നക്ഷത്രങ്ങളുടെ ക്രമസംഖ്യയില്‍ ഭരണി രണ്ടാമതാണ്. പക്ഷേ സ്വജീവിതത്തിലൂടെ അവര്‍ ഒന്നാം സ്ഥാനക്കാരായി മാറുന്നു. മേടം എന്ന ആദ്യരാശിയില് ഭരണി നക്ഷത്രവും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ചില അശ്വതിനക്ഷത്ര ഗുണങ്ങള്‍ ഭരണിക്കും നന്നായിണങ്ങും.
മക്കളില്‍ ഇവര്‍ മൂത്ത സന്താനം ആയിരിക്കും. ജന്മം കൊണ്ടല്ലെങ്കില്‍, കര്‍മ്മം കൊണ്ടെങ്കിലും കുടുംബത്തിലെ പ്രഥമ ഗണനീയരാകും. അശ്വതിയുടെ ചലനോര്ജ്ജവും പ്രവര്‍ത്തന ചടുലതയും ഭരണി നാളിനും ഉണ്ട്. അശ്വതിയെപ്പോലെ ഭരണിയും ഒരു പുരുഷ നക്ഷത്രമാണ്. (27 നാളുകളില്‍ 14 പുരുഷ അഥവാ ആണ് നാളുകളുണ്ട്. 13 സ്ത്രീ അഥവാ പെണ്നാളുകളും).
മേടം രാശിയില്‍ വരുന്ന നക്ഷത്രങ്ങള്‍ ആകയാല്‍ അശ്വതിയുടെയും ഭരണിയുടെയും കൂറിന്റെ അധിപന് ചൊവ്വയാണ്. ഒരു ഗ്രഹമെന്ന നിലയ്ക്ക് ചൊവ്വയുടെ സവിശേഷഗുണങ്ങള്‍ അശ്വതിക്കാരിലും ഭരണിക്കാരിലും ഒന്നു പോലെ കാണാം. അധികാരത്തിന്റെ ശിഖരത്തിലേക്ക് ഉറ്റുനോക്കുന്നവരാണ് ഇവര്‍. പദവികള്‍ ചെറുതോ വലുതോ ആകട്ടെ അവ നേടാന്‍ ശ്രമം നടത്തും. അധികാരത്തിന്റെ ‘ഛത്രവും ചാമരവും’ ഇവര്‍ക്ക് ഒരു ലഹരിയായും മാറാറുണ്ട്. തീക്ഷ്ണമായ പ്രതികരണശേഷി, ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികള്‍, കാര്യസാദ്ധ്യത്തിന് വക്ര മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള സന്നദ്ധത എന്നിവ രാശിനാഥനായ ചൊവ്വയില്‍ നിന്നും ഉരുവം കൊണ്ട ശീലഗുണങ്ങളാണ്.
ചൊവ്വയോളം, ഒരു പക്ഷേ അതിലധികം ഭരണി നാളുകാരെ സ്വാധീനിക്കുന്ന ഗ്രഹം ശുക്രനാകുന്നു. ഭരണിയുടെ നക്ഷത്ര നാഥന് ശുക്രനാണ്. ഇവരുടെ ജനനം ശുക്രദശയില്‍ ആണെന്നതാണ് കാരണം. ശുക്രന്റെ ഇന്ദ്രിയപരതയും ലൗകികവാഞ്ഛയും സൗന്ദര്യതൃഷ്ണയും കലകളോടുള്ള കറകളഞ്ഞ അഭിനിവേശവും ഭരണി നാളുകാരില്‍ കാണാം. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മനസ്സ് കൈവന്നതും ശുക്രന്റെ പ്രഭാവത്താലാണ്. ഉണര്‍വും ഉത്സാഹവും, സാങ്കേതിക ഭാഷയില്‍ പറഞ്ഞാല്‍ രജോഗുണം ഇവര്‍ക്ക് ശുക്രനില്‍ നിന്നും ഉപലബ്ധമായി. ആത്മീയതയോട് ഇവര്‍ക്ക് അധികം അടുക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ രസ വാസനകളില്‍ ശുക്രന് ഇവരെ തളച്ചിടുന്നു എന്നതാണ് കാരണം.
കൊമ്പനാനയാണ് ഭരണിയുടെ നക്ഷത്ര മൃഗം. അതിനാല്‍ ഇവര്‍ക്ക്, ഇവരുടെ വ്യക്തിത്വത്തിന് ആനയുടെ തലയെടുപ്പും, സ്വഭാവത്തിന്റെ ആകെയുള്ള ഭംഗി പരിശോധിച്ചാല്‍ ഒരു ആനച്ചന്തവും ഉണ്ടാകും. നന്മ തിന്മകളുടെ പ്രത്യേകമായ അനുപാതം ആനച്ചന്തത്തിന്റെ സകലമാന ഏങ്കോണിപ്പുകളോടും കൂടി ഭരണിക്കാരില് കാണാം. ഇവരോട് ചിലപ്പോള്‍ വിയോജിക്കേണ്ടിവരാം. എന്നാല്‍ ആര്‍ക്കും ഭരണി നാളുകാരെ നിഷേധിക്കുവാനോ നിരാകരിക്കുവാനോ കഴിയില്ലെന്നതാണ് സത്യം. ചൊവ്വയുടെ ഊക്കും ശുക്രന്റെ മൃദുത്വവും ഭരണി നാളുകാരുടെ സ്വഭാവത്തെ ശ്രദ്ധേയമാക്കുന്നു.
നെല്ലിയാണ് ഭരണിയുടെ നക്ഷത്ര വൃക്ഷം. നെല്ലിമരത്തെ മഹാലക്ഷ്മിയായി സങ്കല്പിച്ച് നടത്തുന്ന ‘ധാത്രീമാധവപൂജ’ ഇവിടെ ഓര്‍മ്മിക്കാം. ശുക്രന്റെ നക്ഷത്രമാകയാല്‍ ശുക്രന്റെ അധിദേവതയായ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷം ഇവര്‍ക്ക് ലഭിക്കുന്നു. പൊതുവേ ഐശ്വര്യവും ഭൗതിക നേട്ടങ്ങളും ധനധാന്യ സമൃദ്ധിയും ഉള്ളവരാണ് ഭരണി നാളുകാര്‍. നെല്ലിക്കയെപ്പോലെ ഇവരുടെ വ്യക്തിത്വം ആദ്യം കയ്ക്കുന്നു. കൂടുതല്‍ ഇടപഴകുമ്പോള്‍ അതിന്റെ മധുരവും മനസ്സിലാകും. തുടക്കത്തിലേക്ക് തന്നെ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ചൊവ്വയുടെ കയ്പും ശുക്രന്റെ മധുരവും ഇണങ്ങിയവരാണ് ഭരണി നാളുകാര്‍.
ജേ്യാതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: