×
login
സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രം 'പള്ളിമണി'യുടെ പൂജ കഴിഞ്ഞു; നായിക നിത്യാദാസ്, ശ്വേത മേനോന്‍ മുഖ്യ വേഷത്തില്‍ എത്തുന്നു

ഇരുപതിലേറെ ജനപ്രിയ നോവലുകളും പന്ത്രണ്ട് മെഗാ സീരിയലും എഴുതിയ കെ.വി അനിലിന്റെ മൂന്നാമത്തെ സിനിമയാണ് പള്ളിമണി.

തിരുവനന്തപുരം: ശ്വേത മേനോന്‍, നിത്യദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന 'പള്ളിമണി Not Church Bell ,It's Death Bell ' എന്ന സിനിമയുടെ പൂജ തിരുവനന്തപുരം ചിത്രാഞ്ജലി ഫിലിം സ്റ്റുഡിയോയില്‍ നടന്നു. ശ്വേത മേനോന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്  'പള്ളിമണി'. ഈ പറക്കുംതളികയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ മാറിയ  നിത്യദാസിന്റെ ഏറെ നാളുകള്‍ക്ക് ശേഷം നായികാ പദവിയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ഛായാഗ്രഹണം അനിയന്‍ ചിത്രശാലയും കഥ,തിരക്കഥ, സംഭാഷണം കെ.വി. അനിലും നിര്‍വഹിക്കുന്നു.


ഇരുപതിലേറെ ജനപ്രിയ നോവലുകളും പന്ത്രണ്ട് മെഗാ സീരിയലും എഴുതിയ കെ.വി അനിലിന്റെ മൂന്നാമത്തെ സിനിമയാണ് പള്ളിമണി. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ്. ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് നാല്പത് ലക്ഷം രൂപ ചെലവിട്ട് നിര്‍മിക്കുന്ന മൂന്ന് നിലകളുള്ള പള്ളി. ചിത്രാഞ്ജലിയില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ സെറ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് 'പള്ളിമണി' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ശ്വേത മേനോന്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ശ്രീജിത്ത് രവിയാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രം കൂടിയാണിത്. പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് കെ.ആര്‍ നാരായണന്‍. വിനീത് ശ്രീനിവാസന്‍ ആലപിച്ച മനോഹരമായ ഗാനവും ഈ സിനിമയുടെ പ്രത്യേകതയാണ്.

കലാസംവിധാനം സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം ബ്യൂസി ബി. ജോണ്‍, മേക്കപ്പ് പ്രദീപ് വിധുര, എഡിറ്റിംഗ് ആനന്ദു എസ്. വിജയി, സ്റ്റില്‍സ് ശാലു പേയാട്, ത്രില്‍സ് ജിറോഷ്, പ്രൊജക്റ്റ് ഡിസൈനര്‍ രതീഷ് പല്ലാട്ട്, അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍ സേതു ശിവാനന്ദന്‍. വാര്‍ത്താപ്രചരണം: സുനിത സുനില്‍.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.