×
login
ആദിത്യ കരികാലന്‍ ഞാന്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ലഭിച്ചത് വല്ലാത്തൊരു ഊര്‍ജം; പൊന്നിയിന്‍ സെല്‍വന്‍ ഡ്രീം പ്രൊജക്‌ടെന്ന് വിക്രം

ഈ കഥാപാത്രത്തിനായി മുടി നീട്ടണമെന്നും കുതിരസവാരി പഠിക്കണമെന്നുമെല്ലാം പറഞ്ഞപ്പോള്‍ ശരിക്കും ആവേശമായി. എല്ലാവരും ഈ സിനിമയ്ക്കായി നന്നായി കഷ്ടപ്പെട്ടു. മണി സാറിനൊപ്പമുള്ള രാവണനായിരുന്നു കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രങ്ങളിലൊന്ന്.

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഹൈസിന്ത് ഹോട്ടലിലെ ചടങ്ങില്‍ നടന്‍ വിക്രം സംസാരിക്കുന്നു. നടി ഐശ്വര്യ ലക്ഷ്മി, തൃഷ, സംവിധായകന്‍ മണിരത്‌നം, ജയംരവി, കാര്‍ത്തി സമീപം. 30ന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തില്‍ ഗോകുലം മൂവീസാണ് വിതരണത്തിനെടുത്തിരിക്കുന്നത്. ചിത്രം: വി.വി. അനൂപ്

തിരുവനന്തപുരം: മണിരത്‌നം സിനിമയായ പൊന്നിയിന്‍ സെല്‍വന്‍ താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും സ്വപ്ന പ്രൊജക്ടായിരുന്നുവെന്ന് നടന്‍ വിക്രം. തിരുവനന്തപുരത്ത് പൊന്നിയിന്‍ സെല്‍വന്‍ കേരളാ ലോഞ്ചുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കഥാപാത്രം ചെയ്യണമെന്ന് മണിരത്‌നം സര്‍ പറഞ്ഞപ്പോള്‍ വല്ലാത്തൊരു ഊര്‍ജം ലഭിച്ചു. മണിരത്‌നം സിനിമ എന്നുപറഞ്ഞാലേ യുദ്ധത്തിന് പോവുന്നതുപോലെയാണ്. ഈ കഥാപാത്രം ചെയ്യണമെന്ന് മണിരത്‌നം സര്‍ പറഞ്ഞപ്പോള്‍ വല്ലാത്തൊരു ഊര്‍ജം ലഭിച്ചു. ചെറുപ്പം മുതലേ ഇഷ്ടമുള്ള കഥാപാത്രമായിരുന്നു ആദിത്യ കരികാലന്റേത്.

ഈ കഥാപാത്രത്തിനായി മുടി നീട്ടണമെന്നും കുതിരസവാരി പഠിക്കണമെന്നുമെല്ലാം പറഞ്ഞപ്പോള്‍ ശരിക്കും ആവേശമായി. എല്ലാവരും ഈ സിനിമയ്ക്കായി നന്നായി കഷ്ടപ്പെട്ടു. മണി സാറിനൊപ്പമുള്ള രാവണനായിരുന്നു കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ചിത്രങ്ങളിലൊന്ന്. ഒരു യുദ്ധത്തിന് പോകുന്ന പോലെയായിരുന്നു ആ സിനിമ ചെയ്തത്. അപ്പോള്‍ മണിരത്‌നം സര്‍ ഒരു യുദ്ധസിനിമ തന്നെയെടുത്താല്‍ എങ്ങനെയുണ്ടാവും. കൊവിഡ് കാല പ്രതിസന്ധിയൊന്നും സിനിമയുടെ ഊര്‍ജത്തെ ബാധിച്ചിട്ടില്ല. നോവലിസ്റ്റ് കല്‍ക്കിക്കും മണിരത്‌നം സാറിനും നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമയില്‍ അനുയോജ്യരായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതാണ് വെല്ലുവിളിയെന്നും അനുയോജ്യരായ അഭിനേതാക്കളെ കിട്ടിയാല്‍ ഒരു സംവിധായകന്‍ പകുതി വിജയം കൈവരിച്ചു കഴിയുമെന്നും സംവിധായകന്‍ മണിരത്‌നം പറഞ്ഞു.  40 വര്‍ഷമായി കാത്തിരിക്കുന്ന സിനിമയാണ് യാഥാര്‍ഥ്യമാകുന്നത്. 2012 സിനിമ നിശ്ചയിച്ചിട്ട് നടക്കാതെ പോയത് നന്നായിയെന്ന് ഇപ്പോള്‍ തോന്നുന്നു. സിനിമയുടെ സാങ്കേതികതയും ക്യാന്‍വാസുമൊക്കെ വിപുലമായി. പത്താം നൂറ്റാണ്ടിലെ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് വെല്ലുവിളിയായിരുന്നു.


അവര്‍ അക്കാലത്ത് ഉപയോഗിച്ചിരുന്ന വേഷവിതാനങ്ങളെക്കുറിച്ചും പശ്ചാത്തലത്തെക്കുറിച്ചും സൂക്ഷ്മമായ നിരീക്ഷണം വേണം. തമിഴ്‌നാട്ടിലടക്കം ഏറ്റവും കൂടുതല്‍ വിറ്റഴിച്ച നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോളരാജവംശത്തെക്കുറിച്ച് ഒട്ടനവധി പഠനങ്ങള്‍ ഉള്ളതും ചിത്രീകരണത്തിന് സഹായകമായി. ഭാവനയും യാഥാര്‍ഥ്യവും ഉള്‍ക്കൊള്ളുന്ന സിനിമയാണ് പൊന്നിയിന്‍ സെല്‍വന്‍. പുസ്തകത്തിലെ കഥാപാത്രങ്ങള്‍ ചെറുപ്പകാലം മുതല്‍ തന്റെ മനസില്‍ വലിയ സ്‌ക്രീനിലെ കഥാപാത്രങ്ങളായി തെളിഞ്ഞുകണ്ടിരുന്നു. ആ സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. മലയാളത്തില്‍ സിനിമയെടുക്കാന്‍ സാഹചര്യമുണ്ടായാല്‍ ഉറപ്പായും ചെയ്യുമെന്നും മണിരത്‌നം പറഞ്ഞു.

മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കാര്‍ത്തി, ജയംരവി,  ബാബു ആന്റണി, തൃഷ, ഐശ്വര്യ ലക്ഷ്മി, നിര്‍മാതാവ് ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. സെപ്തംബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

റിലീസിനോടനുബന്ധിച്ച് രാജ്യത്തെ വന്‍നഗരങ്ങളില്‍ താരങ്ങളും അണിയറ പ്രവര്‍ത്തകരും ആരാധകരെ കാണാനെത്തും.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമാണ് 30 ന് റിലീസ് ചെയ്യുന്നത്.

ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ജയംരവി, പ്രകാശ് രാജ്, പാര്‍ഥിപന്‍, ശരത്കുമാര്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ലാല്‍, വിക്രംപ്രഭു, കിഷോര്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി ഒരു വലിയ താരനിരയെത്തുന്ന ചിത്രം വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.