×
login
കുട്ടപ്പേട്ടൻ്റെ ചായക്കടയിൽ ഇഷ്ടതാരങ്ങൾ അനശ്വരർ

ചായക്കടയിൽ എത്തുന്നവർക്ക് മൺമറഞ്ഞ ഇഷ്ട താരങ്ങളെ കൺകുളിർക്കെ കണ്ട് മനസു നിറയ്ക്കാം

ചായക്കട ചുവരിലെ താരങ്ങളുടെ ചിത്രങ്ങൾക്കരികിൽ കുട്ടപ്പൻ.

തിരുവനന്തപുരം: എപ്പോഴും പാടിക്കൊണ്ടിരിക്കുന്ന റേഡിയോ. തൂശനിലയിൽ തുമ്പപ്പൂ നിറമുള്ള ചോറും തനി നാടൻ കറികളും. കുട്ടപ്പേട്ടൻ്റെ ചായക്കടയിലെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. ഈ ചായക്കടയിൽ എത്തുന്നവർക്ക് മൺമറഞ്ഞ ഇഷ്ട താരങ്ങളെ കൺകുളിർക്കെ കണ്ട് മനസു നിറയ്ക്കാം.., രുചിയുള്ള ഭക്ഷണം കഴിച്ച് വയറും നിറയ്ക്കാം.

തിരുവനന്തപുരം കൊച്ചുള്ളൂരിലാണ് നാട്ടുകാർ സ്നേഹപൂർവം കുട്ടപ്പേട്ടാന്നു വിളിക്കുന്ന അരുവിക്കര സ്വദേശി സ്റ്റീഫൻ്റെ (56) രേഷ്മ ഹോട്ടൽ. ഈ ഹോട്ടലിന് ഉള്ളിലെ ചുവരുകളിൽ നിറയെ അന്തരിച്ച സിനിമാ നടന്മാരുടേയും നടിമാരുടേയും ചിത്രങ്ങൾ ഭംഗിയായി ലാമിനേറ്റ് ചെയ്ത് തൂക്കിയിട്ടുണ്ട്. സത്യൻ, നസീർ, ജയൻ, ബാലൻ കെ.നായർ, കൊട്ടാരക്കര, സുകുമാരൻ, സോമൻ, തിക്കുറിശ്ശി, ഭരത് ഗോപി, മുരളി, കൊച്ചിൻ ഹനീഫ, തിലകൻ, കലാഭവൻമണി തുടങ്ങി മലയാള സിനിമയിൽ അരനൂറ്റാണ്ടിനിപ്പുറം വിടപറഞ്ഞ നടന്മാരെല്ലാം ഇവിടെയുണ്ട്. മിസ് കുമാരി മുതൽ കൽപ്പന വരെയുള്ള നടിമാരും ചുവരിലെ ഛായാചിത്രങ്ങളിൽ ഇടം നേടിയിരിക്കുന്നു. ഏകദേശം എൺപതോളം നടീനടന്മാർ ഇവിടെ അനശ്വരർ. നടീനടന്മാമാർക്കൊപ്പം മനസിൽ ഒരുപാടിഷ്ടം തോന്നിയ ചില സംവിധായകരും, ഗാന രചയിതാക്കളും, ഗായകരുമൊക്കെ കുട്ടപ്പേട്ടൻ്റെ ചുവരിലുണ്ട്. ഒരു നിർബന്ധം മാത്രം, ഈ ചുവരിൽ ജീവിച്ചിരിക്കുന്ന ഒരു താരങ്ങൾക്കും ഇടമില്ല.

കുട്ടപ്പേട്ടനെ കുട്ടിക്കാലം മുതൽ ബാധിച്ച ഭ്രാന്താണ് സിനിമ. വീട്ടിലെ ദാരിദ്യവും സിനിമ കാണാനുള്ള ഇഷ്ടവും മൂത്തപ്പോൾ പതിനാലാം വയസിൽ കൊച്ചുള്ളൂരിൽ ബന്ധു നടത്തിയിരുന്ന ഈ ഹോട്ടലിൽ കുട്ടപ്പേട്ടൻ ജോലിക്കാരനായി എത്തി. ഈ മഹാനഗരത്തിൽ എത്തിയതോടെ ദിവസേന സിനിമ കാണാനും, നിരവധി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോയി ഇഷ്ടതാരങ്ങളെ നേരിൽ കാണാനും കുട്ടപ്പന് കഴിഞ്ഞു. കാൽ നൂറ്റാണ്ട് മുൻപ് ബന്ധുവിൽ നിന്ന് ഹോട്ടൽ നടത്തിപ്പ് കുട്ടപ്പൻ ഏറ്റെടുത്തു. അതോടെ അന്തരിച്ച താരങ്ങളുടെ ഓർമ്മകൾ നശിക്കാതിരിക്കാൻ അവരെ ചുവരുകളിൽ പ്രതിഷ്ഠിച്ചു.

സിനിമാ താരങ്ങൾ അന്തരിച്ചാലുടൻ അവരുടെ ചിത്രം കുട്ടപ്പേട്ടൻ്റെ ചായക്കട ചുവരിൽ പതിയും. ഒരു പക്ഷേ, സിനിമാസംഘടനകളായ അമ്മയുടേയും മാക്ടയുടേയും ഒഫീസ് ചുവരുകളിൽ പോലും ഇത്തരമൊരു കാഴ്ച കാണാനാവില്ല. അതുകൊണ്ടുതന്നെ ഭക്ഷണപ്രീയർക്കൊപ്പം സിനിമാപ്രേമികളും കുട്ടപ്പേട്ടൻ്റെ ചായക്കടയിൽ നിത്യസന്ദർശകരാണ്. ഭക്ഷണത്തിനൊപ്പം താരവിശേഷങ്ങളും വിളമ്പി അവരെ തൃപ്തരാക്കിയാണ് കുട്ടപ്പേട്ടൻ മടക്കി അയ്ക്കുന്നത്.

ഇന്നും പഴയ സിനിമകളോടാണ് കുട്ടപ്പേട്ടന് പ്രീയം. ഇഷ്ടതാരങ്ങൾ നസീറും സത്യനും ജയനുമൊക്കെയാണ്. പഴയ സിനിമകളുടെ ഇരുന്നൂറിലധികം സിഡികൾ കുട്ടപ്പേട്ടൻ്റെ ശേഖരത്തിലുണ്ട്. ദിവസേന രാത്രിയിൽ ഒരു സിനിമ കണ്ടിട്ടേ ഉറങ്ങാറുള്ളു. പത്മകുമാരിയാണ് കുട്ടപ്പൻ്റെ ഭാര്യ. മകൾ രേഷ്മ. 

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.