×
login
ഭാര്യയ്ക്കും മകനും ഒപ്പം മോഹന്‍ലാലിന്റെ ഷഷ്ഠിപൂര്‍ത്തി; അമ്മ കൊച്ചിയില്‍, മകള്‍ ആസ്ട്രേലിയയില്‍

അറുപത് വര്‍ഷം മുന്‍പ് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിലായിരുന്നു താരപിറവി

പുരുഷ ജീവിതത്തിലെ ഒരു ഘട്ടം അവസാനിച്ച് മറ്റൊരു ഘട്ടം ആരംഭിക്കുന്നതിനെ അടയാളപ്പെടുത്തുന്നതാണ്‌ ഷഷ്ഠിപൂര്‍ത്തി.  കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കഴിഞ്ഞ് ജീവിതത്തിലെ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സമയം. ലോകമെങ്ങുമുള്ള മലയാളിയുടെ സ്വകാര്യ അഹങ്കാരം സമ്പൂര്‍ണ്ണ നടന്‍ മോഹന്‍ലാലിന് ഷഷ്ഠിപൂര്‍ത്തി. അറുപത് വര്‍ഷം മുന്‍പ് ഇടവമാസത്തിലെ രേവതി നക്ഷത്രത്തിലായിരുന്നു താരപിറവി. തീയതി വശാല്‍ വ്യാഴാഴ്ചയാണ്‌ (മെയ് 21) 60 തികയുന്നത്.

ആഘോഷപൂര്‍വം നടത്താനിരുന്ന 60-ാം പിറന്നാളിന് കോവിഡ് വില്ലനായി. അമ്മ ഒരുക്കാത്ത പിറന്നാള്‍ സദ്യ. അമ്മ ശാന്തകുമാരി കൊച്ചിയിലെ വീട്ടിലാണ്. മകള്‍ വിസ്മയ ആസ്‌ട്രേലിയയിലും. ചെന്നൈയിലെ വീട്ടില്‍ ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനും ഒപ്പം സദ്യയുണ്ട് സമ്പൂര്‍ണ്ണ നടന്‍ ലാലേട്ടന്‍ ജീവിതത്തിന്റ പുതിയ ഘട്ടത്തിലേക്ക് കാലെടുത്തുവെച്ചു.  

1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂര്‍ ഗ്രാമത്തില്‍ ജനിച്ച മോഹന്‍ലാല്‍ പഠിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ലോസെക്രട്ടറിയായി വിരമിച്ച വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടേയും ഇളയമകന് കുട്ടിക്കാലത്ത് ഗുസ്തിയിലായിരുന്നു താല്പര്യം. കാമ്പസ് കാലത്ത് തുടര്‍ച്ചയായി രണ്ടുവട്ടം ലാല്‍ സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു. സൗഹൃദങ്ങളായിരുന്നു ലാലിനെ വളര്‍ത്തിയത്. അനന്തപുരി സമ്മാനിച്ച സൗഹൃദകൂട്ടായ്മയില്‍ നിന്നാണ് ആദ്യസിനിമ തിരനോട്ടം പിറന്നത്. മുടവന്‍മുകളിലെ വീട്ടിനു മുന്നിലെ റോഡില്‍ സൈക്കിള്‍ ചവിട്ടി നിലത്തുവീഴുന്നത് ജീവിതത്തിലെ ആദ്യഷോട്ട്. ലാലിന് അന്ന് പ്രായം 18. പക്ഷെ മോഹന്‍ലാല്‍ എന്ന നടന്‍ വെള്ളിത്തിരയില്‍ പിറക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞ് 1980ല്‍. ഫാസിലിന്റെ അരങ്ങേറ്റചിത്രം മഞ്ഞില്‍വിരിഞ്ഞപൂക്കള്‍.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ 90 കാരന്റെ വേഷത്തില്‍ സ്‌കൂള്‍ നാടകവേദിയിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങിയ കുട്ടിയെ തേടി പില്‍ക്കാലത്ത് ഇന്ത്യയിലെ സമസ്ത അംഗീകാരങ്ങളും ഓടിയെത്തി. അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍, ഒമ്പത് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍. ഭരതവും വാനപ്രസ്ഥവും മികച്ച നടനുള്ള ദേശീയപുരസ്‌കാരങ്ങള്‍ നേടികൊടുത്തു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയത് ഒമ്പത് തവണ. ചലച്ചിത്രസംഘടനകളുടേയും സ്ഥാപനങ്ങളുടേയും അംഗീകാരങ്ങള്‍ ആവോളമുണ്ട് തിട്ടപ്പെടുത്താന്‍.

മോഹന്‍ലാലും കുടുംബവും  ജന്മഭൂമി ദുബായി പരിപാടിയില്‍

മലയാള സിനിമയെ ആദ്യമായി നൂറ് കോടിയിലെത്തിച്ചതും മോഹന്‍ലാല്‍ എന്ന താരം. മലയാള സിനിമയുടെ വാണിജ്യവിജയത്തിന്റെ എക്കാലത്തേയും വലിയ റെക്കോര്‍ഡാണ് പുലിമുരുകന്‍ സൃഷ്ടിച്ചത്. മോഹന്‍ലാലിന്റെ തെന്നിന്ത്യന്‍ ചുവടുവയ്പ്പുകളും വാണിജ്യവിജയത്തിന്റെ പുത്തന്‍ കണക്കുകളെഴുതി. ചിത്രവും കിലുക്കവും ഒടിയനും ലൂസിഫറും  പണം വാരിയപ്പോള്‍ മലയാളസിനിമ അതിന്റെ എക്കാലത്തേയും മികച്ച വാണിജ്യവിജയം ആഘോഷിക്കുകയായിരുന്നു.

ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചു.രാജ്യത്തിന്റെ ടെറിറ്റോറിയല്‍ സേനയില്‍ ഹോണററി ലെഫ്റ്റനന്റ് പദവി ലഭിക്കു ആദ്യഅഭിനേതാവ്. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയും ഡി ലിറ്റ് ബിരുദം നല്‍കി. നേത്രദാനമെന്ന മഹത്കൃത്യത്തിന്റെ പ്രചരണത്തിനായി മുന്നിട്ടിറങ്ങിയ മോഹന്‍ലാലിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചു. വൈദ്യശാസ്ത്രരംഗത്ത് നിന്നല്ലാത്ത വ്യക്തിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത് ആദ്യം. ഇന്ത്യന്‍ തായ്‌കൊണ്ടോ അസോസിയേഷന്‍ ഹോണററി ബ്ലാക്ക്‌ബെല്‍റ്റ് നല്‍കി ആദരിച്ചു.

വെള്ളിത്തിരക്ക് പുറത്തും മോഹന്‍ലാല്‍ എന്ന കലാകരന്റെ സാന്നിധ്യം പ്രകടം. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച അഭിനേതാവ് എന്ന ബഹുമതി മറ്റാര്‍ക്കുമുണ്ടാകില്ല. ഇതുവരെ ആലപിച്ചത് അമ്പതോളം ഗാനങ്ങള്‍. ചലച്ചിത്രമാധ്യമത്തിന്റെ സാങ്കേതിക സഹായമില്ലാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ നില്‍ക്കേണ്ട രംഗവേദിയിലും ലാല്‍ പ്രതിഭ തെളിയിച്ചു. ഛായാമുഖിയും സംസ്‌കൃതനാടകമായ കര്‍ണഭാരവും പതിവുപോലെ അയത്‌നലളിതമായി അരങ്ങിലെത്തിച്ചു. പൊതുവേദിയില്‍ മാന്ത്രികവിദ്യകള്‍ കൊണ്ട് വിസ്മയിപ്പിച്ചു. രാജ്യത്തും പുറത്തും ഏറ്റവും കൂടുതല്‍ സ്‌റ്റേജ് ഷോകള്‍ അവതരിപ്പിച്ച താരവും മറ്റൊരാളുണ്ടാകില്ല.

മോഹന്‍ലാല്‍, സുരേഷ്‌കുമാര്‍


സിനിമയില്‍ നിന്നുണ്ടാക്കിയതില്‍ നല്ലൊരു ശതമാനം സിനിമയില്‍ത്തന്നെ മോഹന്‍ലാല്‍ നിക്ഷേപിച്ചു. വിസ്മയ എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ ഡി ടി എസ് ശബ്ദമിശ്രണ സ്റ്റുഡിയോ, അനിമേഷന്‍ കേന്ദ്രം എന്നിവയും തുടങ്ങിയ മോഹന്‍ലാല്‍ മാക്‌സ് ലാബ് എന്നൊരു വിതരണശൃംഖലയും സ്ഥാപിച്ചു.

കലയോടും കലാകാരന്മാരോടും എന്നും ബഹുമാനവും താല്‍പര്യവും വച്ചുപുലര്‍ത്തുന്ന മോഹന്‍ലാലിന് അമൂല്യ കലാവസ്തുക്കളോടു വല്ലാത്തൊരു മമത തന്നെയുണ്ട്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളോടുള്ള ബഹുമാനം തന്നെയാണു ഗോപിയാശാന്റെ കഥകളിവേഷത്തോടും. അതേ അര്‍പ്പണബോധത്തോടെയാണു കാവാലം നാരായണ പണിക്കരുടെ അടുത്ത് ഏകാഗ്രതയോടെയും ആത്മസമര്‍പ്പണത്തോടെയും സംസ്‌കൃത നാടകം പഠിച്ചതും മജീഷ്യന്‍ മുതുകാടിന്റെയടുക്കല്‍ എസ്‌കേപ് ആക്ട് അടക്കമുള്ള സങ്കീര്‍ണ ജാലവിദ്യകള്‍ അഭ്യസിക്കാന്‍ പോയതും.

അപൂര്‍വ പുരാവസ്തുക്കളുടെ വന്‍ശേഖരം സ്വന്തമായുള്ളയാളാണു ലാല്‍. ചെന്നൈയിലെ വീട് ഒരു പുരാവസ്തുകലാ മ്യൂസിയം പോലെ സംരക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തടിനടരാജവിഗ്രഹമടക്കം പലതും, ചില ചരിത്രശേഷിപ്പുകളും ശേഖരത്തിലുണ്ട്. പരമ്പരാഗത ചുമര്‍ചിത്ര മാതൃകയില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച സൗന്ദര്യലഹരി, ലോകത്തെ ഏറ്റവും വലിയ തഞ്ചാവൂര്‍ ചിത്രം.... ഇതെല്ലാം, തന്നെ താനാക്കിയ സംസ്‌കാരത്തിനുള്ള കടംവീട്ടലായാണു നാളേക്കുവേണ്ടി താന്‍ കരുതിവയ്ക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം

എന്നാല്‍ സമൂഹത്തോടുള്ള തന്റെ കടപ്പാടോ കടമയോ മറ്റര്‍ഥത്തില്‍ നിര്‍വഹിക്കുന്നതിലും വേറിട്ടൊരു നിഷ്‌കര്‍ഷ വ്യക്തിജീവിതത്തില്‍ മോഹന്‍ലാല്‍ പുലര്‍ത്തിപ്പോന്നതായി കാണാം. തിരുവനന്തപുരത്തു വയോജന ഗ്രാമം, തൃപ്പൂണിത്തുറയില്‍ പെര്‍ഫോര്‍മിങ് ആര്‍ട്‌സ് സെന്റര്‍ എന്നിവയും സമൂഹത്തോടുള്ള കടമ നിര്‍വഹിക്കാന്‍ മോഹന്‍ലാല്‍ സഹകരിക്കുന്ന സംരംഭങ്ങളാണ്.

മോഹന്‍ലാല്‍, പ്രിയദര്‍ശന്‍

ജനപ്രിയനായ കേരളീയനും ജനകീയ സ്വാധീനമുള്ള താരവുമാണ് മോഹന്‍ലാല്‍. മലയാളി മനസാക്ഷി കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളുടെ ദൃശ്യവത്കരണമാണ് മോഹന്‍ലാല്‍ സിനിമയിലും ജീവിതത്തിലും അനുവര്‍ത്തിക്കുന്നത്. ജനങ്ങളിലേക്കെല്ലാമെത്തേണ്ട സന്ദേശങ്ങള്‍ പ്രചരപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മോഹന്‍ലാലെന്ന താരത്തേയും മനുഷ്യസ്‌നേഹിയേയും നിരന്തരം പ്രയോജനപ്പെടുത്തുന്നു. മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവിനിയുടെ സന്ദേശപ്രചാരകനാകാന്‍ തിരക്കുകള്‍ മാറ്റിവച്ച് മോഹന്‍ലാലെത്തി. ഇതേതുടര്‍ന്ന് ആയിരക്കണക്കിന് യുവജനങ്ങളും കുട്ടികളുമാണ് അവയവദാന സമ്മതപത്രത്തില്‍ ഒപ്പിട്ടുനല്‍കിയത്. താരപദവിയെ സാമൂഹ്യസേവനരംഗത്ത് പ്രയോജനപ്പെടുത്തുതിന്റെ ഭാഗമായി നിരവധി പദ്ധതികളുടെ ഗുഡ്വില്‍ അംബാസിഡര്‍ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. ആളില്ലാ ലെവല്‍ക്രോസുകളിലെ അപകടമൊഴിവാക്കാന്‍ ലാല്‍ ഇന്ത്യന്‍ റെയില്‍വേയുടെ ശബ്ദമായി. വൈദ്യുതി അമൂല്യമാണെന്ന് ഓര്‍മ്മപ്പെടുത്താന്‍ വൈദ്യുതിബോര്‍ഡിനൊപ്പം ചേര്‍ന്നു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പാരമ്പര്യവ്യവസായമായ ഖാദിയെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഒപ്പം ചേര്‍ന്നു. കേരളസര്‍ക്കാര്‍ മോഹന്‍ലാലിനെ ഖാദിയുടെ അംബാസിഡറായി പ്രഖ്യാപിച്ചു. സമ്പൂര്‍ണവാക്‌സിനേഷന്‍ എന്ന ദൗത്യം നിറവേറ്റാന്‍ ആരോഗ്യവകുപ്പിനൊപ്പം ചേര്‍ന്നു. മുതിര്‍ന്ന ജ്യേഷ്ഠനെ പോലെ റോഡ് സുരക്ഷക്കായുള്ള പാഠങ്ങള്‍ പകര്‍ന്നു. കാരുണ്യ ലോട്ടറിയുടെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തി. രോഗിയെ അല്ല രോഗത്തെയാണ് ആട്ടിപ്പായിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ അതോറിറ്റിയുടെ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. പ്രവാസിമലയാളികളുടെ ക്ഷേമത്തിനായി നോര്‍ക്ക റൂട്ട്‌സിന്റെയും ഗുഡ്വില്‍ അംബാസിഡറായി, ഇന്ത്യന്‍ കസ്റ്റംസ് വകുപ്പിനുവേണ്ടിയും ബോധവത്കരണപ്രവര്‍ത്തനങ്ങളേറ്റെടുത്തു.

പ്രായമായ അമ്മമാരെ സംരക്ഷിക്കാനായി തൃശൂരില്‍ മോഹന്‍ലാലിന്റെ രക്ഷകതൃത്വത്തില്‍ സൊസൈറ്റിപ്രവര്‍ത്തിക്കുന്നു. മാതാപിതാക്കളുടെ പേരില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി വിശ്വശാന്തി ട്രസ്റ്റിന് രൂപംകൊടുത്തു. കേരളത്തിന്റെ ആദിവാസി മേഖലയിലും അര്‍ബുദചികിത്സാരംഗത്തും വിശ്വശാന്തിയിലൂടെ ശക്തമായ ഇടപെടലുകളാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ലോക്ഡൗണ്‍ കാലത്തും കര്‍മ്മനിരതനായിരുന്നു മോഹന്‍ ലാല്‍. സിനിമയുമായി ബന്ധപ്പെട്ടവരെ  വിളിച്ച് വിശേഷം തിരക്കി. സഹായം എത്തിക്കേണ്ടവര്‍ക്ക് അതിനുള്ള വ്യവസ്ഥ ചെയ്തു. ഗുരുതുല്ല്യരെ വിളിച്ച് അനുഗ്രഹം തേടി.

    comment

    LATEST NEWS


    മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.