×
login
സ്ഥിരചരാദി സപ്ത വിഭാഗങ്ങള്‍

തീക്ഷ്ണനക്ഷത്രങ്ങളെ ദാരുണനക്ഷത്രങ്ങള്‍ എന്നും വിളിക്കാറുണ്ട.് ശനിയാണ് തീക്ഷ്ണനക്ഷത്രങ്ങളുടെ അധികാരി. അതിനാല്‍ സര്‍വോപദ്രവകാരന്മാരും ദാരുണവിക്രമന്മാരും തീവ്രകോപി കളുമാവുംഇക്കൂട്ടര്‍. സമസ്തം വൈകി ചെയ്യുന്ന അമാന്തകൊടിമരങ്ങളുമാവാം

എസ്. ശ്രീനിവാസ് അയ്യര്‍

ഭിജിത്തിനെക്കൂടി കുട്ടി 28 നക്ഷത്രങ്ങളെ ഏഴുവിഭാഗങ്ങളാക്കിയിരിക്കുന്നു. പക്ഷേ ഓരോ വിഭാഗത്തിലും കൃത്യമായി നാലുവീതമല്ല. കുറവും കൂടുതലുമുണ്ട്. 1.സ്ഥിരം 2.ചരം 3.ഉഗ്രം 4.മിത്രം 5.ലഘു 6.മൃദു 7.തീക്ഷ്ണം എന്നിവയാണ് ഏഴു വിഭാഗങ്ങള്‍. ഇവയുടെ അധിപന്മാര്‍ രാഹുകേതുക്കള്‍ ഒഴികെയുള്ള സൂര്യാദി സപ്തഗ്രഹങ്ങളാണ. മുഹൂര്‍ത്താദികള്‍ക്കും വ്യക്തിസ്വഭാവ പഠനത്തിനുമൊക്കെ ഈ വിഭജനം പ്രയോജനപ്പെടുത്താറുണ്ട്. പഴയ പ്രമാണ ഗ്രന്ഥങ്ങളില്‍ പറയുന്ന വര്‍ഗ വിഭജനവുമാണിത്.

1.ഒന്ന് സ്ഥിര നക്ഷത്രങ്ങള്‍

ഉത്രത്രയവും (ഉത്രം, ഉത്രാടം, ഉത്രട്ടാതി) രോഹിണിയുമാണ് സ്ഥിരനക്ഷത്രങ്ങള്‍. 'സ്ഥിര'ത്തിന് ധ്രുവം എന്ന പേരും ബദലായി ഉപയോഗിക്കുന്നു. മംഗള കര്‍മ്മങ്ങള്‍ക്ക് ഈ നക്ഷത്രങ്ങള്‍ സ്വീകരിക്കാം. വിത്തിടുവാനും ഗൃഹാരംഭ പ്രവേശാദികള്‍ക്കും ശാന്തികര്‍മങ്ങള്‍ക്കും ഇവ ഉത്തമമാണ്. ഞായറാഴ്ച ചെയ്യാം എന്ന് വിധിയുള്ള കൃത്യങ്ങള്‍ സ്ഥിരനക്ഷത്രങ്ങളുടെ അന്ന് അനുഷ്ഠിക്കാം. സപ്തഗ്രഹങ്ങളില്‍ സൂര്യനാണ് ഇവയുടെ നാഥന്‍.

ഈ നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ സ്ഥൈര്യം ഉള്ളവരാകും സൂര്യന്റെ മറ്റു സവിശേഷതകള്‍ അധികാര സിദ്ധി, നേതൃഗുണം, രാജ്യ രാഷ്ട്രീയകാര്യ തല്പരത എന്നിവയുള്ളവരാകും.

2. ചരനക്ഷത്രങ്ങള്‍  

പുണര്‍തം, ചോതി, തിരുവോണം, അവിട്ടം, ചതയം എന്നിവയഞ്ചുമാണ് ചര നക്ഷത്രങ്ങള്‍ എന്ന വിഭാഗത്തിലുള്ളത.് ഇവയ്ക്ക് ചല നക്ഷത്രങ്ങള്‍ എന്ന പേരുമുണ്ട്.

ഉല്ലാസവിനോദയാത്രകള്‍, പൊതു യാത്രകള്‍ വാഹന പ്രവേശം, ഗജാശ്വരഥാരോഹണം എളുപ്പം ലക്ഷ്യത്തിലെത്താന്‍ ഉദ്ദേശിച്ചുള്ള കര്‍മങ്ങള്‍ എന്നിവയെല്ലാം ചര നക്ഷത്രങ്ങളില്‍ ചെയ്യാം. തിങ്കളാഴ്ചകളില്‍ ആവാമെന്ന് വിധിയുള്ള കൃത്യങ്ങളും ഇവയില്‍ നിര്‍വഹിക്കാം. ചന്ദ്രനാണ് ചരനക്ഷത്രാധിപന്‍.

ചരനക്ഷത്രജാതര്‍ അസ്ഥിര ചിത്തന്മാര്‍ അഥവാ ചാപല്യമുള്ളവരാകും. 'അക്കരപ്പച്ച മനോഭാവം ഏറും. ചന്ദ്രനെപ്പോലെ വൃദ്ധിക്ഷയങ്ങള്‍ നിരന്തരം അനുഭവിക്കുന്നവരാവും. സഞ്ചാരപ്രിയത്വം ഭോഗപരായണത എന്നിവയും ചരനക്ഷത്രക്കാരില്‍ ഉണ്ടാവും.

3. ഉഗ്രനക്ഷത്രങ്ങള്‍

മുപ്പൂരം (പൂരം, പൂരാടം, പൂരുരുട്ടാതി), ഭരണി, മകം ഇവയഞ്ചും ഉഗ്രനക്ഷത്രങ്ങളില്‍ വരും. ഉഗ്രത്തെ ക്രൂരം എന്ന പേരിലും വ്യവഹരിക്കുന്നു. പൊതുവേ ഇവയഞ്ചും ശുഭകര്‍മങ്ങള്‍ക്ക് സ്വീകരിക്കാത്ത ത്യാജഗണ നക്ഷ്രങ്ങളില്‍ വരുന്നവയാണ്.  

അഗ്‌നി, ആയുധ, വിഷ കര്‍മങ്ങള്‍, ശാഠ്യ നിര്‍ബന്ധപൂര്‍വകമായ പ്രവര്‍ത്തനങ്ങള്‍, ചൗര്യം, ഹിംസ ഇവയെല്ലാം ഉഗ്രനക്ഷത്രങ്ങളില്‍ ചെയ്യാമെന്ന് വിധിയുണ്ട്. പഴയകാലത്തെ രാജ്യ രാജ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്നും വരാം. ചൊവ്വാഴ്ച പൊതുവേ ശുഭകാര്യങ്ങള്‍ക്ക് കൊള്ളാറില്ല. എന്നാല്‍, ഉഗ്രനക്ഷത്രകൃത്യങ്ങള്‍ക്ക് ചൊവ്വാഴ്ച ചെയ്യാനാണ് വിധിയുള്ളത്.

ചൊവ്വയാണ് ഉഗ്രനക്ഷത്രാധിപന്‍. ചൊവ്വയുടെ നിര്‍ദയവും നിഷ്‌കരുണവുമായ പ്രവര്‍ത്തനരീതികള്‍ ഈ നാളുകാര്‍ ചിലപ്പോള്‍ പിന്തുടരാം. നേട്ടങ്ങള്‍ക്ക് ബലമോ ഹിംസയോ ആവാമെന്ന തത്വത്തില്‍ എത്താം. കലഹിക്കാനും ക്രുദ്ധിക്കാനും വാസനയേറും. 

തര്‍ക്കപടുക്കളാവും. പ്രവര്‍ത്തനം മുഖം നോക്കാതെയും വേഗത്തിലുമായിരിക്കും.

4. മിശ്രനക്ഷത്രങ്ങള്‍

രണ്ട് നക്ഷത്രങ്ങള്‍ മാത്രം: വിശാഖവും കാര്‍ത്തികയും ഈ വിഭാഗത്തില്‍ വരുന്നു. ഔഷധനിര്‍മാണാദികള്‍, കൃഷി കാര്യങ്ങള്‍, എന്നിവ ഈ നക്ഷത്രങ്ങളില്‍ ആവാമെന്ന് വിധിയുണ്ട്. സമ്മിശ്രമായിട്ടുള്ളതെന്തും ഇതില്‍ ചെയ്യാമെന്ന് വ്യാഖ്യാനമുണ്ട്. ബുധനാഴ്ച ചെയ്യാന്‍ വിഹിതമായ മിശ്ര നക്ഷത്രങ്ങളില്‍ നിര്‍വഹിക്കാം.

മിശ്രനക്ഷത്രാധിപന്‍ ബുധനാണ്. വിരുദ്ധ കാര്യങ്ങളില്‍ താല്പര്യം ബുധന്റെ പ്രകൃതത്തിലുണ്ട്. പാണ്ഡിത്യവും ജ്ഞാനോത്സുകതയും  ബുദ്ധി പ്രസാദവും ഈ നാളുകളില്‍ ഉണ്ടാവും. മൗനം പാലിക്കാനും വാചാലരാകാനും സാധിക്കും. അന്തര്‍മുഖരാവാനും ബഹിര്‍മുഖരാവാനും കഴിയും. മിശ്രരോഗങ്ങളുടെ (വാത, പിത്ത, കഫാദികളുടെ) ഉപദ്രവം ഉണ്ടാവാം.

5. ലഘുനക്ഷത്രങ്ങള്‍

അശ്വതി, പൂയം, അത്തം എന്നിവയും വൈദികകാല നക്ഷത്രമായ അഭിജിത്തും ഉള്‍പ്പെട്ടതാണ് ഈ വിഭാഗം. ലഘു നക്ഷത്രങ്ങളെ ക്ഷിപ്ര നക്ഷത്രങ്ങള്‍, ശീഘ്രനക്ഷത്രങ്ങള്‍ എന്നും വ്യവഹരിക്കുന്നു. പൊതുവേ മംഗളകര്‍മ്മങ്ങളെല്ലാം ലഘു നക്ഷത്രങ്ങളില്‍ ചെയ്യാം. ശില്പം, ആഭരണം, വ്യാപാരാരംഭം, രതിവിജ്ഞാനീയം, കലാപരമായ വ എന്നിവയ്‌ക്കെല്ലാം ഇവ ഉത്തമമാണ്. വ്യാഴാഴ്ച ചെയ്യുമെന്ന് വിധിക്കപ്പെട്ടവയും ഈ  നക്ഷത്രങ്ങളുടെ അന്ന് അനുഷ്ഠിക്കാം. ലഘുകാര്യങ്ങളും ലളിതമായവയും ചെറിയ കാലയളവുകൊണ്ട് ഫലസിദ്ധി നല്‍കുന്നവരുമായ കര്‍മ്മങ്ങള്‍ക്ക് അത്യുത്തമമാകുന്നു ലഘു നക്ഷത്രങ്ങള്‍.

ലഘു നക്ഷത്രങ്ങളുടെ അധിപന്‍ വ്യാഴമാകുന്നു. വ്യാഴത്തിന്റെ പ്രകൃതമായ ആത്മീയത, ഗുരുത്വം, ജ്ഞാനാര്‍ജനം, സമ്പത്ത്, സഭ്യത തുടങ്ങിയവയെല്ലാം ലഘുനക്ഷത്രക്കാരിലും കാണാനാവുമെന്നാണ് പണ്ഡിതമതം. നേരായ വഴികളിലൂടെയാവും ഇവരുടെ ജീവിതയാത്ര മറ്റുള്ളവരെ ഉപദേശിക്കാനും

ഗുരുസ്ഥാനം വഹിക്കാനും ഇവര്‍ക്ക് ജന്മായത്ത സിദ്ധിയുണ്ട്.

6. മൃദു നക്ഷത്രങ്ങള്‍


മകയിരം, ചിത്തിര, അനിഴം, രേവതി എന്നിവരാലും വരുന്നു. മൈത്രം എന്നും ഈ ഭാഗത്തിനു പേരുണ്ട്. വെള്ളിയാഴ്ച ചെയ്യാന്‍ വിധിക്കപ്പെട്ടിട്ടുള്ള കര്‍മങ്ങള്‍ മൃദു നക്ഷത്രങ്ങളില്‍ ചെയ്യാം. 'ബാലതാരങ്ങള്‍' ആകയാല്‍ വിവാഹം, ഗൃഹപ്രവേശം, ഉപനയനം, ദേവപ്രതിഷ്ഠ, ആഭരണ വസ്ത്രധാരണം, ലീലാ വിനോദങ്ങള്‍, സുഹൃത്തുക്കളെ സമ്പാദിക്കല്‍ എന്നിവയ്ക്കും  ഇവ അനുഗുണങ്ങള്‍. മനഃപ്രസാദമുണ്ടാക്കുന്നവയും മൃദുത്വമുള്ളവയും ഇവയില്‍ ചെയ്യാവുന്നതാണെന്ന് പേരില്‍ നിന്നു തന്നെ ഊഹിക്കാം.

മൃദുനക്ഷത്രങ്ങളുടെ ആധിപത്യം ശുക്രനാണ് കല്‍പ്പിക്കപ്പെട്ടുള്ളത്.  അതിനാല്‍ പ്രണയവികാരവും ലൗകിക വാസനകളും ഭൗതികവാഞ്ഛകളും സൗന്ദര്യ തൃഷ്ണയും കലാപ്രതിഭയും ഇവരില്‍ ഏറിയിരിക്കും ജീവിതാസക്തി തന്നെയാവും ഇവരുടെ മുഖമുദ്ര.

7.തീക്ഷ്ണനക്ഷത്രങ്ങള്‍

മൂലം, തൃക്കേട്ട, ആയില്യം, തിരുവാതിര എന്നിവ നാലും ഇതിലുള്‍പ്പെടുന്നു. ത്യാജഗണനക്ഷത്രങ്ങളാണിവ. ശുഭകര്‍മ്മങ്ങള്‍ക്ക് ഒഴിവാക്കുന്നവ. ആഭിചാരം, ഹിംസ, മൃഗബലി,മനസ്സിനെ വിഷമിപ്പിക്കുന്ന  തീക്ഷ്ണ കര്‍മങ്ങള്‍, പരദ്രോഹ കാര്യങ്ങള്‍ എന്നിവക്കെല്ലാം  തീക്ഷ്ണ നക്ഷത്രങ്ങള്‍ സ്വീകരിക്കുന്നു. പൊതുവേ ശുഭകര്‍മ്മങ്ങള്‍ക്ക് അസ്വീകാര്യമായ വാരമാണ് ശനിയാഴ്ച. അന്ന് എന്തെങ്കിലും കര്‍മ്മങ്ങള്‍ വിഹിതമായിട്ടുണ്ടെങ്കില്‍ അവ ദാരുണകര്‍മങ്ങളായിരിക്കും. ശനിയാഴ്ച ചെയ്യാന്‍ വിധിയുള്ളവയ്ക്കും തീക്ഷ്ണനക്ഷത്രങ്ങള്‍ കൈക്കൊള്ളാം.

തീക്ഷ്ണനക്ഷത്രങ്ങളെ ദാരുണനക്ഷത്രങ്ങള്‍ എന്നും വിളിക്കാറുണ്ട.്  ശനിയാണ് തീക്ഷ്ണനക്ഷത്രങ്ങളുടെ അധികാരി. അതിനാല്‍ സര്‍വോപദ്രവകാരന്മാരും ദാരുണവിക്രമന്മാരും തീവ്രകോപി കളുമാവുംഇക്കൂട്ടര്‍. സമസ്തം വൈകി ചെയ്യുന്ന അമാന്തകൊടിമരങ്ങളുമാവാം.

നീച കുത്സിതകര്‍മങ്ങള്‍ ചെയ്യാന്‍ മടിയുണ്ടാകില്ല. സഹിഷ്ണുതയോടെ ജീവിതത്തെ സമീപിക്കുന്നവരുമാവും.

സ്വനാമസദൃശം ഫലം എന്ന് ഈ ഏഴ്  നക്ഷത്ര വിഭാഗങ്ങളെ കുറിച്ച് ഒരു വിശേഷണമുണ്ട്. ഓരോ വിഭാഗത്തിനും എന്താണോ പേര്, അതുപോലെയാവും ആ നക്ഷത്രങ്ങളില്‍ ജനിച്ചവരുടെ ഫലം. സ്ഥിരാദിനക്ഷത്രങ്ങളില്‍ ജനിച്ചവരുടെ സ്വഭാവത്തിന്റെ മര്‍മപ്രധാനമായ വശങ്ങള്‍ വ്യക്തമാക്കുന്ന ഒരു പഴയ സംസ്‌കൃതശ്ലോകം ചുവടെ ചേര്‍ക്കുന്നു:

അവസ്ഥിരാ ച പ്രകൃതി ക്ഷമോ-

ചാ ലസ്യ സംയുതഃ

ചരേ ചല സ്വഭാവഃ സ്യാദ് -

ഗദതഃ സര്‍വഭക്ഷകഃ

ഉഗ്രേ തഥോഗ്രപ്രകൃതിര്‍ വധ-

ബന്ധരുചിഃ സദാ

മിശ്ര തു മിശ്ര പ്രകൃതിഃ സമ-താ ശത്രുമിത്രയോ

ലഘുഭേ  ലഘുഭോഗാര്‍ത്ഥം -

സര്‍വദാ പ്രകൃതിര്‍ഭവേദ്

മൃദുഭേ ച ദയായുക്തോ ഗന്ധ-

മാല്യപ്രിയോ ഭവേത്

തീക്ഷ്ണഭേ കലഹോ നിത്യം -

ദുര്‍വക്താതു മലീമസഃ

(ശൗനകഹോര)

സാരം: സ്ഥിര നക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ സ്ഥിരസ്വഭാവമുള്ളവരും ക്ഷമാശീലരും എന്നാല്‍ ആലസ്യത്തോടുകൂടിയവരുമാവും. ചരനക്ഷത്രങ്ങളില്‍ ജനിക്കുന്നവര്‍ ചഞ്ചല പ്രകൃതികള്‍ ആയിരിക്കും. രോഗങ്ങള്‍ ഉള്ളവരും വിവേചനമില്ലാത്ത ഭക്ഷണശീലത്തിന്റെ ഉടമകളുമായിരിക്കും. ഉഗ്രനക്ഷത്രജാതരാകട്ടെ ഉഗ്രപ്രകൃതികളും ഹിംസ, ബന്ധനം, അക്രമം തുടങ്ങിയവയില്‍ തല്‍പ്പരരുമായിരിക്കും. മിശ്രനക്ഷത്രത്തില്‍ ജനിച്ചാല്‍ സമ്മിശ്ര സ്വഭാവത്തിന്റെ ഉടമകളായിരിക്കും. ശത്രുമിത്ര ഭേദമില്ലാതെ സമഭാവനയോടെ ഏവരോടും പെരുമാറുന്നവരുമായിരിക്കും.

ലഘു നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് സദാ ലഘുവായി മാത്രം ഭക്ഷണം കഴിക്കുന്നവര്‍രാവും. ഭക്ഷണമിതത്വം ആസക്തികളുടെ മിതത്വമായും കരുതാം. മൃദുനക്ഷത്രജാതര്‍ കാരുണ്യവും ദീനദയയും പുലര്‍ത്തും. വാദികളില്‍ പ്രിയമുള്ളവരുമാവും. ജീവിതാസക്തിയുടെ പ്രതിഫലനം തന്നെയാണത്. തീക്ഷ്ണ നക്ഷത്രജാതര്‍ കലഹങ്ങളില്‍ മുഴുകും. അരുതാത്തവ വിളിച്ചു പറയും. മലിനരുമായിരിക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.