×
login
ശാന്തിയുടെ ദൂതരാവുക

ഒരു രാജ്യത്ത് എലിശല്യം രൂക്ഷമായി തീര്‍ന്നു. പൗരന്മാര്‍ എലികളെക്കൊന്ന് അവയത്രയും ഒരു ഓഫീസില്‍ എത്തിച്ചാല്‍ എലിയുടെ എണ്ണത്തിനനുസരിച്ച് പണംനല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ എലികളെ കൊന്ന് അതിനുള്ള പണം വാങ്ങിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസ്സിലായി എലികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. അധികാരികളില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കി. എന്തുകൊണ്ടാണ് എലികള്‍ ഇങ്ങനെ പെരുകുന്നത്. അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കാരണം കണ്ടെത്തി. പണംകിട്ടാനായി ധാരാളംപേര്‍ എലികളെ വളര്‍ത്താന്‍ തുടങ്ങിയിരുന്നു.

മക്കളേ,  

ഈ പുതുവത്സരം ഏവര്‍ക്കും നന്മയും ഐശ്വര്യവും, ആരോഗ്യവുംആനന്ദവും, ശാന്തിയും സമൃദ്ധിയും കൊണ്ടുവരുന്നതാവട്ടെ. പ്രകൃതിമാതാവ് നമ്മുടെ തെറ്റുകള്‍ പൊറുത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഇല്ലാത്ത ഒരു കാലത്തെ നമുക്കു പ്രദാനം ചെയ്യട്ടെ. തല ചായ്ക്കാന്‍ വീടും വയറുനിറയ്ക്കാന്‍ ഭക്ഷണവും എല്ലാവര്‍ക്കും ഉണ്ടാവട്ടെ. ലോകത്തെവിടെയും ശാന്തിപുലരട്ടെ.  

ഇതൊക്കെ നടക്കുന്ന കാര്യങ്ങളല്ലെന്ന് മക്കള്‍ ചിന്തിച്ചേക്കാം. എങ്കിലും ഇത്തരം സ്വപ്‌നങ്ങളാണ് നമ്മുടെ ജീവിതത്തിനും പ്രയത്‌നത്തിനും ശരിയായ ഊര്‍ജ്ജം പകരുന്നത്. 'ഹാപ്പിന്യൂ ഇയര്‍' എന്നാണല്ലോ നമ്മള്‍ ആശംസിക്കാറുള്ളത്. പുതുവര്‍ഷപ്പിറവി  പുതുമയുടെ കാലമാണ്. അറിയാതെ തന്നെ പുതിയൊരു ഉന്മേഷവും പ്രതീക്ഷയും നമ്മളില്‍ ഉണരുന്നു. പുതുവത്സരം ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള ഒരു ദിവസം മാത്രമായി മാറരുത്. ഉള്ളിലേക്കു നോക്കാനും സ്വയംമനനം ചെയ്യാനുമുള്ള അവസരമാണിത്. അതോടൊപ്പം ലക്ഷ്യബോധത്തോടെയുള്ള പ്രയത്‌നംകൂടി ഉണ്ടാകണം.

ഒരു രാജ്യത്ത് എലിശല്യം രൂക്ഷമായി തീര്‍ന്നു. പൗരന്മാര്‍ എലികളെക്കൊന്ന് അവയത്രയും ഒരു ഓഫീസില്‍ എത്തിച്ചാല്‍ എലിയുടെ എണ്ണത്തിനനുസരിച്ച് പണംനല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജനങ്ങള്‍ കൂട്ടത്തോടെ എലികളെ കൊന്ന് അതിനുള്ള പണം വാങ്ങിച്ചുകൊണ്ടിരുന്നു. പക്ഷെ ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസ്സിലായി എലികളുടെ എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. അധികാരികളില്‍ ഇത് ആശയക്കുഴപ്പമുണ്ടാക്കി. എന്തുകൊണ്ടാണ് എലികള്‍ ഇങ്ങനെ പെരുകുന്നത്. അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കാരണം കണ്ടെത്തി. പണംകിട്ടാനായി ധാരാളംപേര്‍ എലികളെ വളര്‍ത്താന്‍ തുടങ്ങിയിരുന്നു.  

ഇതാണ് മനുഷ്യസ്വഭാവം. സമൂഹത്തിനു ദോഷംചെയ്യുന്ന ഏതൊരു പ്രവൃത്തിയുംഅധര്‍മ്മമാണ്. സമൂഹത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കുവേണ്ടി വ്യക്തിപരമായ ലാഭങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയുക എന്നത് വലിയകാര്യമാണ്. ജനങ്ങളില്‍ ആ മനോഭാവം വളര്‍ന്നാല്‍ ഈ ലോകത്തിലെ പ്രശ്‌നങ്ങളെ കാര്യക്ഷമമായി നേരിടാന്‍ നമുക്കു കഴിയും. പുതിയ നല്ല ശീലങ്ങളും ഗുണങ്ങളും വളര്‍ത്തിയെടുക്കാനുള്ള അവസരമായി പുതുവര്‍ഷത്തെ പ്രയോജനപ്പെടുത്തണം. ദുശ്ശീലങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് അതില്‍നിന്നും മോചനം നേടാനുള്ള ദൃഢനിശ്ചയത്തിനുള്ള അവസരം കൂടിയാണ് പുതുവത്സരം.  


ചിലര്‍ പുതുവര്‍ഷം തുടങ്ങുമ്പോള്‍ പുതിയ തീരുമാനങ്ങളും ദൃഢനിശ്ചയങ്ങളും എടുക്കും. എന്നാല്‍ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പ്രലോഭനങ്ങളില്‍ വീണ് അവയൊക്കെ ഉപേക്ഷിക്കും. ഏതെങ്കിലും ഒരു കാരുണ്യപ്രവൃത്തി ആദ്യദിനത്തില്‍ തന്നെ ചെയ്തുകൊണ്ട് നമുക്ക് പുതുവര്‍ഷത്തിന് ആരംഭം കുറിക്കാം. സഹജീവികളോടുള്ള കാരുണ്യം നമ്മള്‍ പ്രത്യേകിച്ചും വളര്‍ത്തിയെടുക്കേണ്ട ഒരു ഉത്തമഗുണമാണ്. നമ്മുടെ ഉള്ളിലെ സ്‌േനഹത്തെ ഉണര്‍ത്താനും ഉദ്ധരിക്കാനും അത്തരം പ്രവൃത്തികള്‍ സഹായിക്കും.

ജര്‍മ്മനിയില്‍ ദര്‍ശനത്തിനുവന്ന ഒരു മോള്‍പറഞ്ഞ കഥയാണ് ഓര്‍മ്മ വരുന്നത്. ആ മോള്‍ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികളെ കണക്ക് പഠിപ്പിക്കുകയാണ്. ആ ക്ലാസ്സില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ കുറെപ്പേര്‍ മറ്റുരാജ്യങ്ങളില്‍ നിന്നും വന്ന അഭയാര്‍ത്ഥി കുട്ടികളായിരുന്നു.  

ഭിന്നസംഖ്യകളെക്കുറിച്ചായിരുന്നു ക്ലാസ്സ്. 'അര' എന്നാല്‍ എന്തെന്നും, 'കാല്‍' എന്നാല്‍ എന്തെന്നും ടീച്ചര്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തു. എന്നിട്ടുചോദിച്ചു. 'ഞാന്‍  നിങ്ങള്‍ക്ക് ചോക്ലേറ്റ് തരികയാണെന്നിരിക്കട്ടെ. ഒരു ചോക്ലേറ്റിന്റെ അരഭാഗമാണോ കാല്‍ ഭാഗമാണോ നിങ്ങള്‍ക്ക് വേണ്ടത്?' മിക്ക കുട്ടികളും കാല്‍ഭാഗം ചോക്ലേറ്റ് എന്നാണ് ഉത്തരം നല്‍കിയത്. ടീച്ചര്‍ വിചാരിച്ചു, അരയാണ് കാലിനെക്കാള്‍ വലുതെന്ന് കുട്ടികള്‍ക്കു മനസ്സിലായിട്ടില്ല. അതുകൊണ്ട് ഒന്നുകൂടെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ടീച്ചര്‍ അവരോടു ചോദിച്ചു. 'എന്തുകൊണ്ടാണ് നിങ്ങള്‍ കാല്‍ഭാഗം  ചോക്ലേറ്റ് മതിയെന്നു പറഞ്ഞത്?' 'ഞങ്ങള്‍  കാല്‍ഭാഗം മാത്രം എടുത്താല്‍ ഒന്നുംകിട്ടാത്ത കുട്ടികള്‍ക്കും കഴിക്കാമല്ലോ.' ഇതായിരുന്നു കുട്ടികളുടെ മറുപടി.  

ആ കുട്ടികളുടെ മനസ്സു നോക്കുക. നല്ല ഭക്ഷണം വയറുനിറയെ കഴിക്കാന്‍കിട്ടാത്ത പാവപ്പെട്ടകുട്ടികളാണ് അവര്‍. എന്നിട്ടും മറ്റുകുട്ടികള്‍ക്കു കൊടുക്കുന്നതിനെകുറിച്ചാണ് അവര്‍ചിന്തിച്ചത്.   അമ്മയുടെ മക്കള്‍ ലോകത്തില്‍ സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൂതന്മാരാകട്ടെ. മക്കളുടെയെല്ലാം ജീവിതത്തില്‍ ശാന്തിയും സന്തോഷവും നിറയുവാന്‍ കൃപ അനുഗ്രഹിക്കട്ടെ.  

മാതാ അമൃതാനന്ദമയീ ദേവി

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.