×
login
അനിരോധ്യമായ പ്രതിഭാസം

സൂര്യന് കാലന്‍, ചന്ദ്രന് പരിധി, കുജന് ധൂമം, ബുധന് അര്‍ദ്ധപ്രഹരന്‍, വ്യാഴത്തിന് യമകണ്ടകന്‍, ശുക്രന് ഇന്ദ്രചാപം, ശനിക്ക് ഗുളികന്‍ (മാന്ദി), രാഹുവിന് പാതന്‍, കേതുവിന് ഉപകേതു എന്നിങ്ങനെയാണ് നവഗ്രഹങ്ങളുടെ ഉപഗ്രഹങ്ങള്‍.

എസ്. ശ്രീനിവാസ് അയ്യര്‍

നവഗ്രഹങ്ങള്‍ക്ക് ഉപഗ്രഹങ്ങളുണ്ട്. അക്കൂട്ടത്തില്‍ പ്രസിദ്ധിയോ കുപ്രസിദ്ധിയോ ഗുളികനോളം മറ്റാര്‍ക്കുമില്ല. ശനിയുടെ ഉപഗ്രഹമാണ് ഗുളികന്‍. മന്ദന്റെ (ശനിയുടെ) പുത്രനുമാണല്ലോ ഗുളികന്‍! അതിനാല്‍ 'മാന്ദി'എന്നാകുന്നു വിശേഷണം. ഗ്രഹനിലയില്‍ കേരളീയ സമ്പ്രദായത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് (മാ), ഉപഗ്രഹങ്ങളില്‍ ഗുളികനെ മാത്രമാണ്.  

ജാതകത്തിലും പ്രശ്‌നചിന്തയിലും ഗുളികന്‍ അനിരോധ്യമായ പ്രതിഭാസമാണ്. മിക്കവാറും, നില്‍ക്കുന്ന ഭാവത്തിന് കെടുതലുണ്ടാക്കുന്ന സംഹാരവീര്യമുണ്ട്. എന്നല്ല, താന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍ ആയ ഗ്രഹം പോയി നില്‍ക്കുന്ന ഭാവത്തെയും ഗുളികന്‍ തന്റെ  അദൃശ്യശക്തിയാല്‍ ദുഷിപ്പിക്കുന്നു. പ്രേതബാധ/ബാധാചിന്ത എന്നിവയിലൊക്കെ ഗുളികവിചാരം നിര്‍ണായകമാണ് താനും. മുഹൂര്‍ത്തചിന്തയില്‍ വരുന്ന നവദോഷങ്ങളിലും ഗുളികോദയം സുപ്രധാനമാണ്.  


സൂര്യന് കാലന്‍, ചന്ദ്രന് പരിധി, കുജന് ധൂമം, ബുധന് അര്‍ദ്ധപ്രഹരന്‍, വ്യാഴത്തിന് യമകണ്ടകന്‍, ശുക്രന് ഇന്ദ്രചാപം, ശനിക്ക് ഗുളികന്‍ (മാന്ദി), രാഹുവിന് പാതന്‍, കേതുവിന് ഉപകേതു എന്നിങ്ങനെയാണ് നവഗ്രഹങ്ങളുടെ ഉപഗ്രഹങ്ങള്‍. ചില പണ്ഡിതന്മാരുടെ പക്ഷത്തില്‍ ഗുളികന്‍ കഴിഞ്ഞാല്‍ ശക്തിമാന്മാര്‍ അര്‍ദ്ധപ്രഹരനും യമകണ്ടകനുമാണ്. ഇവയുടെ ദോഷകാലം മൂന്നേമുക്കാല്‍ നാഴികവീതമാണ്! അതായത് തൊണ്ണൂറുമിനിറ്റ് നേരം. (1നാഴിക= 24 മിനിറ്റ്). ഇതില്‍ അര്‍ദ്ധപ്രഹരത്തിന്റെ കാലത്തില്‍ ആദ്യം രണ്ടു നാഴികയും, യമകണ്ടകന്റെ കാലത്തില്‍ മദ്ധ്യത്തില്‍ രണ്ടു നാഴികയും, ഗുളികന്റെ കാലത്തില്‍ അന്ത്യം രണ്ടുനാഴികയും സകല മുഹൂര്‍ത്തങ്ങള്‍ക്കും അവശ്യം വര്‍ജിക്കണം. ബലവാനും ശുഭനുമായ അന്നത്തെ ദിവസാധിപഗ്രഹം മുഹൂര്‍ത്തരാശിയില്‍ നിന്നാല്‍ ഗുളികദോഷവും കേന്ദ്ര ത്രികോണങ്ങളില്‍ നിന്നാല്‍ യമകണ്ടകദോഷവും ഇല്ലാതാകും. ബലവാനായ ആദിത്യന്റെ സ്ഥിതി അര്‍ദ്ധപ്രഹരദോഷത്തെയും ഇല്ലാതാക്കും. (ഓണക്കൂറിന്റെ ജ്യോതിഷനിഘണ്ടുവിനോട് കടപ്പാട്).    

സൂര്യാദി സപ്തഗ്രഹങ്ങളുടെ ഉപഗ്രഹങ്ങളുടെ ഉദയകാലം ഇപ്രകാരമാണ്. സൂര്യോദയം മുതല്‍ ഒന്നര മണിക്കൂറാണ് ഇവയുടെ ഉദയകാലം. ഞായറാഴ്ച ആദ്യ ഒന്നരമണിക്കൂര്‍ സൂര്യന്റെ ഉപഗ്രഹമായ കാലന്റെ ഉദയമാണ്. സൂര്യോദയം ഞായറാഴ്ച 6.10 നാണ് എന്ന് കരുതിയാല്‍ 6.10  മുതല്‍ 7.40 വരെ കാലന്‍, 7.40 മുതല്‍ 9.10 വരെ പരിധി, 9.10 മുതല്‍ 10.40 വരെ ധൂമം, 10.40 മുതല്‍ 12.10 അര്‍ദ്ധപ്രഹരന്‍, 12.10 മുതല്‍ 1.40 വരെ യമകണ്ടകന്‍, 1.40 മുതല്‍ 3.10 വരെ ഇന്ദ്രചാപം, 3.10 മുതല്‍ 4.40 വരെ ഗുളികന്‍ എന്നിങ്ങനെയാണ് ക്രമം. തിങ്കളാഴ്ചയാവുമ്പോള്‍ സൂര്യോദയം മുതല്‍ ആദ്യം ചന്ദ്രന്റെ ഉപഗ്രഹമായ പരിധി മുതലും, ചൊവ്വാഴ്ചയാവുമ്പോള്‍ ചൊവ്വയുടെ ഉപഗ്രഹമായ ധൂമം മുതലും ഉപഗ്രഹങ്ങളുടെ കാലം ആരംഭിക്കും. രാത്രിവേളയിലെ ഉപഗ്രഹങ്ങളുടെ ഉദയം അതാത് ആഴ്ചയുടെ അഞ്ചാമത്തെ ആഴ്ചയുടെ ഉപഗ്രഹം മുതല്‍ ആരംഭിക്കും. ഞായറാഴ്ച രാത്രി ആദ്യം ഞായറിന്റെ അഞ്ചാം ആഴ്ചയായ വ്യാഴാഴ്ചയുടെ അധിപനായ വ്യാഴത്തിന്റെ ഉപഗ്രഹമായ യമകണ്ടകന്റെ ഉദയമാവും ആദ്യം. തുടര്‍ന്ന് ശുക്രന്‍, ശനി എന്നിങ്ങനെയുളള ഗ്രഹങ്ങളുടെ ഉപഗ്രഹോദയമായിരിക്കും. സാധാരണക്കാരായ വായനക്കാര്‍ക്ക് ഇവയെല്ലാം സങ്കീര്‍ണ വിഷയങ്ങളാണ്. പണ്ഡിതന്മാര്‍ക്കാകട്ടെ പരിചിതങ്ങളും.  

ഓണക്കൂര്‍ ശങ്കരഗണകന്‍ എഴുതുന്നു: 'യമകണ്ടകകാലം സകല ശുഭകാര്യങ്ങള്‍ക്കും ശുഭമാണ്. യമകണ്ട കോദയത്തില്‍ ജനിച്ചാല്‍ മുടന്തനാകുമെന്നാണ് ഫലം'  ഉപഗ്രഹങ്ങളുടെ ഉദയകാലത്ത് എന്തെല്ലാം ചെയ്യാമെന്നുണ്ട്. ഗുളികോദയരാശിയില്‍ ധാന്യം നിറക്കുക, അഭ്യംഗം, കൊയ്ത്ത്, വ്യാപാരാരംഭം, ഭൂഷണധാരണം, ഋണമോചനം, ഔഷധസേവ, തൂണുനാട്ടുക, കട്ടിളവയ്പ്, ആഭിചാരകര്‍മ്മം, മഹാദാനം ഇത്യാദികളെല്ലാം ഉത്തമം. ഗുളികോദയസമയം കഴിഞ്ഞാല്‍ ആ രാശി സര്‍വ്വമുഹൂര്‍ത്തങ്ങള്‍ക്കും കൊള്ളാം. ഇപ്രകാരമാണ് പണ്ഡിതമതം.  അറിഞ്ഞത് കുറച്ചു മാത്രം, അറിയാനുള്ളതോ പാരാവാരത്തോളം...  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.