×
login
ടിപ്പുവിനെ വിറപ്പിച്ച വൈക്കം പദ്മനാഭപിള്ള

ബ്രിട്ടീഷുകാര്‍ക്കെതിരെയും ടിപ്പുവിനെതിരെയും വൈക്കം പദ്മനാഭപിള്ള നടത്തിയ പോരാട്ടങ്ങള്‍ ശക്തമായ പ്രചോദനമായിരുന്നു മലയാള രാജ്യത്തിന് നല്കിയത്. ടിപ്പുവിനെ വിരട്ടിയതിനൊപ്പം ബ്രിട്ടീഷ് പട്ടാളത്തിന് കനത്ത നാശമുണ്ടാക്കാനും കഴിഞ്ഞ പദ്മനാഭപിള്ളയുടെ സാമര്‍ത്ഥ്യം ചരിത്രരേഖകളില്‍ വളരെ കുറച്ചു മാത്രമേ അടയാളപ്പെടുത്തിയിട്ടുള്ളൂ. തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യ സമര പോരാളികളുടെ കൂട്ടത്തിലാണ് വൈക്കം പദ്മനാഭപിള്ളയും

''എന്റെ കുതിരയെ പത്മനാഭന്റെ കൊടിമരത്തില്‍ കെട്ടും'' എന്നു പ്രഖ്യാപിച്ച് തിരുവിതാംകൂര്‍ ആക്രമിച്ച ടിപ്പുവിനെ തുരത്തി വൈദേശിക അധിനിവേശത്തിനെതിരെ പൊരുതി വിജയം വരിച്ച ധീര ദേശാഭിമാനിയാണ് വൈക്കം പദ്മനാഭപിള്ള. അരനൂറ്റാണ്ട് മുമ്പ് ടിപ്പുവിനെ ഒന്നിലധികം തവണ തുരത്തിയ യുദ്ധതന്ത്രം പ്രകടിപ്പിച്ച മറ്റൊരാള്‍ ചരിത്രത്തിലുണ്ടാവില്ല. പക്ഷേ, വൈക്കം പദ്മനാഭപിള്ളക്ക് മലയാള പാഠ്യവിഷയങ്ങളിലൊന്നും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നത്  യാഥാര്‍ത്ഥ്യം.  

ഇപ്പോള്‍ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ നേതൃത്വത്തില്‍ പദ്മനാഭപിള്ളയുടെ സ്വദേശമായ വൈക്കത്ത് ഉചിതമായ സ്മാരകം സജ്ജമാക്കുന്നതിനുള്ള നടപടികള്‍ക്ക് ആരംഭമായി. ഇതിന്റെ ഭാഗമായി നിര്‍മ്മിക്കപ്പട്ട വൈക്കം പദ്മനാഭപിള്ളയുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും.

ബ്രിട്ടീഷുകാര്‍ക്കെതിരെയും ടിപ്പുവിനെതിരെയും വൈക്കം പദ്മനാഭപിള്ള നടത്തിയ പോരാട്ടങ്ങള്‍ ശക്തമായ പ്രചോദനമായിരുന്നു മലയാള രാജ്യത്തിന് നല്കിയത്. ടിപ്പുവിനെ വിരട്ടിയതിനൊപ്പം ബ്രിട്ടീഷ് പട്ടാളത്തിന് കനത്ത നാശമുണ്ടാക്കാനും കഴിഞ്ഞ പദ്മനാഭപിള്ളയുടെ സാമര്‍ത്ഥ്യം ചരിത്രരേഖകളില്‍ വളരെ കുറച്ചു മാത്രമേ അടയാളപ്പെടുത്തിയിട്ടുള്ളൂ. തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യ സമര പോരാളികളുടെ കൂട്ടത്തിലാണ് വൈക്കം പദ്മനാഭപിള്ളയും.  

1767ല്‍ വടക്കുംകൂര്‍ ദേശത്താണ് പദ്മനാഭ പിള്ളയുടെ ജനനം. ഇന്നത്തെ വൈക്കം, ഏറ്റുമാനൂര്‍, മീനച്ചില്‍ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് വടക്കുംകൂര്‍ ദേശം. വൈക്കം കണ്ണേഴത്ത് ചെമ്പക രാമന്‍പിള്ളയും ഭഗവതി അമ്മയുമാണ്  മാതാപിതാക്കള്‍. തിരുവിതാംകൂര്‍ മേല്‍ക്കോയ്മ അംഗീകരിച്ച് നിലകൊണ്ട് വടക്കുംകൂര്‍ ദേശത്തെ പ്രധാന കളരിയായ നന്ത്യാട്ട് കളരിയുടെ  ആചാര്യനായിരുന്നു ചെറുപ്പം മുതല്‍ക്കേ ഇദ്ദേഹം. ഇരുപത്തി രണ്ടാം വയസ്സില്‍ തന്നെ തിരുവിതാംകൂര്‍ സൈന്യത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.  


ആദ്യ നെടുങ്കോട്ട ആക്രമണത്തില്‍ തൃശ്ശൂര്‍ ജില്ല വരെ മുന്നേറിയ ടിപ്പുസുല്‍ത്താന്‍ 'ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കൊടിമരത്തില്‍ എന്റെ കുതിരയെ കെട്ടും' എന്ന പ്രഖ്യാപനവുമായാണ് കുതിച്ചത്. തൃശ്ശൂരില്‍ കല്ലേറ്റുംകരയില്‍ താവളമടിച്ച ടിപ്പുവിനെ നേരിടുന്നതിനുള്ള ദൗത്യം ഇരുപത് കൂട്ടത്തിനായിരുന്നു. ദൗത്യം അത്ര അനായാസമല്ലെന്ന് കണ്ട പദ്മനാഭപിള്ള, ഉറ്റമിത്രം കുഞ്ചുക്കുട്ടി പിള്ളയെ ഒറ്റുകാരനാക്കി പറഞ്ഞുവിട്ട് നെടുങ്കോട്ടയുടെ ഒരു ഭാഗത്തുകൂടി ടിപ്പുവിനെയും സൈന്യത്തെയും ഉള്ളില്‍ പ്രവേശിക്കുവാന്‍ അനുവദിച്ച് അവരെ ആക്രമിക്കുകയായിരുന്നു. ടിപ്പുവിന്റെ സൈന്യം വൈക്കം പദ്മനാഭപിള്ളയുടെ സൈന്യത്തിന്റെ വെടിവയ്പ്പില്‍ പരിഭ്രാന്തരായി പിന്തിരിഞ്ഞോടി. തിക്കിലും തിരക്കിലും പെട്ടും കിടങ്ങില്‍ വീണുമാണ് പലരും മരിച്ചത്. ഈ പോരാട്ടത്തില്‍ ടിപ്പുവിന്റെ ആനയും പരിഭ്രാന്തിയില്‍ പെട്ടു. ആനയുടെ പുറത്തിരുന്ന ടിപ്പുവിനെ വൈക്കം പദ്മനാഭപിള്ള വെട്ടി കാലിനു പരിക്കേല്‍പ്പിച്ചു, എന്ന് പി.കെ.കെ മേനോന്‍ എഴുതിയ The History of Freedom Movement in Kerala  എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ ചരിത്ര രേഖകള്‍ ലഭ്യമല്ലെങ്കിലും കാലിനു പരിക്കേറ്റ് ടിപ്പുസുല്‍ത്താന്‍ മുടന്തനായത് ഈ സംഭവത്തിനു ശേഷമാണ്. രണ്ടായിരത്തോളം മൈസൂര്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരുവിതാംകൂറിന് നഷ്ടമായത് ഒരേയൊരാളെ മാത്രം. ഈ പോരാട്ടം നടന്ന സ്ഥലം വെടിമറപ്പറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നു. ടിപ്പുസുല്‍ത്താന്റെ നഷ്ടമായ ഉടവാളും പല്ലക്കും തിരുവിതാംകൂര്‍ പട്ടാളം വീണ്ടെടുത്തു സൂക്ഷിച്ചു. (മതിലകം രേഖകളില്‍ ഇവയെപ്പറ്റി പരാമര്‍ശമുണ്ട്.) കൂടുതല്‍ ശക്തി സംഭരിച്ച് വീണ്ടുമെത്തിയ ടിപ്പു 1790 ഏപ്രില്‍ 15ന് നെടുങ്കോട്ട കീഴടക്കുകയും ചെയ്തു. ഈ ആക്രമണത്തില്‍ തിരുവിതാംകൂറിന് ശക്തമായി പ്രതികരിക്കാന്‍ പോലും സാധിച്ചില്ല. അനായാസം മുന്നേറാമെന്ന് കരുതാതിരുന്ന ടിപ്പുവും സൈന്യവും ആലുവ മണപ്പുറത്ത് വിശ്രമിച്ചു. ഇവിടെ രഹസ്യ നിരീക്ഷണം തുടര്‍ന്ന വൈക്കം പദ്മനാഭപിള്ളയും കൂട്ടരും ആലുവയില്‍ നിന്ന് ഭൂതത്താന്‍കെട്ടിലെത്തി. അര്‍ധരാത്രിയില്‍ ഭൂതത്താന്‍കെട്ടിലെ തടയണ തകര്‍ത്തു. പെരിയാറിന്റെ ഇരുകരകളെയും പ്രളയത്തിലാഴ്ത്തിയ വെള്ളപ്പാച്ചിലില്‍ ടിപ്പുവിന്റെ പീരങ്കികളിലും തോക്കുകളും വെടിമരുന്നുകളും നശിച്ചു. നിരവധി പടയാളികള്‍ പ്രളയത്തില്‍ ഒഴുകിപ്പോയി. ഈ പരാജയത്തോടെ ടിപ്പു പിന്നീട് ഒരിക്കലും തിരുവിതാംകൂര്‍ ആക്രമിക്കാന്‍ പുറപ്പെട്ടിട്ടില്ല. മറ്റൊരു മലബാര്‍ ആകുമായിരുന്ന തിരുവിതാംകൂറിന്റെ ചരിത്രം മാറ്റിക്കുറിച്ച വിജയമായിരുന്നു പദ്മനാഭ പിള്ളയും കൂട്ടരും ഇവിടെ നേടിയത്.

വേലുത്തമ്പി, ദളവയായി 1800 ല്‍ നിയമിതനായപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് കപ്പം കൊടുക്കേണ്ടുന്ന കരാര്‍ ചെയ്‌തെങ്കിലും പിന്നീട് ഈ സാഹചര്യത്തിനെതിരെ പോരാടാന്‍ തയ്യാറാക്കിയ പദ്ധതിയില്‍ കൊച്ചിയിലെ പാലിയത്തച്ചനുമായി ചേര്‍ന്ന് വേലുത്തമ്പി നിലകൊണ്ടു. ഇക്കാര്യത്തിന് നിയോഗിച്ച സൈന്യാധിപരില്‍ ഒരാളായിരുന്നു വൈക്കം പദ്മനാഭപിള്ള. 1808 ഡിസംബറില്‍ വൈക്കം പദ്മനാഭപിള്ളയുടെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ നിന്നും പാലിയത്തച്ചന്റെ സൈന്യം കൊച്ചിയില്‍ നിന്നും പോഞ്ഞിക്കര റസിഡന്‍സിയില്‍ ആക്രമണം നടത്തി. മെക്കാളെ കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ റസിഡന്‍സി വളഞ്ഞ സൈന്യം പരമാവധി നഷ്ടങ്ങളെല്ലാം വരുത്തി. ഇതോടെ വേലുത്തമ്പിയെ ദളവ സ്ഥാനത്തു നിന്നും നീക്കി. തുടര്‍ന്ന് 1809 ഏപ്രില്‍ 8 ന് ഇംഗ്ലീഷ് സൈന്യം പദ്മനാഭപിള്ളയെ വൈക്കം തുറുവേലിക്കുന്നില്‍ വച്ച് വളഞ്ഞു പിടിച്ച് തൂക്കിലേറ്റിയെന്നും പിടികൂടുന്നതിനു മുമ്പ് സ്വയം വീരസ്വര്‍ഗ്ഗം പ്രാപിച്ച വൈക്കം പദ്മനാഭപിള്ളയുടെ മൃതശരീരം കെട്ടിത്തൂക്കി ബ്രിട്ടീഷ് പട്ടാളം ആഘോഷിച്ചുവെന്നും രണ്ടു വ്യാഖ്യാനങ്ങളുണ്ട്.  

തമസ്‌കരിക്കപ്പെട്ട സ്വാതന്ത്ര്യ പോരാളികളിലൊരാളായ വൈക്കം പത്മനാഭപിള്ളയ്ക്ക് അദ്ദേഹത്തിന്റെ ജന്മദേശത്ത് തന്നെ ഉചിതമായ സ്മാരകം ഉണ്ടാകണമന്ന സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ആഗ്രഹപൂര്‍ത്തീകരണമാണ് പ്രതിമാ നിര്‍മ്മാണത്തിലൂടെ സഫലമായിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ തന്നെ ധീരദേശാഭിമാനത്വം നിറഞ്ഞു നില്ക്കുന്ന വിധത്തിലാണ് ശില്പി ഇത് പൂര്‍ത്തീകരിച്ചിരിക്കുന്നത്.

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.