login
ബംഗാളിലെ നരഹത്യ- സാംസ്‌കാരിക കേരളം പ്രതികരിക്കുന്നു

കമ്യൂണിസ്റ്റ് നരകത്തില്‍ നിന്ന് മോചനം നേടിയ ബംഗാള്‍ ഇന്ന് മമതയുടെ വേട്ടയാടലിന് വിധേയമാകുന്നു. നരഹത്യയുടെ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു. മിണ്ടാന്‍ പോലും ചിലര്‍ മടിക്കുമ്പോള്‍ നിലപാടുകളുമായി ഇവര്‍...

ആക്രമിക്കുന്നത് ഭാരതത്തിന്റെ ഹൃദയത്തുടിപ്പിനെ

ഒരു ജനാധിപത്യരാഷ്ട്രത്തില്‍ ഒരിക്കലും സംഭവിച്ചുകൂടാത്തതാണ് ബംഗാളില്‍ നടക്കുന്നത്. അധികാരത്തിന്റെ ബലത്തില്‍ ഏകാധിപത്യം നടപ്പാക്കുന്ന പ്രവണത അനുവദിച്ചുകൂടാ. ഇത്തരം താന്തോന്നിത്തത്തിന് ജനാധിപത്യത്തെ മറയാക്കുന്നവരെ പിരിച്ചുവിടണം. ഭാരതത്തിന്റെ, വിശിഷ്യാ ബംഗാളിന്റെ പാരമ്പര്യത്തിനും ആത്മസത്തയ്ക്കുമെതിരായ കടന്നാക്രമണമാണിത്. ഇതിനെ കക്ഷിരാഷ്ട്രീയത്തിന്റെ കള്ളികളില്‍ ഒതുക്കിക്കാണാവുന്നതല്ല. ദേശസ്‌നേഹത്തിന്റെ ത്രസിപ്പിക്കുന്ന ഏടുകള്‍ ഉണ്ട് വംഗനാടിന്റെ ചരിത്രത്തില്‍. സാംസ്‌കാരികവും ധാര്‍മ്മികവുമായ മുന്നേറ്റങ്ങള്‍ക്ക് ഭാരതത്തിനാകെ വഴികാട്ടിയാണ് ആ നാട്. അതിന്റെ മഹത്തായ പാരമ്പര്യത്തെ ഇല്ലായ്മ ചെയ്യുക എന്നത് കടന്നാക്രമണകാരികളുടെ ലക്ഷ്യമാണ്. ഇംഗ്ലീഷുകാരന്റെ വിഭജനതന്ത്രങ്ങളെ വന്ദേമാതരപ്രക്ഷോഭത്തിലൂടെ ചെറുത്തുതോല്‍പിച്ച നാടാണ് ബംഗാളെന്ന് ഓര്‍ക്കണം. സന്യാസിമാര്‍ പോലും നാടിന് വേണ്ടി സമരത്തിനിറങ്ങിയ നാട്. അവിടെ നടക്കുന്ന അതിക്രമങ്ങള്‍ കനത്ത നടപടികളോടെ അടിച്ചമര്‍ത്തണം. അക്രമകാരികള്‍ ഉന്നം വെക്കുന്നത് ഭാരതത്തിന്റെ ഹൃദയത്തുടിപ്പിനെയാണെന്ന് രാഷ്ട്രം തിരിച്ചറിയണം. പ്രതിഷേധം എല്ലാത്തലത്തിലും എല്ലാ തരത്തിലും ഉയരുക തന്നെ വേണം.

പി. നാരായണക്കുറുപ്പ്

 

 

ഒരവതാരം ഉണ്ടാകുമോ

വംഗദേശം പങ്കില ദേശമായി മാറിയിരിക്കുകയാണ്. രാജ്യം ഖണ്ഡിതമായശേഷം ഉണ്ടായ പ്രദേശമാണിത്. അങ്ങനെ ശേഷിക്കുന്ന വായുവിനോടും മണ്ണിനോടും നല്‍കുന്ന അന്നത്തോടും കൂറുപുലര്‍ത്താത്ത ഒരു ലോകത്തെ എങ്ങനെയാണ് സാംസ്‌കാരിക ലോകമെന്ന് പറയുക. കേരളത്തിലുണ്ടായിരുന്ന സാംസ്‌കാരിക നായകന്മാര്‍ മണ്‍മറഞ്ഞു പോയി. എഴുത്തച്ഛന്‍ തന്ന രാമായണവും ഭാരതവുമൊക്കെ പഠിച്ചിട്ട്, അക്ഷരത്തിന്റെ മുതലാളിമാരായി വിരാജിക്കുന്നവരുണ്ടല്ലോ അവര്‍ എഴുത്തച്ഛന്റെ മാറില്‍ താണ്ഡവനൃത്തം നടത്തുകയാണ്. അവര്‍ക്ക് ഭാഷാപിതാവിന്റെ പ്രതിമ സ്ഥാപിക്കാന്‍ കഴിയുന്നില്ല. പൂന്താനം എന്ന മഹാകവി ജീവിച്ചിരുന്നില്ലെന്ന് കേസ് വാദിക്കുന്നവര്‍. ഇവരാണോ സാംസ്‌കാരിക നായകര്‍. ഒറ്റ പോംവഴിയേ ഉള്ളു. ഭാരതീയമായ സംസ്‌കൃതിയും സാഹിത്യവുമാണ് എല്ലാവരും സമന്മാരായി സഹവര്‍ത്തിക്കണമെന്ന് പറയുന്നത്. അതനുസരിച്ചുള്ള ഭരണ സംവിധാനമുണ്ടാകണം. അതിനോട് കൂറുപുലര്‍ത്തുന്നവരിവിടെ നില്‍ക്കട്ടെ. അല്ലാത്തവരും ജീവിക്കട്ടെ. ഭാരതീയര്‍ എവിടെയെല്ലാം പോയി, അവിടെയെല്ലാം സ്വന്തം രാജ്യമുണ്ടാക്കാന്‍ ശ്രമിച്ചോ? ഇവിടെ അങ്ങനെയല്ല, വരുന്നവര്‍ വരുന്നവര്‍ ആക്രമിച്ച് അധികാരികളാകുന്നു. ആദ്യം മുതലേ ചുവടു തെറ്റി. ഭസ്മാസുരന്മാര്‍ക്ക് വരം നല്‍കി. അവര്‍ ഇപ്പോള്‍ വിഴുങ്ങാന്‍ നടക്കുന്നു. അതിന് മോഹിനിയുടെ അവതാരമേ ഞാനാഗ്രഹിക്കുന്നുള്ളു.  

പി.ഐ. ശങ്കരനാരായണന്‍

 

മനുഷ്യത്വം മരവിച്ചവര്‍

സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന ഇൗരടി പാടി നടന്ന കേരളം! ഇന്നിപ്പോള്‍ ക്രൂരവും പൈശാചികവുമായ നരനായാട്ട് വംഗദേശത്തു നടക്കുമ്പോള്‍ ഒന്നു പ്രതികരിക്കാന്‍ പോലും വിമുഖത കാട്ടുന്ന സാംസ്‌ക്കാരിക ലോകം. ജാതിയും മതവും വര്‍ഗ്ഗവും രാഷ്ടീയവും നോക്കി തങ്ങളുടെ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പുകളുമായി മനുഷ്യത്വം മരിച്ച സാംസ്‌ക്കാര മാധ്യമ പ്രവര്‍ത്തകരുടെ വന്ധീകരിക്കപ്പട്ട പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ലജ്ജിക്കുന്നു. പ്രതിഷേധിക്കുന്നു. അവരുടെ കുറ്റകരമായ മൗനത്തിന്റെ മറ വേട്ടക്കാര്‍ക്കു വേണ്ടിയുള്ളതാണന്നറിയുമ്പോള്‍ നടുങ്ങിപ്പോകുന്നു. ഇരകളോടൊപ്പം. ബംഗാളിലെ പീഡിതര്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നു. ഇടപെടലുകളാണ് ജീവിതം എന്നറിഞ്ഞ് ഞാനും നിര്‍ഭയം ഇടപെടുന്നു.

വെണ്ണല മോഹന്‍

 

 

ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാര്‍

ബംഗാളില്‍ അരങ്ങേറുന്ന ക്രൂരതകള്‍ ജനാധിപത്യ വിശ്വാസികളും സമാധാനപ്രിയരുമായ ഏവരെയും ഞെട്ടിക്കുന്നതാണ്.  

മനുഷ്യാവകാശ ലംഘനങ്ങള്‍ അരങ്ങുതകര്‍ക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പാലായനം ചെയ്യേണ്ടിവന്നിരിക്കുന്നു എന്നത് ഭീതികരമാണ്. ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഏറ്റവും ശക്തമായ ഭാഷയില്‍ ഇതിനെ എതിര്‍ക്കേണ്ടതും പ്രതികരിക്കേണ്ടതുമാണ്. എല്ലാവിഭാഗം ജനങ്ങളുടേയും സംരക്ഷണം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കുറ്റവാൡകളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം.ഇരകളായവര്‍ക്ക് സഹായവും സാന്ത്വനവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.    

ഡോ.എം. മോഹന്‍ദാസ്

 

'ടാഗോറിന്റെ ബംഗാളെവിടെ

കോഴിയെ കൊല്ലുന്നത് കണ്ട് മാംസഭക്ഷണം ഉപേക്ഷിച്ച വ്യക്തി എന്റെ വീട്ടിലുണ്ട്. ആ വീട്ടിലിരുന്ന് കൊലപാതക വാര്‍ത്തകളും ചിത്രങ്ങളും കാണുമ്പോള്‍ നടുങ്ങുന്നു. റഷ്യന്‍ നോവലിസ്റ്റ് ഡസ്‌തേയെവ്സ്‌ക്കിയുടെ 'കുറ്റവും ശിക്ഷയും' സിനിമയാക്കാന്‍ തയ്യാറാവുന്ന സമയമാണിത്. കഥാനായകന്‍ കൊലപാതകം ചെയ്യുന്നു. അയാള്‍ പറയുന്നു: കൊന്നത് ആ കിഴവിയെ അല്ല , ഞാന്‍ എന്നെയാണെന്ന്.കൊല ചെയ്യുന്നവന്‍ എന്താണ് ചെയ്യുന്നതെന്ന് തിരിച്ചറിയട്ടെ. നമ്മുടെ ബംഗാളികള്‍ എവിടെപ്പോയി? ഞാന്‍ ചോദിക്കുന്നു, ടാഗോറിന്റെയും റായ്യുടെയും അങ്ങനെ പലരുടെയും ദേശത്ത് മറ്റ് ആരൊക്കെയാണിപ്പോഴുള്ളത്...!

ബല്‍റാം മട്ടന്നൂര്‍

 

 

വേദനിപ്പിക്കുന്ന കാഴ്ചകള്‍

 

യോജിക്കുവാനും വിയോജിക്കുവാനുമുള്ള പൗരന്റെ പരമപ്രധാനമായ അവകാശത്തെ മാനിക്കുന്ന വിശ്വാസപ്രമാണമാണ് ജനാധിപത്യവ്യവസ്ഥയുടെ ആണിക്കല്ല്.  

വ്യത്യസ്ത ചിന്തകളെ മാനിക്കുമ്പോഴാണ് ജനാധിപത്യക്രമത്തിലൂന്നിയ രാഷ്ട്രീയ സംവിധാനം അര്‍ഥപൂര്‍ണമാവുന്നത്. ഇന്ത്യന്‍ ഭരണഘടനശ്രേഷ്ഠമായ ഈ സങ്കല്പനത്തെയാണ് നാളിതുവരെ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. എന്നാല്‍ ഈ ഉന്നതസങ്കല്പത്തിന്റെ അടിവേരുകളിളക്കുന്ന ഭരണകൂട ഭീകരതയാണ് പശ്ചിമബംഗാളില്‍  അരങ്ങേറുന്നത്.  

തുടര്‍ഭരണം ലഭിച്ചതിന്റെ ഹുങ്കില്‍ പ്രതിപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളെ അക്രമത്തിലൂടെ അടിച്ചമര്‍ത്തുന്ന നീക്കമാണ് മമതാ ബാനര്‍ജിയുടെ അനുഗ്രഹാശിസ്സുകളോടെ ബംഗാളില്‍ നടന്നുവരുന്നത്. ബംഗ്ലാദേശില്‍ നിന്ന് എത്തിയ കലാപകാരികളുടെ അത്യന്തം ഹീനമായ അതിക്രമങ്ങള്‍ക്കിരയായി ബംഗാളിലെ പൗരസമൂഹം പലായനം ചെയ്യുന്ന കാഴ്ച ഭാരതീയരെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുന്നു. കൂട്ടബലാംത്സംഗത്തിനിരയായവരെയും ക്രൂരമര്‍ദ്ദനത്തിനിരയായവരെയും കണ്ടില്ലെന്നു നടിക്കുന്ന സാംസ്‌ക്കാരികനായകന്മാരെ ആശയപരമായി എതിര്‍ക്കുവാന്‍ നാമിനിയെങ്കിലും തയ്യാറാവണം.  

സെലക്ടീവ് പ്രതികരണവാദികളായ സാംസ്‌കാരിക നായകന്മാരുടെ ഇരട്ടത്താപ്പും കാപട്യവും മാപ്പര്‍ഹിക്കുന്നതല്ല. ബംഗാളില്‍ ശാശ്വതമായ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുവാനും ഭാരത പൗരന്മാരൊന്നിച്ചണിനിരക്കേണ്ട കാലഘട്ടമാണിത്.

ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍

 

വേദനിപ്പിക്കുന്ന ദൃശ്യങ്ങള്‍

ബംഗാളില്‍നിന്നുള്ള പല ദൃശ്യങ്ങളും വല്ലാതെ വേദനിപ്പിക്കുന്നു. അത് കണ്ടില്ലെന്ന് നടിക്കുന്ന കേരളത്തിലെ മാധ്യമങ്ങളുടെ മാനവികതയും സിദ്ധാന്തങ്ങളും അതിലേറെ വേദനിപ്പിക്കുന്നു, ഞെട്ടിക്കുന്നു. സാംസ്‌കാരിക നായകരുടെയും മാധ്യമങ്ങളുടെയും സെലക്ടിവ് ആയി പ്രതികരിക്കുന്ന പ്രവണത തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്. ന്യൂനപക്ഷത്തിന് വേദനിക്കുമ്പോള്‍ മാത്രം വേദനിക്കുകയും അത് ഭൂരിപക്ഷത്തിനെതിരെ ഉപയോഗിക്കുകയും, ആയുധമാക്കുകയും ചെയ്യുന്ന രീതി മതേതരമെന്ന് കേരളത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് അങ്ങേയറ്റം അപലപനീയവും അപകടകരവുമാണ്.

അംബിക. ജെ.കെ

 

പ്രജ്ഞയുള്ളവര്‍  പ്രതിഷേധിക്കണം

ബംഗാളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളില്‍ പ്രജ്ഞയുള്ള ജനത പ്രതിഷേധിക്കണം. എഴുത്തുകാരും സാഹിത്യകാരന്മാരും എപ്പോഴും മാനുഷികതയുടെ പക്ഷത്ത് നില്‍ക്കുകയും, രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരുമാകണം. ശാന്തിയും സമാധാനവും ഉണ്ടാവണമെങ്കില്‍ വലിയ പക്വത നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്, എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഏറ്റവും നല്ല വ്യവസ്ഥ ജനാധിപത്യ വ്യവസ്ഥ തന്നെയാണ്. തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്, എന്നാല്‍ അതിനൊക്കെ അപ്പുറം വിജയിച്ചവരും പരാജയപ്പെട്ടവരും ഒരുമിച്ച് രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. പക്ഷെ, അതല്ല ഇന്ന് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ അക്രമ സംഭവങ്ങളിലും, കൂട്ടപ്പലായനങ്ങളിലും ജനത മുഴുവന്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം, നമ്മുടെ രാജ്യത്തിന്റെ നന്മക്കും ഐക്യത്തിനുമായി ആരും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനും പാടില്ല. എല്ലാവരുടെയും പ്രാര്‍ത്ഥനയും ചിന്തയും ഈ തെറ്റുകള്‍ക്കെതിരെ ആയിരിക്കട്ടെ.

പി.ആര്‍.നാഥന്‍

 

 

ഉറങ്ങുന്ന സിംഹത്തെ ഉണര്‍ത്തരുത്

ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ജയ പരാജയങ്ങള്‍ സ്വാഭാവികമാണ്. ചിലപ്പോള്‍ ചിലയിടങ്ങളില്‍ അതിന്റെ പ്രതികരണങ്ങള്‍ പരിധി വിട്ടു പോയേക്കാം. എന്നാല്‍ ബംഗാളില്‍ അതല്ല നടക്കുന്നത്. വിജയ ലഹരിയില്‍ ഭരണകൂടത്തിന്റെ ഉന്മാദനൃത്തമാണ് അവിടെ നടക്കുന്നത്. കൈവന്ന ജനവിധിയില്‍ കൂടുതല്‍ വിനീതരാകേണ്ട ഭരണകൂടം ഗുണ്ടായിസം അഴിച്ചു വിട്ടിരിക്കുന്നു. എതിര്‍ കക്ഷിക്കാരെ തേടിപ്പിടിച്ച് വേട്ടയാടുന്നു. സാധാരണ ജനങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നു. അവര്‍ പലായനം ചെയ്യേണ്ടി വരുന്നു. ഈ അവസ്ഥ മനുഷ്യത്വരഹിതമാണ്, എല്ലാ വിധത്തിലും പ്രതിഷേധാര്‍ഹമാണ്. സമാധാനത്തിന്റെ ഉറങ്ങുന്ന സിംഹത്തെ വിളിച്ചുണര്‍ത്താനാണ് തൃണമൂല്‍ ശ്രമിക്കുന്നത്. ഭരണകൂടത്തിന് മനസ്സാക്ഷി ഉണ്ടെങ്കില്‍ എത്രയും വേഗം ഈ തോന്നിവാസത്തിനും അഹങ്കാര പ്രസ്താവനകള്‍ക്കും അറുതി വരുത്തി സമാധാനം പുന:സ്ഥാപിക്കണം. അധികാര ലഹരിയും ഔദ്ധത്യവും തലയില്‍ കയറിയാല്‍ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന സ്ഥിതിവിശേഷത്തെ വിളിച്ചു വരുത്തുകയാവും ഫലം.

മങ്കൊമ്പ് ഗോപാലകൃഷ്ണന്‍

 

മാധ്യമ ധര്‍മ്മമോ

തെരഞ്ഞെടുപ്പു കാലത്തും ഫലപ്രഖ്യാപനത്തിന് ശേഷവും ബംഗാളിലെ ഹിന്ദുജനത വേട്ടയാടപ്പെടുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധമുള്ള അക്രമമാണ് നടക്കുന്നത്. വിഭജനകാലത്തെ ദുരന്തം നേരിട്ട ജനതയാണത്. മറ്റൊരുതരത്തില്‍ 1921ന്റെ ആവര്‍ത്തനമാണ് അവിടെ നടക്കുന്നത്. എന്നാല്‍ ഇതൊന്നും മലയാള മാധ്യമങ്ങള്‍ കാണുന്നില്ല. ദേശീയ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ബംഗാള്‍ വംശഹത്യയുടെ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മലയാളമാധ്യമങ്ങള്‍ തിരസ്‌ക്കരിക്കുകയാണ്. മാധ്യമങ്ങള്‍ തിന്മയുടെ പക്ഷത്താകരുത്. അത് രാഷ്ട്രീയ പ്രചാരണത്തിനുള്ള ഉപാധിയുമാകരുത്. കേരളത്തിലെ മാധ്യമങ്ങള്‍ രാഷ്ട്രീയ പക്ഷപാതമാണ് കാണിക്കുന്നത്. ഹിന്ദു ജനതയെ സംഘികളാണന്നും പറയുകയും സംഘികള്‍ കൊലചെയ്യപ്പെടേണ്ടവരാണെന്ന് വിധിക്കുകയും ചെയ്യുകയാണ് ചില മാധ്യമങ്ങള്‍. മാധ്യമ ധര്‍മ്മത്തെ അപമാനിക്കുകയാണ് ഇത്തരക്കാര്‍. ഭരണകൂടത്തിന്റെ നക്കാപ്പിച്ചയ്ക്ക് വേണ്ടി മാധ്യമ ധര്‍മ്മം മറക്കുകയാണ് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍. ഇത് കേരളത്തിന്റെ സാംസ്‌കാരിക സാഹചര്യം എന്താണെന്ന് കൂടി വ്യക്തമാക്കുകയാണ്.

അലി അക്ബര്‍

 

 

ബംഗാള്‍ അതിജീവിക്കും

1905ലെയും 1947ലെയും വിഭജനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തവരാണ് ബംഗാളിലെ ദേശീയ ജനത. എന്നാല്‍ 1947ന് ശേഷം കോണ്‍ഗ്രസ്സും സിപിഎമ്മും പിന്നീട് മമതാബാനര്‍ജിയും ദേശീയവികാരത്തെ ചവിട്ടിയമര്‍ത്തുകയായിരുന്നു. ഹിന്ദു ദേശീയതയെയും ബംഗാളി വികാരത്തെയും അവഗണിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ഇന്ന് പൂര്‍വ്വാധികം ശക്തിയോടെ ഹിന്ദു ദേശീയതയുടെ തിരിച്ചുവരവാണ് ബംഗാളില്‍ ഉണ്ടാവുന്നത്. ഇത്രയും കാലം അടിച്ചമര്‍ത്തുകയും അവഗണിക്കുകയും ചെയ്ത ഹിന്ദു വികാരം ബംഗാളില്‍ ശക്തിപ്രാപിക്കുകയാണ്. എന്നാല്‍ ഇതിനെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് മമതാബാനര്‍ജി നടത്തുന്നത്. സിപിഎമ്മിന്റെ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ദുര്‍ഭരണത്തെ അതിജീവിച്ചാണ് ബംഗാളിജനത മമതയോടൊപ്പം നിന്നത്. എന്നാല്‍  മമത സിപിഎമ്മിന്റെ മറ്റൊരു പകര്‍പ്പാവുകയായിരുന്നു ഇതില്‍ നിന്ന് ബംഗാളി ജനത മോചനം നേടുമെന്നുറപ്പാണ്.  

പ്രൊഫ. കെ.പി. ശശിധരന്‍

 

 

മനുഷ്യത്വരഹിതം 

അക്രമങ്ങളും കൊലപാതകങ്ങളും മനുഷ്യത്വരഹിതമാണ്. അത് ഏതു ദേശത്തായാലും കാലത്തായാലും  കാരണത്താലായാലും. അതില്‍ വേദനിക്കുന്നവര്‍ പ്രതികരിക്കണം. പക്ഷേ കേരളത്തില്‍ ബുദ്ധിജീവികളെന്നും സാംസ്‌ക്കാരിക നായകരെന്നും നടിക്കുന്നവര്‍ രാഷ്ട്രീയം നോക്കി കാണിക്കുന്ന പ്രതികരണഗോഷ്ടികളുടെ പൊള്ളത്തരം ബംഗാള്‍ സംഭവങ്ങളിലെ അവരുടെ മൗനം വെളിവാക്കിത്തരുന്നു.

ബീയാര്‍ പ്രസാദ്   

 

ഭാരതീയരെ വേദനിപ്പിക്കുന്നത്

സഹിഷ്ണുതയുടേയും സമഭാവനയുടേയും കളിത്തൊട്ടിലായ ഭാരതം എന്തുകൊണ്ടാണ് ജയാപജയങ്ങളെ തുടര്‍ന്ന് ഇത്രയും കലുഷിതമായിത്തീരുന്നത് എന്ന് സമാധാനപ്രിയരായ എല്ലാ ഭാരതീയരേയും, പ്രത്യേകിച്ച് ഹിന്ദുക്കളേയും വളരെ വേദനിപ്പിക്കുന്നുണ്ട്. അതും നടക്കുന്നത് ശ്രീരാമകൃഷ്ണ- ശ്രീശാരദാ- ശ്രീ വിവേകാനന്ദ- ശ്രീ അരബിന്ദോ തുടങ്ങിയ മഹാമനീഷികള്‍ക്ക് ജന്മം കൊടുത്ത ബംഗാളില്‍. മുഖ്യമന്ത്രി മമതാദീദിയുടെ മാതൃഹൃദയം തീര്‍ച്ചയായും വേദനിക്കുന്നുണ്ടായിരിക്കും എന്നുതന്നെ ഞാന്‍ കരുതുന്നു. ആ വേദനക്കു മാത്രമേ അക്രമാസക്തരായ ജനഹൃദയങ്ങളില്‍ ശാന്തികൊണ്ടുവരാനാകൂ. ദീദിയുടെ മാതൃശക്തി മുഖ്യമന്ത്രി പദത്തിലിരുന്നുകൊണ്ട് ആദ്യമായി സമുദായത്തില്‍ കൊടുമ്പിരി കൊള്ളുന്ന അക്രമവാസനകളെ അകറ്റുമാറാകട്ടെ. വീണ്ടും ശാന്തിയും സമാധാനവും കൈവരുമാറാകട്ടെ.

ഡോ.എം. ലക്ഷ്മീകുമാരി

 

മതഭ്രാന്തിനെ ചങ്ങലയ്ക്കിടണം

മതം ഭ്രാന്തു പിടിച്ച് ബംഗാളിലെ തെരുവില്‍ അഴിഞ്ഞാടുമ്പോള്‍  ക്രമസമാധാനം കാര്യങ്ങള്‍ തന്റെ നിയന്ത്രണത്തിലല്ലെന്ന്  മമത ബാനര്‍ജിയുടെ പ്രസ്താവനതന്നെ ആസൂത്രിക കൂട്ടക്കൊലയെ ന്യായികരിക്കുന്നതിനാണ്. കേന്ദ്രമന്ത്രിക്കു നേരെ പട്ടാപ്പകല്‍ ആക്രമണ വാര്‍ത്ത മാത്രം  നല്‍കി കണ്ണടച്ചിരിക്കുകയാണ്  അജണ്ടകളുള്ള മലയാള മാധ്യമങ്ങള്‍. ഇരുപത്തിരണ്ടു വയസ്സു മാത്രം പ്രായമുള്ള നിയമവിദ്യാര്‍ത്ഥിനി സരസ്വതി ജന മൃഗീയമായി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോള്‍ കേരളത്തിന്റെ പ്രതികരണം മന:സാക്ഷിയുള്ള ആരേയും ലജ്ജിപ്പിക്കുന്നതാണ്.  അനുശോചനമില്ല, കവിതയെഴുത്തില്ല, പന്തം കൊളുത്തിപ്പടയില്ല.  

കക്ഷിരാഷ്ട്രീയ ഭേദങ്ങള്‍ക്കപ്പുറം മനുഷ്യച്ചോരയ്ക്ക്,  നിസ്സഹായതയ്ക്ക് ഒരേ നിറവും ഭാവമാണെന്ന് എന്നാണിനി കേരളത്തിലെ കവികള്‍ മനസ്സിലാക്കുക എന്ന ചോദ്യം അതീവ പ്രസക്തമാണ്. അടിമജീവിതം അവസാനിപ്പിച്ച്  മത- രാഷ്ട്രീയത്തിനതീതമായി സ്വതന്ത്രമായി അഭിപ്രായം വിൡച്ചുപറയാന്‍ ധൈര്യം കാട്ടണം കലാസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍. 1975 ല്‍ കശ്മീരില്‍ സംഭവിച്ചത് ഇന്ന് ബംഗാൡ സംഭവിക്കുകയാണ്. നാളത്തെ വേദി കേരളമാണെന്നതിന് സംശയം വേണ്ട.

കാവാലം അനില്‍

 

കലര്‍പ്പില്ലാത്ത കാപട്യം

വിദേശ രാജ്യങ്ങളിലെ പ്രശ്‌നങ്ങളില്‍ പോലും പ്രതികരിക്കുന്ന നമ്മുടെ സാംസ്‌കാരിക ശിങ്കങ്ങള്‍ ബംഗാളിലെ സംഭവങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നത് കലര്‍പ്പില്ലാത്ത കാപട്യമാണ്. ബംഗാളില്‍ ഇടതുപക്ഷം സംപൂജ്യരായതു കൊണ്ട് ഇനി ബംഗാള്‍ വിഷയത്തില്‍ വായ തുറക്കാതിരിക്കുന്നതാണ് ബുദ്ധി എന്ന ചിന്തയും പ്രതികരണ ജീവികളെ ബാധിച്ചിട്ടുണ്ടാവാം. മമതയുടെ വിജയത്തെ പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ് ബംഗാള്‍ തെരുവുകളിലെ അശാന്തത. രാഷ്ട്രീയ പാര്‍ട്ടികളുടെ ജയ പരാജയങ്ങള്‍ക്കുപരി  ജനാധിപത്യത്തിന്റെ നിലനില്‍പ്പുതന്നെയാണ് പരമപ്രധാനം.

ഉമാ ആനന്ദ്

 

ചിലര്‍ മൗനം പാലിക്കുന്നു

സത്യാവസ്ഥ ആര്‍ക്കും ശരിയായി മനസ്സിലാക്കാന്‍ കഴിയാത്ത വിധമായത് കൊണ്ട് തന്നെയാവണം പലരും മൗനം പാലിക്കുന്നത്. പരസ്പരം പഴിചാരലാണല്ലോ നടക്കുന്നത്. അക്രമം അഴിച്ചുവിട്ടത് തൃണമൂല്‍ തന്നെയെന്ന് ബിജെപിയും അതല്ല, ബിജെപിക്കുള്ളിലെ പോരു തന്നെയെന്ന് തൃണമൂലും വാദിക്കുന്നു. ഇലക്ഷന്‍  നടന്ന വിധം തന്നെ തൃപ്തികരമല്ലെന്നിരിക്കേ,അതിന്റെ ഫലത്തേയും ഉള്‍ക്കൊള്ളാന്‍ വിഷമമുണ്ടാകുക സ്വാഭാവികം മാത്രം. മാറ്റങ്ങള്‍  കാലത്തിന്റേതും കര്‍മ്മത്തിന്റേതും ഒരുപോലെ ആവാമെന്നാരും ഓര്‍ക്കാത്തതെന്താണാവോ?

ജ്യോതിര്‍മയി ശങ്കരന്‍

 

ഇത് ഉന്മൂലന പദ്ധതി

ബംഗാളിലെ അക്രമങ്ങള്‍ സംസ്ഥാനത്തെ മറ്റൊരു കശ്മീരാക്കാനുള്ള ശ്രമമാണ്. ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞ് കയറിയ ഒരു കോടിയിലധികം ജനങ്ങള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്.  

ഇവര്‍ക്ക്  വോട്ടവകാശവും റേഷന്‍ കാര്‍ഡും നല്‍കിയിരിക്കുന്നു. ഇവരാണ് ഇന്ന് ബംഗാളില്‍ മമതയ്‌ക്കൊപ്പം കലാപകാരികളായി മാറിയിരിക്കുന്നത്. ഭാരതീയരെ ബംഗാളില്‍ നിന്നും ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് അക്രമങ്ങള്‍. മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെങ്കില്‍ ഇന്ന് മമതയാണ് അനധികൃത നുഴഞ്ഞുകയറ്റക്കാരെ കൂട്ടുപിടിക്കുന്നത്. അക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന മലായാളത്തിലെ മാധ്യമങ്ങളുടെ നിലപാട് വിചിത്രവും മന:പൂര്‍വ്വവുമാണ്.

ജി. കൃഷ്ണകുമാര്‍

 

മുഖംതിരിച്ചു നില്‍ക്കുകയോ?

അമ്മയെ ദേവിയായി, കാളിയായി പൂജിക്കുന്ന വംഗനാട്ടില്‍ സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങള്‍! ഇതിനുനേരെ മുഖം തിരിച്ചുനില്ക്കുന്ന കപടത! സാംസ്‌കാരികനായകന്മാരുടെ, മാധ്യമങ്ങളുടെ കാപട്യമാണോ ഭീരുത്വമാണോ അന്ധതയാണോ അറിവില്ലായ്മയാണോ അടിമത്തമാണോ  ഇത് ചര്‍ച്ചചെയ്യപ്പെടാതെ മൂടിവയ്ക്കുന്നതു മുഴുവന്‍ രാഷ്ട്രശരീരവും ചീഞ്ഞുനാറുവാന്‍ മാത്രമേ ഉപകരിക്കൂ.  

ജമ്മുകശ്മീരില്‍, ബംഗാളില്‍, നാളെ കേരളത്തിലേക്കും. പേടിപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്. നമ്മളീ മൗനം തുടരുന്നത് ഉചിതമാണോ?

എസ്. സതീദേവി

 

കാഴ്ചയുള്ള കുരുടന്മാര്‍

സാംസ്‌കാരിക നായകര്‍ നിഷ്‌കാമകര്‍മ്മത്തോടെ സമൂഹത്തെ നയിക്കേണ്ടവരാണ്. സാമൂഹ്യ ഗുരുക്കന്മാര്‍ ആകേണ്ടവര്‍. സാമൂഹ്യ തിന്മയോടൊപ്പം സഞ്ചരിക്കുന്ന കേരളത്തിലെ ഒരു പറ്റം സാംസ്‌കാരിക നായകര്‍ കാഴ്ചയുള്ള കുരുടന്മാരും അധമവ്യാപാരികളുമാണ്.

യാഗാ ശ്രീകുമാര്‍

 

മൗനം സ്വാഭാവികം

ബംഗാള്‍ ഒരു പരീക്ഷണശാലയാണ്. കേരളം പോലെ. ജിഹാദികളുടെ വിജയാഘോഷം കലാപമാകുമ്പോള്‍ ഇടത് - ജിഹാദി രാജ്യവിരുദ്ധ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ മാനം പാലിക്കുന്നത് സ്വാഭാവികമല്ലേ..?

ജോണ്‍ ഡിറ്റോ

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.