×
login
ഇ-പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു, തകരാർ പരിഹരിച്ചില്ലെങ്കിൽ കടകൾ അടച്ചിടുമെന്ന മുന്നറിയിപ്പുമായി വ്യാപാരികൾ

പല കടകളിലും കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെയും വൈകിട്ടുമായി അഞ്ചോ ആറോ പേര്‍ക്കു വീതമാണ് റേഷന്‍ വിതരണം ചെയ്യാനായത്. പലയിടത്തും ഇന്ന് കുറച്ചു നേരം ഇപോസ് മെഷീന്‍ കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും വീണ്ടും പഴയപടിയായി.

തിരുവനന്തപുരം: ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നു മുടങ്ങി. ഇത് അഞ്ചാം ദിവസമാണ് യന്ത്രത്തകരാര്‍ മൂലം റേഷൻ വിതരണം മുടങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാന വ്യാപകമായി സെര്‍വര്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ചയോടെ പ്രശ്‌നം രൂക്ഷമായി. പരാതി നല്‍കിയെങ്കിലും തകരാറിന് ഇന്നും മാറ്റമുണ്ടായില്ലെന്നു വ്യാപാരികള്‍ പറയുന്നു.  

മെഷീനില്‍ നിന്ന്  'ആപ്ലിക്കേഷന്‍ നോട്ട് വര്‍ക്കിങ്' എന്ന മറുപടിയാണ് ലഭിക്കുന്നത്.  ഉപഭോക്താക്കള്‍ മണിക്കൂറുകളോളം കടയുടെ മുന്നില്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. വിരല്‍ പതിപ്പിക്കുമ്പോള്‍ ഏറെ നേരം യന്ത്രം ഹാങ്ങായി നില്‍ക്കുകയും പിന്നീട് ക്ലോസ് ആയിപ്പോകുകയുമാണെന്ന് വ്യാപാരികള്‍ പറയുന്നു. ഈ മാസത്തെ വിതരണത്തിനുള്ള സ്റ്റോക്ക് എത്തിയതറിഞ്ഞു കഴിഞ്ഞ ദിവസങ്ങളില്‍ കൂട്ടത്തോടെ ആളുകള്‍ കടയിലെത്തിയിരുന്നു. എന്നാല്‍ സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് വെറും കയ്യോടെയാണ് ഇവര്‍ മടങ്ങിയത്.  ബയോമെട്രിക് വിവരം തിരിച്ചറിഞ്ഞാലും ബില്ല് ലഭിക്കാത്ത പ്രശ്‌നവും ചില കടകളില്‍ നേരിട്ടു.  

പല കടകളിലും കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെയും വൈകിട്ടുമായി അഞ്ചോ ആറോ പേര്‍ക്കു വീതമാണ് റേഷന്‍ വിതരണം ചെയ്യാനായത്. പലയിടത്തും ഇന്ന് കുറച്ചു നേരം ഇപോസ് മെഷീന്‍ കൃത്യമായി പ്രവര്‍ത്തിച്ചെങ്കിലും വീണ്ടും പഴയപടിയായി. തിങ്കളാഴ്ച പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലായിരുന്നു. സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ തീവ്രശ്രമം നടക്കുകയാണെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമുണ്ടായേക്കുമെന്ന് ഉദ്യോഗസ്ഥരെ അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നമായതിനാല്‍ പൂര്‍ണമായി ഉറപ്പുപറയാനാകില്ല.

സാധാരണ ധാന്യവിഹിതത്തോടൊപ്പം പിഎംജികെവൈ അരിയും റേഷന്‍ കടകളില്‍ വിതരണത്തിനുണ്ട്. മണ്ണെണ്ണയും വിതരണത്തിന് എത്തിയിട്ടുണ്ട്. ഇവയുടെ വിതരണം മുടങ്ങിയതോടെ ഉപഭോക്താക്കളും റേഷന്‍ കടക്കാരും തമ്മില്‍ ജില്ലയില്‍ മിക്കയിടത്തും തര്‍ക്കമുണ്ടായി. ഇ-പോസ് മെഷീനില്‍ പിന്നീട് വന്ന് വിരല്‍ പതിക്കാമെന്നും ഇപ്പോള്‍ ഭക്ഷ്യധാന്യം തന്നു വിടണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ സാധിക്കില്ലെന്നു വ്യാപാരികള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പലരും വഴങ്ങിയില്ല.

ഇ-പോസ് യന്ത്രത്തകരാര്‍ സംബന്ധിച്ച് നേരത്തേ വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടുപോകുകയായിരുന്നു. മെഷീനില്‍ വിരലടയാളം രേഖപ്പെടുത്തിയാലും സെര്‍വറില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല. ചിലയിടങ്ങളില്‍ നേരിയ തോതില്‍ വിതരണം നടന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ വിതരണം പൂര്‍ണമായും മുടങ്ങി. ഇ-പോസ് തകരാര്‍ പരിഹരിക്കാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് നടപടിയെടുത്തിരുന്നെങ്കിലും ഇതും ഫലം കണ്ടില്ല.

ഇ-പോസ് മെഷീന്റെ തകരാര്‍ തുടര്‍ന്നതിനെ തുടര്‍ന്ന് സംയുക്ത സമരസമിതി റേഷന്‍ കടകള്‍ അടച്ചിടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉടമകള്‍ക്കും 50 ശതമാനം വീതം പച്ചരിയും പുഴുക്കലരിയും നീല, വെള്ള കാര്‍ഡുകാര്‍ക്കു 15 രൂപ നിരക്കില്‍ പച്ചരിയും ഉറപ്പാക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ലെന്ന് ആരോപണമുയര്‍ന്നു. സംസ്ഥാനത്തൊട്ടാകെയുള്ള പ്രശ്‌നമായതിനാല്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

അനാസ്ഥയെന്ന് പരാതി

റേഷന്‍ വിതരണം തുടര്‍ച്ചയായി മുടങ്ങുന്നത് അധികാരികളുടെ അനാസ്ഥ മൂലമാണെന്ന് കെഎസ്ആര്‍ആര്‍ഡിഎ. മൂന്ന് വര്‍ഷത്തോളമായി റേഷന്‍ സംവിധാനം  ഈ പോസ് മെഷീന്‍ വഴി വിതരണം തുടങ്ങിയിട്ട്.  ഇതിന്റെ തകരാര്‍ പരിഹരിക്കാത്തതു ബുദ്ധിമുട്ട് ഉളവാക്കുന്നു. സൗജന്യ റേഷന്‍ ഉള്‍പ്പെടെയുള്ള വിതരണം നടക്കുന്ന  സമയത്ത് വ്യാപാരികള്‍ക്കും കാര്‍ഡ് ഉടമകള്‍ക്കും ഒരുപോലെ പ്രതിസന്ധി  സൃഷ്ടിക്കുകയാണ് യന്ത്രത്തകരാറെന്നും ആരോപണവും ഉയരുന്നുണ്ട്.

  comment

  LATEST NEWS


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം


  ചിത്രങ്ങൾ പലവിധം: ഒരേ സമയം നാല് ചിത്രം വരച്ച് യദുകൃഷ്ണ


  കോവിഡ് മരണങ്ങള്‍: കേരളത്തില്‍ 23,652 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കി, 178 അപേക്ഷകള്‍ നിരസിച്ചു; സുപ്രീംകോടതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


  വ്യാസഭാരതത്തിലെ ഭീഷ്മര്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു; ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങി


  കാപ്പാ നാടുകടത്തല്‍: ഗുണ്ടകള്‍ക്ക് 'സുഖവാസകാലം', നാടുകടത്തല്‍ സമീപ ജില്ലകള്‍ക്ക് ബാധ്യതയാകുന്നു


  മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയാണ് ലക്ഷ്യം; കോടിയേരിയുടെ മുസ്ലിം പരാമര്‍ശത്തില്‍ പ്രത്യേക അജണ്ടയെന്ന് കെ. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.