×
login
ഹനുമദ്‌യാനം അധ്യാത്മരാമായണത്തില്‍

അമൃതതുല്യമായ ജലവും മധുരമായ തേനും പാകമായ നല്ല പഴങ്ങളും കഴിച്ച് യാത്രയാകൂ എന്നു പറഞ്ഞപ്പോള്‍, രാമകാര്യത്തിനുവേണ്ടി പോകുമ്പോള്‍ ഒരിടത്തും തങ്ങുകയില്ല എന്നു പറയുന്ന ഹനുമാന്റെ ദൃഢത. മറ്റൊരു കാര്യമാലോചിക്കുന്നതുപോലും അനുചിതമാണെന്നു പറഞ്ഞുകൊണ്ട് പറന്ന വായുപുത്രന്‍ ഭക്ഷിക്കാന്‍ വന്ന ഛായാഗ്രഹിണിയെ കാലപുരിക്കയച്ചു.

ശ്രീരാമപാദങ്ങള്‍ ധ്യാനിച്ചുകൊണ്ട് ലങ്കയിലേക്ക് പ്രവേശിച്ച ഹനുമാന്റെ കഥയാണ് സുന്ദരകാണ്ഡം. 'സുന്ദര'ശബ്ദത്തിനു ദൂതന്‍' എന്നര്‍ത്ഥമുണ്ട്.  ഹനുമാന്‍ തന്റെ ദൗത്യം നിറവേറ്റിവരുന്ന സുന്ദരഭാഗങ്ങളാണതിലുള്ളത്. ഹനുമാന്‍ ചിന്തിക്കുകയാണ്: 'പ്രണതജനബഹുജനനമരണഹരനാമക' ദേവന്റെ ദൂതന് വിജയമല്ലാതെ മറ്റെന്താണുണ്ടാവുക? ശ്രീരാമപാദാംബുജം ഹൃദയത്തിലും ശ്രീരാമന്റെ മോതിരം ശിരസ്സിലുമുള്ളപ്പോള്‍ എന്തു ഭയം? ദക്ഷിണദിക്കിലേയ്ക്കു ചാടിയ ഹനുമാന്റെ കാര്യക്ഷമത പരീക്ഷിക്കാനായി ദേവന്മാരയച്ച നാഗമാതാവ് സുരസയുടെ മുന്നില്‍ ശരീരം മുപ്പതു യോജനയാക്കി ഒരു പെരുവിരലോളം ചെറുതായി അവളുടെ വായ്ക്കുള്ളില്‍ കടന്ന് പുറത്തുവരികയും ചെയ്തു. നാഗമാതാവിനെ തിരിച്ചറിഞ്ഞ് നമസ്‌കരിക്കുകയും ചെയ്തു.  അതുകഴിഞ്ഞ് സല്‍ക്കാരത്തിനായി ക്ഷണിച്ച മൈനാകത്തോടു പറഞ്ഞു:

 

'അലമലമിതരുതരുതു രാമകാര്യാര്‍ത്ഥമാ-

യാശുപോകുംവിധൗ പാര്‍ക്കരുതെങ്ങുമേ'

അമൃതതുല്യമായ ജലവും മധുരമായ തേനും പാകമായ നല്ല പഴങ്ങളും കഴിച്ച് യാത്രയാകൂ എന്നു പറഞ്ഞപ്പോള്‍, രാമകാര്യത്തിനുവേണ്ടി പോകുമ്പോള്‍ ഒരിടത്തും തങ്ങുകയില്ല എന്നു പറയുന്ന ഹനുമാന്റെ ദൃഢത.  മറ്റൊരു കാര്യമാലോചിക്കുന്നതുപോലും അനുചിതമാണെന്നു പറഞ്ഞുകൊണ്ട് പറന്ന വായുപുത്രന്‍ ഭക്ഷിക്കാന്‍ വന്ന ഛായാഗ്രഹിണിയെ കാലപുരിക്കയച്ചു.  സന്ധ്യാസമയത്ത് തന്റെ ശരീരം കടുകുപോലെയാക്കി ത്രികുടപര്‍വ്വതത്തിന്റെ മുകളിലുള്ള ലങ്കാനഗരത്തിലേക്ക്, ശ്രീരാമചന്ദ്രനെ ധ്യാനിച്ചു പ്രവേശിച്ചു. അപ്പോള്‍ അവിടെ തടഞ്ഞ ലങ്കാലക്ഷ്മിയെ പ്രഹരിച്ചു.  'രാമദൂതന്റെ പ്രഹരമേറ്റു വീഴുമ്പോള്‍ അവന്‍ ലങ്കയില്‍ പ്രവേശിച്ചശേഷം നിനക്ക് തിരിച്ചുവരാം' എന്ന ബ്രഹ്മവാക്യം അവള്‍ ഓര്‍മ്മിച്ചു. പരിപാവനയായ സീതാദേവി ശിംശപാവൃക്ഷച്ചുവട്ടില്‍ ഇരിക്കുന്നിടവും പറഞ്ഞുകൊടുത്ത് മംഗളമാശംസിച്ചവള്‍ പോയി.

ഹനുമാന്‍ സീതാദേവിയെക്കണ്ടു കൃതാര്‍ത്ഥനായി.  രാവണന്‍ വരുന്നതുകണ്ട് ഇലകള്‍ക്കിടയില്‍ ഒരു പുഴുവിനെപ്പോലെ ദേഹം മറച്ചിരുന്നു.  രാവണന്‍ ക്രുദ്ധനായി തിരിച്ചുപോയിക്കഴിഞ്ഞ് ദുഃഖിതയായിട്ടിരുന്ന സീതയെ കര്‍ണ്ണാമൃതമായ രാമചരിതം കേള്‍പ്പിച്ചു.  അതില്‍ ആര്‍ദ്രയായി ദേവി കാണാനാഗ്രഹിച്ചപ്പോള്‍ ഒരു ചെറുകുരുവിയുടെ രൂപത്തില്‍ മുന്നിലെത്തി നമസ്‌കരിച്ചു.  'ദേവി സംശയിക്കേണ്ട, ദാസോസ്മി കോസലേന്ദ്രസ്യ രാമസ്യ ഞാന്‍' (കോസലരാജാവായ ശ്രീരാമന്റെ ദാസനാണു ഞാന്‍) എന്നറിയിച്ചു.  മനസാ വാചാ കര്‍മ്മണാ ആരോടും കാപട്യം കാട്ടാന്‍ അറിഞ്ഞുകൂടാത്തവനാണ് എന്നു തുടങ്ങിയ സത്യസന്ധവും ഋജുവും വ്യക്തവുമായ വാക്കുകള്‍ ശ്രീരാമനെയെന്നപോലെ സീതയെയുമാകര്‍ഷിച്ചു.

എങ്ങനെയാണ് സമുദ്രം തരണംചെയ്തുവരുന്നതെന്ന ദേവിയുടെ ആശങ്കയ്ക്ക് രാമലക്ഷ്മണന്മാരെ മാത്രമല്ല, വാനരസൈന്യത്തെ മുഴുവനും തന്റെ ചുമലിലെടുത്തു കടത്തുവാന്‍ തനിക്കാവും എന്നതുകൊണ്ട് വൃഥാ വിഷാദിക്കരുതെന്നു പറഞ്ഞ് ആത്മവിശ്വാസം പകര്‍ന്നു.  കൃശശരീരികളായ വാനരവര്‍ പര്‍വ്വതതുല്യരായ രാക്ഷസന്മാരോടു എങ്ങനെ യുദ്ധംചെയ്യുമെന്ന ദേവിയുടെ സംശയത്തിനു മറുപടിയായി എന്നെപ്പോലെയുള്ള 21 വെള്ളം പടയാണു വരുന്നതെന്നു പറഞ്ഞ് തന്റെ ശരീരം പര്‍വ്വതതുല്യമാക്കി കാണിച്ചുകൊടുത്തു.    

ഹനുമാനെ സീത, 'വഴിനീളെ നിനക്കു മംഗളം ഭവിക്കട്ടെ' എന്നനുഗ്രഹിച്ചു യാത്രയാക്കി.  

 

'സുഖമൊടിഹ ജഗതി സുചിരം ജീവ ജീവ നീ

സ്വസ്ത്യസ്തു പുത്ര! തേ സുസ്ഥിരശക്തിയും'

 

സമര്‍ത്ഥനായ ദൂതന്‍, പറഞ്ഞയച്ച കാര്യം നിറവേറ്റിയശേഷം ബുദ്ധിസാമര്‍ത്ഥ്യമുപയോഗിച്ച് മറ്റൊരു കാര്യം കൂടി ചെയ്തിട്ടുപോകും.  അതിനാല്‍ രാവണനെ കാണാനുള്ള ഉപാധിയായി ഉദ്യാനമത്രയും കോലാഹലത്തോടെ നശിപ്പിച്ചു.  ഇന്ദ്രജിത്ത് വായുപുത്രനെ പിടിച്ചുകെട്ടുവാനായി ബ്രഹ്മാസ്ത്രം പ്രയോഗിച്ചപ്പോള്‍ ബ്രഹ്മാസ്ത്രത്തെ ആദരിച്ച് ബോധംകെട്ടു ഭൂമിയില്‍ വീണു.

 


'രഘുകുലതിലകചരണയുഗളകതളിരില്‍ വച്ചൊരു

രാമദൂതന്നു ബന്ധം ഭവിച്ചീടുമോ?

മരണജനിമയവികൃതി ബന്ധമില്ലാതോര്‍ക്കു

മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?'

 

ശ്രീരാമന്റെ പാദകമലങ്ങള്‍ ഹൃദയത്തില്‍ ധരിക്കുന്ന ശ്രീരാമദൂതനു ബന്ധനമുണ്ടാകുമോ?  ജനനമരണരൂപത്തിലുള്ള സംസാരബന്ധമില്ലാത്തവര്‍ക്കു മറ്റുതരത്തിലുള്ള ബന്ധനങ്ങള്‍കൊണ്ടെന്തു ദുഃഖമുണ്ടാകാനാണ്?

അജ്ഞാനം നീക്കി ആത്മോപദേശം ചെയ്യണമെന്നത് മഹാത്മാക്കളുടെ ധര്‍മ്മമായതുകൊണ്ടാണു താന്‍ ബന്ധനസ്ഥനായ ഭാവത്തില്‍ ഇരിക്കുന്നതെന്നു രാവണനോടു പറഞ്ഞു.  രാമ രാമ എന്ന രണ്ടക്ഷരം സദാ ജപിച്ച് വിഷയാസക്തി ഉപേക്ഷിക്കാനായി രാവണനെ ഉപദേശിച്ചു.  ശ്രീരാമപാദകമലങ്ങള്‍ ഭജിക്കൂ. അദ്ദേഹത്തെപ്പോലെ കാരുണ്യം മറ്റാര്‍ക്കുമില്ല എന്നു രാവണനെ നല്ല വഴിക്കു തിരിക്കാന്‍ ശ്രമിച്ചു.  

അതിമനോഹരമായ തത്ത്വോപദേശമാണ് ഹനുമാന്റെ വാണികളിലൂടെ എഴുത്തച്ഛന്‍ ഒഴുക്കിയിരിക്കുന്നത്! എന്നാലതൊന്നുമേശാതെ കോപത്തോടു രാവണന്‍ ആക്രോശിച്ചപ്പോള്‍ നിന്നെപ്പോലെയുള്ള നൂറു നൂറു രാവണന്മാര്‍ ഒന്നിച്ചുവന്നെതിര്‍ത്താലും തന്റെ ചെറുവിരലിനു തികയുകയില്ല എന്ന് ഊക്കോടെ പറഞ്ഞു. വാനരനെ കൊല്ലാന്‍ ആജ്ഞാപിച്ച രാവണനോട് ദൂതനെ കൊല്ലുന്നതു രാജാക്കന്മാര്‍ക്കു യോജിച്ചതല്ല എന്നു വിഭീഷണന്‍ വിലക്കി. വാലില്‍ തീ കൊളുത്തി ശിക്ഷ നടപ്പാക്കിയപ്പോള്‍ തന്റെ വീരപരാക്രമം കാണിച്ചുകൊടുക്കാന്‍ ഹനുമാന് വീണ്ടും അവസരമായി. വിഭീഷണമന്ദിരമൊഴികെയുള്ള കൊട്ടാരങ്ങളെല്ലാം അഗ്നിക്കിരയാക്കി.  തിരിച്ചുപോകുന്നതിനു മുമ്പ്, വീണ്ടും സീതാദേവിയെ സന്ദര്‍ശിച്ചപ്പോള്‍ ദുഃഖിതയായിക്കണ്ട് തന്റെ ചുമലില്‍ കയറ്റി ശ്രീരാമസന്നിധിയില്‍ എത്തിച്ച് വിരഹദുഃഖം തീര്‍ത്തുതരാമെന്നു അനുകമ്പയോടെ അരുളി.

കാര്യം സാധിച്ച് വന്ന ഹനുമാന്‍ ഗര്‍ജ്ജനത്തോടെ വാനരക്കൂട്ടത്തോട്:

 

'കപിനിവഹ വീരരേ! കണ്ടിതു സീതയെ

കാകുല്‍സ്ഥവീരനനുഗ്രഹത്താലഹം'

 

ശ്രീരാമന്റെ അനുഗ്രഹത്താലാണു സീതയെക്കാണാന്‍ കഴിഞ്ഞതെന്നു വിനയത്തോടെ പറയുന്നു.  ആദരവോടെ ഹനുമാനെ ആലിംഗനം ചെയ്ത് അവര്‍ എതിരേറ്റു.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.