×
login
അനശ്വരതയുടെ ആവിഷ്‌കാരങ്ങള്‍

'ദൈവദശക' ത്തിലെ 'ദൈവം' എന്ന ഘടകത്തെ ആധുനികശാസ്ത്രചിന്തയിലൂടെ വിശകലനം ചെയ്യുന്നു.

ശ്രീകാന്ത്

മനസ്സിനെ ദൈവികസത്തയിലേക്ക് എത്രയേറെ അടുപ്പിക്കുവാന്‍ സാധിക്കുന്നുവോ അത്രയേറെ സ്വാതന്ത്ര്യാവബോധം നല്‍കുന്ന അന്തര്‍ദര്‍ശനവും വൈഭവങ്ങളും മനുഷ്യന് ആര്‍ജിക്കുവാന്‍ കഴിയുന്നു. അങ്ങനെ സ്വയം ഉദ്ധരിക്കുന്ന മനുഷ്യന്‍ തന്റെ പരിമിതികള്‍ ഉളവാക്കുന്ന ക്ലേശങ്ങളെ അതിലംഘിച്ച് മറ്റുള്ളവരിലേക്കും വിശ്വമനസ്സിലേക്കും വ്യാപിക്കുന്നതിന്റെ ആനന്ദാനുഭവത്തെ 'ദൈവദശക'ത്തിലെ ഈ വരികള്‍ പ്രകാശിപ്പിക്കുന്നു.

ആഴമേറും നിന്‍മഹസ്സാ-

മാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യം


വാഴണം വാഴണം സുഖം

ശ്രീമദ് ഭാഗവതത്തില്‍ സൃഷ്ടിയെ സംബന്ധിച്ച് ചിന്താമധുരമായ ഒരു കഥയുണ്ട്. ഈശ്വരന്‍ ആത്മശക്തികൊണ്ട്, അതായത് ഈശ്വരസത്തയാല്‍ വൃക്ഷങ്ങള്‍, കീടങ്ങള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, നാല്‍ക്കാലികള്‍ ഇവയെല്ലാം സൃഷ്ടിച്ചുവെങ്കിലും അതുകൊണ്ടൊന്നും തൃപ്തനായില്ല. അവസാനം ബ്രഹ്മസത്യത്തെത്തന്നെ, അതായത്, സ്രഷ്ടാവും സൃഷ്ടിജാലവുമായിരിക്കുന്ന ഈശ്വരനെത്തന്നെ മനസ്സിലാക്കുവാന്‍ കഴിവുള്ള മനുഷ്യനെ സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം ആഹ്ലാദം പൂണ്ടു എന്നാണ് ആ കഥ.

ആ അപരിമേയമായ മഹാതേജസ്സിന്റെ ആഴങ്ങളിലേക്ക് കടന്നുചെന്ന് അറിവിന്റെയും ആനന്ദത്തിന്റെയും മഹിമയില്‍ കഴിയുവാന്‍ സാധിക്കുന്നവനാണ് മനുഷ്യന്‍’. ഉപനിഷത്തുകളില്‍ ചൂണ്ടിക്കാട്ടുന്നതുപോലെ അനശ്വരതയുടെ പുത്രനാണ് താനെന്ന് അനുഭവിച്ചറിയുവാന്‍ കഴിയുന്നവനാണ് മനുഷ്യന്‍.

ആദികാല മാംസ്യവസ്തുക്കളില്‍ ആദ്യമായി തുടിച്ച ജീവന്‍ അനേകലക്ഷം വര്‍ഷങ്ങളിലെ പരിണാമത്തിലൂടെ വികസിച്ച് വൃക്ഷങ്ങള്‍, കീടങ്ങള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍ നാല്‍ക്കാലികള്‍ ഇവയിലെല്ലാംകൂടി കടന്ന് അവസാനം മനുഷ്യനിലെത്തിച്ചേര്‍ന്നു. അങ്ങനെ മനുഷ്യനിലൂടെ ബുദ്ധിവൈഭവം ആര്‍ജിച്ച ജീവന് സ്വന്തം ദിവ്യസത്തയെക്കുറിച്ച് മനസ്സിലാക്കുവാനും അതിന്റെ വൈഭവങ്ങളെ പ്രകാശിപ്പിക്കുവാനും, ആ ഉത്കൃഷ്ടബോധത്തിന്റെ സുഖം അനുഭവിക്കുവാനും കഴിയുമാറു മനുഷ്യനായി പരിണമിച്ചുയരുവാന്‍ സാധ്യമായി. അനേകം ജീവജാലങ്ങളിലൂടെ ജീവപ്രതിഭാസത്തിനു കൈവന്ന പരിണാമപരമായ അഭ്യുന്നതിയെയും ആത്മസ്വാതന്ത്ര്യാവബോധത്തെയുമാണ് ഈശ്വരന്റെ സംതൃപ്തിയായി മേല്പറഞ്ഞ ഭാഗവതകഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കാര്യങ്ങള്‍ വിവേചിച്ചറിയുവാനുള്ള കഴിവാണ് ബുദ്ധി. അത് മനുഷ്യനില്‍ത്താഴ്ന്ന ജന്തുക്കളില്‍ വികസിതമായിട്ടില്ല. എങ്കിലും ആന്തരികമായ മാര്‍ഗദര്‍ശനത്തിലൂടെ, ജന്മവാസന എന്ന് പൊതുവെ അറിയപ്പെടുന്ന കഴിവിലൂടെ, അവയുടെ ജീവിതയാത്ര സുഗമമാക്കി നടക്കുന്നു. ബുദ്ധിപരമായ വിവേചനശക്തിയുടെ ആദിമഘട്ടങ്ങള്‍ അവയില്‍ പലപ്പോഴും ദൃശ്യമാണെങ്കിലും മസ്തിഷ്‌കഘടനയുടെ പരിമിതികള്‍മൂലം ബുദ്ധിവൈഭവം ഉപയോഗിച്ച് തിരക്കിച്ചെല്ലുവാനും ആഴത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്തുവാനും ഉള്ള കഴിവ് അവയ്ക്കില്ല. നിലനില്‍പ്പ്, ആഹാരം തേടല്‍, വംശവര്‍ദ്ധന തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്ന രീതിയിലുള്ളതാണ് അവയുടെ മസ്തിഷ്‌കഘടന.

എന്നാല്‍ മനുഷ്യനിലാകട്ടെ, ഇക്കാര്യങ്ങളില്‍ കേന്ദ്രീകരിക്കുന്ന മസ്തിഷ്‌കഭാഗങ്ങള്‍ക്കുപരിയായി സെറിബ്രല്‍ കോര്‍ട്ടക്‌സ് എന്നറിയപ്പെടുന്ന മറ്റൊരു പ്രധാനഭാഗം കൂടി വികസിച്ചുവന്നിരിക്കുന്നു. യോഗദര്‍ശനമനുസരിച്ച്, കാലദേശാതീതമായ ആത്മസത്തയില്‍ ലീനമായിരിക്കുന്ന അനന്തവൈഭവങ്ങളെ ആവിഷ്‌കരിക്കുവാന്‍ കഴിയുന്ന ഒരു ഉപാധിയാണ് മസ്തിഷ്‌കം. ചിലര്‍ കരുതുന്നതുപോലെ അവയെ ഉല്പാദിപ്പിക്കുന്ന ഒരു യന്ത്രമല്ല അത്. അറിവിലൂടെയും പരിശീലനത്തിലൂടെയും ഈ ഉപാധിയെ കൂടുതല്‍ ആവിഷ്‌കാരോന്മുഖമാക്കി സ്വാതന്ത്ര്യത്തിന്റെ ഉദാത്തമേഖലകളിലേക്കു കടന്നെത്താന്‍ മനുഷ്യനു സാധ്യമാകുന്നു. ഭാവനാശക്തി, യുക്തി, നിഗമനങ്ങള്‍ക്കുള്ള കഴിവ്, ഇച്ഛാശക്തി, വിവേകപൂര്‍വ്വമുള്ള തിരഞ്ഞെടുക്കല്‍, തീരുമാനിച്ചുറച്ചുള്ള സ്വതന്ത്രമായ പ്രവര്‍ത്തനം ഇവയെല്ലാം സെറിബ്രല്‍ കോര്‍ട്ടെക്‌സിന്റെ വികസനംകൊണ്ട് മനുഷ്യനു കൈവന്ന വൈഭവങ്ങളാണ്. അതിനാല്‍ സൃഷ്ടിപരമായി പ്രവര്‍ത്തിക്കുവാനും സ്വയം പരിണമിച്ചുയരാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. വിവേചിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണെങ്കില്‍, ഈ വരികളില്‍ സൂചിപ്പിക്കുന്നതുപോലെ മനുഷ്യനു സുഖമായി ഭൂതലത്തില്‍ വാഴാവുന്നതും ജീവിതസാഫല്യം നേടാവുന്നതുമാണ്.

(തുടരും)

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.