മുകുന്ദന് മുസലിയാത്ത്
അത്രിമഹര്‍ഷിയുടെ കണ്ണുനീരാണത്രെ ചന്ദ്രനായിത്തീര്ന്നത്. അത്രിയുടെ ഹൃദയത്തില്‍ ബ്രഹ്മാനന്ദം നിറഞ്ഞു. അതിന്റെ ബഹിര്‍സ്ഫുരണമായി കണ്ണുകളില്‍നിന്നു ആനന്ദാശ്രു പ്രവഹിച്ചു. അതു ദിക്ദേവതകള് സ്വീകരിച്ച് ചന്ദ്രന് ജന്മം നല്കി.
ചന്ദ്രകാന്തിയില്‍ മയങ്ങി ബൃഹസ്പതിയുടെ പത്നിയായ താര. താര ചന്ദ്രനില്‍നിന്നു ഗര്‍ഭം ധരിച്ചു. ആ കുട്ടിയാണ് ബുധന്‍. ചന്ദ്രശോഭ ബുധനിലും പ്രകടമായി. പാര്‍വ്വതീ ശാപത്താല്‍ ഇളയായി മാറിയ സദ്യുമ്നനെ ബുധന്‍ കാണാനിടയായി. ഇള, ബുധനെയും കണ്ടു. രണ്ടുപേരും അനുരാഗബദ്ധരായി. അവര്‍ക്കൊരു പുത്രന് ജനിച്ചു. പുരൂരവസ്സ്. പുരൂരവസ്സാണ് ചന്ദ്രവംശത്തിലെ അറിയപ്പെടുന്ന ആദ്യരാജാവ്.
പുരൂരവസ്സിന്റെ കീര്‍ത്തി ദേവലോകത്തും എത്തി. അതുകേട്ട ഉര്‍വ്വശി പുരൂരവസ്സിനെ ഭര്‍ത്താവായി സ്വീകരിച്ചു. ഒരു വിചിത്ര ദാമ്പത്യമായിരുന്നു അവരുടേത്. ഉര്‍വ്വശി അപ്സരസ്സായിരുന്നു. അതീവ സൗന്ദര്യവതിയും. ഉര്‍വ്വശിയുടെ ശരീരശോഭയില് പുരൂരവസ്സിന്റെ കീര്‍ത്തി മുഴുവന്‍ മങ്ങിപ്പോയി. ഉര്‍വ്വശിയുടെ പ്രീതിക്കായി എന്തു വിഡ്ഢിവേഷം കെട്ടാനും പുരൂരവസ്സ് തയ്യാറായി. നാടുഭരിക്കുന്ന രാജാവ് ആടുമേയ്ക്കുന്ന ആട്ടിടയനായി. അതായിരുന്നു വിവാഹത്തിന്റെ ഒരു വ്യവസ്ഥ. ഉര്‍വ്വശി വളര്‍ത്തുന്ന ആടിനെ പുരൂരവസ്സ് നേരിട്ട് രക്ഷിക്കുകയും പരിപാലിക്കുകയും വേണം. ഉര്‍വ്വശീ കാമുകന് ആ വ്യവസ്ഥ ശിരസാവഹിച്ചു.
രണ്ടാമത്തെ വ്യവസ്ഥ അപ്സരസ്സായ തന്റെ ഭക്ഷണം അമൃതാണ്. അതിനു പകരം നെയ്യായാലും മതി. മൂന്നാമത്തെ വ്യവസ്ഥ പകല്‍ വെളിച്ചത്തില്‍ പുരൂരവസ്സിന്റെ നഗ്നശരീരം കാണരുത്.
കാമുകിയോടുള്ള വിധേയശക്തി പുരൂരവസ്സിനെക്കൊണ്ട് എല്ലാം വ്യവസ്ഥകളും അംഗീകരിപ്പിച്ചു. ഉര്വ്വശിക്കാകട്ടെ താനറിഞ്ഞ പൗരുഷമൊന്നും പുരൂരവസ്സില്‍ കാണാത്തതിനാല്‍ പുരുരവസ്സിനോടുള്ള ഭ്രമം ക്രമത്തില്‍ കുറഞ്ഞുവന്നു. ഉര്‍വ്വശിക്കു ഭൂലോക വാസം ഒരു ശാപമായിട്ടു കിട്ടിയതായിരുന്നു. ശാപകാലാവധി തീര്‍ന്നപ്പോള്‍ അവള് പുരൂരവസ്സിനെ ഉപേക്ഷിച്ച് ദേവലോകത്തേക്ക് തിരിച്ചുപോയി. അതിനുള്ള കാരണങ്ങളും അവള് ചമച്ചുണ്ടാക്കി. തന്റെ ആട്ടിന്‍കുട്ടികളെ കാണാനില്ല! അതു കേട്ടു പരിഭ്രമിച്ചെഴുന്നേറ്റ പുരൂരവസ്സിന്റെ നഗ്നശരീരം ഉര്‍വ്വശി കണ്ടു! ദേവലോകത്തേക്കു തിരിച്ചു പോകാന്‍ ഉര്‍വ്വശി മുന്‍കൂട്ടി തീരുമാനിച്ചതാണ്. അതിനുള്ള കാരണങ്ങള്‍ ഉണ്ടാക്കിയെടുത്തു എന്നു മാത്രം.
പുരൂരവസ്സാകട്ടെ തന്റെ ജന്മം മുഴുവന്‍ ഉര്‍വ്വശിയുടെ സൗന്ദര്യത്തിനു മുന്നില്‍ അടിയറവു പറയിച്ചപോലെയാക്കി. ദേവലോകത്തെ ഉര്‍വ്വശിയെ പ്രാപിക്കാന്‍ യാഗങ്ങള്‍ നടത്തി ദേവലോകത്തെത്താന് പുരൂരവസ്സു ശ്രമിച്ചു. രാജഭരണത്തിലല്ല ഉര്‍വ്വശി പ്രാപ്തിയിലായി സകല ശ്രദ്ധയും. ഉര്‍വ്വശിയില്‍ പുരൂരവസ്സിനു ആറു പുത്രന്മാരുണ്ടായി. അവരുടെ വംശപരമ്പരയില്‍ പ്രസിദ്ധനായ രാജാവാണ് ഗാധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: