×
login
അംബയുടെ ജീവത്യാഗം

ഇതിഹാസ ഭാരതം

അംബയെക്കണ്ടു കുശലങ്ങളന്വേഷിച്ച മാമുനിമാരോടും അംബ ഭീഷ്മന്റെ കഥ പറഞ്ഞുകേള്‍പ്പിച്ചു. ''ഗാംഗേയനെ വധിക്കാതെ ഞാന്‍ പിന്തിരിയില്ല മാമുനിമാരേ! പെണ്ണായിട്ടു വെറുത്തിട്ട് ആണായിടാനുറച്ചു ഞാന്‍ ഭീഷ്മനില്‍ പകവീട്ടും. എന്നെ തടയരുതുമുനികളേ!''  പിന്നീട് മുനിജനമദ്ധ്യത്തില്‍ ഇരുന്ന മഹാദേവനോട് സ്വന്തരൂപത്തില്‍ ചെന്ന് അവള്‍ ഭീഷ്മന്റെ പരാജയം ചോദിച്ചു. ''നീ അവനെ കൊല്ലു''മെന്ന് മഹാദേവന്‍ അവളോടു പറഞ്ഞു സമാശ്വസിപ്പിച്ചു. ''പെണ്ണാകുന്ന എനിക്ക് യുദ്ധത്തില്‍ ജയമെങ്ങനെയുണ്ടാകും മഹാദേവ?  സ്ത്രീഭാവത്താല്‍ എന്റെ മനസ്സ് അശാന്തമാണു ഭഗവാനെ!'' മഹാദേവന്‍ പറഞ്ഞു, ''എന്റെ വാക്ക് ഭോഷ്‌ക്കാകുകയില്ല ഭദ്രേ! അതു സത്യമായിവരും. പോരില്‍ നീ ഭീഷ്മനെ കൊല്ലും. പുരുഷത്വവും ലഭിക്കും. ദ്രുപദന്റെ കുലത്തില്‍ ശീഘ്രാസ്ത്രനായും മഹാരഥനായും ബഹുസമ്മതനായും നീ  

പിറക്കും. ഒട്ടുകാലം കഴിഞ്ഞാല്‍ നീ ആണായി മാറും.''  

അവള്‍ മുനിമാര്‍ നോക്കി നില്‍ക്കെ യമുനാതീരത്ത് കാട്ടിലെ തടികള്‍ കൂട്ടിയിട്ട് ഊക്കന്‍ പട്ടടയുണ്ടാക്കി. തീക്ഷ്ണകോപയായ അവള്‍, ആ കാശികന്യക, തീകത്തിച്ചിട്ട് 'ഭീഷ്മഹിംസയ്‌ക്കെ'ന്നു പറഞ്ഞ് ആ തീയില്‍ച്ചാടി ജീവന്‍ത്യജിച്ചു.

ശിഖണ്ഡിയുടെ ജനനം

ദ്രുപദരാജാവായ യക്ഷസേനന്റെ പത്‌നിക്ക് പുത്രിമാരുണ്ടായില്ല. പുത്രലബ്ധിക്കായി രാജാവ് മഹേശ്വരനെ ശരണം പ്രാപിച്ചു. ഭീഷ്മനെ കൊല്ലാനായി തപസ്സുചെയ്യുന്ന ദ്രുപദന്‍ കന്യകയല്ല, ഭീഷ്മവധത്തിനു  പുത്രന്‍തന്നെ ഉണ്ടാകാന്‍ ഭഗവാനോട് പ്രത്യേകം പ്രാര്‍ത്ഥിച്ചു. അതുകേട്ട്, 'നിനക്ക് സ്ത്രീപുമാനുണ്ടാകുമെന്ന് ഭഗവാനും കല്പിച്ചു. കൊട്ടാരത്തിലെത്തി പത്‌നിയോട് ശിവദര്‍ശനവും  പുത്രാഗ്രഹവും പറഞ്ഞുകേള്‍പ്പിച്ചു. ''കന്യകയായിപ്പുമാനാകുമെന്നു കല്പിച്ചു ശങ്കരന്‍,''എന്നുള്ള ശങ്കരവാക്യവും പറഞ്ഞു.  


ഗര്‍ഭവതിയായിരുന്ന രാജപത്‌നി ഒരു കന്യകയെ പ്രസവിച്ചു. രാജാവ് തനിക്കു പുത്രനുണ്ടായെന്നു പ്രസിദ്ധീകരിച്ചു. രാജപത്‌നിയും കഷ്ടപ്പെട്ട്  പുത്രനെന്നു പറഞ്ഞു നടന്നു. കൊട്ടാരത്തിലെ ദാസിമാരൊഴിച്ചു മററാരും ശിശുവിനെ മകളെന്നു തിരിച്ചറിഞ്ഞില്ല. പുത്രനൊക്കുന്ന രീതിയില്‍ രാജാവ് ജാതകര്‍മ്മങ്ങളൊക്കെ ചെയ്യിച്ചു. അവന്റെ പേര് ശിഖണ്ഡിയെന്നു പുകഴ്ന്നു. ഇക്കാര്യങ്ങളെല്ലാം ചാരന്മാരും നാരദമഹര്‍ഷിയും പറഞ്ഞ് ഭീഷ്മന്‍ അറിഞ്ഞുകൊണ്ടിരുന്നു.  

പുത്രനായും ചിലപ്പോള്‍ യൗവനം തികഞ്ഞുവരുന്ന പുത്രിയായും ആയോധനാഭ്യാസത്തില്‍ ദ്രോണരുടെ ശിഷ്യനായും ശോഭിച്ച ശിഖണ്ഡിയെക്കുറിച്ച് ദ്രുപദരാജാവായ യജ്ഞസേനന്‍ വിഷണ്ണനായി. അപ്പോള്‍ രാജപത്‌നി അവനെ വിവാഹം കഴിപ്പിച്ചാല്‍ ശിവവാക്ക് സത്യമായിത്തീരുമെന്നു പറഞ്ഞു. ഹിരണ്യവര്‍മ്മനെന്ന ദശാര്‍ണനൃപന്റെ പുത്രിയെ വിവാഹം ചെയ്ത് അവര്‍ കാംബില്യപുരത്തു വാണു. അവിടെവെച്ച് അവന്‍ പെണ്ണാണെന്ന കാര്യം രാജപുത്രി അറിഞ്ഞു. അവള്‍ ഇക്കാര്യം ദാസിമാരോടു പറഞ്ഞു. അവിടെനിന്ന് ആ കഥ ദശാര്‍ണരാജനുമറിഞ്ഞു. വഞ്ചിക്കപ്പെട്ടെന്നുറച്ച് അദ്ദേഹം ദ്രുപദനോട് കയര്‍ത്തു. പിടിക്കപ്പെട്ട കള്ളനെപ്പോലെ ദ്രുപദന്‍ ശബ്ദിച്ചില്ല.  

ഹിരണ്യവര്‍മ്മന്‍ മന്ത്രിമാരൊത്തു ചിന്തിച്ചപ്പോള്‍ വഞ്ചിച്ച ദ്രുപദനെയും ശിഖണ്ഡിയെയും ക്രോധംപൂണ്ടു വധിക്കണമെന്നു തീരുമാനിച്ചു. യുദ്ധത്തില്‍ ഭയപ്പെട്ടും ദുഃഖിച്ചും ഭാര്യയുമൊത്ത് കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. ശിഖണ്ഡിയാകുന്ന മകനില്‍ കന്യയാണെന്ന ശങ്കയാല്‍ തന്നെ ചതിച്ചെന്നു വിചാരിച്ചു രാജ്യം മുടിക്കാന്‍ ഹിരണ്യവര്‍മ്മാവ് തീരുമാനിച്ചിരിക്കുന്നു.  ''നമ്മളും ഈ ശിഖണ്ഡിയും മഹാകഷ്ടത്തിലായിരിക്കുന്നു. എന്തുചെയ്യണമെന്നു പറയൂ വല്ലഭേ!'' എന്നു പറഞ്ഞു വിഷമിച്ച രാജാവിനോട് അവള്‍ ഇങ്ങനെ പറഞ്ഞു, ''മഹീപതേ! പുത്രനില്ലാത്ത ഞാന്‍ സപത്‌നിമാരെ ഭയപ്പെട്ട് ശിഖണ്ഡിപ്പെണ്‍കിടാവിനെ ആണെന്നു പറഞ്ഞു വളര്‍ത്തി.  അങ്ങുന്നും അതു സമ്മതിച്ചു. മകള്‍ക്ക്  പുത്രകര്‍മ്മമനുഷ്ഠിക്കുകയും ചെയ്തു. ദശാര്‍ണവ പുത്രിയെ ഭാര്യയാക്കി വേളികഴിക്കുകയും ചെയ്തു. ദേവവാക്യപ്പൊരുളറിഞ്ഞാണു ഞാനിതൊക്കെ ചെയ്തത്. കന്യകയായി,  പിന്നീട് ആണാകുമെന്നു കരുതി.''

ദശാര്‍ണപതിയോടുള്ള ഭയത്തില്‍ ദ്രുപദനായ യജ്ഞസേനനും ഭാര്യയും കഴിഞ്ഞുവരവെ തന്റെ അച്ഛനമ്മമാര്‍ തന്നെയോര്‍ത്ത് വളരെ വിഷമിക്കുന്നുവെന്നു കണ്ട് ശിഖണ്ഡിനി ജീവത്യാഗംചെയ്യാനൊരുമ്പെട്ടു. അതിദുഃഖിതയായ അവള്‍ വീടുവിട്ടു കാടുകയറി.  സ്ഥൂണാകര്‍ണനെന്ന യക്ഷന്റെ വാസസ്ഥലമായ ഒരു ദേശത്തെ ഒരു ഭവനത്തിലെത്തി. അത് അവന്റെ തന്നെ ഭവനമായിരുന്നു.  പട്ടിണികിടന്നു മെലിഞ്ഞ അവള്‍ ഒരുദിവസം സ്ഥൂണാകര്‍ണനെ കണ്ടു. ദയാവാനായ ആ യക്ഷന്‍ നീ എന്തിനുള്ള പുറപ്പാടാണെന്നു ചോദിച്ചു. ''എന്തായാലും ഞാന്‍ സാധിച്ചുതരാം. ഞാന്‍ കുബേരന്റെ ഭൃത്യനാണ്. എത്രവയ്യാത്തതും ഞാന്‍ സാധിച്ചുനല്‍കും. നീ നിന്റെ മനോരഥം പറയൂ.''  ശിഖണ്ഡിനി ആ യക്ഷപ്രധാനിയോട് എല്ലാ കഥകളും പറഞ്ഞുകേള്‍പ്പിച്ചു. ''പുത്രനില്ലാത്ത എന്റെ അച്ഛന്‍ നാശത്തിലേക്കു പോകുകയാണ്. ദശാര്‍ണന്‍ അദ്ദേഹത്തോട് ഉഗ്രകോപത്തിലാണ്. അല്ലയോ യക്ഷ! അങ്ങ് എന്നെയും അച്ഛനമ്മമാരെയും രക്ഷിക്കണം. എന്നെ രക്ഷിക്കാമെന്ന് അങ്ങ് ഏറ്റുപറഞ്ഞതല്ലേ.  നിന്റെ പ്രസാദംകൊണ്ട് ഞാന്‍ പുരുഷനാകണം. ദശാര്‍ണരാജാവ് സൈന്യവുമായി എന്റെ രാജ്യത്തെത്തുന്നതിനുമുമ്പേ മഹായക്ഷ! ഭവാന്‍ എന്നില്‍ പ്രസാദിക്കണം.''

(തുടരും)

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.