×
login
ഇടവം എന്ന സ്ഥിരരാശി

ജ്യോതിര്‍ ഗമനം

ജേ്യാതിഷ ഭൂഷണം എസ്. ശ്രീനിവാസ് അയ്യര്‍

രാശിചക്രത്തില്‍ വരുന്ന രണ്ടാം രാശിയാണ് ഇടവം. എടവം എന്ന് ഉത്തരകേരളത്തില്‍ പറയാറുണ്ട്. വൃഷഭം, ഉക്ഷം , വൃഷം, ഋഷഭം എന്നിവ ഇടവത്തിന്റെ സംസ്‌കൃതനാമങ്ങള്‍. മുക്കുറയിടുന്ന കാളക്കൂറ്റനാണ് രാശിസ്വരൂപം.    

രാശിചക്രത്തില്‍ 30 ഡിഗ്രി മുതല്‍ 60 ഡിഗ്രി വരെ (ആകെ 30 ഡിഗ്രി) ഇടവം വ്യാപിച്ചിരിക്കുന്നു.  കാര്‍ത്തികയുടെ 2,3,4 എന്നീ പാദങ്ങളും (കാര്‍ത്തിക മുക്കാല്‍) രോഹിണിയുടെ മുഴുവന്‍ പാദങ്ങളും (1,2,3,4) മകയിരത്തിന്റെ ആദ്യ രണ്ടുപാദങ്ങളും (1,2) ഇടവക്കൂറില്‍ അടങ്ങുന്നു. ആദ്യത്തെ 10 ഡിഗ്രി വരെ കാര്‍ത്തിക, പിന്നെ 13 ഡിഗ്രി 20 മിനിട്ട്, അതായത് 23 ഡിഗ്രി 20 മിനിട്ടു വരെ രോഹിണി, തുടര്‍ന്ന് 6 ഡിഗ്രി 40 മിനിട്ട്, അതായത് 30 ഡിഗ്രിവരെ മകയിരം എന്നിങ്ങനെ ഇടവം രാശിയുടെ ആകെയുള്ള മുപ്പത് ഡിഗ്രിയെ കുറേക്കൂടി സാങ്കേതികമായി അളന്നുനോക്കാം. ഇടവലഗ്നം ജന്മലഗ്നമായിവന്നാലും, മേല്‍പ്പറഞ്ഞ നക്ഷത്രങ്ങളില്‍ ഒന്നില്‍ ജനിക്കുകയാല്‍ ഇടവക്കൂറാണെന്നു വന്നാലും ചില അടിസ്ഥാനഗുണങ്ങളും പ്രകൃതങ്ങളും ഉണ്ടാവും. അതെന്താണെന്ന് അടുത്തറിയുവാനുള്ള ശ്രമമാണിവിടെ.    

ശുക്രനാണ് ഇടവം രാശിയുടെ അധിപന്‍. എങ്കിലും ശുക്രനാണ് ഇവരെ സംബന്ധിച്ച് ഏറ്റവും ഗുണവാനായ ഗ്രഹം എന്ന് പറയാനാവില്ല. ഇടവത്തിന്റെ ആറാംരാശിയായ തുലാംരാശിയുടെ ആധിപത്യം കൂടി ശുക്രനുള്ളതിനാലാണിത്. ആറാമെടം രോഗദുരിതാദികള്‍, ഋണബാധ്യത , ചൗര്യം, വിഘ്‌നം എന്നിവയെ മുഖ്യമായും സൂചിപ്പിക്കുന്നു. ഏറ്റവും ഗുണവും ശുഭവും ശനിയില്‍ നിന്നുമാവും ഇവര്‍ക്ക് കൈവരിക. ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ശുഭഗ്രഹമായ വ്യാഴം അഷ്ടമാധിപത്യത്താല്‍ ഇടവരാശിക്കാര്‍ക്ക് പ്രതിലോമ/പ്രതികൂല ഗ്രഹമാണെന്നതും പ്രസ്താവ്യമാണ്. ഒമ്പത്, പത്ത് ഭാവങ്ങളായ മകരകുംഭങ്ങളുടെ നാഥനാണല്ലോ ശനി. കേന്ദ്ര ത്രികോണാധിപനാകയാല്‍ ശനി യോഗകാരകനായി മാറുന്നു. ശനി കഴിഞ്ഞാല്‍ പിന്നെ ഗുണം ചെയ്യുന്നത് ബുധനാകുന്നു. ഇടവം രാശിയുമായി ചന്ദ്രന് നേരിട്ടൊരു ബന്ധവുമുണ്ട്. ചന്ദ്രന്റെ ഉച്ചക്ഷേത്രം ഇടവം രാശിയാകുന്നു.    


ഇടവം ലഗ്നമോ കൂറോ ആയ വ്യക്തികള്‍ പൊതുവേ സ്ഥിരചിത്തരായിരിക്കും. ഇടവം ഒരു സ്ഥിരരാശിയാണെന്നത് തന്നെ കാരണം. എന്നാല്‍ അതൊരു സ്ഥിതപ്രജ്ഞതയായി വളരുകയുമില്ല. ചിത്തചാപല്യം കുറഞ്ഞിരിക്കുമെന്ന് ഊഹിക്കാം. ആലോചിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളും.  പറയുന്നതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും. ഭൂതത്ത്വരാശിയാണ് ഇടവം എന്നതിനാല്‍ ഇവര്‍ മണ്ണിനോട് വൈകാരികബന്ധം സൂക്ഷിക്കുന്നു. മണ്ണില്‍ചവുട്ടി നില്‍ക്കുന്നതില്‍ അഭിമാനിക്കുന്നവരുമായിരിക്കും.  

ഇടവത്തിന്റെ ഇടംവലം രാശികള്‍ മേടവും മിഥുനവുമാകുന്നു. മേടക്കൂറുകാരുടെ എടുത്തുചാട്ടവും കുതിച്ചുചാട്ടവും അതിനുശേഷമുള്ള കിതപ്പുമൊന്നും ഇടവക്കൂറുകാരില്‍ കാണാനാവില്ല. മിഥുനക്കൂറുകാര്‍ക്ക് ബഹുമുഖവ്യക്തിത്വവും ബഹിര്‍മുഖപ്രകൃതവും അധികമായിരിക്കും. അതും ഇടവക്കൂറുകാരില്‍ കാണില്ല. ഭാവനയേയും സത്യത്തെയും കൃത്യമായ അനുപാതത്തില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഒരു ജീവിതവീക്ഷണമാവും അവരുടേത്. ഉഗ്രതയെ, വേണമെന്നുവന്നാല്‍ വാക്കിലും പ്രവര്‍ത്തിയിലും ആവാഹിക്കുന്നവരാണ് മേടം രാശിയിലെ മനുഷ്യര്‍. മിഥുനക്കൂറുകാര്‍ കളിമേളങ്ങളിലും ജീവിതബാഹ്യമെന്ന് ചിലപ്പോഴെങ്കിലും തോന്നിക്കുന്ന കാര്യങ്ങളിലും ആബദ്ധരാകുന്നു. അങ്ങനെയുള്ള അമിതത്ത്വങ്ങളിലൊന്നും അഭിരമിക്കുന്ന കൂട്ടരല്ല ഇടവം രാശിയില്‍ ജനിക്കുന്നവര്‍. ലഗ്നമായാലും ശരി, കൂറായാലും ശരി, ഇതാണ് സത്യം.    

സാത്വികം, രാജസം, താമസം എന്നീവിധത്തിലുള്ള വിഭജനത്തില്‍ ഇടവം ഒട്ടൊക്കെ രാജസം എന്ന ഗുണവിഭാഗത്തില്‍ വരുന്നു. രാജസഗ്രഹമാണ് ശുക്രന്‍. ഭൗതികവാഞ്ഛകള്‍ അവരെ സംബന്ധിച്ച് ശക്തമായിരിക്കും. ഭജനവും പൂജയും ആരാധനയുമൊക്കെ ഉണ്ടാവുമെങ്കിലും ലൗകികത്തില്‍ തുടങ്ങി ലൗകികത്തില്‍ തന്നെ ഒടുങ്ങുക എന്നതാണ് ഇടവക്കൂറുകാരുടെ വിധി. ആത്മികസൗരഭ്യം അവരുടെ ഘ്രാണശക്തിക്ക് പുറത്തായിരിക്കും. സ്വന്തംകാര്യവും വീട്ടുകാര്യവും നാട്ടുകാര്യവും കഴിയുമ്പോള്‍ പിന്നെ ജീവിതത്തില്‍ വേറെ എന്തുണ്ടെന്നും വേറെ എന്തുവേണമെന്നുമാവും ഇടവം രാശിയില്‍ ജനിച്ച മനുഷ്യരുടെ മറുചോദ്യം. നവരസങ്ങളില്‍ വീര ശൃംഗാരങ്ങളോടാവും പഥ്യമേറേയും. കരുണവുമുണ്ട്, കൂട്ടത്തില്‍. രൗദ്രഭീമനാവുന്നവരും രുദ്രതാണ്ഡവം നടത്തുന്നവരും ഏതായാലും ഇടവരാശിക്കാരില്‍ തീരെ കുറവായിരിക്കും എന്ന് പറയാതെവയ്യ.    

സ്ത്രീരാശി, യുഗ്മരാശി, സമരാശി, പൃഷ്‌ഠോദയം രാശി, രാത്രിരാശി, വൈശ്യരാശി തുടങ്ങി ഒട്ടേറേ വിഭജനങ്ങളില്‍ ഇടവം രാശി ഉള്‍പ്പെടുന്നു. അവയുടെ പ്രത്യേകതകള്‍ വളരെയുണ്ടുതാനും. കാലപുരുഷന്റെ മുഖമാണ് ഇടവം രാശിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്‍ വിശദീകരണങ്ങളും വിശകലനങ്ങളും മറ്റൊരു സന്ദര്‍ഭത്തിലാകാമെന്ന് കരുതുന്നു.

  comment
  • Tags:

  LATEST NEWS


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി


  പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.