×
login
നാരീശക്തിക്ക് ഇന്ത്യ വഴികാട്ടുമ്പോള്‍

നിലവിലെ രാഷ്ട്രീയ-നിയമ സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് സ്ത്രീകളുടെ തെരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും ബഹുമാനിക്കാനും അംഗീകരിക്കാനും സാധിക്കുന്ന നയങ്ങള്‍ കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജന(പിഎം-ജെഎവൈ)യുടെ ആഭിമുഖ്യത്തില്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്കുകയും പ്രസവം, ഗൈനക്കോളജി എന്നിവയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ നല്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ) ഗര്‍ഭധാരണത്തിന് മുമ്പും ശേഷവുമുള്ള വരുമാന നഷ്ടം ഭാഗികമായി നികത്തുമ്പോള്‍ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ (പിഎംഎസ്എംഎ) മാസത്തിലെ ഓരോ 9-ാം ദിവസവും ഗര്‍ഭിണികള്‍ക്ക് സൗജന്യ പ്രസവാനന്തര പരിചരണം നല്കുന്നു.

സ്മൃതി ഇറാനി

പാശ്ചാത്യ രാജ്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിലും തെരുവുകളിലും ജനരോഷം ഉയരുന്ന കാലത്ത് ഗര്‍ഭച്ഛിദ്രം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ നിലപാടാണ് ശ്രദ്ധേയം. വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗര്‍ഭധാരണത്തിന് മൊറട്ടോറിയം ഏര്‍പ്പെടുത്തിയും സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹപ്രായം തുല്യമാക്കാന്‍ നിര്‍ദേശം നല്കിയും പ്രത്യുല്‍പ്പാദന സ്വയംഭരണാവകാശം സംരക്ഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഉന്നത സ്ഥാനം അലങ്കരിക്കുന്നു.

ഭരണഘടനയുടെ അനുച്ഛേദം 21 വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണ്. ഗര്‍ഭച്ഛിദ്രം നടത്തുക, അല്ലെങ്കില്‍ ഗര്‍ഭധാരണം അവസാനിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്ത്രീയുടെ സ്വയം നിര്‍ണ്ണയാവകാശമാണ്. കുട്ടികളെ പ്രസവിക്കുക എന്നത് സ്ത്രീകള്‍ മാത്രം ചെയ്യുന്നതാകുമ്പോള്‍ നിലവിലെ സാമൂഹ്യ-സാംസ്‌കാരിക സാഹചര്യം കുട്ടികളെ വളര്‍ത്തുക എന്നത് ഏറിയ പങ്കും സ്ത്രീകളുടെ മാത്രം ചുമതലയാക്കി മാറ്റുന്നു.

വൈദ്യശാസ്ത്രപരമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള 2021ലെ (ഭേദഗതി) നിയമം ഇക്കാര്യത്തില്‍ ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണ്. അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ തങ്ങളുടെ വീടുകളിലേക്ക് പുതിയൊരു ജീവനെ സ്വാഗതം ചെയ്യുന്ന കാര്യത്തില്‍ സ്വയം നിര്‍ണയം നടത്തുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. ഈ നിയമം മാനസിക സമ്മര്‍ദം, ബലാത്സംഗം, മറ്റു ലൈംഗികബന്ധങ്ങള്‍, ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ പരാജയം അല്ലെങ്കില്‍ ഭ്രൂണത്തിന്റെ അസാധാരണ സാഹചര്യങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗം തുടങ്ങി ഗര്‍ഭിണിയുടെ ജീവന്‍ അപകടത്തിലാകുന്ന സാഹചര്യങ്ങളുണ്ടായാല്‍ 24 ആഴ്ച വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്കുന്നു. 1971ലെ എംടിപി നിയമം ഉയര്‍ത്തിയ 20 ആഴ്ചക്കാലം എന്ന വെല്ലുവിളിയെ അതിജീവിക്കുകയും ആരോഗ്യ-പ്രത്യുല്‍പ്പാദന ശാസ്ത്ര രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് അംഗീകാരം നല്കുകയും ചെയ്യുന്നു. ഗര്‍ഭച്ഛിദ്രം അനുവദനീയമല്ലാത്ത രാജ്യങ്ങളെ അപേക്ഷിച്ച്, ലൈംഗിക ചൂഷണത്തിന്റെയോ ഇതര ലൈംഗികബന്ധങ്ങളുടെയോ സാഹചര്യങ്ങളില്‍ ഇത് മികച്ചൊരു മുന്നേറ്റമാണ്.

2021 ലെ എംടിപി നിയമം അതിന്റെ ശില്‍പ്പികളുടെ അവബോധത്തെയും ദീര്‍ഘവീക്ഷണത്തെയും വ്യക്തമാക്കുന്നു. കുട്ടികളുണ്ടാകാനുള്ള സന്നദ്ധതയും ആഗ്രഹവും അമ്മമാരുടെയും കുടുംബങ്ങളുടെയും കുട്ടികളുടെയും ജീവിതത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് വഴിവയ്ക്കുന്നു. അനാവശ്യവും അപ്രതീക്ഷിതവുമായ ഗര്‍ഭധാരണങ്ങള്‍ മാതാപിതാക്കളുടെ, പ്രത്യേകിച്ച് അമ്മമാരുടെ മുന്നോട്ടുള്ള ജീവിതത്തെയും മാനസിക നിലവാരത്തേയും പ്രതികൂലമായി സ്വാധീനിച്ചേക്കാം.

'ആഗ്രഹാനുസരണം' ജനിക്കുന്ന കുട്ടികള്‍ക്ക് മാതാപിതാക്കള്‍ മികച്ച വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. എംടിപി നിയമം അനാവശ്യ ഗര്‍ഭധാരണങ്ങളുടെ വൈകാരികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് മോചനം നല്കുന്നു.

നിലവിലുള്ള നിയമവും നയരൂപീകരണം നടത്തിയ വിദഗ്ധ സമിതിയും പ്രത്യുല്‍പ്പാദന തെരഞ്ഞെടുപ്പിനെ ഒരു ജീവിതചക്രത്തിന്റെ ഉദാഹരണത്തോടെ വിവരിക്കുന്നുണ്ട്. പ്രത്യുല്‍പ്പാദനക്ഷമത, കുട്ടികളെ പ്രസവിക്കല്‍, കുട്ടികളെ വളര്‍ത്തല്‍ എന്നിവ വിവാഹവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം ഉയര്‍ത്താന്‍ നിര്‍ദേശിക്കുന്നതിലൂടെ, ഗര്‍ഭധാരണം വൈകിപ്പിക്കുന്ന സ്വാഗതാര്‍ഹമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.


2021ലെ ശൈശവ വിവാഹ നിരോധന (ഭേദഗതി) ബില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 വയസ്സായി ഉയര്‍ത്താനാണു ലക്ഷ്യമിടുന്നത്. 20നും 24നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ അപേക്ഷിച്ച് കൗമാരക്കാരായ അമ്മമാര്‍ക്ക് എക്ലാംപ്സിയ, പ്യൂര്‍പെരല്‍ എന്‍ഡോമെട്രിറ്റിസ്, അണുബാധ എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ബില്‍ കൊണ്ടുവന്നത്. ഇത്തരത്തിലുള്ള കൗമാരക്കാരായ അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഭാരക്കുറവ്, മാസം തികയാതെയുള്ള പ്രസവം, നവജാതശിശുക്കളിലെ കൂടിയ രോഗനിരക്ക് തുടങ്ങിയ സാഹചര്യങ്ങളുണ്ടാകുന്നതായും പഠനങ്ങള്‍ പറയുന്നു.

കുടുംബാസൂത്രണത്തിന്റെ ആവശ്യം ഇല്ലാതിരുന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്)-4 (2014-15) മുതല്‍ എന്‍എഫ്എച്ച്എസ്-5 (2019-21) വരെ, കുട്ടികളുടെ എണ്ണം കുറയ്ക്കുകയോ ഗര്‍ഭധാരണ ഇടവേളകള്‍ കൂട്ടുകയോ ചെയ്യുന്ന കാര്യം 12.9 ശതമാനത്തില്‍ നിന്ന് 9.4 ശതമാനമായി കുറഞ്ഞു. എന്നാലും, ഒറ്റപ്പെട്ട സംഭവങ്ങളില്‍ 15നും 19നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ഏകദേശം ഏഴ് ശതമാനം ഇതിനകം എന്‍എഫ്എച്ച്എസ്-5 സമയത്ത് അമ്മമാരോ ഗര്‍ഭിണികളോ ആയിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഇത് എന്‍എഫ്എച്ച്എസ്-4 ന്റെ 7.8 ശതമാനത്തേക്കാള്‍ നേരിയ കുറവാണ്. ഇത്തരത്തിലുള്ള കൗമാരക്കാരായ അമ്മമാര്‍ക്ക് മുലയൂട്ടല്‍ രീതീകളെക്കുറിച്ചും ശിശുപരിപാലനത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകാറില്ല. കൂടാതെ ഇത്തരം ഗര്‍ഭധാരണങ്ങളില്‍ വളര്‍ച്ച മുരടിച്ചതോ രോഗമുള്ളതോ ആയ കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. 2021ലെ എംടിപി നിയമം, 2021ലെ പിസിഎംഎ ബില്‍ എന്നിവ ഒരുമിച്ച് നിയമമാക്കിയാല്‍ ആദ്യകാല ശൈശവ-കൗമാര വിവാഹങ്ങളുടെ ദൂഷ്യഫലങ്ങള്‍, ചെറുപ്രായത്തിലെ ഗര്‍ഭധാരണങ്ങള്‍, അനാരോഗ്യകരമായ മാതൃ-ശിശു ആരോഗ്യ സൂചികകള്‍ എന്നിവ ഇല്ലാതാക്കാന്‍ കഴിയും.

'ഗര്‍ഭപാത്രം വാടകയ്ക്കെടുക്കാന്‍' അനുവദിക്കുന്ന വാടക ഗര്‍ഭപാത്രക്കമ്പോളങ്ങള്‍ ഇല്ലാതാക്കലാണ് ഈ മേഖലയില്‍ നടപ്പാക്കിയ മറ്റൊരു നടപടി. ആഗോള അസമത്വങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, വാടക അമ്മമാര്‍ക്ക് ലാഭകരമായ 'ജൈവകമ്പോള'മായി ഇന്ത്യ മാറി. ദരിദ്രരായ ഇന്ത്യന്‍ സ്ത്രീകളുടെ ശരീരങ്ങള്‍ ആഗോള ഉത്തരമേഖലാ നിവാസികള്‍ക്ക് 'ജൈവ ലഭ്യത'യുള്ളവയായി മാറി. ഇത് മാതൃത്വത്തിന്റെ വാണിജ്യവത്കരണത്തിനും സ്ത്രീകളെ ഉപഭോഗവസ്തുവാക്കി മാറ്റുന്നതിനും അവരുടെ പ്രത്യുല്‍പ്പാദനശേഷി കുറയ്ക്കുന്നതിനും കാരണമായി. കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയും വാടകഗര്‍ഭപാത്രങ്ങള്‍ ചൂഷണം ചെയ്യുകയും നഷ്ടപരിഹാരം നല്കാതിരിക്കുകയും ചെയ്യുന്ന 'ബേബി ഫാക്ടറി' എന്നുപോലും ഇന്ത്യ വിശേഷിപ്പിക്കപ്പെട്ടിരുന്നു. അമ്മമാരെ ആദരിക്കുന്ന പാരമ്പര്യമുള്ള ഒരു രാജ്യത്ത്, ഇത്തരത്തിലുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള വാടകഗര്‍ഭധാരണം സാംസ്‌കാരിക ധര്‍മചിന്തകള്‍ക്ക് എതിരാണ്.

ഇക്കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് 2021 ലെ വാടകഗര്‍ഭധാരണ (നിയന്ത്രണ) നിയമം, വാണിജ്യ വാടകഗര്‍ഭധാരണത്തിന് പകരം ധാര്‍മികവും സഹായാടിസ്ഥാനത്തിലുള്ളതുമായ വാടകഗര്‍ഭധാരണം അനുവദിച്ചു. എന്നാല്‍ ഇന്ത്യന്‍ വംശജരല്ലാത്ത ദമ്പതികള്‍ക്ക് രാജ്യത്ത് വാടകഗര്‍ഭധാരണം പ്രയോജനപ്പെടുത്തുന്നതിന് ഈ നിയമം അനുവദിക്കുന്നില്ല. കൂടാതെ വാടകഗര്‍ഭധാരണം അനിവാര്യമാണെന്ന് സര്‍ട്ടിഫിക്കറ്റുള്ള, വൈദ്യശാസ്ത്രപരമായ കാരണങ്ങളുള്ള രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമേ ഇത് പ്രയോജനപ്പെടുത്താന്‍ അനുവാദമുള്ളൂ. എംടിപി നിയമം, വാടക ഗര്‍ഭധാരണ നിയമം, 2021 ലെ പിസിഎം (ഭേദഗതി) ബില്‍ എന്നിവ ഒന്നുചേര്‍ന്ന് നാരീശക്തിക്ക് പുതിയ അര്‍ത്ഥം നല്കുന്നു.  

നിലവിലെ രാഷ്ട്രീയ-നിയമ സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് സ്ത്രീകളുടെ തെരഞ്ഞെടുപ്പുകളെയും തീരുമാനങ്ങളെയും ബഹുമാനിക്കാനും അംഗീകരിക്കാനും സാധിക്കുന്ന നയങ്ങള്‍ കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ട്. ആയുഷ്മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജന(പിഎം-ജെഎവൈ)യുടെ ആഭിമുഖ്യത്തില്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്കുകയും പ്രസവം, ഗൈനക്കോളജി എന്നിവയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ നല്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ) ഗര്‍ഭധാരണത്തിന് മുമ്പും ശേഷവുമുള്ള വരുമാന നഷ്ടം ഭാഗികമായി നികത്തുമ്പോള്‍ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ (പിഎംഎസ്എംഎ) മാസത്തിലെ ഓരോ 9-ാം ദിവസവും ഗര്‍ഭിണികള്‍ക്ക് സൗജന്യ പ്രസവാനന്തര പരിചരണം നല്കുന്നു.

സ്ത്രീകള്‍ക്ക് പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട് സ്വയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് എളുപ്പമാക്കുന്നു. കൂടാതെ, ജനനി സുരക്ഷാ യോജനയ്ക്ക് കീഴില്‍ ആരോഗ്യകരമായ പ്രസവങ്ങളിലൂടെ സുരക്ഷിതമായ മാതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ലക്ഷ്യ പോലുള്ള പദ്ധതികള്‍ക്ക് കീഴില്‍ പ്രസവ വേളയില്‍ ലേബര്‍ റൂമുകളില്‍ ഗുണനിലവാരവും മാന്യമായ പരിചരണവും ഉറപ്പുവരുത്തുന്നു. ഈ നടപടികള്‍ ആരോഗ്യകരമായ പ്രസവങ്ങളുടെ കാര്യത്തില്‍ എന്‍എഫ്എച്ച്എസ്-4ലെ 79 ശതമാനത്തില്‍ നിന്ന് എന്‍എഫ്എച്ച്എസ്-5ല്‍ ഏകദേശം 89ശതമാനമായി വര്‍ധിക്കുന്നതിന് കാരണമായി. മാതൃമരണ അനുപാതവും കുറഞ്ഞു. ഇത് അമ്മമാരുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിനും കാരണമായി.

വിവിധ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അങ്ങേയറ്റം ആദരമാണ് നല്കുന്നത്. മെച്ചപ്പെട്ട ലിംഗാനുപാതത്തിന്റെ രൂപത്തില്‍ പെണ്‍കുട്ടികള്‍ ജനിക്കുകയുംഅവരെ പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ ക്യാമ്പയിനും ഫലം കണ്ടു. ഉജ്വല, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ പദ്ധതികള്‍ കുടുംബിനികളുടെ സമയം ലാഭിക്കാന്‍ സഹായിച്ചു. ഇത് ഇവര്‍ക്ക് മറ്റ് ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ കഴിയുന്ന സാഹചര്യമൊരുക്കി. മുദ്ര യോജന വഴി വനിതാ സംരംഭകര്‍ക്ക് ഈടില്ലാതെ വായ്പ നല്കുകയും പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടിക്കുന്ന പദ്ധതിയായ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം വഴി സ്ത്രീകള്‍ക്ക് ഉയര്‍ന്ന സബ്‌സിഡി നല്കുകയും ചെയ്തു.

പാശ്ചാത്യ രാജ്യങ്ങള്‍ ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ ഇന്ത്യ അനുവദനീയമായ ഗര്‍ഭച്ഛിദ്രത്തിന്റെ പരിധി വര്‍ധിപ്പിക്കുകയാണ്. ആര്‍ത്തവ ശുചിത്വം ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിശ്ശബ്ദമായ ഒരു സംഭാഷണം മാത്രമായി തുടരുന്നിടത്ത്, 1.3 ബില്യണ്‍ ഇന്ത്യക്കാര്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന ചുവപ്പുകോട്ടയുടെ കൊത്തളങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദി ഈ വിഷയത്തെ അഭിസംബോധന ചെയ്തു. മുത്തലാഖ് നിരോധിക്കുക വഴി മുസ്ലിം സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് ആശ്വാസം പകര്‍ന്നു. അനുവദനീയമായ വിവാഹപ്രായം പരിഷ്‌കരിക്കാന്‍ നിര്‍ദേശിച്ചതിലൂടെ, സ്ത്രീകളെയും പുരുഷന്മാരെയും ഒരേ നിലവാരത്തിലേക്കുയര്‍ത്തി. ഇന്ത്യയിലെ അമ്മമാരുടെയും പെണ്‍മക്കളുടേയും ജീവിതം മെച്ചപ്പെടുത്താനാകുമെന്ന ആത്മാര്‍ത്ഥമായ പ്രതീക്ഷയോടെയാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ നയരൂപീകരണങ്ങളില്‍ വൈകാരിക തലംകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  comment

  LATEST NEWS


  'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്‌സിങ്


  എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍


  എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി


  സ്വന്തമായി വാഹനമില്ല, ഭൂമിയില്ല;ഗാന്ധി നഗറിലെ ഭൂമി ദാനം ചെയ്തു; സ്ഥാവര സ്വത്തുക്കളില്ലാതായതോടെ പ്രധാനമന്ത്രിയുടെ ആകെ ആസ്തി 2.23 കോടി


  റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.