×
login
നാട്ടുപഴമയുടെ 'ചെട്ടിയാര്‍ കമ്പം'

പാലക്കാട്ടെ പ്രമുഖ ക്ഷേത്രോല്‍സവങ്ങളിലെല്ലാം കമ്പം കത്തിക്കല്‍ എന്നൊരു ചടങ്ങുണ്ട്. പൊക്കത്തില്‍ മുളനാട്ടി, അതിന്റെ വശങ്ങളിലേക്ക് മുളകൊണ്ടു തന്നെ ശിഖരങ്ങള്‍ ഒരുക്കി, അതില്‍ കതിനപോലുള്ള വെടിക്കോപ്പുകള്‍ ഒരുക്കിയശേഷം ഉത്സവം സമാപിക്കുന്ന വേളയില്‍ തീകൊളുത്തുന്ന ചടങ്ങാണ് കമ്പം കത്തിക്കല്‍. ശ്രീകുറുംബക്ഷേത്രത്തിലെ വെടിയുത്സവത്തിന്റെ ഭാഗമായുള്ള കമ്പം കത്തിക്കലാണ് ചെട്ടിയാര്‍ കമ്പം.

മനോഹര്‍ ഇരിങ്ങല്‍

കാലഹരണപ്പെടാത്ത ആചാരാനുഷ്ഠാനങ്ങളുടെ നാടാണ് പാലക്കാട്. വേലയും പൂരവും അതിന് അനുബന്ധമായി കണ്യാര്‍കളിയും കുമ്മാട്ടിയുമുള്‍പ്പെടെയുള്ള നാടോടി കലകളും നിറയുന്ന വള്ളുവനാടന്‍ സംസ്‌കൃതിയുടെ ഈറ്റില്ലം. അനിതരസാധാരണമായ ഈ നാട്ടാചാരങ്ങളുടെ നേര്‍ക്കാഴ്ചകളിലൊന്നാണ് പുതുശ്ശേരി കുറുംബ ഭഗവതി ക്ഷേത്രത്തിലെ 'ചെട്ടിയാര്‍ കമ്പം'. കൊടുങ്ങല്ലൂരമ്മയാണ് ക്ഷേത്രത്തിലെ മൂര്‍ത്തിയെന്ന് വിശ്വസിച്ചു പോരുന്നു.  

പാലക്കാട്ടെ പ്രമുഖ ക്ഷേത്രോല്‍സവങ്ങളിലെല്ലാം കമ്പം കത്തിക്കല്‍ എന്നൊരു ചടങ്ങുണ്ട്. പൊക്കത്തില്‍ മുളനാട്ടി, അതിന്റെ വശങ്ങളിലേക്ക് മുളകൊണ്ടു തന്നെ ശിഖരങ്ങള്‍ ഒരുക്കി, അതില്‍ കതിനപോലുള്ള വെടിക്കോപ്പുകള്‍ ഒരുക്കിയശേഷം ഉത്സവം സമാപിക്കുന്ന വേളയില്‍ തീകൊളുത്തുന്ന ചടങ്ങാണ് കമ്പം കത്തിക്കല്‍. ശ്രീകുറുംബക്ഷേത്രത്തിലെ വെടിയുത്സവത്തിന്റെ ഭാഗമായുള്ള കമ്പം കത്തിക്കലാണ് ചെട്ടിയാര്‍ കമ്പം.


കുംഭത്തിലെ ആദ്യ ബുധനാഴ്ചയാണ് കണ്യാര്‍കളിയോടെ പുതുശ്ശേരി വെടിയുല്‍സവത്തിന് തുടക്കമാവുന്നത്. വാളയാര്‍ കാട്ടിലാണ് മുളവെട്ടല്‍ ചടങ്ങു നടക്കുക. പുതുശ്ശേരി വേലയിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരങ്ങളാണ് ചെട്ടിയാര്‍ കമ്പവും, വെടിക്കെട്ടും. ചെട്ടിയാര്‍ കമ്പത്തിന് 500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നു പറയുന്നു. വാളയാറില്‍ നിന്നും ഏകദേശം 15 കി. മീ. ഉള്‍വനത്തില്‍ പ്രവേശിച്ചാണ് കമ്പത്തിനുള്ള മുള കണ്ടെത്തുന്നത്. വെടിയുല്‍സവത്തിന്റെ തലേന്നാള്‍ രാവിലെയാണ് കമ്പക്കാര്‍  പുതുശ്ശേരിയില്‍ നിന്നും പുറപ്പെടുക. വീട്ടില്‍ നിന്ന് നാളികേരമുടച്ച് പൂജ ചെയ്ത് ഗുരുകാരണന്മാരുടെ അനുഗ്രഹവും വാങ്ങി പുതുശ്ശേരി അമ്മയുടെ മുമ്പില്‍ പ്രാര്‍ത്ഥിച്ച ശേഷമേ ഈ ദുര്‍ഘട കാനന യാത്രയ്ക്ക് പുറപ്പെടൂ.  മുളവെട്ടല്‍ ചടങ്ങിനു പോകുന്ന സംഘത്തില്‍ 300 ലേറെപ്പേരുണ്ടാവാറുണ്ട്. വ്രതാനുഷ്ഠാനങ്ങളോടെയാണ് കാട്ടിലേക്കുള്ള യാത്ര. വന്യമൃഗങ്ങള്‍ സൈ്വര്യവിഹാരം നടത്തുന്ന കാടാണെങ്കിലും ഭക്തര്‍ യാതൊരപായവും കൂടാതെയാണ് തിരികെയെത്താറുള്ളത്. ക്ഷേത്രത്തില്‍ നിന്നുള്ള വെടിയൊച്ച കേട്ട ശേഷമേ മുളവെട്ടാരംഭിക്കൂ.

ചെങ്കുത്തായ മലയോടു ചേര്‍ന്ന  കൊടുംവനത്തില്‍ പ്രവേശിക്കും മുന്‍പും തിരികെ ഇറങ്ങിയ ശേഷവും മലയുടെ താഴെയുള്ള ഊരാള ക്ഷേത്രത്തില്‍ ദര്‍ശനവും വഴിപാട് പൂജയും പതിവാണ്. ഒരിക്കല്‍ വനയാത്രയില്‍ ഒറ്റപ്പെട്ടു പോയ ഭക്തനെ, ഒരു കുട്ടിയെത്തി, സംഘത്തിലെ  മറ്റുള്ളവരോടൊപ്പമെത്തിക്കാന്‍ വഴി കാട്ടി സഹായിച്ച സംഭവം, 30 വര്‍ഷത്തില്‍ കൂടുതല്‍ കമ്പത്തിനുള്ള യാത്രയില്‍ പ്രധാനികളിലൊരാളായ കൊളയ്‌ക്കോട് തങ്കവേലു ചെട്ടിയാര്‍ ഓര്‍ത്തെടുക്കുന്നു. കുട്ടിയുടെ രൂപത്തില്‍ ദേവി തന്നെയാകാം സംരക്ഷകയായി എത്തിയതെന്നാണ് തങ്കവേലു ചെട്ടിയാര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ചെട്ടിയാര്‍ കമ്പം വാളയാര്‍ വനത്തില്‍ നിന്നും പുറപ്പെട്ടാല്‍ കൊടുങ്ങല്ലൂര്‍ അമ്മയോടുള്ള ഭക്ത്യാദരങ്ങള്‍ പ്രകടിപ്പിച്ച് നൂറുകണക്കിന് ജനങ്ങള്‍ നേരം വെളുക്കുംവരെ വഴിയരികില്‍ കാത്തുനില്‍പ്പുണ്ടാകും. ഒപ്പം കമ്പത്തിനു പോയി ക്ഷീണിച്ചുവരുന്ന ഭക്തര്‍ക്കുള്ള ചുടു ചായയും കാപ്പിയും കുടിവെള്ളവും, കഴിക്കാന്‍ പഴങ്ങളുമെല്ലാം കരുതിയിട്ടുണ്ടാകും. 'അമ്മേ... ദേവീ... 'ശരണം വിളികളോടെ ചുമലിലേറ്റി വരുന്ന ഒന്നര ടണ്ണിലേറെ ഭാരമുള്ള കമ്പംമുളയില്‍, തേങ്ങയുടച്ചു തൊട്ടുതൊഴുതു പ്രാര്‍ത്ഥിക്കുന്നതും പുതുശ്ശേരിയില്‍ വാഴുന്ന കൊടുങ്ങല്ലൂരമ്മയോടുള്ള അടങ്ങാത്ത ഭക്തിയുടെയും അന്യംനിന്നുപോകാത്ത വിശ്വാസങ്ങളുടെയും ഓര്‍മ്മപ്പെടുത്തലുകളാണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.