×
login
അണ്ണാറക്കണ്ണനെ താലോലിച്ച് ജഗതിയുടെ പുതിയ സൗഹൃദം; മലയാളത്തിന്റെ ചിരിത്തമ്പുരാൻ മടങ്ങി വരുന്നതിന്റെ സൂചനയെന്ന് ആരാധകർ

2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ കാറപകടത്തെ തുടര്‍ന്ന് പേയാട് ചെറുകോടുള്ള വസതിയിൽ വിശ്രമത്തിലാണ് ജഗതി. ആരോഗ്യം ഏറക്കുറെ വീണ്ടെടുത്തെങ്കിലും മലയാളത്തിന്റെ അമ്പിളിക്കല സിനിമയിലേക്ക് ഇതേവരെ തിരിച്ചു വന്നിട്ടില്ല.

വിളപ്പിൽ: പുതിയൊരു സൗഹൃദത്തിന്റെ നിർവൃതിയിലാണ് മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. ഒരു അണ്ണാറക്കണ്ണനാണ് ചിരിയുടെ തമ്പുരാന്റെ ഇപ്പോഴത്തെ ചങ്ങാതി.  'ചക്കര' എന്ന് പേരിട്ടിരിക്കുന്ന ഈ അണ്ണാൻ കുഞ്ഞിനെ അരികത്തണച്ച്, കൊഞ്ചിച്ച് വിരസതയോട് ഗുഡ് ബൈ പറയുകയാണ് ജഗതി. 

മൂന്നു മാസം മുമ്പാണ് വീടിന്റെ ടെറസിൽ നിന്ന് ചക്കരയെ വീണു കിട്ടിയത്. 2008 ൽ ഇതേപോലൊരു അണ്ണാൻ കുഞ്ഞിനെ വീണു കിട്ടിയിരുന്നു. ജഗതിയും കുടുംബാംഗങ്ങളും അന്നതിനെ ഓമനിച്ചാണ് വളർത്തിയിരുന്നത്. എപ്പോഴും കൈകളിൽ പറ്റിപ്പിടിച്ചിരുന്ന അണ്ണാൻ കുഞ്ഞിനോട് ജഗതിക്കും വലിയ പ്രീയമായിരുന്നു. പക്ഷേ, മാസങ്ങൾക്ക് ശേഷം ആ അണ്ണാൻ ചത്തുപോയി. ഇപ്പോൾ വീണ്ടും അണ്ണാൻ കുഞ്ഞിനെ കിട്ടിയപ്പോൾ, പണ്ടത്തെപ്പോലെ ജഗതി അതിനെ ഓമനിക്കാൻ തുടങ്ങിയപ്പോൾ അതീവ സന്തോഷത്തിലാണ് കുടുംബാംഗങ്ങൾ.

2012 മാർച്ചിൽ തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ കാറപകടത്തെ തുടര്‍ന്ന് പേയാട് ചെറുകോടുള്ള വസതിയിൽ വിശ്രമത്തിലാണ് ജഗതി. ആരോഗ്യം ഏറക്കുറെ വീണ്ടെടുത്തെങ്കിലും മലയാളത്തിന്റെ അമ്പിളിക്കല സിനിമയിലേക്ക് ഇതേവരെ തിരിച്ചു വന്നിട്ടില്ല. സമൂഹമാധ്യമങ്ങളിൽ അദ്ദേഹം സജീവമാണിപ്പോൾ. ഒരു അണ്ണാൻ കുഞ്ഞിനെ ജഗതി താലോലിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് മകൾ പാർവതി അദ്ദേഹത്തിന്റെ തന്നെ ഫെയ്സ് ബുക്ക് പേജിലൂടെ പങ്കുവച്ചത്.  

ചില പുതിയ സൗഹൃദങ്ങൾ എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൾ പാ‍ർവതി തന്നെയാണ് വീഡിയോ പകർ‍ത്തിയിരിക്കുന്നതും. അച്ഛാ, ഇഷ്ടപെട്ടോ എന്ന് മകൾ വീഡിയോയിൽ ചോദിക്കുമ്പോള്‍ അദ്ദേഹം പുഞ്ചിരിയോടെ തലയാട്ടുന്നുണ്ട്. ഞങ്ങളുടെ വീട്ടിലെ പുതിയ അംഗമാണ്, ചക്കരയെന്നാണ് പേരെന്നും വീഡിയോയിൽ പാര്‍വതി പറയുന്നു. പാലും പഴവുമാണ് ചക്കരയ്ക്ക് ഏറെ ഇഷ്ടം.  ലക്ഷക്കണക്കിന് ആളുകൾ ആസ്വദിച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.  

നാല്‍പതു വര്‍ഷത്തിലേറെ നീണ്ട സിനിമാജീവിതത്തിനിടയിൽ 1400ഓളം സിനിമകളുടെ ഭാഗമായിട്ടുണ്ട് ജഗതി. പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെങ്കിലും സിനിമാ ലോകത്തേക്ക് അദ്ദേഹം മടങ്ങി വരുന്നതിന്റെ സൂചനയാണിതെന്ന് ആരാധകർ വിശ്വസിക്കുന്നു. മലയാളത്തിന്റെ ചിരിത്തമ്പുരാൻ പഴയ പ്രസരിപ്പോടെ അഭ്രപാളിയിൽ നിറഞ്ഞാടുന്നത് കാണാനുള്ള കാത്തിരിപ്പിലാണവർ. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.