തിരുവനന്തപുരം: ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ‘ഭൂ സുപോഷണ അഭിയാന്റെ’ (ഭൂമി പോഷണ യജ്ഞം) ഭാഗമായി നാളെ സംസ്ഥാന വ്യാപകമായി ശുചീകരണം. ഓരോരുത്തരും വീടും പരിസരവും വൃത്തിയാക്കുന്നതിനൊപ്പം വീടിനടുത്തുള്ള ജല സ്രോതസ്സുകള്‍, കുളങ്ങള്‍, കിണറുകള്‍ തുടങ്ങിയവയും വൃത്തിയാക്കും.
ശുചിത്വഗൃഹം, ശുചിത്വഗ്രാമം, ശുചിത്വകേരളം എന്നത് സാക്ഷാത്കരിക്കുകയാണ് ഭൂ പോഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ശുചിത്വ ദിനാചരണത്തോടനുബന്ധിച്ച് ലക്ഷ്യമിടുന്നത്. കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലം അനുഭവിക്കുന്ന കാലത്ത് വലിയതോതിലുള്ള കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയിലെ ജല സമ്പത്തിനെ സംരക്ഷിക്കാനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ജലാശയങ്ങളിലും കുളങ്ങളിലും മറ്റുമുള്ള മലിന്യങ്ങളും പ്ലാസ്റ്റിക്കും നീക്കം ചെയ്യും. ഉപയോഗശൂന്യമായ കിണറുകള്‍ കണ്ടെത്തി ഉപയോഗയോഗ്യമാക്കുകയും ഉപയോഗിക്കുന്ന കിണറുകള്‍ വൃത്തിയാക്കുകയും ചെയ്യും.
ഓരോരുത്തരും അവരവരുടെ വീടും പരിസരവുമാണ് ആദ്യം വൃത്തിയാക്കുക. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വൃത്തിയാക്കി കൃഷിക്കായി ഒരുക്കും. വൃക്ഷങ്ങള്‍ക്ക് തടമൊരുക്കി നനച്ച് വൃക്ഷപൂജ നടത്തും. ഭൂമി പൂജ നടത്തി കൃഷിക്ക് ആരംഭം കുറിക്കും. പശുക്കളുള്ള വീടുകളാണെങ്കില്‍ ഗോപൂജ നടത്തും. ശേഷം വീട്ടിലെല്ലാവരും ചേര്‍ന്ന് ഭൂമി സംരക്ഷണത്തിന് സദാ സന്നദ്ധരായിരിക്കുമെന്ന് മനസ്സിലുറപ്പിച്ച് പ്രതിജ്ഞയെടുക്കും.
ഏപ്രില്‍ 13 വര്‍ഷപ്രതിപദ ദിനത്തില്‍ തുടങ്ങിയ ഭൂ സുപോഷണ അഭിയാന് ആഗസ്റ്റ് 24 ഗുരുപൂജ വരെയാണ് സംഘടിപ്പിക്കുന്നത്. കാര്‍ഷിക വൃത്തിയെക്കുറിച്ച് ബോധവത്കരണം, ജൈവകൃഷിയുടെ പ്രാധാന്യം അറിയിക്കല്‍, ഗോ സേവ, കൃഷിസ്ഥലം ദാനം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടത്തുന്നത്. മെയ് അഞ്ച് മുതല്‍ ജൂണ്‍ അഞ്ച് വരെ ഒരുമാസം കൃഷിസംബന്ധമായ സെമിനാറുകളും ചര്‍ച്ചകളും കൃഷി വളര്‍ത്താനുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളും രാജ്യമൊട്ടാകെ നടത്തും.
സ്വദേശിജാഗരണ്‍ മഞ്ച്, വിശ്വഹിന്ദു പരിഷത്, വനവാസി കല്യാണാശ്രമം, ഭാരതീയ കിസാന്‍ സംഘ്, ആരോഗ്യ ഭാരതി, സഹകാര്‍ ഭാരതി, സേവാഭാരതി, ഭാരതീയ വിദ്യാഭവന്, ബാലഗോകുലം, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ് ‘ഭൂ സുപോഷണ അഭിയാന്’ (ഭൂമി പോഷണ യജ്ഞം) എന്ന് പേരിട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. വിവിധ സന്ന്യാസി മഠങ്ങള്‍, ട്രസ്റ്റുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: