×
login
യുദ്ധത്തില്‍ അവസാനിച്ച ന്യായവാദങ്ങള്‍

ഇതിഹാസ ഭാരതം

അംബ, തന്റെ ദുര്‍ഗതിക്ക് കാരണക്കാരനായ ഭീഷ്മനെ നിഗ്രഹിക്കാന്‍ ഭാര്‍ഗവരാമനോട് ആവശ്യപ്പെട്ടു. ഭീഷ്മനെ വിളിച്ചുവരുത്താമെന്നു ഭാര്‍ഗവരാമന്‍ പറഞ്ഞു. ആ കൂടിക്കാഴ്ച ഒരു യുദ്ധത്തിന്റെ വഴിക്കു നീങ്ങി. ഭാര്‍ഗവരാമന്‍ ഭീഷ്മനോടു പറഞ്ഞു, ''നീ ചെയ്ത പ്രവൃത്തിയുടെ ഫലമായിട്ട് ഈ കന്യക ദുഃഖമനുഭവിച്ചുകൂടാ. അതുകൊണ്ട് നീ ഇവളെ വേള്‍ക്കണം.'' പരസ്പരം ഓരോ ന്യായങ്ങള്‍ ചൊല്ലി കലഹിച്ച ഭാര്‍ഗവരാമനോട് ഭീഷ്മന്‍ ബഹുമാനപുരസ്സരം പറഞ്ഞു, ''ഞാനും ക്ഷത്രിയനാണു മഹര്‍ഷേ! എന്നാല്‍ ഗുരുവൃത്തി അറിയാത്ത ഗുരുവിനെയും വധിക്കാമെന്ന് പുരാണങ്ങളും പറയുന്നുണ്ട്. അങ്ങ് ക്ഷത്രിയരെ കൊന്നിട്ട് കുളിച്ച കടവില്‍ അങ്ങയെ കൊന്നിട്ട് ഞാനും കുളിക്കും.  എന്റെ യുദ്ധപരാക്രമം അവിടുന്നു കണ്ടിട്ടില്ലല്ലൊ. അങ്ങയുടെ അഹങ്കാരം ഞാന്‍ തീര്‍ത്തുതരുന്നുണ്ട്.''

ഭാര്‍ഗവരാമന്‍ വീണ്ടും ഭീഷ്മനോട് ന്യായവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഭീഷ്മന്‍ തുടര്‍ന്നു,''എന്റെ അനുജനു ഞാനിവളെ കൊടുക്കില്ല. ഭയം, ക്രോധം, ദ്രവ്യലോഭം, കാമം എന്നിവയ്ക്കുവേണ്ടി ഞാന്‍ ക്ഷത്രധര്‍മ്മം വിടില്ലെന്ന ദൃഢവ്രതമെനിക്കുണ്ട്.'' ഉടനെ കോപത്തോടും വ്യാകുലദൃഷ്ടിയോടും കൂടി രാമന്‍ പറഞ്ഞു,''നീ ഞാന്‍ പറയും വാക്കു ചെയ്തില്ലെങ്കില്‍ ഹേ! രാജാവേ! മന്ത്രിമാരോടൊത്തു നിന്നെ ഞാന്‍ കൊല്ലും.''  ആ ഭാര്‍ഗവരാമനോട് ഭീഷ്മന്‍ ബഹുമാനം കൈവിടാതെ യാചിച്ചു. എങ്കിലും പരസ്പരം നടന്ന വാക്ശരങ്ങളാല്‍ യുദ്ധത്തിനു ശമനമുണ്ടായില്ല.  കുരുക്ഷേത്രത്തില്‍വെച്ച് നമുക്കു കാണാമെന്നു ഭീഷ്മന്‍ പറഞ്ഞു. ''നിന്റെ ജഡം കണ്ട് അമ്മ ഗംഗ കേഴട്ടെ,''എന്നു രാമന്‍ ശപിച്ചു.  ഭീഷ്മന്‍ വീണ്ടും ശിരസ്സു നമിച്ചുകൊണ്ട്  ഭാര്‍ഗവരാമനോട് യാചനയോടെ പലതും പറഞ്ഞുനോക്കി.

മനസ്സില്ലാമനസ്സോടെ ഭീഷ്മന്‍ ഭാര്‍ഗവരാമനോട് ഏറ്റുമുട്ടാന്‍ ഒരുങ്ങി.  എല്ലാവിധ യുദ്ധസന്നാഹങ്ങളും വെള്ളക്കുതിരകളും വെള്ള  വസ്ത്രങ്ങളും വെള്ളക്കൊടിയും ഒരുക്കിക്കൊണ്ട് ഭീഷ്മന്‍ ഹസ്തിനാപുരിവിട്ടു കുരുക്ഷേത്രത്തിലേക്ക് തേരോടിച്ചു. ഭീഷ്മന്‍ തന്റെ തേര് രാമന്റെ മുന്നിലായി അടുപ്പിച്ചു നിറുത്തി. ദേവന്മാരും ഋഷിഗണങ്ങളും ബ്രാഹ്മണരും മനുജാദികളും ചുറ്റുംകൂടിനിന്നു. ഭീഷ്മന്‍ തന്റെ മഹാശംഖം മുഴക്കി.  അപ്പോള്‍ ഗംഗാദേവി രൂപംപൂണ്ടുവന്ന് തന്റെ പുത്രനായ ഭീഷ്മനോടു പറഞ്ഞു, ''രാജാവേ! നീ എന്താണു ചെയ്യുന്നത്? മഹാഗുരുവായ രാമനോട് ഏറ്റുമുട്ടുകയോ? നീ നില്‍ക്കൂ, ശിഷ്യനായ ഭീഷ്മനോട് അരുതാത്തതു ചെയ്യരുതെന്നു ഞാന്‍ രാമനോട് അപേക്ഷിക്കാം. രുദ്രതുല്യപരാക്രമിയായ ജാമദഗ്ന്യനെ എതിര്‍ക്കാന്‍ നീ തുനിയുന്നോ ഉണ്ണീ!'' ഭീഷ്മന്‍ നടന്ന കഥകളെല്ലാം അമ്മയെ ധരിപ്പിച്ചു. മഹാനദിയായ ആ അമ്മ രാമന്റെ അടുക്കല്‍ച്ചെന്ന് ഭീഷ്മനുവേണ്ടി സംസാരിച്ചു ഭാര്‍ഗവരാമനെ അടക്കി, ക്ഷമിപ്പിച്ചു. ''ശിഷ്യനായ ഭീഷ്മനോട് അങ്ങ് പൊരുതൊല്ലേ.'' എന്നിട്ടും ഭീഷ്മനെ ഭാര്‍ഗവരാമന്‍ പോരിനു വിളിച്ചു.  

പോരിനായി നില്‍ക്കുന്ന ഭാര്‍ഗവരാമനോട് ഭീഷ്മന്‍ പറഞ്ഞു, ''നിലത്തുനില്‍ക്കുന്ന ഭവാനോട് തേരില്‍ നില്‍ക്കുന്ന ഞാന്‍ പോരാടുകയില്ല. അങ്ങേയ്ക്ക് എന്നോട് എതിരിടാന്‍ മോഹമാണെങ്കില്‍ ഒരു പടച്ചട്ടകെട്ടി, ഒരു തേരിലേറുക.''ഭാര്‍ഗവരാമന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു, ''എനിക്ക് തേരു ഭൂമിയാണ്. വേദങ്ങളാണു കുതിരകള്‍. ഞാന്‍ വായുപുത്രനുമാണല്ലൊ. വേദമാതാക്കളാണു എന്റെ ചട്ടകള്‍. ഹേ കുരുനന്ദന! അവരുടെ രക്ഷ എനിക്കുണ്ട്.''എന്നു പറഞ്ഞുകൊണ്ട് ആ സത്യവിക്രമനായ രാമന്‍ അസ്ത്രങ്ങളെയ്തു വലിയ രോധം തീര്‍ത്തു. പിന്നെ ഭീഷ്മന്‍ ഭാര്‍ഗവരാമനെ സര്‍വ്വായുധങ്ങളുമണിഞ്ഞ് തേര്‍ത്തട്ടില്‍ നില്‍ക്കുന്ന കാഴ്ച കണ്ടു അത്ഭുതപ്പെട്ടു. മനോനിര്‍മ്മിതമായ ആ പുണ്യ നഗരാകാരത്തില്‍ അത്ഭുതകരമായ ദിവ്യാശ്വങ്ങളെ  


പൂട്ടി പൊന്നണിഞ്ഞ തേരില്‍ സോമസൂര്യചിഹ്നമായ ചട്ടയണിഞ്ഞുകൊണ്ട് വില്ലേന്തിയും തൂണിയിട്ടും അകൃതപ്രാണനെ സാരഥിയാക്കിയും ഭാര്‍ഗവരാമന്‍ ഭീഷ്മനെ പോരില്‍ വിളിച്ച് ഉന്മത്തനാകുന്നു. ഉദിച്ചുയരുന്ന സൂര്യനെപ്പോലെ എതിരിടാനാവാത്ത ആ മഹാബലനായ ക്ഷത്രിയവൈരി ഭാര്‍ഗവരാമനെ ഒറ്റയ്ക്കും, ഭീഷ്മനെ ഒറ്റയ്ക്കും, അസ്ത്രമെയ്തുതുടങ്ങി.  ഭീഷ്മന്‍ മൂന്ന് അമ്പുപാടകലത്തില്‍  തേരു നിറുത്തിയിട്ട് കാല്‍നടയായി ആ മുനിമുഖ്യനായ ഭാര്‍ഗവരാമനെ പൂജചെയ്യുവാന്‍ അഭിവാദ്യം ചെയ്തിട്ടു പറഞ്ഞു, ''ഭാര്‍ഗവരാമാ! ഞാന്‍ പോരില്‍ സമനല്ലെങ്കിലും ഉത്തമനും ഗുരുധാര്‍മ്മികനുമായ അങ്ങയോട് ജയം യാചിക്കുന്നു.''  

''ഹേ കുരുശ്രേഷ്ഠ! ഐശ്വര്യം കാക്കുന്നവന്‍ ഇങ്ങനെയാണു ചെയ്യേണ്ടത്. വിശിഷ്ടരോടെതിര്‍ക്കുന്നവര്‍ കാട്ടുന്ന മര്യാദയും ധര്‍മ്മവുമാണിത്. നീ ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ നിന്നെ ഞാന്‍ ശപിച്ചേനെ. കൗരവ! നീ ധൈര്യമുള്‍ക്കൊണ്ട് കരുതിപ്പൊരുതുക. നിനക്ക് ഇപ്പോല്‍ ഞാന്‍ ജയാശിസ്സ് നേരുന്നില്ല.  നീ ചെന്നെതിര്‍ക്കുക. നിന്റെ നടപടിയില്‍ ഞാന്‍ സന്തുഷ്ടനാണ്.''

പിന്നെ ഭീഷ്മന്‍ അവനെ കൂപ്പിക്കൊണ്ട് തേരിലേറി പൊന്നണിഞ്ഞ തന്റെ ശംഖു വിളിച്ചു. തമ്മില്‍ യുദ്ധമാരംഭിച്ചു. ദേവന്മാരെയും ബ്രാഹ്മണരെയും വണങ്ങിക്കൊണ്ട് ഭീഷ്മന്‍ രാമനോടു പറഞ്ഞു, ''മര്യാദയില്ലാത്ത അങ്ങയിലും ഞാന്‍ ഗുരുത്വത്തെ മാനിക്കുന്നു. നിന്റെ ശരീരത്തുള്ള വേദങ്ങള്‍ പരംബ്രഹ്മമെന്നതും, വന്‍തപസ്സും മാനിച്ച് അവറ്റിന്മേല്‍ ഞാന്‍ ബാണം പ്രഹരിക്കുന്നില്ല. നീ ക്ഷത്രധര്‍മ്മം മാനിച്ച് പ്രഹരിക്കുന്നവനാണല്ലൊ. ബ്രാഹ്മണന്‍ ശസ്ത്രമേന്തുമ്പോള്‍ ക്ഷത്രിയത്വമുണ്ടാകും. എന്റെ വില്ലിന്റെ വീര്യവും എന്റെ കയ്യൂക്കും കാണുക. ഇതാ നിന്റെ വില്ല് ഒരു മഹാസ്ത്രത്താല്‍ ഞാന്‍ മുറിക്കുന്നു.'' ഭീഷ്മന്‍ ഒരു തീക്ഷ്ണാസ്ത്രം പ്രയോഗിച്ച് ഭാര്‍ഗവരാമന്റെ വില്ലിന്റെ തലമുറിച്ചു നിലത്തിട്ടു. അസ്ത്രങ്ങളേറ്റ് ദേഹമാകെമാനം മുറിഞ്ഞു ചോരയൊലിച്ചുനിന്ന ഭാര്‍ഗവരാമന്‍ ആകെ തളര്‍ന്നുപോയി. പിന്നെ ഭീഷ്മന്‍ കൃപകലര്‍ന്ന,് നികൃഷ്ടമായ ക്ഷത്രധര്‍മ്മമാണു യുദ്ധമെന്നു പറഞ്ഞുപോയി!  ക്ഷത്രധര്‍മ്മത്തില്‍നിന്നുകൊണ്ട് താന്‍ വലിയ പാപം ചെയ്തിരിക്കുന്നുവെന്നു ഭീഷ്മനു തോന്നി. പിന്നെ ഭീഷ്മന്‍ ജാമദഗ്ന്യന്റെ നേര്‍ക്ക് അമ്പെയ്തില്ല. അപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു.

(തുടരും)

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.