×
login
നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും

സമീപ വര്‍ഷങ്ങളില്‍, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസിംഗര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഫിന്‍ലാന്‍ഡ് മോഡല്‍ അല്ലെങ്കില്‍ 'ഫിന്‍ലാന്‍ഡൈസേഷ' നായി വാദിച്ചിരുന്നു. 1929 ല്‍ സഖ്യത്തിന് 12 സ്ഥാപക അംഗങ്ങളുണ്ടായിരുന്നു. സ്വീഡനും ഫിന്‍ലാന്‍ഡും നാറ്റോയുടെ 31 ഉം 32 ഉം അംഗങ്ങളായി എന്ന് മാറും എന്നാണ് ഇനി അറിയേണ്ടത്

ഡോ. സന്തോഷ് മാത്യു

(പോണ്ടിച്ചേരി കേന്ദ്രസര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറാണ് ലേഖകന്‍)

ഉക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യയെ ഭയന്ന് രാജ്യങ്ങള്‍ കൂട്ടത്തോടെ നാറ്റോയില്‍ ചേക്കേറാന്‍ ഒരുങ്ങുന്നത് യൂറോപ്പിന്റെ മുഖച്ഛായ മാറ്റുമെന്ന സൂചനയാണ് നല്കുന്നത്. റഷ്യന്‍ മുന്നറിയിപ്പ് അവഗണിച്ച് നാറ്റോയില്‍ ചേരുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു ഫിന്‍ലാന്‍ഡ്. വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിരാജ്യമായ ഫിന്‍ലന്‍ഡുമായി റഷ്യ 1340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോയും പ്രധാനമന്ത്രി സന മരിനും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നാറ്റോയില്‍ ചേരാന്‍ അപേക്ഷിക്കുമെന്ന് അറിയിച്ചത്. തീരുമാനം ഫിന്‍ലന്‍ഡ് പാര്‍ലമെന്റ് അംഗീകരിക്കുന്നതോടെ നാറ്റോയിലേക്ക് അപേക്ഷ നല്കാം. അടുത്ത ആഴ്ചയോടെ ഫിന്‍ലന്‍ഡിന്റെ അപേക്ഷ നാറ്റോ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. തീരുമാനം ചരിത്രപരമാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പറഞ്ഞു. റഷ്യ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. 1917 ല്‍ സ്വാതന്ത്ര്യം പ്രാപിക്കുന്നതുവരെ ഒരു നൂറ്റാണ്ടിലേറെ കാലം ഫിന്‍ലാന്‍ഡ് റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ 200 വര്‍ഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലര്‍ത്തുന്ന സ്വീഡനും  നാറ്റോ സഖ്യത്തില്‍ അംഗമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.സ്വീഡിഷ് ജനതയ്ക്കും ഏറ്റവും നല്ലത് നാറ്റോയില്‍ ചേരുകയായിരിക്കുമെന്ന് പ്രധാനമന്ത്രി മഗ്ദലെന ആന്‍ഡേഴ്സനും പറഞ്ഞു. ആക്രമണ ഭീഷണിയുണ്ടായാല്‍ ഫിന്‍ലാന്‍ഡിനും സ്വീഡനുമൊപ്പം നില്ക്കുമെന്നു നാറ്റോയില്‍ അംഗത്വമുള്ള നോര്‍ഡിക് രാജ്യങ്ങളായ നോര്‍വേയും ഡെന്‍മാര്‍ക്കും ഐസ്ലാന്‍ഡും പ്രഖ്യാപിച്ചു. എന്നാല്‍ തുര്‍ക്കി,  സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോയില്‍ ചേരാനുള്ള ചരിത്രപരമായ ശ്രമത്തെ സങ്കീര്‍ണ്ണമാക്കി മാറ്റിയിരിക്കയാണ്. തീവ്രവാദികള്‍ക്ക് അഭയം നല്കുന്ന രാജ്യങ്ങളാണ് സ്വീഡനും ഫിന്‍ലാന്‍ഡുമെന്ന് ആരോപിച്ച് തുര്‍ക്കിയാണ് ഇരു രാജ്യങ്ങള്‍ക്കുംഅംഗത്വം നല്കുന്നതിനെതിരെ രംഗത്തുള്ളത്. ഈ രാജ്യങ്ങളുടെയും  അപേക്ഷകള്‍ക്കുള്ള പ്രധാന തടസം 1952 മുതല്‍ നാറ്റോയില്‍ അംഗമായ തുര്‍ക്കിയാണ്. അമേരിക്ക കഴിഞ്ഞാല്‍ നാറ്റോയുടെ രണ്ടാമത്തെ വലിയ സൈന്യമുള്ള രാജ്യം. തുര്‍ക്കി, ഇറാഖ്, ഇറാന്‍, സിറിയ എന്നിവിടങ്ങളിലെ കുര്‍ദിഷ് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക കുര്‍ദിസ്ഥാനിനായി പോരാടുന്ന സായുധ പ്രസ്ഥാനമായ പികെകെ എന്ന കുര്‍ദിഷ് ഗ്രൂപ്പിന്റെ നേതാക്കള്‍ക്ക് ഇരു രാജ്യങ്ങളും സുരക്ഷിത താവളമൊരുക്കിയതിന്റെ അടിസ്ഥാനത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനാണ് ഈ രാജ്യങ്ങളുടെ അപേക്ഷകളെ എതിര്‍ക്കുന്നത്.


നിലവിലെ 30 നാറ്റോ രാജ്യങ്ങളും പുതിയ അംഗങ്ങള്‍ക്കുള്ള വാതില്‍ തുറക്കാന്‍ സമ്മതിക്കണം-അതാണ് പ്രധാന കടമ്പ.സിറിയ,ഇറാഖ്,തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള കുര്‍ദുകള്‍ ഉള്‍പ്പെടെയുള്ളവരെ  സ്വീഡന്‍ സമീപകാല ദശകങ്ങളില്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ഇതാണ് തുര്‍ക്കിയുടെ പ്രകോപനം. കുര്‍ദിഷ് പോരാളികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇരുരാജ്യങ്ങളുടെയും സന്നദ്ധതയെ തുര്‍ക്കി പ്രസിഡന്റ്  വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങളില്‍ നിന്നുള്ള നാറ്റോ അപേക്ഷകള്‍ തടയുമെന്നും തുര്‍ക്കി വ്യക്തമാക്കിയിട്ടുമുണ്ട്. നാറ്റോ സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യം എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ പുറമേ നിന്ന് ഒരു രാജ്യത്തിനും സഖ്യത്തിലേക്ക് പ്രവേശിക്കാനാകില്ല.നാറ്റോയില്‍ ചേരാന്‍ ശ്രമിച്ച ഉക്രൈനെതിരെ റഷ്യ യുദ്ധം തുടരുകയാണ്. സിറിയയിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് സ്വീഡന്‍ തുര്‍ക്കിക്കെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് എതിര്‍പ്പിന് മറ്റൊരു കാരണം. തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് സ്വീഡനും ഫിന്‍ലാന്‍ഡും അഭയം നല്കുന്നുവെന്നാണ് തുര്‍ക്കിയുടെ ശക്തമായ ആരോപണം. യൂറോപ്പിലെ ഏറ്റവും അധികം ആയുധ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ്  ഫിന്‍ലാന്‍ഡ്. അമേരിക്കയെ വെല്ലുന്ന സബ്മറൈനുകളും സ്വീഡന് സ്വന്തമായുണ്ട്.

ഒരു കാലത്തു പ്രാദേശിക സൈനിക ശക്തിയായിരുന്ന സ്വീഡന്‍, നെപ്പോളിയന്‍ യുദ്ധങ്ങള്‍ അവസാനിച്ചതിനുശേഷം സൈനിക സഖ്യങ്ങള്‍ ഒഴിവാക്കി യിരുന്നു. ഫിന്‍ലാന്‍ഡിനെപ്പോലെ ശീതയുദ്ധകാലത്തുടനീളം നിഷ്പക്ഷത പാലിച്ചുവെങ്കിലും 1991 ലെ സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷം നാറ്റോയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. 1995 ല്‍ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്നതിന് ശേഷം അവര്‍ തങ്ങളെ നിഷ്പക്ഷരായി കാണുന്നില്ല, എന്നാല്‍ ഇതുവരെ സൈനികമായി ചേരിചേരാതെ തുടരുകയും ചെയ്യുന്നു. ബാള്‍ട്ടിക് കടലിന് നടുവിലുള്ള സ്വീഡനിലെ ഗോട്ട്‌ലാന്‍ഡ് ദ്വീപ് നാറ്റോയ്ക്ക് തന്ത്രപരമായ നേട്ടം നല്കും. യുഎസും കാനഡയും വിവിധ യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്നുള്ള സൈനിക സഖ്യമാണ് നാറ്റോ. റഷ്യയുടെ പഴയ രൂപമായ സോവിയറ്റ് യൂണിയനെ പ്രതിരോധിക്കാനായി 1949 ല്‍ പിറവിയെടുത്ത സഖ്യത്തില്‍ നിലവില്‍ 30 രാഷ്ട്രങ്ങളുണ്ട്. ഒരു പക്ഷത്തും നില്ക്കാതെ നിലയുറപ്പിച്ചിരുന്ന സ്വിറ്റ്സര്‍ലാന്‍ഡും അവസാനം അമേരിക്ക നേതൃത്വം നല്കുന്ന നാറ്റോയുമായി സഹകരണത്തിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലാന്‍ഡ് പക്ഷേ, അംഗത്വമെടുക്കില്ലെങ്കിലും സജീവ സൈനിക സഹകരണം ഉറപ്പാക്കാനാണ് ഒരുങ്ങുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ ഒരു രാഷ്ട്രമായി നിലകൊളുന്ന ആല്‍പ്സ് പര്‍വത നിരകള്‍ അതിരിടുന്ന ഈ കൊച്ചു രാജ്യം 1815 മുതല്‍ ഒരു വഴക്കിനും യുദ്ധത്തിനും പോയിട്ടില്ല .എന്തിനേറെ ഒന്നും രണ്ടും ലോകമഹായുദ്ധത്തില്‍ പോലും കടുത്ത നിഷ്പക്ഷതയാണ് പ്രകടിപ്പിച്ചത്. ജര്‍മന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളെ ഒരേപോലെ സ്നേഹിക്കുന്ന, ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള സ്വിറ്റസര്‍ലാന്‍ഡ് പ്രതിരോധത്തിനായി ഒരു സേനയെയും നിലനിര്‍ത്തുന്നില്ല .പ്രായ പൂര്‍ത്തിയായ എല്ലാ പുരുഷന്മാര്‍ക്കും സൈനിക വിദ്യാഭ്യാസം നിര്‍ബന്ധം. എന്നാല്‍ അത് യുദ്ധത്തിനല്ല.തികച്ചും സമാധാന ആവശ്യങ്ങള്‍ക്ക് മാത്രമാണ് അവര്‍  പ്രതിരോധ സേനയെ പുലര്‍ത്തുന്നത്. എന്നാല്‍ സ്വിസ് ഗാര്‍ഡ് എന്ന പേരിലുള്ള ചെറു കൂട്ടമുണ്ട്. 200ല്‍ താഴെ മാത്രമാണ് ഗാര്‍ഡുകള്‍. അവരുടെ ചുമതലയാകട്ടെ മാര്‍പാപ്പയുടെ സംരക്ഷണവും.1515 മുതല്‍ ഒരു കൂട്ടിച്ചേര്‍ക്കലും വിട്ടുകൊടുക്കലും ഈ രാജ്യത്തിന്റെ ഭൂപടത്തില്‍ ഉണ്ടായിട്ടില്ല.1815 ല്‍ രാഷ്ട്രം അതിന്റെ നിഷ്പക്ഷത ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്തു. 1291 മുതല്‍ നിലവിലുള്ള സ്വിറ്റ്സര്‍ലാന്‍ഡ് എന്ന പഴക്കമേറിയ രാജ്യം വിശുദ്ധ റോമാ സാമ്രജ്യത്തില്‍ നിന്ന് പൂര്‍ണമായും വിടുതല്‍ നേടിയത് മുപ്പതുവര്‍ഷ യുദ്ധങ്ങളുടെ ഒടുവില്‍ എത്തിച്ചേര്‍ന്ന വെസ്റ്റഫാലിയ (1648) ഉടമ്പടിയോടെയാണ്. ഏറ്റവുമധികം അന്താരാഷ്ട്ര സംഘടനകളുടെ തലസ്ഥാനം സ്ഥിതി ചെയ്യുന്നതിവിടെയാണ്? കാരണം, ആ രാജ്യം പുലര്‍ത്തി പോരുന്ന നിഷ്പക്ഷത തന്നെ. എന്നാല്‍ ഈ രാജ്യം ആതിഥേയത്വം വഹിക്കുന്ന പല സംഘടനകളിലും സ്വിറ്റ്സര്‍ലാന്‍ഡ് ഏറെ വൈകി മാത്രമാണ് ചേര്‍ന്നത്, അല്ലെങ്കില്‍ ചേര്‍ന്നിട്ടേയില്ല എന്നൊരു വൈരുധ്യവുമുണ്ട് .യൂറോപ്പിന്റെ ഒത്തനടുക്കായി കടല്‍ സാമിപ്യമില്ലാത്ത സ്വിറ്റ്സര്‍ലാന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ല. അന്താരാഷ്ട്ര സംഘടനകള്‍, അവയുടെ തലസ്ഥാനം എന്നിവയൊക്കെ ചര്‍ച്ചകളില്‍ വരുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്ന ചില നഗരങ്ങളുണ്ട് :ജനീവ ,ബേണ്‍,ദാവോസ് ,സൂറിച്,ബാസില്‍, ലൗസണ്‍, നിയോണ്‍. ഇവയെല്ലാം വിവിധ അന്തര്‍ദേശീയ സംഘടനകളുടെ തലസ്ഥാന നഗരങ്ങളാണ്. സ്വിസ് നഗരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജനീവ. നിരവധി സമാധാന സന്ധികള്‍ക്കു വേദിയായ ഇവിടെയാണ് നയതന്ത്ര തലങ്ങളില്‍ പുലര്‍ത്തേണ്ട മര്യാദകള്‍ സംബന്ധിച്ച ജനീവ പ്രോട്ടോക്കോളിന്റെ ഉത്ഭവവും. യുദ്ധക്കുറ്റവാളികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സംബന്ധിച്ചുള്ള നിയമാവലിയും ജനീവയിലാണ് തയ്യാറാക്കിയത്. നിരവധി സംഘടനകള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന സ്വിറ്റ്സര്‍ലാന്‍ഡ് ഐക്യ രാഷ്ട്ര സംഘടനയില്‍ ചേര്‍ന്നത് 2002 ലാണ്. സ്വിറ്റ്സര്‍ലാന്‍ഡ് 1815 ലെ വിയന്ന ഉടമ്പടി പ്രകാരം അതിന്റെ നിഷ്പക്ഷത ഇപ്പോളും കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിച്ചു പോരുന്നു.

കൂടുതല്‍ രാജ്യങ്ങള്‍ നാറ്റോയുടെ ഭാഗമാകാന്‍ ശ്രമങ്ങള്‍ സജീവമാക്കിയതോടെ കടുത്ത ഭീഷണിയുമായി റഷ്യ രംഗത്തുവന്നിട്ടുണ്ട്. സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും തീരുമാനം ഗുരുതര അബദ്ധമാകുമെന്നും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. നാറ്റോയില്‍ ചേരാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, ഫിന്‍ലാന്‍ഡ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു.

30 അംഗ നാറ്റോയില്‍ അംഗമാകുന്നതോടെ റഷ്യന്‍ അതിര്‍ത്തികളിലേറെയും നാറ്റോക്ക് നിയന്ത്രണമുണ്ടാകും. ഇരു രാജ്യങ്ങളെയും സ്വീകരിക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ ജനവിഭാഗങ്ങളോടുള്ള ന്യായമായ പെരുമാറ്റം,സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിബദ്ധത,നാറ്റോ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനിക സംഭാവന നല്കാനുള്ള കഴിവും സന്നദ്ധതയും, ജനാധിപത്യ സിവില്‍-സൈനിക ബന്ധങ്ങളോടും സ്ഥാപനങ്ങളോടുമുള്ള പ്രതിബദ്ധതയും''-ഇവയൊക്കെയാണ് അംഗത്വത്തിനുള്ള മാനദണ്ഡങ്ങള്‍. 1995ല്‍ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിച്ചപ്പോഴും, നാറ്റോയില്‍ നിന്ന് വിട്ടുനില്ക്കാനുള്ള തീരുമാനത്തില്‍ ഫിന്നിഷ് നിഷ്പക്ഷത പ്രകടമായിരുന്നു. സമീപ വര്‍ഷങ്ങളില്‍, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസിംഗര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഫിന്‍ലാന്‍ഡ് മോഡല്‍ അല്ലെങ്കില്‍ 'ഫിന്‍ലാന്‍ഡൈസേഷന്‍' നായി വാദിച്ചിരുന്നു. 1929 ല്‍ സഖ്യത്തിന് 12 സ്ഥാപക അംഗങ്ങളുണ്ടായിരുന്നു. സ്വീഡനും ഫിന്‍ലാന്‍ഡും നാറ്റോയുടെ  31 ഉം 32 ഉം അംഗങ്ങളായി എന്ന് മാറും എന്നാണ് ഇനി അറിയേണ്ടത്.

  comment

  LATEST NEWS


  'കേരളത്തിലെ സാംസ്‌കാരിക 'നായ'കള്‍ ഉറക്കത്തിലാണ്; ഉദയ്പൂരില്‍ നടന്നത് അവര്‍ അറിഞ്ഞിട്ടേ ഇല്ല'; രൂക്ഷ വിമര്‍ശനവുമായി ടിപി സെന്‍കുമാര്‍


  വീണ്ടും ഉദ്ധവിന് അടി; ഔറംഗബാദിന്‍റെ പേര് മാറ്റാനുള്ള മന്ത്രിസഭായോഗത്തില്‍ പൊട്ടലും ചീറ്റലും; 2 മന്ത്രിമാരും 2 കോണ്‍ഗ്രസ് നേതാക്കളും ഇറങ്ങിപ്പോയി


  ഐടി നിയമങ്ങള്‍ പാലിക്കാന്‍ 'അവസാന അവസരം'; ജൂലൈ നാലിനുള്ളില്‍ എല്ലാം കൃത്യമായിരിക്കണം; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്ര സര്‍ക്കാര്‍


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.