×
login
കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്‌കാരം; 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്

സിനിമയ്ക്ക് അനുകൂലമായി കേരളത്തിലും നവ മാധ്യമങ്ങളില്‍ വലിയ പ്രചാരണം ഉണ്ടായി

കാശ്മീര്‍ വംശഹത്യയുടെ സത്യസന്ധമായ ആവിഷ്‌കാരം ആയ 'ദി കശ്മീര്‍ ഫയല്‍സ്' കേരളത്തിലും കൂടുതല്‍ തീയേറ്ററുകളിലേക്ക്. കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥപറയുന്ന സിനിമ കേരളത്തില്‍ തിയേറ്ററുകളില്‍ കളിക്കണ്ട എന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് തിട്ടൂരം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ, ഒട്ടു മിക്ക എല്ലാ പ്ലാറ്റ്‌ഫോമിലും മികച്ച റേറ്റിംഗ് വന്ന മികച്ച ചിത്രം തുടക്കത്തില്‍ കേരളത്തില്‍ ആകെ കളിച്ചത് രണ്ടു തീയേറ്ററുകളില്‍ മാത്രം. കൊച്ചി ലുലുവിലെ പിവിആറില്‍ രണ്ട് ഷോയും കോഴിക്കോട് ക്രൗണ്‍ തീയേറ്ററില്‍ ഒരൊറ്റ ഷോയും മാത്രം. 

ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതികരണം ഉണ്ടായി. തുടര്‍ന്ന് രണ്ടു ജില്ലകളില്‍ കൂടി ചിത്രം പ്രദര്‍ശനത്തിനെത്തുന്നു. തൃശ്ശൂര്‍ ശോഭാ മാളിലെ ഇനോക്‌സ് തിയേറ്ററിലും തിരുവനന്തപുരം ഏരീസ് പ്ലക്‌സ് സിനിമാസിലും.

കാശ്മീരി പണ്ഡിറ്റുകളുടെ നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൂരതയുടെ കണ്ണ് നനയിപ്പിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ ഉണ്ട്. ഭയം കൊണ്ടും വര്‍ഗീയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കൊണ്ടും വര്‍ഷങ്ങളായി പറയാന്‍ മടിച്ചിട്ടുള്ള, സൗകര്യപൂര്‍വം മറച്ചു പിടിക്കുന്ന, പൊള്ളുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍. അതിനാല്‍ തന്നെ കേരളത്തില്‍ ഈ സിനിമക്ക് എതിരെ ഡിഗ്രേഡിങ് ഉണ്ടായി. തിയറ്ററുകള്‍ കിട്ടാത്ത സാഹചര്യം ഉണ്ടായതങ്ങനെയാണ്. 

'ദി കശ്മീര്‍ ഫയല്‍സ്' സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കി. സിനിമയുടെ ട്രെയിലര്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നായിരുന്നു പരാതി. ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രദര്‍ശനത്തിനെത്തിയത്.

സിനിമയ്ക്ക് അനുകൂലമായി കേരളത്തിലും നവ മാധ്യമങ്ങളില്‍ വലിയ പ്രചാരണം ഉണ്ടായി. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു ഷോയ്ക്ക് പോലും ഒരു സീറ്റ് പോലും ഒഴിഞ്ഞു കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക, സ്വയം തിയേറ്ററില്‍ പോവാന്‍ പറ്റാത്തവര്‍ അവിടെ അടുത്തുള്ള സുഹൃത്തുക്കള്‍ക്ക് ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്തു കൊടുക്കുക, സോഷ്യല്‍ മീഡിയയില്‍ കശ്മീര്‍ ഫയല്‍സ് ചര്‍ച്ച സജീവമായി നിലനിര്‍ത്തുക എന്നീ നിലപാടുകളുമായി  യുവാക്കള്‍ രംഗത്തുവന്നു. 'ദി കശ്മീര്‍ ഫയല്‍സ്' സിനിമ വിജയിപ്പിക്കുന്നതു ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും പ്രചരിപ്പിച്ചു. അതിന്റെ ഫലം കൂടിയാണ് കൂടുതല്‍ തീയേറ്ററുകളിലേക്ക് സിനിമ എത്തുന്നത്.

Director Vivek Agnihotri with his wife and actress Pallavi Joshi, actor Darshan Kumar, and actress Bhasha Sumbli

ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് കശ്മീരി പണ്ഡിറ്റുകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അനുപം ഖേറും മിഥുന്‍ ചക്രവര്‍ത്തിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

പുഷ്‌കര്‍ നാഥ് പണ്ഡിറ്റിന്റെയും (അനുപം ഖേര്‍) അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കഥയാണ് ദി കാശ്മീര്‍ ഫയല്‍സ് പറയുന്നത്. തകര്‍ന്നടിഞ്ഞ പ്രതീക്ഷയുടെയും നിരാശാജനകമായ വ്യവസ്ഥിതിയുടെയും അന്തസ്സിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും അതേസമയം വഞ്ചനയുടെയും കഥ. അനുപം ഖേര്‍ എന്ന നടന്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഇതുവരെ നല്‍കിയതില്‍ ഏറ്റവും മികച്ച സംഭാവന..

സത്യത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന സിനിമയായതിനാല്‍ അത് നല്‍കുന്ന വേദന വളരെയധികമാണ്. സിനിമയിലെ മരണങ്ങളൊന്നും സാങ്കല്‍പ്പികമായിരുന്നില്ല, ദുരന്തങ്ങളൊന്നും യാദൃശ്ചികമായിരുന്നില്ല, മുറിവുകളൊന്നും അതിശയോക്തി കലര്‍ന്നതോ ചെറുതാക്കി ചിത്രീകരിക്കപ്പെട്ടതോ അല്ല.

1990ല്‍ റാലിവ് ഗലിവ് യാ ചലിവ് - ഒന്നുകിൽ മതം മാറൂ, അല്ലെങ്കിൽ കൊല്ലപ്പെടൂ  അല്ലെങ്കിൽ നാട് വിടൂ എന്ന പ്രഖ്യാപനം കാശ്മീരീല്‍ പ്രതിധ്വനിച്ചപ്പോള്‍ അഞ്ച് ലക്ഷം കശ്മീരി പണ്ഡിറ്റുകള്‍ക്ക് എല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ബാക്കിയുള്ളത് ചരിത്രമാണ്. പലരും മറന്നു തുടങ്ങിയ ആ ചരിത്രമാണ് കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അടിസ്ഥാനമാക്കിയുള്ള ദി കാശ്മീര്‍ ഫയല്‍സ് വിശദമാക്കുന്നത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത സിനിമയില്‍ പല്ലവി ജോഷി, ഭാഷാ സുംബ്ലി, ദര്‍ശന്‍ കുമാര്‍ തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചിരിക്കുന്നത്. സിനിമ നിര്‍മ്മിച്ചതും പല്ലവി ജോഷിയാണ്

'സിനിമയ്ക്ക് ശേഷം കശ്മീര്‍ പണ്ഡിറ്റുകളില്‍ നിന്ന് ലഭിച്ച ആലിംഗനമാണ് ഞങ്ങള്‍ക്ക് ലഭിച്ച ഏറ്റവും മികച്ച പ്രതികരണം. അവര്‍ എന്നെയും വിവേകിനെയും കെട്ടിപ്പിടിച്ചു. ഞങ്ങളുടെ തോളില്‍ കിടന്നു കരഞ്ഞു. ആ വികാരത്തെ തടഞ്ഞു നിര്‍ത്താന്‍ വളരെ പ്രയാസമാണെങ്കിലും, അവരുടെ കഥകള്‍ ഞങ്ങള്‍ സത്യസന്ധമായി പറഞ്ഞു എന്നത് അവര്‍ക്ക് ഒരു അംഗീകാരം ലഭിച്ചത് പോലെയായിരുന്നു, 'പല്ലവി ജോഷി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ എല്ലാരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറയുന്നത്. #Righttojustice എന്ന ഹാഷ് ടാഗോടു കൂടിയാണ് എല്ലാവരും പ്രതികരിച്ചത്. ക്രിക്കറ്റ് താരം സുരേഷ് റയ്‌നയും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചത് മുതല്‍ സംവിധായകന്റെ കുടുംബത്തിനടക്കം രൂക്ഷമായ ഭീഷണിയാണ് നേരിടേണ്ടി വന്നത്. ഇതിനെതിരെയെല്ലാം ശബ്ദം ഉയര്‍ത്തി കൊണ്ടാണ് വിവേക് മുന്നോട്ടു പോയത്.

'ഞാന്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ശത്രുക്കള്‍ക്കെതിരെയാണ് സംസാരിച്ചത്. ഇന്ത്യന്‍ സംസ്‌കാരം പുണ്യമായി കാണുന്ന ശിവനെയും സരസ്വതിയെയും നശിപ്പിച്ച മനുഷ്യത്വരഹിതമായ ഭീകരതയെ തുറന്നുകാട്ടാനുള്ള ശ്രമമാണ് കാശ്മീര്‍ ഫയലുകള്‍. ഇപ്പോള്‍ മതഭീകരത ഇന്ത്യയുടെ ഭൂപ്രദേശത്ത് കടന്നുകയറുകയാണ്. അതുകൊണ്ടാണ് എന്നെപ്പോലുള്ളവരെ നിശബ്ദരാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നത്, കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് ഞാന്‍ എപ്പോഴും സംസാരിക്കുന്നത്, ഇന്ത്യ വിരുദ്ധ അര്‍ബന്‍ നക്‌സലുകളുടെ നിരവധി അസത്യങ്ങളും വ്യാജ വിവരണങ്ങളും ഞാന്‍ തുറന്നുകാട്ടുന്നു, അവര്‍ എന്നെ നിശബ്ദരാക്കാന്‍ ആഗ്രഹിക്കുന്നെങ്കിലും അവര്‍ അതില്‍ വിജയിക്കില്ലെന്നു വ്യക്തമാണെന്നും അഗ്‌നിഹോത്രി നേരത്തെ പറഞ്ഞിരുന്നു.

ജനങ്ങളുടെ ഇടപെടലും, ശക്തമായ സോഷ്യൽ മീഡിയ ഇംപാക്ടും മൂലം  ദ കാശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ തയ്യാറായ കേരളത്തിലെ സിനിമാ തിയേറ്ററുകൾ :

തിരുവനന്തപുരം :

1. കാർണിവൽ സിനിമാസ്,

മാൾ ഒഫ് ട്രാവൻകൂർ,

2. കാർണിവൽ സിനിമാസ്,

ആർടെക് സെൻട്രൽ മാൾ,

3. കാർണിവൽ സിനിമാസ്,

ഗ്രീൻഫീൽഡ്,


5) ഏരീസ് പ്ലെക്സ് SL സിനിമാസ്

കൊല്ലം :

1) കാർണിവൽ സിനിമാസ്, കരുനാഗപ്പള്ളി,

2) കാർണിവൽ സിനിമാസ്, പുനലൂർ

കണ്ണൂർ :

1) കാർണിവൽ സിനിമാസ്, തലശേരി

കോഴിക്കോട്

1) ക്രൗൺ തിയേറ്റർ

2) ആശിർവാദ് സിനിപ്ലക്സ്

തൃശ്ശൂർ 

1) INOX, ശോഭ മാൾ

എറണാകുളം

1) PVR സിനിമാസ്, ലുലു മാൾ

2) ഷേണായിസ് തിയേറ്റർ

3) കാർണിവൽ സിനിമാസ്, കരിയാട് അങ്കമാലി

4) കാർണിവൽ സിനിമാസ്, കെഎസ്ആർടിസി കോംപ്ലക്സ്, അങ്കമാലി

ഇടുക്കി

1) ആശീർവാദ് സിനിപ്ലക്സ്, തൊടുപുഴ

ആലപ്പുഴ

1) എം ലാൽ സിനിപ്ലക്സ്, ഹരിപ്പാട്

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.