×
login
സംഗീതത്തിലൂടെ വൈദിക ജ്ഞാനവും, സാംസ്‌കാരിക പാരമ്പര്യവും തേടുന്ന ഒരു ഭാരതീയ മുസ്ലീം‍‍

പ്രാചീന ജ്ഞാനത്തെ കൂടുതല്‍ കൂടുതല്‍ പരിശോധിയ്ക്കാനും തന്റെ സംഗീതത്തിലൂടെയും എഴുത്തുകളിലൂടെയും ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കാനും താന്‍ ലക്ഷ്യം വയ്ക്കുന്നു എന്ന് ഒമര്‍ പറയുന്നു.

 

'ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ആദി ശങ്കരാചാര്യരുടെ കൃതിയായ ശ്രീഹരി സ്‌തോത്രം കേള്‍ക്കാനിടയായി. മഹാവിഷ്ണുവിനെ സ്തുതിയ്ക്കുന്ന സ്‌തോത്രമാണത്. കാലാതിവര്‍ത്തിയായ ആ കൃതിയുടെ കാവ്യഭംഗിയും, താളവും, ഉന്നതമായ ചിന്തകളും എന്നെ കടപുഴക്കി കളഞ്ഞു'

'സംഗീതത്തെ പോലെ മനുഷ്യനെ നശിപ്പിച്ച വൃത്തികെട്ട ഒരേര്‍പ്പാടും ലോകത്ത് വേറൊന്നുമില്ല'... 'മനുഷ്യരേ, (ഒരുവന്‍) ജീവിതത്തില്‍ ഒരിയ്ക്കലും സംഗീതം കേട്ടിട്ടില്ലേല്‍ ഓന്‍ നന്നാവും'. 

മലയാളികള്‍ക്കിടയില്‍ ഇതിനകം തന്നെ ഏറെ പ്രചരിച്ച ഒരു മതപണ്ഡിതന്റെ പ്രഭാഷണത്തില്‍ നിന്നുള്ള വരികളാണ്. മനുഷ്യന് അറിവും മനോവികാസവും ഉണ്ടാകുന്നതിനുള്ള ആധുനികവും പൗരാണികവുമായ വഴികളെയെല്ലാം ഇതുപോലെ തടഞ്ഞ് ഒരു വലിയ സമൂഹത്തെ ഇരുട്ടില്‍ തളച്ചിട്ടിരിയ്ക്കുന്നതിന്റെ തിക്തഫലങ്ങള്‍ ഇന്ന് മനുഷ്യ സമൂഹം ഒന്നാകെ അനുഭവിച്ചു കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ വളരെ കുറച്ചു പേരെങ്കിലും അതില്‍ നിന്നും പുറത്തുചാടി വെളിച്ചത്തിന്റെ കിരണങ്ങള്‍ കണ്ടെത്തുന്നുണ്ട് എന്നത് ചെറിയ ആശ്വാസം പകരുന്നു. തന്റെ സംഗീതത്തിലൂടെ, ആദിശങ്കരാചാര്യരേയും അദ്വൈത വേദന്തത്തേയും, ഭാരതീയ സംസ്‌കൃതിയേയും പരിചയപ്പെടാന്‍ അവസരം കൈവന്നതിന്റെ ചാരിതാര്‍ത്ഥ്യം വിവരിയ്ക്കുകയാണ് ഒമര്‍ ഖാസി എന്ന കലാകാരന്‍.

'സ്വന്തം സംസ്‌കാര പാരമ്പര്യത്തെ സംഗീതത്തിലൂടെയും ശാസ്ത്രത്തിലൂടെയും, തത്വദര്‍ശനങ്ങളിലൂടെയും തേടിക്കൊണ്ടിരിയ്ക്കുന്ന ഒരു ഭാരതീയ മുസ്ലീം

ഇങ്ങനെയാണ് അലിഗഡിലും ദല്‍ഹിയിലുമായി വളര്‍ന്ന ഒമര്‍ ഖാസി സ്വയം പരിചയപ്പെടുത്തുന്നത്. 

കൈലാസത്തിന്റെ താഴ്‌വരയില്‍ ഇരുന്നുകൊണ്ട് ആദിശങ്കരാചാര്യരുടെ നിര്‍വ്വാണ ഷഡ്കം വാദനം ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ കണ്ടപ്പോഴാണ് അദ്ദേഹം നമ്മുടെ ശ്രദ്ധയെ ആകര്‍ഷിച്ചത്.

'ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ആദിശങ്കരാചാര്യരുടെ കൃതിയായ ശ്രീഹരി സ്‌തോത്രം കേള്‍ക്കാനിടയായി. മഹാവിഷ്ണുവിനെ സ്തുതിയ്ക്കുന്ന സ്‌തോത്രമാണത്. കാലാതിവര്‍ത്തിയായ ആ കൃതിയുടെ കാവ്യഭംഗിയും, താളവും, ഉന്നതമായ ചിന്തകളും എന്നെ കടപുഴക്കി കളഞ്ഞു' ഒമര്‍ ഖാസി 'ദി ആസ്‌ട്രേലിയ ടുഡേ' യോട് പറഞ്ഞു.

'ആദി ശങ്കരാചാര്യരുടെ ജീവിതവും കൃതികളും പഠിയ്ക്കാന്‍ തുടങ്ങിയതിലൂടെ പൗരാണിക ജ്ഞാനത്തിന്റെ ഖനി ഞാന്‍ കണ്ടെത്തി. ബോധത്തെ കുറിച്ചും, മനുഷ്യന്റെ അനുഭവങ്ങളെ കുറിച്ചും, സത്യത്തിന്റെ സ്വരൂപത്തെ കുറിച്ചും ഒക്കെയുള്ള സങ്കീര്‍ണ്ണമായ ആശയങ്ങള്‍, മനോഹരമായും താളബദ്ധമായും കവിതയിലൂടെ പ്രകാശിപ്പിച്ചിരിയ്ക്കുന്നത് എന്റെ മനസ്സിനെ കീഴ്‌മേല്‍ മറിയ്ക്കുന്നതായിരുന്നു. ഞാന്‍ എന്തിനെയൊക്കെ ഇഷ്ടപ്പെട്ടിരുന്നോ അതെല്ലാം ഒറ്റയടിയ്ക്ക് ഒരുമിച്ചു കിട്ടി. സ്വന്തം വീട്ടിലേക്ക് വന്നതുപോലെ തോന്നി'

ഉപനിഷത്തുക്കളിലും പ്രാചീന വേദങ്ങളിലും അധിഷ്ഠിതമായ ചിന്താപദ്ധതിയായ അദ്വൈത വേദാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിരുന്നു ആദിശങ്കരാചാര്യര്‍. ഭഗവദ്പാദരുടെ സംഭാവനകളെ കുറിച്ച് കൂടുതല്‍ വിശദീകരിച്ചു കൊണ്ട് ഒമര്‍ ഖാസി പറഞ്ഞു.

'ഈ ലോകത്ത് അനുഭവപ്പെടുന്ന എല്ലാ യാഥാര്‍ത്ഥ്യങ്ങളുടേയും വേരുകള്‍ മാറ്റമില്ലാത്ത ബോധത്തിലാണ് അഥവാ ബ്രഹ്മത്തിലാണ് ഉറപ്പിച്ചിരിയ്ക്കുന്നത്'

നിര്‍വ്വാണ ഷഡ്കത്തില്‍ അദ്ദേഹം എഴുതുന്നു:

'വിദ്വേഷമല്ല ഞാന്‍, അനുരാഗമല്ല, ആര്‍ത്തിയല്ല, അത്യാഗ്രഹമല്ല;

ധാര്‍ഷ്ട്യമോ, അഹങ്കാരമോ, അസൂയയോ അല്ല ഞാന്‍ 

ധര്‍മ്മമോ, അര്‍ത്ഥമോ, കാമമോ മോക്ഷമോ അല്ല ഞാന്‍

ഞാന്‍ ബോധം, ഞാന്‍ ആനന്ദം, ഞാന്‍ ശിവന്‍, ഞാന്‍ ശിവന്‍'

ശിവന്റെ ദിവ്യനടനം അര്‍ത്ഥമാക്കുന്നത് നിരന്തരമായ സൃഷ്ടിയേയും സംഹാരത്തേയുമാണ് എന്ന കാര്യം ഞാനും കണ്ടെത്തി. ഒമര്‍ ഖാസി പറഞ്ഞു. ശിവനടനം പ്രതിനിധീകരിയ്ക്കുന്നത് സത്യം അതിന്റെ അടിസ്ഥാന തലത്തില്‍ ഒരേസമയം ബഹു ഭാവങ്ങളില്‍ ആണ് നിലകൊള്ളുന്നത് എന്നതിനെയാണ്. അടിസ്ഥാന സത്യത്തിന് ഒരു രൂപമെടുക്കാന്‍, ബോധമുള്ള ഒരു നിരീക്ഷകനെ വേണം. ഒമര്‍ ഖാസി 'ദി ആസ്‌ട്രേലിയ ടുഡേ' യോട് പറഞ്ഞു.

'ആധുനിക ഭൗതിക ശാസ്ത്രജ്ഞന്മാര്‍ ഇതിനെ കാണുന്നത് മനോഹരമായ ഒരു പ്രതീകമായിട്ടാണ്. സബ് അറ്റോമിക് കണങ്ങളുടെ നിരന്തരമായ സൃഷ്ടിയേയും സംഹാരത്തേയും അതില്‍ കാണാം. ക്വാണ്ടത്തിന്റെ ഏറ്റക്കുറച്ചിലുകളിലൂടേയും, സാദ്ധ്യതകളിലൂടേയും അടിസ്ഥാന യാഥാര്‍ത്ഥ്യം എങ്ങനെ നിലനില്‍ക്കുന്നു എന്നതിന്റെ പ്രതീകമാണത്. ജനീവയിലെ സേര്‍ണ്‍ (ഇഋഞച) ആസ്ഥാനത്തിന് മുന്നില്‍ അവര്‍ വലിയൊരു നടരാജ വിഗ്രഹം സ്ഥാപിച്ചിരിയ്ക്കുന്നതിന് കാരണം ഇതാണ്. സബ്അറ്റോമിക് കണങ്ങളുടെ നൃത്തത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടി ശാസ്ത്രജ്ഞന്മാര്‍ പണിയെടുക്കുന്ന കെട്ടിടത്തില്‍ ആ നടരാജ വിഗ്രഹത്തിന്റെ നിഴല്‍ വീഴുന്നു'


ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അതിജീവിച്ച പൗരാണിക ഭാരതീയ ഗ്രന്ഥങ്ങളില്‍ മറഞ്ഞു കിടക്കുന്ന ജ്ഞാനത്തിന്റെ മുത്തുകളെ കുറിച്ച് ഇന്ത്യാക്കാര്‍ക്ക് പൊതുവേ ഇന്നും അവബോധമില്ല എന്നാണ് ഒമറിന്റെ ശക്തമായ അഭിപ്രായം.

'ഭാരതീയ സംസ്‌കാരം ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജീവിയ്ക്കുന്ന സംസ്‌കൃതിയായി നിലനില്‍ക്കുന്നതിന്റെ കാരണം കാലാതിവര്‍ത്തിയായ ജ്ഞാനം, കാവ്യഭംഗി, വര്‍ണ്ണപ്പകിട്ടാര്‍ന്ന അവതരണങ്ങള്‍, സാര്‍വ്വ ലൗകികമായ കഥകള്‍ ഇതെല്ലാം നമ്മുടെ ചരിത്ര പാരമ്പര്യങ്ങളില്‍ ഇണക്കി ചേര്‍ത്തിട്ടുള്ളതു കൊണ്ടാണ്'

ആദിശങ്കരാചാര്യരുടെ സ്‌തോത്രങ്ങളും കവിതകളും കണ്ടെത്തി ആധുനിക സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് പുതിയ രീതിയില്‍ അവതരിപ്പിച്ച സംഗീത പ്രതിഭകളായ മനീഷ് വ്യാസ്, പ്രേം ജോഷ്വാ തുടങ്ങിയവരോട് സമ്പര്‍ക്കത്തില്‍ വരാനും ഒമറിന് ഇടയായിട്ടുണ്ട്. അവരുടെ രചനകള്‍ 'ജെമ്പേ' പോലുള്ള താളവാദ്യങ്ങളില്‍ ഒമര്‍ വായിക്കാന്‍ തുടങ്ങി.

ഹിമാലയത്തിന്റെ മടിത്തട്ടില്‍ ഇരുന്നുകൊണ്ട് നിര്‍വ്വാണ ഷട്കം വായിച്ചപ്പോള്‍ ഉള്ള അനുഭവം വിവരിച്ചു കൊണ്ട് 'ദി ആസ്‌ട്രേലിയ ടുഡേ' യോട് ഒമര്‍ പറഞ്ഞത് ഹൃദയ സ്പര്‍ശിയായ ഒരു വിവരണമാണ്.

'2021 ലെ വേനല്‍ക്കാലത്ത് ഞാന്‍ ഹിമാചല്‍ പ്രദേശിലെ കല്‍പ്പ എന്ന ചെറിയ പട്ടണം സന്ദര്‍ശിച്ചു, അവിടെ കൊച്ചരുവികള്‍ നിറഞ്ഞ മനോഹരമായ താഴ്വരകളും, ഇളം കാറ്റില്‍ നൃത്തം ചെയ്യുന്ന പല നിറത്തിലുള്ള പൂക്കളും എന്നെ വലയം ചെയ്തിരിയ്ക്കുന്നതാണ് കണ്ടത്'

'കൈലാസ പര്‍വ്വതത്തിനു നേര്‍ക്കുള്ള ഒരൊറ്റ നോട്ടം കൊണ്ടുതന്നെ ഹിന്ദു വിശ്വാസത്തിന്റെ കേന്ദ്രസ്ഥാനത്ത് ഈ പര്‍വ്വത കൊടുമുടി എങ്ങനെ പ്രാധാന്യമുള്ളതായി നില്‍ക്കുന്നു എന്നെനിയ്ക്കു മനസ്സിലായി. ഒരേസമയം തന്നെ അത് ഭയപ്പെടുത്തുന്നതും, തന്നിലേക്ക് ആകര്ഷിയ്ക്കുന്നതുമായി കാണപ്പെട്ടു. അതിന് ഒരു നിഗൂഡമായ പരിവേഷം ഉണ്ട്. അതാര്‍ക്കും കാണാതിരിയ്ക്കാനാവില്ല.

എല്ലാ പര്‍വ്വത യാത്രകളിലും ഞാനെന്റെ ജെമ്പേ കൂടെ കൊണ്ടു പോകാറുള്ളതിനാല്‍ അടുത്തുള്ള പുല്‍ത്തകിടിയില്‍ ഞാനൊരു ഒഴിഞ്ഞ ഇടം കണ്ടെത്തി, 'ശിവോഹം' വായിയ്ക്കാന്‍ തുടങ്ങി.

ആദിശങ്കരാചാര്യരുടെ നിര്‍വ്വാണ ഷഡ്കത്തെ അടിസ്ഥാനപ്പെടുത്തി മനീഷ് വ്യാസ് ചെയ്ത ഒരു സംഗീതശില്‍പ്പം ആയിരുന്നു അത്.'

'ഒരു നിമിഷ നേരത്തേയ്ക്ക് ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ആദ്ധ്യാത്മിക പാരമ്പര്യത്തോട് ബന്ധപ്പെട്ടതായും ചുറ്റുപാടുകളുമായി ഒന്നായിത്തീര്‍ന്നതായും എനിയ്ക്കു തോന്നി. ആദിശങ്കരാചാര്യരുടെ വാക്കുകളും, മനീഷിന്റെ ശബ്ദവും, എന്റെ താളവും ആ താഴ്‌വരയില്‍ പ്രതിധ്വനിച്ചു.

മരങ്ങളും, പര്‍വ്വതങ്ങളും ശിവോഹം എന്ന താളത്തില്‍ ചാഞ്ചാടുന്നതു പോലെയാണ് കാണപ്പെട്ടത്.

ഞാന്‍ ശിവന്‍, ഞാന്‍ ശിവന്‍, ഞാന്‍ ആനന്ദം, ഞാന്‍ ആനന്ദം...'

ശിവോഹം വായിയ്ക്കുന്ന ഒമറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റി. അതിനെ ആസ്വദിച്ചു കൊണ്ടും അഭിനന്ദിച്ചു കൊണ്ടും നൂറുക്കണക്കിന് കമന്റുകള്‍ കിട്ടി. ഒമര്‍ പറയുന്നു അതെല്ലാം വലിയ പ്രോത്സാഹനമായിരുന്നു.

അതിനു ശേഷം ജി. ഗായത്രീ ദേവിയും, എസ്. സൈന്ധവിയും ആര്‍. ശ്രുതിയും ചേര്‍ന്ന് പാടിയ ആദിശങ്കരാചാര്യരുടെ തന്നെ ശ്രീഹരി സ്‌തോത്രം വായിയ്ക്കാന്‍ അവസരമുണ്ടായി. ഇതായിരുന്നു ഒമറിനെ ആദിശങ്കരാചാര്യരേയും ഭാരതീയ തത്വചിന്തയേയും പരിചയപ്പെടുത്തിയ കൃതി.

ഈ പ്രാചീന ജ്ഞാനത്തെ കൂടുതല്‍ കൂടുതല്‍ പരിശോധിയ്ക്കാനും തന്റെ സംഗീതത്തിലൂടെയും എഴുത്തുകളിലൂടെയും ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കാനും താന്‍ ലക്ഷ്യം വയ്ക്കുന്നു എന്ന് ഒമര്‍ പറയുന്നു. അതിലൂടെ പുതിയ തലമുറകളിലെ അന്വേഷകരില്‍ ഇതേക്കുറിച്ച് അവബോധമുണ്ടാക്കാനും ഭാവിയില്‍ അവര്‍ക്ക് മാര്‍ഗ്ഗദര്‍ശനം തേടാന്‍ സഹായിക്കാനും കഴിയും.

ഒമര്‍ ഒരു തത്വചിന്താ വിദ്യാര്‍ഥിയാണ്. മനുഷ്യ ചരിത്രത്തിലെങ്ങുമുള്ള ചിന്തകന്മാരുടേയും, തത്വദര്‍ശികളുടേയും പൗരാണിക ജ്ഞാനത്തില്‍ അദ്ദേഹം ആകൃഷ്ടനാണ്.

ചെറുപ്പകാലം മുതല്‍ തന്നെ സംഗീതത്തിനു നേര്‍ക്ക് ഒമറിന് ആകര്‍ഷണം ഉണ്ടായിരുന്നു. ഹൈസ്‌കൂള്‍ കാലത്ത് തന്നെ റാപ്പ് എഴുതുമായിരുന്നു. ഹിപ്‌ഹോപ് ഉടലെടുത്തത് ഒരു രാഷ്ട്രീയ മുന്നേറ്റം എന്ന നിലയ്ക്കായിരുന്നു എന്ന് ഒമര്‍ കണ്ടെത്തി. സ്വയം ഒരു തത്വചിന്താപ്രേമി എന്ന നിലയ്ക്ക് 'എം സി സ്‌ക്വയര്‍' എന്ന സ്‌റ്റേജ് നാമത്തില്‍ സാമൂഹ്യവും തത്വചിന്താപരവുമായ വിഷയങ്ങളെ കുറിച്ച് റാപ്പുകള്‍ എഴുതി അവതരിപ്പിയ്ക്കാന്‍ തുടങ്ങി.

റിഥം ആന്റ് പോയട്രി എന്നതിന്റെ ചുരുക്കപ്പേരാണ് റാപ്പ് (RAP).. സംഗീതത്തിന്റെ റിഥം എന്ന അംശത്തില്‍ ഒമര്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുകയും, പല താളവാദ്യങ്ങള്‍ പഠിയ്ക്കുകയും ചെയ്തു. ഡ്രംസ്, കാജോന്‍, ജെമ്പേ, ടംബോരിന്‍, കോങ്ങാസ് തുടങ്ങിയവ അവയില്‍ ചിലതാണ്. 'ദ മാക്‌സ്‌ടേപ്പ്' എന്ന ബാന്റിന്റെ സഹസ്ഥാപകനും കൂടിയാണ് ഒമര്‍.

  comment

  LATEST NEWS


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.