×
login
അന്തരിച്ച നടി ചിത്രയെ അനുസ്മരിച്ച് പഴയകാല തെന്നിന്ത്യൻ നായിക ഭാഗ്യശ്രീ; എപ്പോഴും സംസാരിച്ചിരുന്നത് മകളുടെ ഭാവിയെക്കുറിച്ച്

കേരളത്തിലെ ജനങ്ങൾ രാധാസ് സോപ്പിലൂടെ ഭാഗ്യശ്രീയെ ഓർമിച്ചപ്പോൾ ചിത്ര അക്കയെ അന്നത്തെ പ്രശസ്തമായ ഇദയം നല്ലെണ്ണയുടെ പരസ്യത്തിൽ അഭിനയിച്ചതിനാൽ തമിഴ് ജനത വിളിച്ചിരുന്നത്"നല്ലെണ്ണ ചിത്ര"എന്നായിരുന്നു.

ലാലേട്ടൻ, മമ്മൂക്ക, ചിത്ര അക്ക, മേനകചേച്ചി, ഞാൻ, അഞ്ജലിനായിഡു തുടങ്ങി ധാരാളം ആർട്ടിസ്റ്റുകൾ ആസ്വദിച്ചഭിനയിച്ച ചിത്രമായിരുന്നു ക്യാംപസ് പശ്ചാത്തലത്തിലുള്ള "പാവം പൂർണ്ണിമ " ഏകദേശം 35 വർഷങ്ങൾ മുൻപുള്ള ചിത്രം. അന്നുമുതലുള്ള സൗഹൃദമാണ് എനിക്ക് ചിത്ര അക്കയുമായി ഇവരെല്ലാം എന്നേക്കാൾ പ്രായമുള്ളവരായിരുന്നു അതിനാൽ ആദ്യകാലത്തെല്ലാം ഒരു കുഞ്ഞനിയത്തിയോട് പോലെയായിരുന്നു എന്നോട് പെരുമാറിയിരുന്നത്.  

അക്കാലത്തെല്ലാം മലയാളസിനിമയിൽ തടിച്ച ശരീരമുള്ള സ്ത്രീകളായിരുന്നു നായികമാരായിരുന്നത്. അതിനാൽ ഇത്തിരിപ്പൂവേ ചുവന്നപൂവേയിൽ റഹ്‌മാന്റെ നായിക, പി.ചന്ദ്രകുമാർ സാറിന്റെ കറുത്തകുതിര എന്നീ ചിത്രങ്ങളിൽ മാത്രമേ എനിക്ക് നായികാ സ്ഥാനം ലഭിച്ചുള്ളൂ. അതിനാൽ കൂടുതൽ നായികാവേഷങ്ങൾ ലഭിക്കാൻ വേണ്ടി മലയാള സിനിമ വിട്ട് തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലേക്ക് ഞാൻ ചേക്കേറി. എന്നാൽ ചിത്ര അക്ക മലയാളത്തിൽ ധാരാളം കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്തതോടൊപ്പം തമിഴിലും, തെലുങ്കിലും, കന്നഡയിലും നായികയും ഉപനായികയും എല്ലാം ആയി നാല് ഭാഷകളിലും സ്ഥിരസാന്നിധ്യമായിരുന്നു.  

മൊബൈൽ ഫോൺ ചിന്തയിൽ പോലും കടന്നുവരാത്ത കാലത്ത് തിരക്കിൽ വീണുകിട്ടുന്ന സമയങ്ങളിൽ ഞങ്ങൾ ലാൻഡ്‌ഫോണിലൂടെ  സൗഹൃദം തുടർന്നുപോന്നു. കേരളത്തിലെ ജനങ്ങൾ രാധാസ് സോപ്പിലൂടെ ഭാഗ്യശ്രീയെ ഓർമിച്ചപ്പോൾ ചിത്ര അക്കയെ അന്നത്തെ പ്രശസ്തമായ ഇദയം നല്ലെണ്ണയുടെ പരസ്യത്തിൽ അഭിനയിച്ചതിനാൽ തമിഴ് ജനത വിളിച്ചിരുന്നത്"നല്ലെണ്ണ ചിത്ര"എന്നായിരുന്നു. തെലുങ്കിൽ നായികവേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ബിസിനസുകാരനും നിർമ്മാതാവുമായിരുന്ന ഗുജറാത്ത് മലയാളിയായ വസുദേവുമായി ഞാൻ പ്രണയത്തിലാവുകയും സിനിമ ഉപേക്ഷിച്ച് വിവാഹജീവിതത്തിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ അപ്പോഴെല്ലാം ചിത്ര അക്ക മലയാള സിനിമയിൽ ധരാളം വലിയ ബാനറുകളിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു. ഗുജറാത്തിൽ പോയതോടെ  ഞാൻ സിനിമയിൽ ഉള്ള എല്ലാവരുമായുള്ള ബന്ധം വിട്ടുപോയി. അതിനിടെ എപ്പോഴോ ചിത്ര അക്ക വിവാഹിതയായതെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്റെ മകനെല്ലാം ജനിച്ചു അവനു ഏഴ് വയസ്സെല്ലാം ഉള്ളപ്പോഴാണ് ചെന്നൈയിലെ ഒരു സിനിമ വിവാഹത്തിൽ വച്ചു മകളുമായി ചിത്ര അക്കയെ കാണുന്നത്. ആ കല്യാണമണ്ഡപത്തിൽ ഇരുന്ന് ചിത്രക്ക എന്നോട് വാ തോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും ചിത്രക്ക സമപ്രായക്കാരായ കൂട്ടുകാരികളോട് വിശേഷം പങ്കുവെക്കുന്നപോലെ എല്ലാ കാര്യങ്ങളും എന്നോട് പങ്കുവെക്കുമായിരുന്നു.

ചിത്ര മകൾക്കൊപ്പം

പിന്നീട് മദ്രാസിലെ എന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ വിളിക്കും കുട്ടികളെയും കൊണ്ട് ഞങ്ങൾ ഏതെങ്കിലും പാർക്കിലേക്കോ, കുട്ടികളുടെ കളിസ്ഥലങ്ങളിലേക്കോ പോകും. കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾ സംസാരിക്കും. എപ്പോഴും എനിക്ക് ഒരു കേൾവികാരിയുടെ റോളായിരുന്നു. ചിത്ര അക്കയുടെ ദുഃഖങ്ങൾ, സ്വപ്‌നങ്ങൾ, സന്തോഷങ്ങൾ എല്ലാം എന്നോട് പറയുമായിരുന്നു. താമസിയാതെ ഞാൻ മദ്രാസിൽ വീണ്ടും സ്ഥിരതാമസമാക്കി. അപ്പോഴേക്കും കുട്ടികൾ വളർന്നു. ചിത്രക്ക മാസത്തിൽ രണ്ട് തവണയെങ്കിലും വിളിക്കും, ആ കാൾ ചിലപ്പോൾ അര  മണിക്കൂറോളം നീളും. എല്ലാ കാര്യങ്ങളും എന്നോട് ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കും. 10 ദിവസം മുൻപേ വിളിച്ചപ്പോൾ ആരോഗ്യപ്രശ്ങ്ങളെ കുറിച്ചെല്ലാം സംസാരിച്ചിരുന്നു. മോളുടെ ജന്മദിനമായിരുന്നുവെന്നും ഭാഗിയ്ക്ക് ഫോട്ടോസ് എല്ലാം അയക്കാം എന്ന് പറഞ്ഞു. അടുത്തിടെ ചിത്രക്കയുടെ ചേച്ചി മരണപ്പെട്ട വിവരം അങ്ങനെ കുറെ വിഷമങ്ങൾ പങ്കുവെച്ചു.  

എപ്പോഴും മോളെ പഠിപ്പിക്കുന്നതിന് കുറിച്ചും മോളുടെ ഭാവിയെക്കുറിച്ചുമാണ് ചിത്രക്ക അധികം സംസാരിക്കുക. വിശേഷദിവസങ്ങളിൽ അധികവും ഞാൻ പോണ്ടിച്ചേരിയിലെ വീട്ടിൽ ആയിരിക്കും. അല്ലാത്ത സമയങ്ങളിൽ എപ്പോഴും ചെന്നൈയിലെ വീട്ടിലും. തിരുവോണ ദിവസം രാവിലെ ഓണത്തിന്റെ തിരക്കുകൾ ആയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ടായിരിന്നു. പുലർച്ചെ ചിത്ര അക്ക ഉൾപ്പടെ എല്ലാ സുഹൃത്തുക്കൾക്കും ഓണാശംസകൾ അയച്ചു അതിനുശേഷം തിരക്കിലായി. ഇടക്കെപ്പോഴോ ഫെയ്സ്ബുക്ക് തുറന്ന് എന്റെ ഫോട്ടോകളുടെ കമെന്റുകൾ നോക്കി വീണ്ടും തിരക്കിലേക്ക്. ഓൺലൈൻ പത്രങ്ങൾ നോക്കാനോ, ടിവി തുറക്കാനോ പോയില്ല. 12:50 നു പായസം ഇളക്കികൊണ്ടിരിക്കുമ്പോൾ എനിക്ക് അനിയന്റെ ഫോൺ വരുന്നത്. അവനാണ് ഈ വിവരം പറയുന്നത്.  

ഞങ്ങൾ അഭിനേത്രികളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് എല്ലാം ഉണ്ട്. തിരക്കായതിനാൽ ഗ്രൂപ്പിൽ നോക്കിയില്ല.  തലക്ക് അടി കിട്ടിയതുപോലെ കുറെ നേരം ഞാനിരുന്നു. എന്റെ 'അമ്മ കൂടെ ഉണ്ടായിരുന്നു. അമ്മയും ഷോക്കായിപ്പോയി.  വൈകുന്നേരം തന്നെ ചെന്നൈയിൽ ചിത്രക്കയുടെ സംസ്ക്കാരം നടന്നതിനാൽ അവസാനമായി കാണാനും കഴിഞ്ഞില്ല. ഓണമായതിനാൽ പലരും അറിയാൻ വൈകി.  ചിത്രക്കയുടെ മോൾ വളരെ ചെറുപ്പമാണ്. അമ്മയുടെ പരിചരണവും ശ്രദ്ധയും വാത്സല്യവും വേണ്ട പ്രായം. എല്ലാം ആലോചിക്കുമ്പോൾ വിഷമം കൂടുന്നു. ആ മോളെ ഞാൻ ജന്മദിനത്തിന് വിളിച്ച് വിഷ് ചെയ്തതായിരുന്നു. വളരെ സന്തോഷത്തിലായിരുന്നു  എല്ലാവരും അപ്പോൾ. അധികം ആലോചിക്കാൻ കഴിയുന്നില്ല. ചിത്രക്കയുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാനും, ചിത്രക്കയുടെ മോൾക്ക് നല്ലൊരു ഭാവിയും  ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അത് മാത്രമേ കേവലം മനുഷ്യസ്ത്രീ ആയ എനിക്കിപ്പോൾ കഴിയുന്നുള്ളൂ.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.