ്പോഴും വിഭജന അജണ്ട
കലാപം ആളിക്കത്തിച്ചവര്‍...
പുതിയ കുപ്പിയില്‍ വീര്യം പോയ പഴയവീഞ്ഞ്; പരിഹാസ്യമായി ബിബിസി
ശിശുദിന സ്റ്റാമ്പിലെ കപട രാഷ്ട്രീയം