login
ഉദരനിമിത്തം ബഹുകൃതവേഷം

വാനതി ശ്രീനിവാസന്റെ വിജയത്തിന് തിളക്കമേറുന്നത് കമല്‍ഹാസനെ തറപറ്റിച്ചു എന്നതില്‍ കൂടിയാണ്. ബിജെപിയെ എപ്പോഴും എതിര്‍ക്കുന്ന കമല്‍ഹാസന്‍ ആദ്യ പോരാട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടത് പ്രാധാന്യമേറുന്നു.

പരശുരാമന്‍ മഴു എറിഞ്ഞ് വീണ്ടെടുത്ത ഭൂമി. കേരളത്തെക്കുറിച്ചുള്ള ഐതിഹ്യം അങ്ങനെയാണല്ലൊ. ഗോകര്‍ണത്തുനിന്നും പരശുരാമന്‍ ചുഴറ്റി എറിഞ്ഞ മഴു വന്നുവീണത് കന്യാകുമാരിയില്‍. കടലില്‍ നിന്നും കരയായ ഭൂമി കേരളം. ആ കേരളത്തിന്റെ തലയാകേണ്ടത് ഗോകര്‍ണമാണ്. പക്ഷേ അതിപ്പോള്‍ കേരളത്തിലല്ല കര്‍ണാടകത്തിലാണ്.  

തല ഗോകര്‍ണമാണെങ്കില്‍ കാല് കന്യാകുമാരിയാകണമല്ലോ. പക്ഷേ കന്യാകുമാരി കേരളത്തിലല്ല തമിഴ്‌നാട്ടിലുമാണ്. തലയും കാലുമില്ലാത്ത പ്രദേശം അതാണ് ഇന്നത്തെ കേരളം. എന്നുവച്ചാല്‍ ഉദരം. ഉദരനിമിത്തം ബഹുകൃതവേഷം എന്ന് തലക്കെട്ടുണ്ടാക്കിയത് അതുകൊണ്ടാണ്.

ഇത്തവണത്തെ കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തതില്‍ മുഖ്യപങ്ക് കിറ്റിനാണെന്ന ആക്ഷേപമുണ്ട്. കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യം കേരളത്തിന്റെ മുദ്രചാര്‍ത്തിയ സഞ്ചിയില്‍ എല്ലാവര്‍ക്കും നല്‍കി. മഹാമാരിക്കാലത്ത് ഇടതുപക്ഷത്തിന്റെ കരുതലെന്ന് ധരിപ്പിക്കാനും മറന്നില്ല. കിറ്റും കിട്ടി പെന്‍ഷനും ലഭിച്ചു. വയറുനിറഞ്ഞാല്‍ മതിയല്ലൊ. ആശയംവേണ്ട ആമാശയം ധാരാളം.

തലയും കാലും നില്‍ക്കുന്ന കര്‍ണാടകയും തമിഴ്‌നാടും ഉദരം നോക്കിയല്ല ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പെരുമാറുന്നു. രണ്ട് ഉദാഹരണങ്ങള്‍ മാത്രം. കന്യാകുമാരി ജില്ലാ ആസ്ഥാനം നാഗര്‍കോവില്‍. അവിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് എം.ആര്‍. ഗാന്ധി. ഒറ്റമുണ്ടും അതിന് മുകളില്‍ ഖദര്‍ഷര്‍ട്ട്. അഞ്ചാറ് ദശകങ്ങളായി നാഗര്‍കോവിലിലെ മണ്‍തരിക്കുപോലും പരിചിതമായ മുഖം. ചെരുപ്പുപോലും ധരിക്കാതെ വെയിലായാലും മഴയായാലും നടന്നുപോകുന്ന പ്രകൃതം. ആരെയും കാണാതെ ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് അറിയില്ല. ആരെ കണ്ടാലും ബഹുമാനത്തോടെ പെരുമാറുന്ന സാധാരണക്കാരില്‍ സാധാരണക്കാരന്‍.  

തമിഴ്‌നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവായ എം.ആര്‍. ഗാന്ധി 14000 ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഡിഎംകെ സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായിരുന്ന സുരേഷ് രാജനെയാണ് പരാജയപ്പെടുത്തിയത്. 20 വര്‍ഷത്തിനു ശേഷമാണ് കന്യാകുമാരി ജില്ലയില്‍ ബിജെപി വിജയം നേടുന്നത്. 1996 ല്‍ പദ്മനാഭപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി. വേലായുധന്‍ വിജയിച്ചിരുന്നു. എന്നാല്‍ നാഗര്‍കോവിലില്‍ മണ്ഡലത്തില്‍ ആദ്യമായാണ് ബിജെപി വിജയിക്കുന്നത്. അതും ഗാന്ധിയിലൂടെ.

കേരളത്തിന്റെ അതിര്‍ത്തി പങ്കിടുന്ന കോയമ്പത്തൂരിലാണ് മറ്റൊരു വിജയം. വനിതാമോര്‍ച്ചയുടെ അഖിലേന്ത്യാ അധ്യക്ഷ വാനതി ശ്രീനിവാസനാണ് അവിടെ വിജയിച്ചത്. അഖിലേന്ത്യാ നേതാവാണെങ്കിലും അവര്‍ ഭൂമിയില്‍ തന്നെയാണ്. ജനങ്ങളുടെ ഏത് പ്രശ്‌നങ്ങളിലും ഇടപെടാന്‍ അവരുണ്ടാകും. ആരുവിളിച്ചാലും ഫോണില്‍ ലഭ്യമാകും. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചുവിളിക്കും.

വാനതി ശ്രീനിവാസന്റെ വിജയത്തിന് തിളക്കമേറുന്നത് കമല്‍ഹാസനെ തറപറ്റിച്ചു എന്നതില്‍ കൂടിയാണ്. ബിജെപിയെ എപ്പോഴും എതിര്‍ക്കുന്ന കമല്‍ഹാസന്‍ ആദ്യ പോരാട്ടത്തില്‍ത്തന്നെ പരാജയപ്പെട്ടത് പ്രാധാന്യമേറുന്നു. കോയമ്പത്തൂരിന്റെ സ്വന്തം വാനതി എന്നാണ് പ്രചാരണ കാലത്ത് മാധ്യമങ്ങളും വിശേഷിപ്പിച്ചത്. 2016ല്‍ അണ്ണാഡിഎംകെയും ബിജെപിയും രണ്ടായി മത്സരിച്ചപ്പോള്‍ മുപ്പതിനായിരത്തിലധികം വോട്ടു നേടിയെങ്കിലും മൂന്നാം സ്ഥാനത്തായിരുന്നു വാനതി. അഞ്ചു വര്‍ഷത്തിനു ശേഷം വീണ്ടും മത്സരിക്കാന്‍ വരാം എന്നതായിരുന്നില്ല വാനതിയുടെ രീതി. കോയമ്പത്തൂരിന്റെ പ്രശ്‌നങ്ങളോടു ചേര്‍ന്നു തന്നെ നിന്നു. കോഫി വിത്ത് വാനതി, വാനതിയോടു ചോദിക്കാം  തുടങ്ങിയ സമ്പര്‍ക്ക പരിപാടികളിലൂടെ ജനങ്ങളുമായി നിരന്തരം സംവദിച്ചു.

ഇത്തവണ ബിജെപി-എഐഎഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കാനിറങ്ങുന്നതിനു മുമ്പ് വാനതി കോയമ്പത്തൂരിലെ ജനങ്ങളോടു പറഞ്ഞത് ഇന്നോളം ആരും പറയാത്ത കാര്യങ്ങളായിരുന്നു. പ്രദേശത്തിന്റെ പ്രശ്‌നങ്ങള്‍ എത്രമാത്രം ആഴത്തില്‍ പഠിച്ചു എന്നതിന്റെ തെളിവായിരുന്നു അത്. കോയമ്പത്തൂരിലെ ആഭരണ നിര്‍മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ മുതല്‍ നഗരത്തിലെ പാര്‍ക്കിങ് ദുരിതം വരെയുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് വാനതി ജനങ്ങളുടെ അടുത്തെത്തിയത്. 53,209 വോട്ടുകള്‍ നേടിയ വാനതി 1728 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയത്തിലേക്ക് മുന്നേറിയത്.  

മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സു. ശ്രീനിവാസനാണ് ഭര്‍ത്താവ്. വിഎച്ച്പിയുടെ ഉത്തര തമിഴ്‌നാട് അധ്യക്ഷന്‍ കൂടിയാണ് ശ്രീനിവാസന്‍. ഇവര്‍ക്ക് രണ്ട് മക്കള്‍ ആദര്‍ശ്, കൈലാസ്. താമരൈ ശക്തി, കോവൈ മക്കള്‍ സോവൈ മയ്യം തുടങ്ങിയ സന്നദ്ധ സംഘടനകള്‍ക്കു തുടക്കം കുറിച്ചാണ് വാനതി പാവപ്പെട്ടര്‍ക്ക് സഹായമെത്തിക്കുന്നത്. ചെന്നൈയിലെ പ്രളയകാലത്ത് വാനതിയുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി പേര്‍ക്ക് ആശ്വാസമായി. ജന്മനാടായ ഉളിയംപാളയം ഗ്രാമത്തെ ദത്തെടുത്ത് അവിടെ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. മോദീസ് ഡോട്ടര്‍ എന്നൊരു പദ്ധതി വാനതി ആവിഷ്‌കരിച്ചു. കോയമ്പത്തൂരില്‍ അമ്മയുടെ സംരക്ഷണത്തില്‍ മാത്രം കഴിയുന്ന 150 പെണ്‍കുട്ടികളുടെ പഠനത്തിനും മറ്റുമായി അഞ്ചു വര്‍ഷത്തെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയായിരുന്നു അത്. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ജനങ്ങള്‍ക്കൊപ്പം നിന്നപ്പോള്‍ ജനങ്ങളും ഒപ്പം നിന്നു. കോയമ്പത്തൂരിന്റെ താമരൈ ശക്തിയായി വാനതി മാറി. വാനതിയുടെയും എം.ആര്‍. ഗാന്ധിയുടെയും പ്രവര്‍ത്തനരീതി കേരളത്തിലും ആവര്‍ത്തിച്ചാല്‍ അതിന്റെ ഫലം കിട്ടുമെന്ന് ഉറപ്പ്.

 

  comment
  • Tags:

  LATEST NEWS


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍; പിന്നാലെ ബംഗാള്‍ അക്രമത്തെകുറിച്ച് കടുത്ത പരാമര്‍ശം


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.