×
login
കേരളം പതിഭാശാലികളുടേയും കഠിനാധ്വാനികളുടേയും നാട്

തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പൗരസ്വീകരണ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

ഹാവിഷ്ണുവിന്റെ വാസസ്ഥലമായ തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രതിഭാശാലികളും കഠിനാധ്വാനികളുമായ കേരളിയരുടെ ആത്മാര്‍ഥത, വൈദഗ്ധ്യം, സംരംഭകത്വം എന്നിവ ആഗോളതലത്തില്‍ ആദരിക്കപ്പെട്ടിട്ടുണ്ട്. മലയാളി പ്രവാസികളിലൂടെ ഇന്ത്യയുടെ മഹത്വം പ്രചരിപ്പിക്കുന്നവരാണു കേരളത്തിലെ ജനങ്ങള്‍. കേരളത്തിലെ ജനങ്ങളുടെ കോസ്‌മോപൊളിറ്റന്‍ കാഴ്ചപ്പാട് അനുകരണീയമാണ്.  

മനോഹരമായ ഭാഷയാലും സംസ്‌കാരത്താലും കോര്‍ത്തിണക്കപ്പെട്ട് എല്ലാ മതവിശ്വാസികളും സൗഹാര്‍ദത്തോടെ ഒന്നിച്ചു കഴിയുന്ന നാടാണു കേരളം. രാജ്യത്തിന്റെ സമഗ്രവികസനത്തിനും ലോകത്ത് അതിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനും നല്‍കിയ സംഭാവനകള്‍ക്ക് കേരളത്തിലെ എല്ലാ ജനങ്ങളെയും അഭിനന്ദിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ആദിശങ്കരാചാര്യരുടെ നാടായ കേരളം ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി, പൊയ്കയില്‍ അപ്പച്ചന്‍, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടു. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട്, ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍, കെ.ആര്‍. ഗൗരിയമ്മ തുടങ്ങിയവര്‍ കേരളത്തിന്റെ സമ്പന്നമായ രാഷ്ട്രീയ പാരമ്പര്യത്തില്‍ ഉള്‍പ്പെടുന്നു. ജി. ശങ്കരക്കുറുപ്പ്, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവന്‍ നായര്‍, ഒ.വി. വിജയന്‍, ഒ.എന്‍.വി. കുറുപ്പ്, അക്കിത്തം അച്യുതന്‍ നമ്പൂതിരി തുടങ്ങിയ മഹാരഥര്‍ ആധുനിക ഇന്ത്യന്‍ സാഹിത്യത്തെ സമ്പന്നമാക്കിയവരാണ്. ശാസ്ത്ര ഗവേഷണത്തിനും വികസനത്തിനും നിരവധി അത്യാധുനിക സൗകര്യങ്ങളുള്ള നാടാണ് കേരളം. മെട്രോമാന്‍ ഇ. ശ്രീധരന്‍, 'മിസൈല്‍ വനിത' ടെസി തോമസ്, പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ എന്നിവര്‍ ശാസ്ത്ര സാങ്കേതിക മേഖലകളിലെ മികവിന്റെ ഉദാത്ത മാതൃകകളാണ്.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും കേരളം മുന്നിലാണ്. രാജ്യത്ത് ഏറ്റവും മികച്ച സ്ത്രീപുരുഷ അനുപാതം കേരളത്തിലാണ്. സ്ത്രീ സാക്ഷരതയിലുള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുള്ള സംസ്ഥാനവും കേരളമാണ്. അമ്മമാരുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശിശുമരണനിരക്ക് തടയുന്നതിലും കേരളം മികച്ച പ്രകടനമാണു കാഴ്ചവയ്ക്കുന്നത്.  


ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍ സ്ത്രീശാക്തീകരണത്തിന്റെ തിളക്കമാര്‍ന്ന മാതൃകകള്‍ കേരളത്തിന്റെ സാമൂഹ്യ ഘടനയിലെ ഓരോ വിഭാഗത്തിലും കാണാം. ആയോധന കലയിലൂടെ സ്വയംസഹായത്തിന്റെ ഉജ്വലമായ മാതൃകയാണ് ഉണ്ണിയാര്‍ച്ച മുന്നോട്ടുവച്ചത്. വസ്ത്രധാരണം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളില്‍, ദളിത് സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച അന്യായമായ ആചാരങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണു നങ്ങേലി തന്റെ ജീവന്‍ ബലിയര്‍പ്പിച്ചത്. സാമൂഹിക അന്തസിനും നീതിക്കുമായി പോരാടുന്നവരുടെ തലമുറകള്‍ക്ക് അവര്‍ പ്രചോദനമാണ്. രാജ്യത്തിന്റെ ഭരണഘടനാ നിര്‍മാണസഭയിലുണ്ടായിരുന്ന പതിനഞ്ചു വനിതാ അംഗങ്ങളില്‍ മൂന്നുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. അമ്മു സ്വാമിനാഥന്‍, ദാക്ഷായണി വേലായുധന്‍, ആനി മസ്‌ക്രീന്‍ എന്നിവര്‍ അവരുടെ കാലത്തെക്കാള്‍ ഏറെ മുന്നില്‍ സഞ്ചരിച്ചവരായിരുന്നു. ഭരണഘടനാ നിര്‍മാണ സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിതയായിരുന്നു ദാക്ഷായണി വേലായുധന്‍.

ഇന്ത്യയില്‍ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത ജസ്റ്റിസ് അന്ന ചാണ്ടിയാണ്. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി ജസ്റ്റിസ് എം. ഫാത്തിമ ബീവി നിയമചരിത്രം സൃഷ്ടിച്ചു. 2018ല്‍ 96-ാം വയസ്സില്‍ അക്ഷരലക്ഷം പദ്ധതിപ്രകാരം ഒന്നാം റാങ്ക് കരസ്ഥമാക്കി കാര്‍ത്യായനി അമ്മ ദേശീയ പ്രതീകമായി മാറി. മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് സമ്മാനിക്കാനുള്ള ഭാഗ്യമുണ്ടായി. ഒരു ഗിരിവര്‍ഗ വനിത എന്ന നിലയില്‍, നഞ്ചിയമ്മ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക്, പ്രചോദനമായിട്ടുണ്ട്. 'പയ്യോളി എക്‌സ്പ്രസ്' പി.ടി. ഉഷ പിന്നീടുവന്ന തലമുറകളിലെ പെണ്‍കുട്ടികള്‍ക്ക് കായികരംഗം കരിയര്‍ ആയി സ്വീകരിക്കാനും ഇന്ത്യയുടെ യശസു വര്‍ധിപ്പിക്കാനും പ്രചോദനമായി.

ഇന്ത്യന്‍ ഭാഷകളില്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ശുപാര്‍ശ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പിലാക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.  ഇന്ത്യന്‍ ഭാഷകളിലൂടെ വിദ്യാഭ്യാസത്തിലേക്കുള്ള  പുനഃക്രമീകരണം സ്വാഗതാര്‍ഹമായ മാറ്റമാണ്. സമീപഭാവിയില്‍ പ്രൊഫഷണല്‍, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള യഥാര്‍ഥ പുസ്തകങ്ങള്‍ മലയാളത്തില്‍ എഴുതപ്പെടുമെന്ന് ഉറപ്പുണ്ട്. യുനെസ്‌കോയുടെ ആഗോള പഠനശൃംഖലയിലെ മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ രണ്ടെണ്ണം തൃശ്ശൂരും നിലമ്പൂരുമാണ്. സമഗ്രവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തോടു കേരളത്തിനുള്ള വ്യക്തമായ പ്രതിബദ്ധതയ്ക്ക് അനുസൃതമാണത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.