×
login
'കേരളമെന്നാല്‍ മലയാളികള്‍ക്ക് അഭിമാനം; അതിന്റെ ഇടയിലൂടെ കമ്മ്യൂണിസത്തെ വെളുപ്പിക്കേണ്ട; ആ നമ്പര്‍ ഇന്റര്‍നാഷണല്‍ ദേശാഭിമാനി കയ്യില്‍ വച്ചാല്‍ മതി'

വാഷിങ്ടണ്‍ പോസ്റ്റ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതാണ് മേന്മക്ക് കാരണമെങ്കില്‍ വെറും 5 കൊല്ലം വീതം മാത്രം അവര്‍ക്ക് ഭരിക്കാന്‍ കിട്ടിയ കേരളമല്ല, മറിച്ച് അവര്‍ 30 കൊല്ലത്തോളം തുടര്‍ച്ചായി ഭരിച്ച ബംഗാള്‍ ആയിരുന്നിരിക്കണം ഇന്ന് കേരളത്തിന്റെ സ്ഥാനത്ത് നില്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റുകളുടെ 30 കൊല്ലത്തെ തുടര്‍ച്ചയായ ഭരണം കൊണ്ട് ബംഗാള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പുറകില്‍ നില്‍ക്കുന്ന ദരിദ്ര സംസ്ഥാങ്ങളിലൊന്നായി മാറുകയാണുണ്ടായത്. ബംഗാളികളെ മുഴുവന്‍ ദരിദ്രരാക്കി മാറ്റി, ഇന്ന് കേരളത്തിലടക്കം ഇന്ത്യയില്‍ മുഴുവന്‍ കൂലിപ്പണിക്കാരായി 'ബംഗാളികളെ' ലഭ്യമാക്കി എന്നതാണ് 30 കൊല്ലത്തെ മഹത്തായ കമ്മ്യൂണിസ്റ്റ് ഭരണ നേട്ടം.

ബിനോയ് അശോകന്‍

 

10 ഏപ്രില്‍ 2020 ന്റെവാഷിംഗ്ടണ്‍പോസ്റ്റില്‍ കൊറോണ പ്രതിരോധത്തിലെ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു ലേഖനമുണ്ട്. കേരളത്തിനഭിമാനം. മലയാളികള്‍ക്കഭിമാനം. പക്ഷെ ഒരു ട്വിസ്റ്റുണ്ട്.  

ഇന്ത്യയിലെ കൊറോണ ബാധിത പട്ടികയില്‍ ആദ്യ ഘട്ടങ്ങളില്‍ മഹാരാഷ്ട്രക്കൊപ്പം ഒന്നും രണ്ടും സ്ഥാനങ്ങളിലായി നിന്നിരുന്ന കേരളം ഇന്ന് ആ പട്ടികയില്‍ വളരെ താഴെ എത്തിയിരിക്കുന്നു എന്നത് നമ്മള്‍ കേരളീയര്‍ക്കെല്ലാം ആശ്വാസവും അഭിമാനവുമാണ്.  

അന്നെല്ലാം താഴെ നിന്നിരുന്ന തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ ആ പട്ടികയില്‍ അതിവേഗം മുകളിലേക്ക് തള്ളപ്പെട്ടത് നിസാമുദ്ദിന്‍ തബ്ലീഗ് ജമാഅത് ഒറ്റ ക്ലസ്റ്റര്‍ മൂലമാണെന്നും, കേരളത്തിന് അക്കാര്യത്തില്‍ ഭാഗ്യമുണ്ടായിരുന്നു എന്നതും മാറ്റിനിര്‍ത്തിയാല്‍ തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ മേഖല കേരളത്തിന് സ്വന്തമാണെന്നതില്‍ തര്‍ക്കമില്ല. ഈ കൊറോണക്കാലം അതൊരിക്കല്‍ കൂടി തെളിയിക്കുകയാണെന്നതിലും തര്‍ക്കമില്ല.  

ഓരോ മലയാളിക്കും ഇപ്പോള്‍ ഇരട്ട ആശ്വാസവും ഇരട്ട അഭിമാനവുമാണ് - ലോകത്ത് ഇന്ത്യയും, ഇന്ത്യയില്‍ കേരളവും ഈ കൊറോണ പ്രതിരോധത്തില്‍ ഇത് വരെ മികച്ച് നില്‍ക്കുന്നതില്‍. അത്‌കൊണ്ട് തന്നെ ഇന്ത്യയിലെ കോവിഡ് പോരാട്ടത്തില്‍ കേരളത്തിന്റെ ഈ നേട്ടം ഒരു അന്തര്‍ദേശീയ മാധ്യമത്തില്‍ - വാഷിംഗ്ടണ്‍ പോസ്റ്റ്- വര്‍ത്തയാവുന്നത് തികച്ചും സ്വാഭാവികമായി മാത്രം തോന്നേണ്ട, കേരളീയന്‍ എന്ന നിലയിലും ഇന്ത്യക്കാരന്‍ എന്ന നിലയിലും അഭിമാനം തോന്നേണ്ട കാര്യമാണ്.  

 

പക്ഷെ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഹെഡിങ്ങും ലേഖനത്തിലെ ഒരു വരിയുമാണ് ആ ലേഖനത്തെ മറ്റൊരു ലെന്‍സിലൂടെ കാണാന്‍ നിര്‍ബന്ധിതമാക്കിയത്.  '30 വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്നത് കൊണ്ട്' ഉണ്ടായ 'ഹെല്‍ത് കെയര്‍' സെക്ടറിലെ നേട്ടങ്ങള്‍ എന്ന് തുടങ്ങുന്ന വരിയായിരുന്നു അത് ( 'In more than 30 years of Communist rule... എന്ന് തുടങ്ങുന്നത്'). അപ്പോഴാണ് അതൊരു കമ്മ്യൂണിസ്റ്റ് പ്രൊപ്പഗാണ്ട ലേഖനമാണെന്ന ഓര്മപ്പെടുത്തലുണ്ടാവുന്നത്.  

അടുത്തത് ഹെഡിങ് ആണ്:  

''India Kerala Coronavirus: How the Communist state flattened its coronavirus curve' - എങ്ങനെയാണ് ഇന്ത്യയിലെ 'കമ്മ്യൂണിസ്റ്റ് സ്റ്റേറ്റ്' കൊറോണ കര്‍വിനെ ഫ്‌ലാറ്റന്‍ ചെയ്തത്' ഇതാണ് ഹെഡിങ്. അല്ല,  ഇതായിരുന്നു ഹെഡിങ്.  

പിന്നീട് ആ ഹെഡിങ് എഡിറ്റ് ചെയ്ത് 'കമ്മ്യൂണിസ്റ്റ്' എന്ന വാക്ക് മാറ്റിയത് കാണാം - ഇപ്പോള്‍ നോക്കിയാല്‍ 'ഇന്ത്യന്‍ സ്റ്റേറ്റ് കേരള ....' എന്ന് മാത്രമേ കാണൂ. പക്ഷെ ലേഖനത്തിന്റെ ഇന്റെര്‍നെറ്റിലെ ഡിജിറ്റല്‍ ഫുട്പ്രിന്റില്‍ ഇപ്പോഴും ആ 'കമ്മ്യൂണിസ്റ്റ്' വാക്ക് അതായത് ആദ്യത്തെ ഹെഡിങ് ഇപ്പോഴും കാണാം. ടെക്നോളജി എന്നും കമ്മ്യൂണിസ്റ്റുകളുടെ ഏറ്റവും വലിയ ശത്രുവാണല്ലോ. 'വാഷിംഗ്ടണ്‍ പോസ്റ്റിലെ അന്തം കമ്മി'കുറുക്കന്‍ അറിയാതെ കൂവിപ്പോയതായിരുന്നു ആ ഹെഡിങ്ങില്‍ കയറിവന്ന 'കമ്മ്യൂണിസ്റ്റ്' എന്ന വാക്ക്.  

സ്വാഭാവികമായും സംശയം തോന്നാം സാമ്രാജ്യത്വ-കുത്തക-ബൂര്‍ഷ്വാ-മുതലാളിത്ത രാജ്യമായ അമേരിക്കയിലെ ഒരു മാധ്യമം, ലോകത്തിന്റെ ഇങ്ങേയറ്റത്ത് കിടക്കുന്ന, ഗ്ലോബില്‍ കടുകുമണിയുടെ അത്രയും പോന്ന ഒരു നാട്ടിലെ കമ്യൂണിസ്റ്റ്കള്‍ക്ക് വേണ്ടി പ്രൊപ്പഗാണ്ട ചെയ്യുകയോ എന്ന്.  

ഒന്ന്,

ഇപ്പോഴും തര്‍ക്കവിഷയമാണെങ്കിലും ലോകത്തില്‍ ആദ്യമായി ജനാധിപത്യത്തിലൂടെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ നാടെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന നാടാണ് ആ ചെറിയ കേരളം. അന്ന് - സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ലോകത്തിന്റെ വലിയൊരു ശതമാനം ജനസംഖ്യയും കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായിരുന്ന കാലത്ത് - അതൊരു ചെറിയ സംഭവമായിരുന്നു. പക്ഷെ ഇന്ന് ലോകത്ത് കമ്മ്യൂണിസം തുടച്ച് നീക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് അതെ കൊച്ച് കേരളത്തില്‍ മാത്രമാണ് ഇപ്പോള്‍ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലവിലുള്ളൂ എന്നത് ആഗോള കമ്മ്യൂണിസത്തിന്റെ ഭൂതകാലകുളിര്‍ പേറി നടക്കുന്നവര്‍ക്ക് ചെറിയ കാര്യമല്ല.  അതാണ് അത്തരത്തില്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും കമ്മ്യൂണിസ്റ്റ് ഭൂതകാലകുളിര്‍ കൊണ്ട് നടക്കുന്ന വാഷിങ്ടണ്‍പോസ്റ്റ് പോലുള്ള ഒരു ആഗോള ഭീമന്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണ മേന്മ എന്ന പ്രൊപ്പഗാണ്ട എഴുതുന്നത് പിന്നില്‍.  

കേരളം എന്ന ഇന്ത്യയിലെ ഒരു സ്റ്റേറ്റിന്റെ നേട്ടമായാണ് ഇതെഴുതിയിരുന്നതെങ്കില്‍ ആര്‍ക്കും ഇതില്‍ ആക്ഷേപം ഒന്നും പറയാനുണ്ടാവുമായിരുന്നില്ല. അത് കേരളത്തിന്റെ ഒപ്പം തന്നെ ഇന്ത്യക്കും അഭിമാനകരമായിരുന്നേനെ. പക്ഷെ അതിനെ '30 കൊല്ലം കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതിന്റെ നേട്ടം' എന്നെഴുതുമ്പോഴാണ് കമ്മ്യൂണിസ്റ്റ് ഭൂതകാലകുളിര്‍ ഇല്ലാത്ത മറ്റുള്ളവര്‍ക്ക് എതിരഭിപ്രായം രേഖപ്പെടുത്തേണ്ടി വരുന്നത്.  

പല വികസന സൂചകങ്ങളിലും കാലം കുറെ ആയി നമ്മുടെ കൊച്ച് കേരളം പലപ്പോഴും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളോടല്ല മത്സരിച്ചിരുന്നത്. ഹെല്‍ത്ത് കെയര്‍ അടക്കമുള്ളവയില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നിലവാരമാണ് കേരളത്തിനുള്ളതെന്ന് ഏറ്റവും കുറഞ്ഞത് 90കള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്. Life expectancy, maternal mortality rate, infant mortality, birth rate എന്നി indices ഏതാനും ഉദാഹരണങ്ങള്‍ മാത്രം.  

ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും പോലുള്ള മഹാരഥന്മാര്‍ ഉണ്ടാക്കിയെടുത്ത കേരളത്തിന്റെ നവോത്ഥാനം മുഴുവന്‍, ശബരിമല പ്രക്ഷോഭകാലത്ത് പിണറായി വിജയന് ചാര്‍ത്തിക്കൊടുക്കാന്‍ കേരളത്തിലെ 'ലെഫ്റ്റ്-ലിബറല്‍ എക്കോസിസ്റ്റം' നടത്തിയ, അപഹാസ്യമായി മാറിയ വൃഥാ ശ്രമത്തിന് തുല്യമാണ് ഇപ്പോള്‍ കേരളത്തിലെ മെഡിക്കല്‍ മേഖലയുടെ മേന്മയുടെ ക്രെഡിറ്റ് മുഴുവന്‍ ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ശൈലജ 'ടീച്ചറമ്മ'ക്കും, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയനും, പിന്നെ '30 കൊല്ലത്തിലേറെയായുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനും' കൊടുക്കാനുള്ള 'ഇന്റര്‍നാഷണല്‍ ദേശാഭിമാനി'യായ വാഷിങ്ടണ്‍ പോസ്റ്റിന്റെ പാഴ്ശ്രമം.  


 

'30 കൊല്ലത്തെ ഭരണം' എന്ന് എഴുതിയിരിക്കുന്നതിലെ കൗശലം '30 കൊല്ലം തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതിന്റെ ഗുണം' എന്ന് വായനക്കാര്‍ വിചാരിച്ച് കൊള്ളും എന്നതാണ്.  

 

സത്യത്തില്‍ 'തുടര്‍ച്ചയായി' കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭരിക്കാന്‍ കഴിയാതിരുന്നതാണ് കേരളത്തിന്റെ മഹാഭാഗ്യം, അതാണ് കേരളത്തെ ഇന്ന് പല കാര്യങ്ങളിലും ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിലൊന്നാക്കുന്നതിന് പിന്നില്‍.  

വാഷിങ്ടണ്‍ പോസ്റ്റ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പോലെ കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതാണ് മേന്മക്ക് കാരണമെങ്കില്‍ വെറും 5 കൊല്ലം വീതം മാത്രം അവര്‍ക്ക് ഭരിക്കാന്‍ കിട്ടിയ കേരളമല്ല, മറിച്ച് അവര്‍ 30 കൊല്ലത്തോളം തുടര്‍ച്ചായി ഭരിച്ച ബംഗാള്‍ ആയിരുന്നിരിക്കണം ഇന്ന് കേരളത്തിന്റെ സ്ഥാനത്ത് നില്‍ക്കേണ്ടിയിരുന്നത്. എന്നാല്‍ കമ്മ്യൂണിസ്റ്റുകളുടെ 30 കൊല്ലത്തെ തുടര്‍ച്ചയായ ഭരണം കൊണ്ട് ബംഗാള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പുറകില്‍ നില്‍ക്കുന്ന ദരിദ്ര സംസ്ഥാങ്ങളിലൊന്നായി മാറുകയാണുണ്ടായത്. ബംഗാളികളെ മുഴുവന്‍ ദരിദ്രരാക്കി മാറ്റി, ഇന്ന് കേരളത്തിലടക്കം ഇന്ത്യയില്‍ മുഴുവന്‍ കൂലിപ്പണിക്കാരായി 'ബംഗാളികളെ' ലഭ്യമാക്കി എന്നതാണ് 30 കൊല്ലത്തെ മഹത്തായ കമ്മ്യൂണിസ്റ്റ് ഭരണ നേട്ടം.  

 

രണ്ട്,

വാഷിംഗ്ടണ്‍ പോസ്റ്റിനെ 'ഇന്റര്‍നാഷണല്‍ ദേശാഭിമാനി' എന്ന് ഈയൊരു ലേഖനം വന്നതിന്റെ പേരില്‍ വെറുതെയങ്ങ് വിളിക്കുന്നതല്ല.  അമേരിക്കയില്‍ കാലങ്ങളായി തന്നെ ഇടത് പക്ഷപാതത്തി ന്റെ പേരില്‍ പഴി കേട്ടുകൊണ്ടിരിക്കുന്ന മാധ്യമങ്ങളിലൊന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ്.  

70'കള്‍ മുതല്‍ തന്നെ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് അജണ്ടകള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്നതിന് വിമര്‍ശന വിധേയമായ പത്രമാണ് വാഷിംഗ്ടണ്‍ പോസ്റ്റ്. 'പ്രവ്ദ ഓണ്‍ ദി പോട്ടോമാക്ക്' - Pravda on the Potomac - എന്നാണ് അന്ന് വാഷിങ്ടണ്‍പോസ്റ്റ് അമേരിക്കയില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത് തന്നെ.

'പ്രവ്ദ' എന്നത് സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായിരുന്നു - അതായത് സോവിയറ്റ് യൂണിയനിലെ ദേശാഭിമാനി. 'പോട്ടോമാക്ക്' എന്നത് അമേരിക്കയിലെ പ്രധാനപ്പെട്ട ഒരു നദിയുടെ പേരാണ്.  

അതായത് ഈ വാഷിംഗ്ടണ്‍ പോസ്റ്റിനെ അമേരിക്കക്കാര്‍ അവരുടെ ശൈലിയില്‍ 'അമേരിക്കന്‍ ദേശാഭിമാനി' എന്ന് വിളിച്ചിരുന്നതാണ് 'പ്രവ്ദ ഓണ്‍ ദി പോട്ടോമാക്ക്' എന്ന പ്രയോഗം. അപ്പോള്‍ ഇന്ന് നമ്മള്‍ വാഷിംഗ്ടണ്‍പോസ്റ്റിനെ 'ഇന്റര്‍നാഷണല്‍ ദേശാഭിമാനി' എന്ന് വിളിക്കുന്നത് വെറുതെയല്ല, ചരിത്രത്തിന്റെ പിന്ബലത്തിലാണെന്ന് ചുരുക്കം.  

ഇതേ കാരണം കൊണ്ട് - വാര്‍ത്തകളിലെ വ്യാജ -fake - ഇടത് പ്രൊപ്പഗാണ്ടയുള്ളത് കൊണ്ട് - തന്നെയാണ് കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാഷിങ്ങ്ടണ്‍ പോസ്റ്റിനെയും, ന്യൂയോര്‍ക്ക് ടൈംസിനെയും വൈറ്റ്‌ഹൌസില്‍ നിന്ന് പുറത്താക്കിയത്. 'They are enemy of the people, they are fake' എന്നാണ് ട്രംപ് അതിന് കാരണം പറഞ്ഞത്.

മദ്യത്തിനും ലോട്ടറിക്കും വില കൂട്ടാനും, കേന്ദ്രം ഒന്നുംതന്നില്ല എന്ന് കരയാനും മാത്രം വിദഗ്ദനായ, ഈ കൊച്ച് കേരളത്തിലെ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ കുറിച്ച് രണ്ട് വര്ഷം മുന്‍പ് രണ്ട് ഫുള്‍ പേജ് വര്‍ണശബളമായ 'സ്‌പെഷ്യല്‍ സ്റ്റോറി' ഇതേ വാഷിങ്ടണ്‍ പോസ്റ്റില്‍ അടിച്ച് വന്നതും വെറുതെയായിരുന്നില്ല.  

 

അത് കൊണ്ട് കേരളം ആരോഗ്യമേഖലയില്‍ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആണെന്നും, അത്‌കൊണ്ട് കൂടിയാണ് കേരളത്തില്‍ കൊറോണ പ്രതിരോധം മറ്റുസംസ്ഥാനങ്ങളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നതെന്നും ഞങ്ങള്‍ കേരളീയര്‍ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്, അതില്‍ ഞങ്ങള്‍ എല്ലാ മലയാളികള്‍ക്കും അഭിമാനവുണ്ട്, എന്ന് കരുതി അതിന്റെ ഇടയിലൂടെ കമ്മ്യൂണിസത്തെ അങ്ങ് വെളുപ്പിച്ചെടുക്കാനുള്ള നമ്പര്‍ 'ഇന്റര്‍നാഷണല്‍ ദേശാഭിമാനി - വാഷിംഗ്ടണ്‍ പോസ്റ്റ്' കയ്യില്‍ വച്ചാല്‍ മതി എന്നാണ് ഒരു proud Malayali എന്നനിലയില്‍ പറയാനുള്ളത്.

 

 

  comment

  LATEST NEWS


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി


  ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.