×
login
അറിവിന്റെ സ്വാംശീകരണം

ഒരു വ്യക്തി അറിവ് സമ്പാദിക്കുന്നത് അഥവാ ഒരു വ്യക്തിയിലേക്ക് അറിവ് എത്തിച്ചേരുന്നത് ബഹുവിധമാണ്. അറിവിന്റെ സ്രോതസുകള്‍ വിവിധങ്ങളാണെന്നു സാരം. വീടും വിദ്യാലയവും തൊഴിലിടവും സമൂഹവും ഒക്കെ നമ്മുടെ അറിവിനെയും സ്വഭാവത്തെയും വ്യത്യസ്തരീതിയില്‍ സ്വാധീനിക്കുന്നുണ്ട്.

സി. വി. തമ്പി

ഒരു വ്യക്തി അറിവ് സമ്പാദിക്കുന്നത് അഥവാ ഒരു വ്യക്തിയിലേക്ക് അറിവ് എത്തിച്ചേരുന്നത് ബഹുവിധമാണ്. അറിവിന്റെ സ്രോതസുകള്‍ വിവിധങ്ങളാണെന്നു സാരം. വീടും വിദ്യാലയവും തൊഴിലിടവും സമൂഹവും ഒക്കെ നമ്മുടെ അറിവിനെയും സ്വഭാവത്തെയും വ്യത്യസ്തരീതിയില്‍ സ്വാധീനിക്കുന്നുണ്ട്. ഇതൊന്നും നമുക്ക് ഉപേക്ഷിക്കാവുന്നവയല്ല. തന്നെയുമല്ല, ഈ സാഹചര്യങ്ങളെ നമുക്ക് ഒഴിവാക്കാന്‍ സാധിക്കുകയുമില്ല.

അറിവിന്റെ സ്വാംശീകരണം സംബന്ധിച്ചുള്ള ഒരു സംസ്‌കൃത ശ്ലോകം ഇങ്ങനെയാണ്:

'ആചാര്യാത് പാദം ആദത്തെ

പാദം ശിഷ്യഃ സ്വമേധയാ

പാദം സ ബ്രഹ്മചാരിഭ്യഃ

പാദം കാലക്രമേണ തു'

അതായത് ഗുരുവില്‍ നിന്ന് കാല്‍ഭാഗം, കാല്‍ ഭാഗം ശിഷ്യന്‍ സ്വന്തം നിലയ്ക്ക്, സതീര്‍ഥ്യരോടു കാല്‍ ഭാഗം, കാലക്രമേണയുള്ള ജീവിതാനുഭവങ്ങളില്‍ നിന്ന് ബാക്കി കാല്‍ഭാഗം  ഇങ്ങനെയാണ് വിദ്യ മുഴുവനാകുന്നത്. ഒരുവനിലെ വിദ്യാപൂര്‍ത്തീകരണത്തിന് ഈ ചതുര്‍ഘട്ടങ്ങള്‍ അനിവാര്യമത്രെ. ഗുരു, മുഖാമുഖം പകര്‍ന്നു തരുന്ന വിദ്യ നാം യഥാവിധം അഭ്യസിക്കേണ്ടവയാണ്. ഇതില്‍ വീഴ്ചയോ വ്യതിയാനമോ പാടില്ല. ഗുരുമുഖം സദ്‌വിദ്യാരംഭത്തിന്റെ ആദ്യവും പരമപ്രധാനവുമായ ഘട്ടമാണ്.


രണ്ടാം ഘട്ടമായ ശിഷ്യന്റെ സ്വയാര്‍ജിതമായ അറിവ്, പരിസരങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ലഭിക്കുന്നവയാണ്. അതിനും ഒരു കൃത്യമായ പരിശീലന പദ്ധതി വേണം. കാണുന്നത് കണ്ണില്‍ പതിയണം. കേള്‍ക്കുന്നത് കാതുകളില്‍ പ്രതിധ്വനിക്കണം. അവ തന്നാലാവുംവിധം മനനം ചെയ്യുകയും വേണം. അവയുടെ സാരാംശം ഗ്രഹിക്കുകയും ഉള്‍ക്കൊള്ളുകയും അവയിലെ നല്ല ഭാഗങ്ങള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കുകയും വേണം.

പിന്നീട്, സതീര്‍ഥ്യരില്‍ നിന്ന് കാല്‍ഭാഗം സ്വീകരിക്കുന്നു. ഓരോ സതീര്‍ഥ്യനും ഒരു നിധിയായിട്ടോ സംഭരണശാലയായി ട്ടോ നമുക്കനുഭവപ്പെടണം. കൊള്ളാവുന്നത്, സമുചിതമായത് എന്നു നമുക്ക് തിരിച്ചറിയാന്‍ കഴിയുന്നത് അവരില്‍ നിന്നും സ്വീകരിക്കണം. അവരില്‍ അന്തര്‍ലീനമായിരിക്കുന്ന പാരമ്പര്യത്തിന്റെ മഹിമ, ഇതര സാമൂഹിക ശ്രേയസിന്റെ അംശങ്ങള്‍ എന്നിവ നമ്മെ, അതായത് ഇടപഴകുന്നവരെ പ്രചോദിപ്പിക്കണം. ഈ പ്രചോദനം ഒരു ശക്തിയായി സ്വീകര്‍ത്താവില്‍ കുടികൊള്ളണം. ഇത് ജീവിതമുന്നേറ്റത്തിന്, തീര്‍ച്ചയായും ഉതകും.

അവസാനത്തെ കാല്‍ ഭാഗമാകട്ടെ, കാലക്രമേണയുള്ള ജീവിതാനുഭവങ്ങളില്‍ നിന്ന് പഠിക്കേണ്ടവയാണ്. ജീവിതാനുഭവങ്ങള്‍ ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും. ജീവിതസാഹചര്യങ്ങളും വിഭിന്നങ്ങളായിരിക്കുമല്ലോ. ഇങ്ങനെയുള്ള വൈജാത്യങ്ങളും ചിലപ്പോള്‍ വൈചിത്ര്യങ്ങളും ഉണ്ടാകാമെങ്കിലും ഒരു കാര്യം ഉറപ്പാണ്; നല്ല ജീവിതാനുഭവങ്ങള്‍ കുറച്ചെങ്കിലും എല്ലാവര്‍ക്കും ഉണ്ടായിരിക്കും. അതുപോലെതന്നെ തിക്താനുഭവങ്ങളും ഉണ്ടാകാതിരിക്കില്ല. പക്ഷെ, ഇവ രണ്ടും  വ്യക്തികളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങള്‍ തന്നെ. വിവേചന ബുദ്ധിയോടെ സ്വീകരിക്കേണ്ടവയും തിരസ്‌കരിക്കേണ്ടവയും ആയ കാര്യങ്ങള്‍ ഇവയില്‍ ഉണ്ടാകും. ഇത്തരം വിവേചനബുദ്ധി നെല്ലും പതിരും വേര്‍തിരിക്കുന്നതിന് വ്യക്തികളെ പ്രാപ്തരാക്കുകയും ചെയ്യും. ഇങ്ങനെ സമാര്‍ജിക്കുന്ന അനുഭവങ്ങളും അറിവുകളും ജീവിതത്തില്‍ ഇടറിവീഴാതെ പിടിച്ചുനില്‍ക്കുന്നതിന് നമ്മെ പ്രാപ്തരാക്കുന്നു. ഇങ്ങനെ, വിദ്യ സംബന്ധിച്ചുള്ള ചതുര്‍വഴികള്‍ പിന്നിടുമ്പോള്‍ വിദ്യ പൂര്‍ണമാകുന്നു എന്നാണ് ഈ സംസ്‌കൃതശ്ലോകം അര്‍ഥമാക്കുന്നത്. ഇതിന്, നാല് പ്രധാന സംഗതികള്‍ കൂടി ഉത്സാഹിയും ജ്ഞാനാര്‍ഥിയുമായ ഒരുവനില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ടതായിട്ടുണ്ട്.

1. ഗുരുവിനെ അംഗീകരിക്കലും ആദരിക്കലും . നമുക്ക് ശരിയായ ജ്ഞാനവും പരമമായ സത്യവും ഗുരുക്കളില്‍ നിന്നും ലഭിക്കുന്നു എന്ന് നാം വിശ്വസിക്കണം.

2. പ്രകൃതിയില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കൗതുകവും ജിജ്ഞാസയും . ഈ കൗതുകവും ജിജ്ഞാസയും ആയിരുന്നല്ലോ നാരായണനെ (ശ്രീനാരായണ ഗുരു) കുടിപ്പള്ളിക്കൂടത്തിലും കുഞ്ഞന്‍പിള്ളയെ (ചട്ടമ്പിസ്വാമികള്‍) പരമ്പരാഗത വിദ്യാലയത്തിലും മികവുറ്റവരും പ്രഗത്ഭരുമാക്കി മാറ്റിയത്.

3. സഹപാഠികളെയും സഹജീവികളെയും ഗൗനിക്കാനും മനസിലാക്കാനുമുള്ള മനസും ഉദാരതയും. നല്ല ചിന്തയും വാക്കും സല്‍പ്രവൃത്തികളും ഉള്ളവരെ തിരിച്ചറിയാന്‍ നമുക്കാകണം.

4. ജീവിതാനുഭവങ്ങളെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെയും തനിമയോടെയും സ്വീകരിക്കാനുള്ള മനസ്ഥിതിയും നന്മ തിന്മകളെ വ്യവച്ഛേദിച്ചറിയാനുള പടുത്ത്വവും. ദുര്‍വിധികളെപ്പോലും പ്രാര്‍ഥനയോടെ അനുഭവിക്കാനുള്ള മനസും സുഖദുഃഖങ്ങള്‍ ജീവിതാനുഭവങ്ങള്‍ തന്നെ എന്ന മനോഭാവവും നമ്മില്‍ രൂപപ്പെടണം.

ഇവകളുടെയെല്ലാം യഥാര്‍ഥ പൂരണവും ആചരണവും വ്യക്തികളെ ഉത്തമ വ്യക്തിത്ത്വങ്ങളാക്കി മാറ്റും എന്ന് നമുക്ക് പ്രത്യാശിക്കാം.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.