×
login
ക്ഷേത്രങ്ങളും വിഗ്രഹസ്ഥാപനവും

മണ്ഡലം മനോഭിരാമം

ഡോ. സുകുമാര്‍, കാനഡ

ഓരോരുത്തര്‍ക്കും ആത്മീയകാര്യങ്ങളില്‍ വൈവിദ്ധ്യങ്ങളായ പാതകള്‍ തിരഞ്ഞെടുക്കാനുള്ള താല്‍പ്പര്യവും പ്രവണതയും വെവ്വേറെ വിധങ്ങളിലാണെന്ന് നാം നേരത്തേ ചര്‍ച്ച ചെയ്തുവല്ലോ. ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗ്ഗങ്ങള്‍ പലതാണ്. ആത്മീയാന്വേഷകരില്‍ ചിലര്‍ ജ്ഞാനമാര്‍ഗ്ഗത്തിലേക്ക് ഉന്മുഖരായിരിക്കും. ചിലര്‍ സാമൂഹ്യസേവന തല്‍പ്പരര്‍ ആയിരിക്കും. ഇനിയും ചിലര്‍ ആത്മീയതയെ വൈകാരികമായി സമീപിക്കുന്നു. അവര്‍ ഭക്തിമാര്‍ഗ്ഗമാണ് സ്വീകരിക്കുക.  

അമൂര്‍ത്തമായ ഒരീശ്വരസങ്കല്‍പ്പം എല്ലാവര്‍ക്കും അത്ര എളുപ്പം വഴങ്ങുന്ന ഒന്നല്ല. ഏതെങ്കിലും നിയതമായ ഒരു ഭാവനാചിത്രം ഉണ്ടെങ്കിലേ മനുഷ്യര്‍ക്ക് ആശയങ്ങള്‍ സുവിദിതമാവൂ. അരൂപിയായ, നാമരൂപഗുണങ്ങളാല്‍ ബന്ധിക്കപ്പെടാത്ത, ഈശ്വരനെത്തന്നെയാണ് മിക്കവാറും എല്ലാ ആത്മീയോപാസകരും ധ്യാനിക്കുന്നത്. അതിനായുള്ള ഉപാധികള്‍ എന്ന നിലയ്ക്കാണ് സാധകര്‍ ദേവതമാരുടെ വിഗ്രഹങ്ങള്‍ പൂജിക്കാന്‍ ആരംഭിച്ചത്. ഈശ്വരന്‍ എല്ലായിടവും നിറഞ്ഞുവിളങ്ങുന്ന സത്യമാണെന്ന അറിവ് ഉണര്‍വ്വിന്റെ നിറവിലേക്ക് വരുന്നതുവരെ സാധകന് ആശയങ്ങള്‍ വ്യക്തമാകാന്‍ വിഗ്രഹങ്ങള്‍ ആവശ്യമായിവരുന്നു. 'വിശേഷേണഗ്രാഹയതി ഇതിവിഗ്രഹ' എന്നാണല്ലോ. തന്ത്രപദ്ധതിയില്‍ വിഗ്രഹങ്ങളെ 'യന്ത്രം' എന്നാണ് വിളിക്കുന്നത്. വാസ്തവത്തില്‍ ഓരോ കാര്യങ്ങള്‍ എളുപ്പത്തില്‍, മെച്ചപ്പെട്ട രീതികളില്‍ ചെയ്യാനായി മനുഷ്യനാല്‍ നിര്‍മ്മിതമായ സൂത്രപ്പണികളാണല്ലോ യന്ത്രങ്ങള്‍.

വിഗ്രഹങ്ങള്‍ പലവിധത്തിലാണ്. നാമം മാത്രമായും, നാമരൂപങ്ങള്‍ ഉള്ളവയായും, ദേശമായും, ദിക്കായും, ഗ്രന്ഥങ്ങളായും വിഗ്രഹങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടു. വലിയ ആശയങ്ങളുടെ പ്രതീകാത്മകമായ ആവിഷ്‌ക്കരണങ്ങളാണ് വിഗ്രഹങ്ങള്‍. വാക്കുകളാല്‍ പ്രകടിപ്പിക്കാനാവാത്ത കാര്യങ്ങള്‍ ചിലപ്പോള്‍ വിഗ്രഹങ്ങളിലൂടെ എളുപ്പത്തില്‍ പ്രകാശിപ്പിക്കാനാവും.  

ബ്രഹ്മത്തെ മൂര്‍ത്തീകരിക്കുന്നത് കടലില്‍ വളരുന്ന മത്സ്യത്തെയും ഒരു ചെറിയ ചില്ലുകൂട്ടില്‍ വളര്‍ത്തുന്ന മത്സ്യത്തെയും താരതമ്യം ചെയ്യുന്നതു പോലെയാണെന്ന് മാതാ അമൃതാനന്ദമയി പറയാറുണ്ട്. കടല്‍ മത്സ്യത്തിന് പരിമിതികള്‍ ഇല്ല. എന്നാല്‍ നമ്മുടെ സ്വീകരണമുറിയിലെ അക്വേറിയത്തില്‍ വളരുന്ന മത്സ്യത്തിന് പരിമിതികള്‍ ഏറെയാണ്. അതിനെ പരിപാലിക്കേണ്ട ചുമതല നമ്മുടേതാണ്. വിഗ്രഹപൂജയും ഇപ്രകാരം നിയതമായ ചിട്ടയോടെ ചെയ്യേണ്ടകാര്യമാണ്. അമൂര്‍ത്തമായ ബ്രഹ്മത്തെ പ്രാപിക്കാനാവുന്ന ചുരുക്കം ചില സാധകര്‍ക്ക് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും ആവശ്യമില്ല. ബാക്കിയുള്ള സാധകരെ ആത്മീയ പാതയില്‍ പ്രചോദിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് ക്ഷേത്രങ്ങളും അവയിലെ ആചാരങ്ങളും തന്നെയാണ്.  


സമുന്നതനായ ഒരു സാധകന്റെ മനസ്സിലാണ് വിഗ്രഹത്തിന്റെ ഭാവവും രൂപവും സങ്കല്‍പ്പമായി ആദ്യം രൂപംകൊള്ളുന്നത്. അദ്ദേഹം ആ ആശയത്തെ ആചാരശുദ്ധിയും കര്‍മ്മകുശലതയും ഉള്ള ഒരു ശില്പിക്ക് മനസ്സിലാക്കിക്കൊടുക്കുന്നു. ശില്‍പ്പി അതിനെ ത്രിമാനരൂപമായി ബിംബ കല്‍പ്പന ചെയ്യുന്നു. അങ്ങനെ രൂപപ്പെടുത്തിയ മൂര്‍ത്തിയില്‍ 'അസ്തിത്വംസത ്' എന്ന ദിവ്യഗുണം മാത്രമേയുള്ളു. പിന്നീടാണ് ജ്ഞാനിയായ ഒരാള്‍ ആചാരങ്ങളുടെ പിന്തുണയോടെ അതിന ് പ്രാണന്‍ നല്കുന്നത്. ചിന്തയിലെ നൈര്‍മല്യം, വസ്തുശുദ്ധി, കര്‍മ്മശുദ്ധി എന്നിവ ഒരു ബിംബത്തെ വിഗ്രഹമാക്കി മാറ്റുന്നു. പ്രാണപ്രതിഷ്ഠ നല്കിയ വിഗ്രഹം ജീവനുള്ള സത്തയാണ്.  

ഇങ്ങനെ വിഗ്രഹത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന ആത്മീയാചാര്യന്‍ തന്ത്രി എന്നറിയപ്പെടുന്നു. ദേവവിഗ്രഹം ഇന്ത്യന്‍നിയമപ്രകാരം സ്ഥിരമായി ഒരു മൈനര്‍ആണ്. തന്ത്രിയാകട്ടെ ദേവതയുടെ  പിതാവിന്റെ സ്ഥാനത്തുമാണ്. ഒരു മൈനര്‍ എന്ന നിലയില്‍ ദേവതയെ വിഗ്രഹസങ്കല്പങ്ങള്‍ക്കനുസൃതമായി പരിരക്ഷിക്കേണ്ട ചുമതല സമൂഹത്തിനുണ്ട്.  

കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങള്‍ താന്ത്രികവിധിപ്രകാരം സ്ഥാപിച്ചിട്ടുള്ള ദിവ്യങ്ങളായ ചൈതന്യകേന്ദ്രങ്ങളാണ്. ശബരിമല അയ്യപ്പക്ഷേത്രവും അപ്രകാരം താന്ത്രികരീതിയില്‍ സ്ഥാപിച്ച ദിവ്യസങ്കേതമത്രേ. ക്ഷേത്രം സ്ഥാപിച്ച സമയം മുതല്‍ ഇക്കാലം വരെയും ഇടമുറിയാതെ ആചാരപ്രധാനമായി നിലകൊള്ളുന്ന ഒന്നാണ് ശബരിമലക്ഷേത്രം. ഭക്തരാണ് അത് പരിരക്ഷിച്ചുവരുന്നത്.

നിയതമായ ആചാരക്രമങ്ങള്‍ നാം പാലിക്കാതിരിക്കുന്ന പക്ഷം ഒരു വിഗ്രഹത്തില്‍ ആവാഹിച്ചു സ്ഥാപിച്ച ദേവതയുടെ ചൈതന്യം ഇല്ലാതാവും. അതോടെ ആ ക്ഷേത്രത്തിന്റെ പ്രാധാന്യവും നശിക്കും. ഭാരതത്തില്‍ അങ്ങനെ നശിച്ചതും വൈദേശിക ശക്തികളായ അക്രമികള്‍ നശിപ്പിച്ചതുമായ അനേകം ക്ഷേത്രങ്ങളുണ്ട്. ചിലര്‍ ക്ഷേത്രനടത്തിപ്പ് തടസ്സപ്പെടുത്തുകയും ആചാരവിലോപം നടത്തുകയുംചെയ്തിട്ടുണ്ട്. ശബരിമലയിലും അത്തരം പരീക്ഷണങ്ങള്‍ നടന്നു. അക്രമികള്‍ ഒരിക്കല്‍ ക്ഷേത്രത്തെ അഗ്നിക്കിരയാക്കി.  

സമീപകാലത്ത് അയ്യപ്പവിഗ്രഹത്തിന്റെ പവിത്രതയും ശബരിമലയുടെ പാവനതയും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ആചാരലംഘനത്തെ നവോത്ഥാനമായി തെറ്റിദ്ധരിപ്പിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള നടപടികള്‍ ചില തല്‍പ്പരകക്ഷികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് ദൗര്‍ഭാഗ്യകരമെന്നേ പറയാവൂ.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.