×
login
മാതൃരാജ്യത്തേക്കാള്‍ കൂറ് ചൈനയോടോ; ആര്‍ എസ് എസ് ശാഖയില്‍ പോയതിന്റെ ഗുണമെങ്കിലും വേണ്ടേ, എസ് ആര്‍ പി

കോടിയേരിയും പിണറായിയും പറഞ്ഞതിനെ അവരുടെ ബൗദ്ധിക നിലവാരം വെച്ച് അവഗണിച്ചാലും എസ് ആര്‍ പി അങ്ങനെയല്ലല്ലോ

മൂന്നുവര്‍ഷം മുന്‍പ് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളന വേദിയില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൈനയ്ക്കായി വീറോടെ വാദിച്ചു. ഇന്ത്യ അടങ്ങുന്ന അച്ചുതണ്ടു ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന സങ്കടമാണ് കോടിയേരി പ്രകടിപ്പിച്ചത്.

'മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തുടര്‍ന്നു ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ജപ്പാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള അച്ചുതണ്ടു രൂപപ്പെട്ടുവരുന്നു.' ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന്മാര്‍ക്ക് വീരമൃത്യു സംഭവിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ കുറിച്ച അഭിപ്രായത്തില്‍ ചൈനയെ എടുത്ത് പറഞ്ഞു പരാമര്‍ശിക്കാന്‍ പോലും ധൈര്യം കാണിക്കാതിരുന്ന കോടിയേരിയുടെ മനമെവിടെ എന്നതിന് തെളിവായിരുന്നു ഈ അഭിപ്രായ പ്രകടനം.

പാര്‍ട്ടി സെക്രട്ടറിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവനയുമായി എത്തിയിരുന്നു.

'ലോകത്തിലെ വലിയ ശക്തിയായി ചൈന വളരുകയാണ്. ചൈനയ്‌ക്കെതിരെ വിശാല സൈനികസഖ്യം രൂപീകരിക്കാനുള്ള ഇടപെടലാണ് അമേരിക്ക നടത്തുന്നത്. അമേരിക്കയുടെ തന്ത്രപരമായ സഖ്യകക്ഷിയായി ഇന്ത്യ മാറി. ഇനി ലോകയുദ്ധമുണ്ടായാല്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളും അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് ഇന്ത്യയിലെ തുറമുഖങ്ങളും ഉപയോഗിക്കാനാകും. അമേരിക്കയുടെ താല്‍പര്യമനുസരിച്ചുള്ള വിദേശനയമാണ് ചൈനയുടെ കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്നത്. ഇന്ത്യ അമേരിക്ക ഇസ്രയേല്‍ അച്ചുതണ്ട് വേണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്'' എന്നായിരുന്നു പിണറായിയുടെ വ്യാഖ്യാനം.

ഇപ്പോളിതാ മൂന്നാമനായ പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും മാതൃരാജ്യത്തേക്കാള്‍ കൂറ് ചൈനയോടാണ് എന്ന് പ്രഖ്യാപിച്ചിരിക്കുന്നു. കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ആര്‍ പി പറഞ്ഞത് ' ചൈനയെ വളയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഖ്യമുണ്ടാക്കി' എന്നാണ്.. 'അമേരിക്കയുടെ മേധാവിത്വം ചോദ്യംചെയ്യാന്‍ കഴിയുംവിധം ചൈന കരുത്താര്‍ജിച്ചു. ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണ്. ഇത് മറച്ചുവയ്ക്കാനാണ് ആഗോളപ്രചാരണം. ഇന്ത്യയില്‍ ചൈനയ്‌ക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണ്. ലോകത്ത് ദരിദ്രരെ ഇല്ലാതാക്കാന്‍ 70 ശതമാനം സംഭാവനയും ചൈനയുടേതാണ്. കോവിഡില്‍ വാക്‌സീന്‍ വിറ്റും മറ്റും മുതലാളിത്തം നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ സൗജന്യ വാക്‌സീന്‍ വിതരണം ചെയ്യുകയും മറ്റു രാജ്യങ്ങളെ സഹായിക്കുകയുമാണു ചെയ്തത്. കോവിഡ് സമയത്ത് ചൈന 116 രാജ്യങ്ങള്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്' എന്നൊക്കെയായിരുന്നു എസ്ആര്‍പിയുടെ ചൈനാ വാഴ്ത്തലുകള്‍.

കോടിയേരിയും പിണറായിയും പറഞ്ഞതിനെ അവരുടെ ബൗദ്ധിക നിലവാരം വെച്ച് അവഗണിച്ചാലും എസ് ആര്‍ പി അങ്ങനെയല്ലല്ലോ. സൗമ്യനും വിഷയങ്ങള്‍ പഠിച്ചു പറയുന്നവനും അല്ലേ. കുറച്ചുനാള്‍ ആര്‍ എസ് എസ് ശാഖയില്‍ പോയതിന്റെ ഗുണമാണതെന്ന് ചിലരൊക്കെ പറയുമെങ്കിലും വിഡ്ഢിത്തം വിളമ്പി വിവാദമുണ്ടാക്കുന്നവരുടെ ഗണത്തില്‍ എസ് ആര്‍ പിയില്ലായിരുന്നു എന്നത് സത്യമായിരുന്നു.

എന്നാല്‍ പ്രകടിപ്പിച്ച ചൈനാ പ്രേമം വിവരക്കേടിനേക്കാള്‍ രാജ്യവിരുദ്ധമാണെന്നതാണ് സത്യം. സാമ്പത്തികമായും സൈനികമായും ചൈന ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടേണ്ട സമയത്ത് ഇതു പറയാമായിരുന്നോ. ശാഖയില്‍നിന്നു പഠിച്ച രാജ്യസ്‌നേഹ പാഠങ്ങള്‍ പ്രായമായപ്പോള്‍ മറന്നോ?


അയല്‍ക്കാരുടെ അതിര്‍ത്തികളില്‍ നിരന്തരമായ പ്രശ്‌നങ്ങളുണ്ടാക്കുക എന്നത് പ്രഖ്യാപിത നയമായാണ് ചൈനയുടെ സമീപനം. അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞദിവസം നടന്ന സൈനിക മേധാവിതല ചര്‍ച്ചയിലും കിഴക്കന്‍ ലഡാക്കിലെ കടന്നുകയറ്റങ്ങളില്‍നിന്നും പിന്മാറാനും ഡെപ്‌സാങ്ങ് മുനമ്പിലെയും ദെംചോകിലെയും സംഘര്‍ഷം അവസാനിപ്പിക്കാനുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ലോകം മുഴുവന്‍ ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിച്ചിട്ടുള്ള അരുണാചല്‍പ്രദേശിലെ 15 പ്രദേശങ്ങള്‍ക്ക് ചൈനീസ് പേരുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ചൈന അവകാശവാദം ഉന്നയിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. പാംഗോങ് നദിയുടെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് ചൈന പാലംപണി ആരംഭിച്ചതും തര്‍ക്ക പ്രദേശങ്ങളില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാത്തും അതിര്‍ത്തി സംഘര്‍ഷമയമാക്കുക എന്ന തന്ത്രമാണ്.

2020 ജൂണില്‍ ഇന്ത്യന്‍ സൈനികരെ ചൈന ആക്രമിച്ചതിനു ശേഷമാണ് ഇന്ത്യ ചൈന ബന്ധം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. അതുവരെ ഇന്ത്യയില്‍ വിഘടനവാദികളെ സൃഷ്ടിച്ച് നിഴല്‍ യുദ്ധം നടത്തുകയായിരുന്നു ചൈന. ചുവപ്പ് ഇടനാഴിയിലെ കമ്യൂണിസ്റ്റ് ഭീകര പ്രവര്‍ത്തനത്തിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദത്തിനും പിന്തുണ കൊടുത്തിരുന്നെങ്കിലും നേരിട്ടുള്ളൊരു സംഘര്‍ഷം ഉണ്ടായിരുന്നില്ല. ചൈനക്കെതിരെ ശക്തമായ നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചതും ചൈനപാകിസ്താന്‍ അച്ചുതണ്ടിനെ നേരിടാന്‍ ഇന്ത്യയുടെ പ്രതിരോധം ശക്തമാക്കാന്‍ തീരുമാനിച്ചതും ഇതിനു ശേഷമാണ്. ചൈനക്കെതിരെ കിട്ടാവുന്നവരുമായൊക്കെ സഖ്യത്തില്‍ നില്‍ക്കുകയെന്നത് ഇന്ത്യയുടെ ബുദ്ധിപരമായ നീക്കമാണ്. അതില്‍ വിജയിക്കുകയും ചെയ്യുന്നു.

ഇത്തരമൊരു ഗുരുതര സാഹചര്യം നിലനില്‍ക്കുമ്പോള്‍ സിപിഎം നേതാക്കള്‍ വാലെവാലെ ചൈനീസ് സ്തുതികളുമായി മുന്നോട്ടു വരുന്നത് 1962 ലെ ചൈന യുദ്ധത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടു തന്നെയാണ് ഇപ്പോഴും പാര്‍ട്ടിക്ക് ഉള്ളതെന്ന് അടിവരയിടുന്നു.

ചൈന യുദ്ധസമയത്ത് ചൈനയുടെ ഭാഗത്തായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടനു വേണ്ടി പ്രവര്‍ത്തിച്ച് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത നയം തന്നെയായിരുന്നു ഇന്ത്യ ചൈന യുദ്ധത്തിലും സ്വീകരിച്ചത്. 'ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന' സ്ഥലം എന്ന് അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശങ്ങളെ ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട് വിശേഷിപ്പിക്കുന്ന തരത്തിലേക്ക് ചൈനീസ് സ്‌നേഹം പാര്‍ട്ടിയെ ബാധിച്ചിരുന്നു.

ഒരുകാലത്ത് സോവിയറ്റ് യൂണിയനായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ വാഗ്ദത്ത ഭൂമി. 'സോവിയറ്റെന്നൊരു നാടുണ്ടത്രേ പോകാന്‍ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം' എന്നു കരുതിയവരും റഷ്യന്‍ പ്രസിദ്ധീകരണമായ 'സോവിയറ്റ് നാട്' മാസിക നാടു മുഴുവന്‍ വിതരണം ചെയ്ത് സാഹിത്യ പ്രവര്‍ത്തനം നടത്തുന്നതില്‍ അഭിമാനിച്ചവരും ഏറെയാണ്. സ്വാതന്ത്യ സമരത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റിയതിനു പിന്നിലും ഈ സോവിയറ്റ് ദാസ്യമായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് തരിപ്പണമായതോടെ ചൈനയായി മോഹഭൂമി. ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ചൈനീസ് അപദാനങ്ങള്‍ പാടി നടക്കുന്നതില്‍ മാര്‍ക്‌സിസ്റ്റുകാര്‍ക്ക് നാണമില്ലന്നായി.

വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കുക എന്ന പ്രഖ്യാപിത കമ്മ്യൂണിസ്റ്റ് ആശയം ഭാരതത്തില്‍ നടക്കില്ലന്നത് ബോധ്യപ്പെട്ടുകഴിഞ്ഞു. ജനാധിപത്യത്തിന്റെ മേലങ്കി അണിഞ്ഞ് ഭരണത്തിലെത്താന്‍ ഒന്നോ രണ്ടോ സംസ്ഥാനങ്ങളില്‍ കഴിഞ്ഞെങ്കിലും രാജ്യഭരണത്തിന്റെ ഏഴയലത്ത് വരാനായില്ല. ഇനി വരുകയുമില്ല. ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്തുക എന്ന സ്വപ്‌നം സാധ്യമാകണമെങ്കില്‍ ചൈന ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കണം. എന്നിട്ട് ഇവിടുത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളെ ഭരണം ഏല്‍പ്പിക്കണം. സ്വപ്‌നം കാണുമ്പോള്‍ എന്തിനാണ് കുറച്ചു കാണുന്നത് ?

സ്വപ്‌നം കണ്ടോ. പക്ഷേ രാജ്യത്തിനകത്തിരുന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ രാമനായാലും കൃഷ്ണനായാലും ചന്ദ്രനായാലും ഇന്ദ്രനായാലും പിള്ളയാലും തള്ളയായാലും രാജ്യദ്രോഹികള്‍ തന്നെ. 

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.